
ഗാസ സിറ്റി: ഗാസയിലെ ബുറൈജ് അഭയാർത്ഥി ക്യാമ്പിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ അൽ ജസീറ ക്യാമറമാനായ അഹമ്മദ് വിഷാ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. ശനിയാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ട് കുട്ടികളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അൽ ജസീറയുടെ മാധ്യമസംഘത്തിൽ നിന്നും യുദ്ധത്തിനിടെ കൊല്ലപ്പെടുന്ന ഏറ്റവും ഒടുവിലത്തെ അംഗമാണ് അഹമ്മദ് വിഷാ എന്ന് ചാനൽ ഔദ്യോഗികമായി അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ സൈന്യം ഏറ്റെടുത്തെങ്കിലും, അഹമ്മദ് വിഷാ ഒരു ഹമാസ് ഭീകരനായിരുന്നുവെന്നാണ് ആരോപണം. അൽ ജസീറയിൽ ഫോട്ടോ ജേർണലിസ്റ്റായി ജോലി ചെയ്യുന്നതിനോടൊപ്പം വിഷാ ഹമാസിന്റെ സൈനിക വിഭാഗത്തിൽ സ്നൈപ്പറായി പ്രവർത്തിച്ചിരുന്നതായും ഇസ്രയേൽ സൈനിക വക്താവ് അവകാശപ്പെട്ടു. എന്നാൽ ഈ ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകളൊന്നും പുറത്തുവിടാൻ ഇസ്രയേൽ സൈന്യം ഇതുവരെ തയ്യാറായിട്ടില്ല.
ഇസ്രയേൽ സൈന്യത്തിനെതിരെയുള്ള സ്നൈപ്പർ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ വിഷാ പങ്കാളിയായിരുന്നുവെന്നും സൈനികർക്ക് നേരിട്ടുള്ള ഭീഷണി ഒഴിവാക്കാനാണ് ഇത്തരമൊരു കൃത്യമായ ആക്രമണം നടത്തിയതെന്നുമാണ് ഇസ്രയേലിന്റെ നിലപാട്. അഹമ്മദ് വിഷാക്ക് പുറമെ മറ്റ് രണ്ട് ഹമാസ് അംഗങ്ങളും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നു. എന്നാൽ നിരായുധരായ മാധ്യമപ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ വെള്ളപൂശാനുള്ള ശ്രമമാണിതെന്ന് വ്യാപകമായ വിമർശനം ഉയരുന്നുണ്ട്.
അഹമ്മദ് വിഷായുടെ കുടുംബത്തിന് നേരിടേണ്ടി വരുന്ന രണ്ടാമത്തെ തീരാനഷ്ടമാണിത്. ഇതേ ചാനലിൽ തന്നെ ജോലി ചെയ്തിരുന്ന അഹമ്മദിന്റെ സഹോദരൻ മുഹമ്മദ് വിഷാ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കൊല്ലപ്പെട്ടിരുന്നു. വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മുഹമ്മദ് ഇസ്രയേൽ ഷെല്ലാക്രമണത്തിലാണ് മരിച്ചത്.
2023 ഒക്ടോബറിൽ ഗാസ യുദ്ധം ആരംഭിച്ചത് മുതൽ ഇതുവരെ 220-ലധികം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്‌സ് വ്യക്തമാക്കുന്നത്. ഇതിൽ 70-ഓളം പേർ തങ്ങളുടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിലാണ് കൊല്ലപ്പെട്ടത്.
Content Highlights: Al Jazeera cameraman Ahmed Wishah killed in Gaza drone strike. Israel claims he was a Hamas operative.
Published: 21 Jun 2026, 10:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented