ഴിഞ്ഞ രണ്ടര വർഷമായി, ഞാൻ അപമാനങ്ങൾ സഹിക്കുകയാണ്. എന്നാൽ ശാന്തത കൈവിട്ടില്ല.  ഇന്ന് അവർ എന്റെ ഭാര്യയെപ്പോലും ലക്ഷ്യമിട്ടു. ഇത് എനിക്ക് സഹിക്കാൻ കഴിയുന്നതല്ല. എനിക്ക് വലിയ വിഷമമുണ്ട്. മുഖ്യമന്ത്രിയായ ശേഷമേ ഞാൻ ഇനി സഭയിലേക്കുള്ളൂ.

അന്ന് കരഞ്ഞുകൊണ്ട് ആന്ധ്ര നിയമസഭയിൽ നിന്നും പടിയിറങ്ങിയ ചന്ദ്രബാബു നായിഡു 31 മാസത്തിന് ശേഷം തന്റെ ശപഥം പാലിച്ചു. വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്ക്. 175 നിയമസഭാ സീറ്റുകളിൽ 164 എണ്ണവും നായിഡു നേതൃത്വം നൽകുന്ന സഖ്യത്തിനൊപ്പം നിന്നതോടെ ആന്ധ്രയിലെ ചിത്രം മാറി. ആന്ധ്ര മുതൽ ഡൽഹി വരെ ചന്ദ്രബാബു നായിഡു തന്റെ സാന്നിധ്യവും സ്വാധീനവും അറിയിച്ചു. 

To advertise here,

അഭിനന്ദനപ്രവാ​ഹംകൊണ്ട് നായിഡുവിനേയും ഉപമുഖ്യമന്ത്രി പവൻ കല്യാണിനെയും മൂടുമ്പോഴും പലരും മറന്നുപോകുന്ന ഒരു പേരുണ്ട്. 2019-ലെ തകർച്ചയിൽ നിന്നും പാർട്ടിയെ കൈപിടിച്ച് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഒരാൾ. നായിഡു അഴിക്കുള്ളിലായ കാലത്തും പാർട്ടിയെ തന്റെ നേതൃപാടവം കൊണ്ട് ഒരുമിച്ച് നിർത്തിയതും ഇതേ ആൾ തന്നെ. ചന്ദ്രബാബു നായിഡു മന്ത്രിസഭയിലെ മൂന്നാമൻ. ഐ.ടി. ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ മന്ത്രിയും നായിഡുവിന്റെ മകനുമായി നാരാ ലോകേഷ്...

ചാരത്തിൽനിന്ന് ചിറകടിച്ച്

സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്നും എം.ബി.എ. പൂർത്തിയാക്കിയ നാരാ ലോകേഷ് 2014-ലാണ് ടി.ഡി.പിയുടെ അമരത്തേക്കെത്തുന്നത്. 2014-ൽ പാർട്ടി ജനറൽ സെക്രട്ടറിയായ ലോകേഷ് 2017-ൽ സംസ്ഥാനത്തെ ​ഗ്രാമവികസന വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. എന്നാൽ, അത്ര എളുപ്പമായിരുന്നില്ല അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ. തിരഞ്ഞെടുപ്പിനെ നേരിടാതെ  ലെജിസ്ലേറ്റിവ് കൗൺസിൽ വഴി അധികാരത്തിലേക്കെത്തിയ ലോകേഷ് ഏറെ വിമർശിക്കപ്പെട്ടു. കൂടാതെ, 2019-ലെ വൈ.എസ്.ആർ. കോൺഗ്രസ്. കൊടുങ്കാറ്റിൽ മം​ഗള​ഗിരി മണ്ഡലം കൂടെ കൈവിട്ടതോടെ ലോകേഷിന്റെ നില പരുങ്ങലിലായി. 175 നിയമസഭാ സീറ്റുകളിൽ ടി.ഡി.പി അന്ന് 23 എണ്ണത്തിലേക്ക് ചുരുങ്ങി. 

എന്നാൽ, തോൽവിയിൽ തകർന്ന് മാറിനിൽക്കാൻ തയ്യാറല്ലായിരുന്നു നാരാ ലോകേഷ്. തിരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്നും പൂർണമായും തുടച്ചുനീക്കപ്പെട്ട നിലയിൽ നിന്നും ലോകേഷ് പാർട്ടിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അഞ്ച് വർഷങ്ങൾക്കിപ്പുറം വാർത്തകളിലും ആശംസകളിലുമെല്ലാം നിറയുന്നത് ചന്ദ്രബാബു നായിഡുവാണെങ്കിലും ടി.ഡി.പിയുടെ വിജയത്തിളക്കത്തിന് പിന്നിൽ പ്രവർത്തിച്ചത് ഈ 41-കാരന്റെ തന്ത്രങ്ങളാണ്. ബി.ജെ.പിയും പവൻ കല്ല്യാണിന്റെ ജനസേനയുമായുള്ള സഖ്യം രൂപീകരിച്ചത് മുതൽ ഇന്ന് കാണുന്ന രീതിയിലേക്ക് പാർട്ടിയെ വളർത്തിയെടുത്തിന് പിന്നിലെ യഥാർഥ ബുദ്ധികേന്ദ്രം ലോകേഷാണ്. 

placeholder
നാരാ ലോകേഷ് ഭാര്യക്കൊപ്പം | Photo:ANI

2024 ജൂൺ നാലിന് വൈകീട്ടോടെ അപ്രതീക്ഷിതമായത് പലതും ഇന്ത്യൻ രാഷ്ട്രീയത്തിൽ അരങ്ങേറി. വമ്പൻ വിജയം സ്വപ്നം കണ്ട് സുഭദ്രമായ ജനവിധി സമ്പാദിക്കുന്നതിൽ ബി.ജെ.പിക്ക് പിഴച്ചു. ഒന്ന് വിറച്ചിട്ടാണെങ്കിലും അധികാരസ്ഥാനം ഉറപ്പിച്ച നരേന്ദ്രമോദിക്കൊപ്പം തന്നെ ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡുവിന്റെ പേരും വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. 240 സീറ്റുകൾ സ്വന്തമാക്കി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സർക്കാർ രൂപീകരണത്തിൽ നാഡിയുവായിരുന്നു കിങ്മേക്കർ. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പിയും പവൻ കല്യാണിന്റെ ജന സേനാ പാർട്ടിയുമായി സഖ്യം ചേരാനുള്ള നായിഡുവിന്റെ സമർഥമായ തീരുമാനത്തെ പ്രകീർത്തിച്ച് രാഷ്ട്രീയ നിരീക്ഷകർ ഒന്നെന്നായി രം​ഗത്തെത്തിയപ്പോഴും അവർ മറന്നുപോയ പേരായിരുന്നു നാരാ ലോകേഷ് എന്ന തന്ത്രജ്ഞന്റേത്. 

മം​ഗള​ഗിരിയിലെ മധുരപ്രതികാരം

2019-ൽ 5700 വോട്ടുകൾക്ക് നഷ്ടപ്പെട്ട മം​ഗള​ഗിരി 2024-ൽ 91,413 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിന് നാരാ ലോകേഷ് തിരിച്ചുപിടിച്ചു. 40 വർഷത്തെ ചരിത്രം തിരുത്തുന്ന വിജയംകൂടിയായിരുന്നു ലോകേഷിന്റേത്. 1985-ൽ എൻ.ടി. രാമറാവുവിന്റെ കാലത്ത് കോടേശ്വര റാവു വിജയിച്ചതിന് ശേഷം മം​ഗള​ഗിരിയിൽ വീണ്ടും ടി.ഡി.പിയുടെ പതാകെ ഉയരെപ്പറന്നു.  

ശക്തമായ രാഷ്ട്രീയ പശ്ചാത്തലമുള്ള വൈ.എസ്.ആർ.സി.പി.യുടെ മുരു​ഗുഡു ലാവണ്യക്കെതിരെയായിരുന്നു ലോകേഷിന്റെ പോരാട്ടം. സമുദായ സമവാക്യങ്ങളും ലാവണ്യയെ സംബന്ധിച്ചിടത്തോളം അനുകൂലമായിരുന്നു. എന്നാൽ, സംസ്ഥാനത്തുണ്ടായ ടി.ഡി.പി മുന്നേറ്റത്തിൽ മം​ഗള​ഗിരിക്കും മാറി ചിന്തിക്കാനായില്ല. അരങ്ങേറ്റ മത്സരത്തിൽ തോറ്റെങ്കിലും മണ്ഡലത്തിൽ പ്രവർത്തിച്ച് ലോകേഷ് ജനങ്ങളുടെ വിശ്വാസം നേടിയെടുത്തു. അന്തിമഫലം പുറത്തുവന്നപ്പോൾ 66.07 ശതമാനം വോട്ടുവിഹിതവും 1,67,710 വോട്ടുകളും സ്വന്തമാക്കി ലോകേഷിന് മിന്നുന്ന വിജയം. 76,297 വോട്ടുകൾ മാത്രമാണ് ലാവണ്യയുടെ ബാലറ്റിൽ വീണത്.

placeholder
നാരാ ലോകേഷ് യാത്രയ്ക്കിടെ. Photo: ANI

400 ദിവസം 4000 കിലോമീറ്റർ

2023 ജനുവരിയിൽ 400 ദിവസം നീണ്ടുനിൽക്കുന്ന 4000-ത്തോളം കിലോമീറ്റർ ദൂരം താണ്ടി യുവജനങ്ങളുടെ ശബ്ദം ഉയർത്തിക്കൊണ്ടൊരു പദയാത്ര നാരാ ലോകേഷിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. സംസ്ഥാനത്തെ യുവജനങ്ങളെ തങ്ങൾക്കൊപ്പം നിർത്താനും ടി.ഡി.പിയുടെ വികസനകാഴ്ചപ്പാട് ജനങ്ങളിലേക്കെത്തിക്കുന്നതും ലക്ഷ്യമിട്ടായിരുന്നു യാത്ര. നാരാ ലോകേഷിന്റെ ജനപ്രീതി വർധിക്കുന്നതിൽ യാത്ര ഏറെ പങ്കുവഹിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. പ്രായമായവരെ ആലിം​ഗനം ചെയ്തും യുവതീയുവാക്കളോടൊപ്പം സെൽഫി എടുത്തും യുവനേതാവ് കളംനിറഞ്ഞു. സാധാരണക്കാരുടെ പ്രശ്നങ്ങൾ ശ്രദ്ധയോടെ കേട്ടു. പലയിടത്തും അവ എഴുതിയെടുത്തു. ഭാരത് ജോഡോ യാത്ര രാഹുലിന്റെ പ്രതിച്ഛായയിൽ വരുത്തിയ മാറ്റം ചില്ലറയായിരുന്നില്ല. സമാനഫലം ലോകേഷിനും ആന്ധ്രയിൽ നിന്നും ലഭിച്ചു. അച്ഛന്റെ തണലിൽ നിന്നും സ്വയം പുറത്തുവന്ന നേതാവായി നാരാ ലോകേഷ് മാറി. 

യാത്രയ്ക്കു വർഷങ്ങൾക്ക് മുമ്പ് തന്നെ ലോകേഷ് തന്റെ രാഷ്ട്രീയ മുന്നേറ്റം ലക്ഷ്യം വച്ചുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. അന്നോളം രാജ്യം കണ്ടില്ലാത്ത വിധത്തിൽ നൂതന ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ കൂട്ടുപിടിച്ച് ലോകേഷ് പാർട്ടിക്കുവേണ്ടി വൻ മെമ്പർഷിപ്പ് ഡ്രൈവ് പദ്ധതിയിട്ട് നടപ്പാക്കി. 50 ലക്ഷം അം​ഗങ്ങളാണ് അന്ന് ടി.ഡി.പിയിലേക്കെത്തിയത്. വാട്സാപ്പ്, ടെല​ഗ്രാം പോലുള്ള വാട്സാപ്പ് സാമൂഹ്യമാധ്യമങ്ങൾ വഴി എളുപ്പത്തിൽ പാർട്ടിയിലേക്ക് അം​ഗലെ എത്തിച്ചു. ലോകേഷിന്റെ സംഘാടകമികവിന്റേയും രാഷ്ട്രീയമുന്നേറ്റത്തിന് സാങ്കേതികവിദ്യയെ എങ്ങിനെ കൂട്ടുപിടിക്കാമെന്നതിന്റേയും നേർസാക്ഷ്യം കൂടെയായിരുന്നു ഈ പദ്ധതി.

രണ്ടാമനിലേയ്ക്ക്

2023 സെപ്റ്റംബറിലാണ് അഴിമതിക്കേസിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിൽ ചന്ദ്രബാബു നായിഡു അറസ്റ്റിലാകുന്നത്. കടുത്ത പ്രതിസന്ധിയിലൂടെ പാർട്ടിമുന്നോട്ട് പോയ ഘട്ടങ്ങളിൽ കൃത്യമായ ഇടപെടലുകളിലൂടെ നാരാ ലോകേഷ് ടി.ഡി.പിയുടെ കെട്ടുറപ്പ് തകരാതെ കാത്തു. നായിഡുവിന്റെ മോചനം ഉറപ്പാക്കാൻ ആന്ധ്ര മുതൽ ഡൽഹി വരെ സകല വാതിലുകളിലും ലോകേഷ് മുട്ടി. ദുഷ്കരമായ സമയത്ത് പ്രചാരണം പാളം തെറ്റാതിരിക്കാൻ പതിവായി നായിഡുവിനെ സന്ദർശിച്ച് മാർ​ഗനിർദേശങ്ങൾ സ്വീകരിച്ചു. പാർട്ടി പ്രവർത്തകരുമായി വിജയവാഡയിൽ‌ നടത്തിയ കൂടിക്കാഴ്ചയും ആഭ്യന്തരമന്ത്രി അമിത് ഷായെ ഈ വേളയിൽ സന്ദർശിച്ചതും നേതാവെന്ന് നിലയിൽ ലോകേഷിന്റെ ​ഗ്രാഫ് ഉയർത്തി. 

placeholder
നാരാ ലോകേഷ് | Photo: www.facebook.com/naralokesh

ഈ സമയത്ത് തന്റെ പദയാത്ര നിർത്തിവെച്ച് ലോകേഷ് പിതാവിന്റെ അറസ്റ്റിന് മറുപടി നൽകാൻ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി. അന്നത്തെ മുഖ്യമന്ത്രിയും വൈ.എസ്.ആർ. കോൺഗ്രസ് അധ്യക്ഷനുമായ ജ​ഗൻ മോഹൻ റെഡ്ഡിയെ നിരന്തരം കടന്നാക്രമിച്ചു. ഒരുഘട്ടത്തിൽ മുഖ്യമന്ത്രിയെ സൈക്കോ ജ​ഗൻ എന്ന് വിളിക്കുന്നതുവരെയെത്തി കാര്യങ്ങൾ. ഒക്ടോബറിൽ ചന്ദ്രബാബു നായിഡു ജയിലിൽ നിന്നും ഇറങ്ങിയതിന് ശേഷമാണ് ലോകേഷ് തന്റെ യാത്ര തുടർന്നത്. നാഡിയുവിന് ശേഷം പാർട്ടിയിലെ രണ്ടാമൻ ആരായിരിക്കും എന്നതിന്റെ ഉത്തരം കൂടിയായിരുന്നു ഈ സംഭവവികാസങ്ങൾ.

ബൈ ബൈ ജ​ഗൻ

സർവസന്നാഹങ്ങളുമായി സിനിമാസ്റ്റൈലിൽ അറസ്റ്റിലായ ചന്ദ്രബാബു നായിഡുവിനെ കാണാൻ പവൻ കല്യാൺ വരുന്ന ഒരു രം​ഗമുണ്ട്. വരാനിരിക്കുന്ന രാഷ്ട്രീയ നേതൃമാറ്റങ്ങളുടേയും വൻ വിജയങ്ങളുടേയും ഒരു സൂചന മാത്രമായിരുന്നു അത്. തന്നെ തടഞ്ഞ മുഖ്യമന്ത്രി വൈ.എസ്.ആർ. ജ​ഗൻ മോഹൻ റെഡ്ഡിയോട് അന്ന് പവൻ പറഞ്ഞ മൂന്ന് വാക്കുകൾ ഇന്നും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. 'ബൈ ബൈ ജ​ഗൻ'.

നാളെ ഒരിക്കൽ ഏത് രീതിയിലും മാറി മറിയാവുന്നതാണ് തെലു​ഗ് ദേശത്തെ രാഷ്ട്രീയം. അധികാരത്തിന് മുന്നിൽ സ്വന്തവും ബന്ധവുമില്ല. അവിടെ പ്രത്യയശാസ്ത്രങ്ങളേക്കാളേറെ അധികാരക്കസേരകൾക്കാണ് പ്രാധാന്യം. ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയും പവൻ കല്യാൺ ഉപമുഖ്യമന്ത്രിയുമായി ഭരിക്കുന്ന സർക്കാർ നായിഡുവിന് ശേഷം ആരിലേക്കെന്ന ചോദ്യം പ്രസക്തമാണ്. പാർട്ടി നാരാ ലോകേഷിന്റെ കൈയിൽ ഭദ്രമാണെന്ന് പ്രവർത്തകർ വിശ്വസിക്കുമ്പോഴും ആന്ധ്രയെ നയിക്കാനുള്ള നേതൃപാടവും ആർക്കാണെന്ന ചോദ്യവും കുഴക്കുന്നതാണ്. 

placeholder
പവൻ കല്യാൺ | Photo: www.facebook.com/PawanKalyan

2014-ൽ ആന്ധ്രാപ്രദേശ്-തെലങ്കാന വിഭജനകാലത്ത് തന്നെയാണ് പവൻ കല്യാൺ ജനസേന പാർട്ടി രൂപീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കണ്ട് ബി.ജെ.പിക്ക് പിന്തുണ അറിയിച്ച് കളത്തിലേക്കിറങ്ങിയ താരം കോൺ‌​ഗ്രസിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചു. കോൺഗ്രസ് ഹഠാവോ, ദേശ് ബച്ചാവോ എന്ന മുദ്രാവാക്യം ഏറ്റുപാടി. 2019 ലാണ് ആന്ധ്രപ്രദേശിൽ ജനസേന പാർട്ടി പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കുന്നത്. കർഷക ആത്മഹത്യ മുതൽ ഖനി പ്രശ്നങ്ങൾ വരെ ഉയർത്തിക്കാട്ടിയെങ്കിലും വൈ.എസ്.ആർ കോൺ​ഗ്രസ് തരം​ഗത്തിൽ പവൻ കല്യാണും വീണു. ഗാജുവാക്ക, ഭീമാവാരം എന്നിങ്ങനെ രണ്ട് മണ്ഡലങ്ങളിൽ ജനവിധി തേടിയ പവൻ കല്യാൺ രണ്ടിടത്തും തോറ്റു.

ചന്ദ്രബാബു നായിഡുവുമായി കൈകോർക്കാനുള്ള തീരുമാനമാണ് പവൻ കല്യാണിന്റെ തലവര മാറ്റുന്നത്. തടവിൽകഴിയുന്ന നായിഡുവിനെ നേരിട്ട് കണ്ട് പിന്തുണ ഉറപ്പുവരുത്തി. വർഷങ്ങൾക്കിപ്പുറം പഴയ തോൽവിക്ക് പവൻ കല്യാൺ തിരിച്ചടിച്ചു. കാക്കിനാഡ ജില്ലയിലെ പിതാപുരത്തുനിന്നും 70,279 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിന് മധുരപ്രതികാരം. ലോക്‌സഭയിലേക്ക് നടന്ന മത്സരത്തിൽ രണ്ട് സീറ്റിലാണ് ജനസേനാ പാർട്ടി മത്സരിച്ചത്. രണ്ടും സ്വന്തം. ആന്ധ്ര നിയമസഭയിലെ 175 സീറ്റുകളിൽ 164 സീറ്റുകളോടെ എൻ‌.ഡി.എ മുന്നണി അധികാരത്തിലേക്ക്. 

മക്കൾ രാഷ്ട്രീയം

ഇന്ത്യൻ രാഷ്ട്രീയത്തെ സംബന്ധിച്ച് സ്വജനപക്ഷപാതം അത്ര പുതുമയുള്ള കാര്യമല്ല. അച്ഛന്റെ കൈപിടിച്ച് രാഷ്ട്രിയത്തിലേക്കെതിയ പലരുടേയും മക്കളാണ് ഇന്ന് ആ പാർട്ടികൾക്ക് നേതൃത്വം നൽകുന്നത്. കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി മുതൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വരെയുള്ളവർ ഈ പ്രത്യേകാനുകൂല്യം പിൻപ്പറ്റി രാഷ്ട്രീയത്തിലെത്തിയവരാണ്. അക്കൂട്ടത്തിലെ പുത്തനുദയം മാത്രമാണ് നാരാ ലോകേഷ്. ചന്ദ്രബാബു നായിഡുവിന് ശേഷം ടി.ഡി.പിയെ ആര് നയിക്കുമെന്ന ചോദ്യത്തിന് വലിയ പ്രസക്തിയില്ല. നിലവിൽ പാർട്ടിയിലെ രണ്ടാമൻ നാരാ ലോകേഷ് തന്നെയാണ്. സംസ്ഥാനത്തിന്റെ ഭരണം ഏത് രീതിയിൽ മാറുമെന്നത് മാത്രമാണ് കണ്ടറിയാനുള്ളത്.

placeholder
നാരാ ലോകേഷിന്റെ കുടുംബം മോദിയോടൊപ്പം | Photo: ANI

ഉത്തർപ്രദേശും, മഹാരാഷ്ട്രയും തുടങ്ങി തമിഴ്നാട് വരെയുള്ള സംസ്ഥാനങ്ങളിൽ ഇതേ രാഷ്ട്രീയ കണ്ട് മടുത്ത മനുഷ്യരെസംബന്ധിച്ചിടത്തോളം ഇതത്ര പുതിയ കാര്യമല്ല. മുലായം സിങിന് ശേഷം എസ്.പിയുടെ കടിഞ്ഞാണ് അഖിലേഷ് യാദവിന്റെ കൈയ്യിൽ തന്നെയായിരുന്നു. 2024 ലോക്​സഭാ തിരഞ്ഞെടുപ്പ് പ്രകടനത്തോടെ അഖിലേഷ് തന്റെ സ്ഥാനം ഊട്ടിയുറപ്പിച്ചു. 

മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമല്ല. ബാൽ താക്കറെയിൽ നിന്നും അധികാരം ഉദ്ധവിലേക്കെത്തി. പ്രതിസന്ധി ഘട്ടങ്ങളും പാർട്ടിയുടെ പിളർപ്പുമടക്കും ഒട്ടനവധി പ്രശ്നങ്ങൾ ശിവസേനയെ ബാധിച്ചെങ്കിലും ഇത്തവണ ജനങ്ങൾ പ്രതിപക്ഷ സഖ്യത്തിനൊപ്പം നിന്നു. ഏത് വിധേനയും എതിർപക്ഷത്തെ തകർക്കാനുള്ള തന്ത്രങ്ങളായിരിക്കും താക്കറെ പക്ഷം സേനയുടെ അണിയറയിൽ ഒരുങ്ങുന്നത്. ശിവസേനയെ പഴയ പ്രതാപത്തോടെ തിരിച്ചുപിടിക്കാനായാൽ ഉദ്ധവ് തന്നെ മഹാരാഷ്ട്രയുടെ നേതൃത്വം ഏറ്റെടുക്കും. അധികം വൈകാതെ സ്ഥാനം ആദിത്യ താക്കറെയിലേക്ക് കൈമാറുമെന്നതിലും വലിയ ചർച്ചയൊന്നു ഉണ്ടാകാൻ സാധ്യതയില്ല. തമിഴ്നാട്ടിൽ കരുണാനിധിയിൽ തുടങ്ങി സ്റ്റാലിനിൽ എത്തി നിൽക്കുന്ന ഡി.എം.കെ രാഷ്ട്രീയത്തിന്റെ ഗതിയും അതേ പാതയിലാണ്.  വലിയ രാഷ്ട്രീയ കോളിളക്കങ്ങളൊന്നുമുണ്ടായില്ലെങ്കിൽ അധികം വൈകാതെ പാർട്ടി നേതൃത്വം സ്റ്റാലിന്റെ മകൻ ഉദയനിധിയുടെ കൈയിലെത്തുമെന്ന കാര്യത്തിൽ സംശയമില്ല.