വാഷിങ്ടണ്‍: മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍  പോയി സ്‌ഫോടനത്തില്‍ തകര്‍ന്ന ടൈറ്റന്‍ പേടകത്തിന്റെ സുരക്ഷയില്‍ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ടൈറ്റന്റെ മാതൃകമ്പനിയായ ഓഷ്യന്‍ഗേറ്റിന്റെ മുന്‍ജീവനക്കാരനാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ടൈറ്റന്‍ പ്രവര്‍ത്തനക്ഷമമാകുന്നതിന് മുമ്പേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഓഷ്യന്‍ഗേറ്റ് മുന്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഡേവിഡ് ലോക്‌റിഡ്ജ് പറഞ്ഞു.

To advertise here,

പുതിയ സംഘത്തിന് കൈമാറുന്നതിന് മുമ്പ് കൂടുതല്‍ പരിശോധനകള്‍ നടത്തണമായിരുന്നുവെന്ന് ആവശ്യപ്പെട്ട ലോക്‌റിഡ്ജ്, പരമാവധി ആഴത്തിലെത്തിയാല്‍ യാത്രക്കാര്‍ക്ക് ഉണ്ടാവാവുന്ന അപകടസാധ്യതകളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കിയിരുന്നു. കമ്പനിയുടെ സി.ഇ.ഒ. സ്റ്റോക്ടണ്‍ റഷ്, പേടകം ഏതെങ്കിലും ഏജന്‍സികളെക്കൊണ്ട് പരിശോധിപ്പിക്കുന്നതിനും സര്‍ട്ടിഫൈ ചെയ്യുന്നതിനും എതിരായിരുന്നുവെന്നും ലോക്‌റിഡ്ജ് പറഞ്ഞു. ടൈറ്റാനിക് കാണാന്‍ പോയ പേടകം സ്‌ഫോടനത്തില്‍ തകര്‍ന്ന് മരിച്ച അഞ്ചു പേരില്‍ ഒരാളാണ് സ്റ്റോക്ടന്‍ റഷ്.

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങളുള്ള അത്രയും ആഴത്തില്‍ പോയാല്‍, മര്‍ദത്തെ മറികടക്കാനുള്ള ശേഷി കപ്പലിന്റെ പുറംതോടി(Hull)നില്ലെന്ന് കാണിച്ച് ലോക്‌റിഡ്ജ് കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് ജോലി പോയതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ആവശ്യമായ പരീക്ഷണ പര്യവേഷണങ്ങള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 2018-ലാണ് ലോക്‌റിഡ്ജ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.

ടൈറ്റന്‍ പേടകത്തിലെ അഞ്ചു പേരുടേയും മരണം സ്ഥിരീകരിച്ചിരുന്നു. സ്ഫോടനത്തെത്തുടര്‍ന്നുള്ള 12 കഷണങ്ങള്‍ കണ്ടെത്തിയതായും യു.എസ്. കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. ടൈറ്റാനിക്കിനെ ലക്ഷ്യമാക്കി യാത്ര തുടങ്ങി ഒന്നേമുക്കാല്‍ മണിക്കൂറിനകം പേടകത്തില്‍നിന്നുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു.

ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്താനി ബിസിനസുകാരന്‍ ഷെഹ്സാദ ദാവൂദ്, മകന്‍ സുലേമാന്‍ എന്നിവരും ടൈറ്റന്‍ ജലപേടകത്തിന്റെ ഉടമകളായ ഓഷന്‍ഗേറ്റ് എക്‌സ്പെഡീഷന്‍സിന്റെ സി.ഇ.ഒ. സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍വിദഗ്ധന്‍ പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവരാണ് പേടകത്തിലുണ്ടായിരുന്നവര്‍.