ന്യൂഡൽഹി: 2020 ജൂണിൽ ഇന്ത്യയുമായുണ്ടായ ഗാൽവൻ സംഘർഷത്തിന് തൊട്ടുപിന്നാലെ ചൈന രഹസ്യമായി ആണവായുധ പരീക്ഷണം നടത്തിയതായി യുഎസ് ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തൽ. അമേരിക്കൻ സ്റ്റേറ്റ് അണ്ടർ സെക്രട്ടറി തോമസ് ജി ഡിനാനോയാണ് എക്സിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.

To advertise here,

സംഘർഷം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം ജൂൺ 22-ന് ചൈന ഇത്തരത്തിൽ ആണവ പരീക്ഷണം നടത്തിയെന്നാണ് തോമസ് ജി ഡിനാനോ വെളിപ്പെടുത്തിയത്. ഭൂകമ്പ നിരീക്ഷണ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് ഇക്കാര്യം ലോകത്തിന് മുന്നിൽനിന്ന് മറച്ചുവെക്കാൻ 'ഡീകപ്ലിങ്'  എന്ന രഹസ്യ രീതിയാണ് ചൈന അവലംബിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

കിഴക്കൻ ലഡാക്കിൽ 2020 മെയ് മാസം ഇന്ത്യയും ചൈനയും തമ്മിൽ ആരംഭിച്ച സംഘർഷ സാഹചര്യം ജൂണിൽ ഗാൽവൻ താഴ്വരയിൽ രൂക്ഷമായ ഏറ്റുമുട്ടലിലേക്ക് നയിച്ചിരുന്നു. 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഭവത്തിന് തൊട്ടുപിന്നാലെയാണ് നൂറുകണക്കിന് ടൺ പ്രഹരശേഷിയുള്ള ആണവ പരീക്ഷണത്തിന് ചൈന തയ്യാറെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം.

അന്താരാഷ്ട്ര നിരീക്ഷണ സംവിധാനങ്ങളെ വെട്ടിച്ച് നടത്തിയ ഈ പരീക്ഷണം മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള ആണവ ഉടമ്പടികൾ പുതിയ ഭീഷണികളെ നേരിടാൻ പര്യാപ്തമല്ലെന്നും പുതിയൊരു ആണവ സുരക്ഷാ സംവിധാനം ആവശ്യമാണെന്നും ഡിനാനോ വ്യക്തമാക്കി.

2010-ൽ അമേരിക്കയും റഷ്യയും തമ്മിലുള്ള ആണവായുധ ഉടമ്പടിയായ 'ന്യൂ സ്റ്റാർട്ട്' ചൈനയുടെ ആണവായുധങ്ങളെ വേണ്ടത്ര പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ കണ്ടിട്ടില്ലാത്ത വിധം വേഗതയിൽ ചൈന തങ്ങളുടെ ആണവായുധ ശേഖരം വർധിപ്പിക്കുകയാണെന്നും റഷ്യ തങ്ങളുടെ ഉടമ്പടി ലംഘനങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.