ബീജിങ്: വിവിധ മേഖലകളിലെ മികച്ച പ്രതിഭകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കെ-വിസ എന്ന പുതിയ സംവിധാനം അവതരിപ്പിക്കാനൊരുങ്ങി ചൈന. ട്രംപ് ഭരണകൂടത്തിന്റെ കീഴില്‍ അമേരിക്ക കുടിയേറ്റത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍, ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭകള്‍ക്കായി തങ്ങളുടെ വാതിലുകള്‍ തുറന്നിടുകയാണ് ചൈന. പരമ്പരാഗതമായി കുടിയേറ്റത്തിനെ കാര്യമായി പ്രോത്സാഹിപ്പിക്കാത്ത രാജ്യമാണ് ചൈന. ഈ സാഹചര്യത്തിലാണ് പുതിയ നയംമാറ്റം ശ്രദ്ധേയമാകുന്നത്.

To advertise here,

വരുന്ന ഒക്ടോബറില്‍ ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (സ്റ്റെം) എന്നീ മേഖലകളിലെ പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ഒരു പുതിയ വിസ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ചൈന. കെ-വിസ എന്നറിയപ്പെടുന്ന ഇതിന് ചൈനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

ചൈനയില്‍ ഇതിനകം ഒരു ഡസനോളം വ്യത്യസ്ത തരം വിസകളുണ്ട്. ജോലിക്ക് വേണ്ടിയുള്ള ഇസഡ് വിസ (Z Visa), പഠനത്തിനായുള്ള എക്‌സ് വിസ (X Visa), ബിസിനസ്സിനായുള്ള എം വിസ (M Visa), ടൂറിസത്തിനായുള്ള എല്‍ വിസ (LVisa), ഉയര്‍ന്ന തലത്തിലുള്ള പ്രതിഭകള്‍ക്കായുള്ള ആര്‍ വിസ (R Visa) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 'യുവ ശാസ്ത്ര-സാങ്കേതിക പ്രതിഭകള്‍ക്ക്' ഒക്ടോബര്‍ ഒന്ന് മുതല്‍ കെ-വിസയ്ക്ക് അപേക്ഷിക്കാമെന്ന് ബീജിങ് അറിയിച്ചിട്ടുണ്ട്. അന്നേ ദിവസം പ്രാബല്യത്തില്‍ വരുന്ന പുതുക്കിയ വിദേശ പ്രവേശന നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ചൈനീസ് പ്രീമിയര്‍ ലി ചിയാങ് ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ ഒപ്പുവച്ചു. 

കെ-വിസയ്ക്ക് അംഗീകാരം ലഭിക്കുന്നവര്‍ക്ക്, എത്ര തവണ ചൈനയില്‍ പ്രവേശിക്കാനും പുറത്തുപോകാനും കഴിയും, താമസത്തിന്റെ കാലാവധി, വിസയുടെ സാധുത കാലയളവ് എന്നിവയുടെ കാര്യത്തില്‍ ഇളവുകള്‍ അനുവദിക്കും. കെ-വിസയില്‍ ചൈനയില്‍ വരുന്നവര്‍ക്ക് സ്റ്റെം മേഖലകളുമായി ബന്ധപ്പെട്ട സംരംഭകത്വ, ബിസിനസ് പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാം. ഈ വിസയ്ക്ക് അപേക്ഷിക്കുന്നതിന് ഒരു ചൈനീസ് തൊഴിലുടമയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ക്ഷണം ആവശ്യമില്ല.

ടാലന്റഡ് യംഗ് സയന്റിസ്റ്റ് പ്രോഗ്രാമിന് 45 വയസ്സും, ഔട്ട്സ്റ്റാന്‍ഡിംഗ് യംഗ് സയന്റിസ്റ്റ്‌സ് (ഓവര്‍സീസ്) ഫണ്ട് പ്രോജക്റ്റിന് 40 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധിയെന്ന് രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ മാധ്യമം വ്യക്തമാക്കി. കെ-വിസയ്ക്കായി എങ്ങനെ അപേക്ഷിക്കണം എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചൈനീസ് എംബസി വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും.

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുമുള്ള മികച്ച പ്രതിഭകളെയാണ് ചൈന ലക്ഷ്യമിടുന്നത്. 'ചൈനയുടെ വികസനത്തിന് ലോകമെമ്പാടുമുള്ള പ്രതിഭകളുടെ പങ്കാളിത്തം ആവശ്യമാണ്, ചൈനയുടെ വികസനം അവര്‍ക്ക് അവസരങ്ങളും നല്‍കുന്നു.' കെ-വിസയുമായി ബന്ധപ്പെട്ട് ചൈനീസ് സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറയുന്നു.