നേരം സന്ധ്യ മയങ്ങിത്തുടങ്ങി. തെരുവ് വിളക്കുകൾ മിന്നി മിന്നി കത്തുന്നുണ്ട്. അവ്യക്തവും എന്നാല്‍ ഉറക്കെയുള്ള കരച്ചിലുകളും ആക്രോശങ്ങളും അങ്ങിങ്ങ് മുഴങ്ങി കേള്‍ക്കുന്നു. തെരുവോരങ്ങളില്‍ ചിലര്‍ മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ മയങ്ങുകയാണ്. മറ്റു ചിലര്‍ വിദൂരതയിലേക്ക് കണ്ണുനട്ടിരിക്കുന്നു. ചിലര്‍ വഴക്കിടുന്നു. അതിനിടയിലൂടെ വളരെ വികൃതമായ ശരീരഭാഷയോടു കൂടിയ ഒരു മനുഷ്യന്‍ വളരെ വേഗത്തില്‍ നടന്നുവരുന്നുണ്ട്.

To advertise here,

വിളറി വെളുത്ത മുഖവും തള്ളിയ കണ്ണുകളും ദേഹമാസകലം പൊട്ടിയൊലിക്കുന്ന മുറിവുകളുമായി അയാള്‍ നടന്നുവരുന്നത് കാണുമ്പോള്‍ ഹെയ്തിയന്‍ ഐതിഹ്യങ്ങളില്‍ മന്ത്രതന്ത്രങ്ങളാല്‍ ജീവന്‍ വെക്കപ്പെട്ട ഒരു മൃതദേഹത്തെപ്പോലെ തോന്നിച്ചു. അയാളുടെ പിന്നിലായി ആ തെരുവില്‍ ഇത്തരത്തിലുള്ള ഒരുപാടു മനുഷ്യരൂപങ്ങളെ കാണുന്നുണ്ട്. ഇത് ഏതെങ്കിലും ഒരു സാങ്കല്‍പ്പിക ഭീകരകഥയിലെ രംഗമല്ല. അമേരിക്കയിലെ കെന്‍സിംഗ്ടണ്‍ അവന്യൂ തെരുവിലെ ഭീകര ലഹരിമരുന്ന് മാര്‍ക്കറ്റിന്റെ ഒരു യഥാര്‍ഥ ചിത്രമാണ്. മൂത്രത്തിന്റെയും കത്തിയ രാസവസ്തുക്കളുടെയും അതിരൂക്ഷ ഗന്ധമുള്ള, സിറിഞ്ചുകളുടെ ശവപ്പറമ്പായ, മനുഷ്യന് മാലിന്യങ്ങളുടെ പോലും വിലയില്ലാത്ത തെരുവ്. 

ഒരു സോംബിയെപ്പോലെ വളരെ വേഗത്തില്‍ നടന്നു വന്ന ആ മനുഷ്യന്‍ അവിടങ്ങളില്‍ അടുത്തിടെ ഇറങ്ങിയ ഒരു പുതിയ ലഹരിമരുന്നിന്റെ അടിമയായിരുന്നു. അയാള്‍ ഉപയോഗിക്കുന്ന 'ട്രാന്‍ക് ഡോപ്' (Tranq Dope) എന്ന മരുന്ന് ഫെന്റാനില്‍ (fentanyl) എന്ന മയക്കുമരുന്നിന്റെയും മൃഗങ്ങളെ മയക്കാന്‍ ഉപയോഗിക്കുന്ന സൈലസൈന്‍ (xylazine) എന്ന രാസസംയുക്തത്തിന്റെയും ഒരു മിശ്രിതമാണ്. 'സോംബി ഡ്രഗ്' (zombie drug) എന്നറിയപ്പെടുന്ന ഈ ലഹരി പദാര്‍ഥത്തിലെ സൈലസീനിന് മറ്റൊരു മറുമരുന്നില്ല. ഇത് രക്തയോട്ടത്തെ തടസ്സപ്പെടുത്തുകയും ശരീരത്തില്‍ ഉണങ്ങാത്ത അള്‍സറുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഈ മിശ്രിതത്തിലെ ഫെന്റാനില്‍, എന്ന രാസവസ്തു ഹെറോയിനെക്കാള്‍ അമ്പതു മടങ്ങ് ശക്തിയുള്ളതാണ്. ഇതിന്റെ ഓവര്‍ ഡോസ് മരണത്തിനു തന്നെ കാരണമാകും.

ശരീരത്തിലെ സന്ധികൾ മരവിച്ചുപോകുന്നത് 'ട്രാന്‍ക് ഡോപ്' ലഹരി മിശ്രിതത്തിന്റെ പ്രത്യേകതകയാണ്. ഇത് ഉപയോഗിക്കുന്നവനെ മടങ്ങി ഒടിഞ്ഞ അവസ്ഥയില്‍ ഒരേ പൊസിഷനില്‍ തന്നെ മണിക്കൂറുകളോളം നിര്‍ത്താന്‍ ഇവക്കു കഴിയും. അങ്ങനെ ഈ രാസമിശ്രിതം മനുഷ്യനെ ഇനി ഒരിക്കലും ജീവിതത്തിലേയ്ക്ക് തിരിച്ചുവരാന്‍ കഴിയാത്ത വിധം നശിപ്പിക്കുന്നു.

ഭൂമിയില്‍ വേദനകളില്ലാതാക്കാന്‍ നാം വേര്‍തിരിച്ചെടുത്ത അല്ലെങ്കില്‍ നിര്‍മിച്ച അനസ്‌തെറ്റിക്‌സ് (anesthetics) എന്ന മരുന്നുകള്‍ നമ്മുടെ ശസ്ത്രക്രിയകള്‍ എളുപ്പമാക്കി. വൈദ്യശാസ്ത്രരംഗത്ത് നിയന്ത്രിതമായി ഉപയോഗിക്കുമ്പോള്‍ നമുക്ക് ഗുണമുള്ള ഈ രാസവസ്തുക്കള്‍ വളരെ പെട്ടെന്നായിരുന്നു ദുരുപയോഗപ്പെടുത്താന്‍ തുടങ്ങിയത്. ഭൂമിയിലെ അനുഗ്രഹീത കലാകാരന്‍, മാനവരാശിയെ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഉന്മാദാവസ്ഥയിലെത്തിച്ച കലാകാരന്‍, മൈക്കിള്‍ ജാക്സനെ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കേ ഈ രാസവസ്തുക്കള്‍ ഇല്ലാതാക്കി. ലോകമെമ്പാടും ഒരുപാട് യുവത്വങ്ങളെ, തലമുറകളെ ഇവ നശിപ്പിച്ചു. ഇങ്ങനെ ദുരുപയോഗം ചെയ്യപ്പെട്ട അനസ്‌തെറ്റിക്‌സില്‍ ഏറ്റവും സാധാരണം ഓപ്പിയം പോപ്പി ചെടിയില്‍ നിന്നും വേര്‍തിരിച്ച ഒരു കൂട്ടം കെമിക്കലുകള്‍ ആയിരുന്നു. ഇവയെ പൊതുവെ ഒപ്പിയോയിഡ്‌സ് (opiods) എന്ന് പറയുന്നു. പ്രകൃതിയില്‍ നിന്നും വേര്‍തിരിക്കുന്നത് കൂടാതെ കൃത്രിമമായും ഇത്തരം രാസസംയുക്തങ്ങള്‍ മനുഷ്യന്‍ നിര്‍മിക്കാന്‍ തുടങ്ങി. പ്രകൃതിയില്‍ നിന്ന് കിട്ടുന്നതായാലൂം മനുഷ്യ നിര്‍മിതമായാലും ഇത്തരം കെമിക്കലുകളുടെ ദുരുപയോഗം ഒരുപോലെ നമുക്ക് ഹാനികരമാണ്. സിന്തറ്റിക് ഡ്രഗ്‌സ് (synthetic drugs)) എന്ന പേരില്‍ പൊതുവെ അറിയപ്പെടുന്ന കൃത്രിമമായി നിര്‍മിച്ച, ഇന്ന് വ്യാപകമായി ദുരുപയോഗം ചെയ്യുന്ന ഒരു രാസവസ്തുവാണ് എം.ഡി.എം.എ (MDMA). 

(Methylene dioxy methamphetamine) എന്ന എം ഡി എം എ ഇന്ന് 'എക്സ്റ്റസി' (ecstasy) അല്ലെങ്കില്‍ 'മോളി' (molly)) എന്ന ഓമനപ്പേരുകളില്‍ അറിയപ്പെടുന്നു. മെല്ലെ മെല്ലെ പരീക്ഷണശാലയില്‍ നിന്നും ഡാന്‍സ് ഫ്ലോറുകളിലേക്കെത്തിയ ഒരു വലിയ ചരിത്രം ഇതിനുണ്ട്. 1912 ല്‍ ആണ് ആദ്യമായി ഈ രാസവസ്തു ജര്‍മനിയിലെ മെര്‍ക്ക് എന്ന കെമിക്കല്‍ കമ്പനി നിര്‍മിച്ചു പേറ്റന്റ് എടുക്കുന്നത്. അന്നത് രക്തസ്രാവം തടയുവാനുള്ള മരുന്ന് നിര്‍മിയ്ക്കാന്‍ ഉപയോഗിക്കുന്ന ഒരു രാസവസ്തു ആയിരുന്നു. എഴുപതുകളില്‍ ഈ കെമിക്കല്‍ പലരും പുനര്‍നിര്‍മിക്കുകയും അതിന് നമ്മുടെ  വികാര വിചാരങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്നും കണ്ടെത്തി. അതിനു ശേഷം ഇത് മാനസിക ആരോഗ്യ ചികിത്സയില്‍ ഉപയോഗിക്കാന്‍ തുടങ്ങി. തൊണ്ണൂറുകളുടെ തുടക്കത്തില്‍ മ്യൂസിക് പാര്‍ട്ടികളില്‍ ഇത് ലഹരിവസ്തുവായി ദുരുപയോഗം ചെയ്യപ്പെട്ടു തുടങ്ങി. ഇന്ന് ദുരുപയോഗം ചെയ്യപ്പെടുന്ന എംഡിഎംഎ യില്‍ കഫീന്‍, മെത്ത്  പോലുള്ള മറ്റു ലഹരി പദാര്‍ഥങ്ങളുമുണ്ട്. എംഡിഎംഎ എന്ന പേരില്‍ ലഹരി ഉപയോക്താക്കളെ വഞ്ചിച്ച് മറ്റു ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തുന്നവരുമുണ്ട്.

എംഡിഎംഎ ഒരു എംപതോജനിക് ഡ്രഗ് (empathogenic) വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. അപരിചിതരോട് പോലും അടുപ്പം തോന്നുന്ന ഒന്ന്. ഒറ്റത്തവണ ഉപയോഗത്തില്‍ തന്നെ അഡിക്ഷന്‍ വരാം. ഇത് നമ്മുടെ ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നോക്കാം. എംഡിഎംഎ രക്തത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ കുറച്ചു സമയം കൊണ്ട് തന്നെ രക്തത്തില്‍ നിന്നും തലച്ചോറിലെത്തി കേന്ദ്ര നാഡീവ്യുഹത്തിലെത്തുന്നു. തലച്ചോറിലെ നാഡീകോശങ്ങള്‍ക്കിടയിലുള്ള സിനാപ്‌സ് (synapse) എന്ന വിടവിലേയ്ക്ക് ന്യൂറോട്രാന്‍സ്മിറ്ററുകളായ സീറോടോണിന്‍, ഡോപ്പമീന്‍ എന്നിവയെ ധാരാളമായി എത്തിക്കുന്നു.

ന്യൂറോട്രാന്‍സ്മിറ്ററുകളാണ് നമ്മുടെ ചിന്തകളെയും വികാര വിചാരങ്ങളെയും നിയന്ത്രിക്കുന്നതെന്ന് അറിയാമല്ലോ. സിനാപ്‌സിസിലെ ഇവയുടെ അനിയന്ത്രിതമായ സാന്നിധ്യം അമിതമായ ഉന്മാദാവസ്ഥ, എമ്പതി, മറ്റുള്ളവരോട് വലിയ അടുപ്പം, നല്ല ഉന്മേഷവും ഊര്‍ജവും കിട്ടുന്നു എന്ന തോന്നല്‍ എന്നിവ ഉണ്ടാക്കുന്നു. സിനാപ്സിസില്‍ ന്യൂറോട്രാന്‍സ്മിറ്ററുകളെ എത്തിക്കാൻ സഹായിക്കുന്ന എംഡിഎംഎ, അവയെ വളരെ സമയം അവിടെ തന്നെ നിലനിർത്താനും ശ്രമിക്കുന്നു. ഈ രാസലഹരിയുടെ പ്രഭാവം കഴിയുമ്പോള്‍ നിര്‍ജലീകരണം, അതിതാപം, ഉറക്കമില്ലായ്മ, ഹൃദയമിടിപ്പ് കൂടല്‍, വിശപ്പില്ലായ്മ, ഛര്‍ദി തുടങ്ങിയവ ഉണ്ടാകാം. ആരോഗ്യം ഇങ്ങനെ നശിക്കുന്നതിനൊപ്പം വിഭ്രാന്തി കൂടുതലായി വരാം. 

വിദേശരാജ്യങ്ങളില്‍ മാത്രം കേട്ട് പരിചയിച്ച രാസലഹരി മരുന്ന് ഉപയോഗം നമ്മുടെ വീട്ടുമുറ്റത്തു പോലും എത്തുന്ന സാഹചര്യം ഇന്ന് സംജാതമായിരിക്കുന്നു. നമ്മളോരോരുത്തരും സ്വമേധയാ തന്നെ സമൂഹത്തില്‍ വളരെ ശക്തമായി ജാഗ്രതയോടെ ഇടപെടുക എന്നതാണ് ഇതിനുള്ള പോംവഴി. നമ്മുടെ ഓരോരുത്തരുടെയും ചുറ്റുപാടുകള്‍ ലഹരി വിമുക്തമാകുമ്പോള്‍ നമ്മുടെ ഗ്രാമവും ലഹരിമുക്തമാകുന്നു. കെന്‍സിംഗ്ടണ്‍ അവന്യൂവിലെ സോംബികള്‍ ഇവിടെ അവതരിക്കാതിരിക്കാൻ അത് അനിവാര്യം.