ടെഹ്‌റാന്‍:  ഇസ്രയേല്‍ ആക്രമണത്തില്‍ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ മേജര്‍ ജനറല്‍ അലി ഷാദെമാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാന്‍. കഴിഞ്ഞയാഴ്ച നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റാണ് അലി ഷാദെമാനി മരിച്ചതെന്ന് ഇറാന്‍ ബുധനാഴ്ച സ്ഥിരീകരിച്ചു. മേജര്‍ ജനറല്‍ അലി ഷാദെമാനിയെ വധിച്ചെന്ന് ജൂണ്‍ 17-ന് ഇസ്രയേല്‍ പ്രതിരോധസേന(ഐഡിഎഫ്) അവകാശപ്പെട്ടിരുന്നു

To advertise here,

'ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ് ക്വാര്‍ട്ടേഴ്സ്(ഇറാന്‍ മിലിട്ടറി എമര്‍ജന്‍സി കമാന്‍ഡ്)'  മേധാവിയായിരുന്നു മേജര്‍ ജനറല്‍ അലി ഷാദെമാനി. ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് മേധാവിയായിരുന്ന ലെഫ്. ജനറല്‍ ഗുലാം അലി റാഷിദ് ജൂണ്‍ 13-ന് നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ മേധാവിയായി അലി ഷാദെമാനിയെ നിയമിച്ചത്. എന്നാല്‍, ചുമതലയേറ്റ് നാലുദിവസത്തിനുള്ളില്‍ അലി ഷാദെമാനിയും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. 

പരമോന്നതനേതാവ് ആയത്തുള്ള അലി ഖമീനിയുടെ ഏറ്റവും അടുത്ത സൈനിക ഉപദേഷ്ടാവായിരുന്നു അലി ഷാദെമാനി. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ മേധാവിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഇറാന്റെ 'വാര്‍ ടൈം ചീഫ് ഓഫ് സ്റ്റാഫ്' ആയി ചുമതലയേറ്റെടുത്ത അലി ഷാദെമാനിയാണ് ഇറാന്റെ ആക്രമണപദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നതെന്നും യുദ്ധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നതെന്നും ഇസ്രയേലിനെതിരേ ആക്രമണം നടത്തുന്നതില്‍ അലി ഷാദെമാനി പ്രധാന പങ്കുവഹിച്ചിരുന്നതായും ഐഡിഎഫ് ആരോപിച്ചിരുന്നു. 

അതേസമയം, ജൂണ്‍ 13 മുതല്‍ 25 വരെ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ 627 പേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ചാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. 4870 പേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതിനിടെ, ഇറാനുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ''അടുത്ത ആഴ്ച ഇറാനുമായി സംസാരിക്കാന്‍ പോവുകയാണ്. നമ്മള്‍ അവരുമായി ഒരു കരാറില്‍ ഒപ്പുവെച്ചേക്കാം. എനിക്കറിയില്ല. അത് അത്ര അത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നുമില്ല. അവര്‍ യുദ്ധത്തിലായിരുന്നു. ഇപ്പോള്‍ അവര്‍ അവരുടെ ലോകത്തേക്ക് മടങ്ങുകയാണ്. ഒരു കരാറുണ്ടോ ഇല്ലയോ എന്നതൊന്നും എനിക്ക് ഒരു പ്രശ്‌നമല്ല''- ഹേഗില്‍ നാറ്റോ ഉച്ചകോടിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കി.