
മൂന്നാം മോദി സര്‍ക്കാര്‍ സാവധാനം ട്രാക്കിലേക്ക് കയറാനൊരുങ്ങുകയാണ്. മന്ത്രിമാരും സഹമന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം സജ്ജം. ചരിത്രത്തില്‍ ആദ്യമായി സ്പീക്കര്‍ തിരഞ്ഞെടുപ്പും പൂര്‍ത്തിയാക്കി. കഴിഞ്ഞ രണ്ടു തവണത്തേ പോലെയായിരിക്കില്ല പുതിയ മോദി സര്‍ക്കാരെന്ന് തീര്‍ച്ച. കൂട്ടുകക്ഷി മന്ത്രിസഭ, ശക്തമായ പ്രതിപക്ഷം ഇതിനെയെല്ലാം അതിജീവിച്ചുവേണം മുന്നോട്ടുപോവല്‍. പത്തുവര്‍ഷത്തിനിപ്പുറം പ്രതിപക്ഷ നേതാവുമുണ്ട്.
വിജയിക്കില്ലെന്ന് നല്ല ബോധ്യമുണ്ടായിട്ടും സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടത്താനുള്ള പ്രതിപക്ഷ തീരുമാനം ഒന്നും അത്ര എളുപ്പത്തില്‍ വിട്ടുതരില്ലെന്ന സൂചന നല്‍കുന്നതായിരുന്നു. ഇവിടെയാണ് ഓം ബിര്‍ളയെ പോലുള്ള കാര്‍ക്കശ്യക്കാരനായ തങ്ങളുടെ നേതാവിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് വീണ്ടും നിയോഗിച്ചതിലുള്ള മോദിയുടെ കൗശലം. മാത്രമല്ല സ്പീക്കര്‍ സ്ഥാനം എത്ര നിര്‍ണായകമാണെന്ന് 1998-ലെ ആദ്യ എന്‍.ഡി.എ സര്‍ക്കാരിന്റെ അനുഭവകഥയും മുന്നിലുണ്ട്. ഇതാണ് എന്തു വിലകൊടുത്തും സ്പീക്കര്‍ സ്ഥാനം ഉറപ്പാക്കാന്‍ ബിജെപി തീരുമാനിച്ചതിന് പിന്നിലെ രഹസ്യവും.
1985 ല്‍ കോണ്‍ഗ്രസിലെ ബല്‍റാം ഝാക്കറിന് ശേഷം തുടര്‍ച്ചയായി രണ്ടാം തവണയും സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് ഓം ബിര്‍ള. വിദ്യാര്‍ഥി നേതാവില്‍ നിന്നും കാര്‍ക്കശ്യമുള്ള സ്പീക്കറിലേക്കുയര്‍ന്നുവന്ന ബിര്‍ള മോദിയുടേയും അമിത്ഷായുടേയും വലംകൈയെന്നാണ് അറിയപ്പെടുന്നത്. മാത്രമല്ല, പ്രതിപക്ഷത്തോട് കരുണയില്ലാത്തവനെന്ന വിളിപ്പേരുമുണ്ട്. ഈ കരുണയില്ലായ്മയിലാണ് മോദിയുടേയും ഷായുടേയും പ്രതീക്ഷയും.

ഏറ്റുമുട്ടാനുറച്ച് പ്രതിപക്ഷം
കേവല ഭൂരിപക്ഷമില്ലാത്ത ബി.ജെ.പി വരും നാളുകളില്‍ പ്രതിപക്ഷത്തിന്റെ നീക്കങ്ങളെ മുന്‍കൂട്ടി കാണുന്നുണ്ട്. നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന്റേയും ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുടേയും പിന്‍ബലത്തില്‍ ഭരണം നടത്തുന്ന എന്‍.ഡി.എ സര്‍ക്കാരിന് തങ്ങളുടെ സഖ്യകക്ഷികളെ പൂര്‍ണ വിശ്വാസമില്ല എന്നത് യാഥാര്‍ഥ്യവുമാണ്. തരാതരം ഒരു ദാക്ഷിണ്യവുമില്ലാതെ കാലുമാറാന്‍ മടിക്കില്ലെന്ന ചരിത്രം തന്നെയാണ് ഇതിന് കാരണം. ഇതിനെ മറയാക്കി ഒരുപക്ഷേ, പ്രതിപക്ഷം ഭാവിയില്‍ അവിശ്വാസപ്രമേയം കൊണ്ടുവരികയും ചെയ്തേക്കാം. പ്രതിപക്ഷത്തിന്റെ ഈ മനസ്സിലിരിപ്പിനെ ഒരുമുഴം മുന്നേ കണ്ടാണ് അവരുടെ കണ്ണിലെ കരടായ ഓം ബിര്‍ളയെ ഒരിക്കല്‍ക്കൂടെ സ്പീക്കര്‍ പദവിയിലേക്ക് എത്തിക്കാന്‍ ബി.ജെ.പി മുതിര്‍ന്നത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ വിട്ടിവീഴ്ചയില്ലാതെ നേരിട്ട ഓം ബിര്‍ള കൂടെയുണ്ടാവുമ്പോള്‍ അത് തങ്ങള്‍ക്ക് ശക്തിപകരുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.
ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഓം ബിര്‍ളയുടെ സഭാചട്ട സ്നേഹമാണ് തുരുപ്പുചീട്ട്. അതായത് ഭാവിയില്‍ സഖ്യ കക്ഷികളെ കൊണ്ട് തങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുണ്ടായാല്‍ സ്പീക്കറെന്ന ആയുധം ഉപയോഗിക്കാം. പ്രധാനമായും കൂറുമാറ്റമടക്കമുള്ള കാര്യങ്ങളില്‍. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച് സഭയിലെത്തിയ ശേഷം ആ പാര്‍ട്ടിയുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആ എം.പിയെ അയോഗ്യനാക്കാന്‍ സ്പീക്കറോട് അവകാശപ്പെടാം. ഇതിലെ തീരുമാനം സ്പീക്കറുടെ വിവേചനാധികാരമാണ്. ഓപ്പറേഷന്‍ താമരയിലൂടെ മഹാരാഷ്ട്രയിലടക്കം പ്രയോഗിച്ച് വിജയിച്ച ഈ സ്പീക്കര്‍ തന്ത്രത്തിലാണ് മോദിയുടെ കണ്ണ്. കൂട്ടുകക്ഷി ബലത്തില്‍ മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം സ്പീക്കര്‍ പദവി സഖ്യകക്ഷികള്‍ ആവശ്യപ്പെടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പക്ഷേ, സ്പീക്കര്‍ പദവി സുരക്ഷിതമായി ബിജെപി തന്നെ കൈയില്‍ വെക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ഇത് ബി.ജെ.പി തങ്ങളുടെ സുരക്ഷിത ഭാവി മുന്നില്‍ കണ്ടുകൊണ്ടുമാണ്.

സ്പീക്കറുടെ നിലപാടില്‍ അധികാരം നഷ്ടപ്പെട്ട വാജ്പേയി സര്‍ക്കാര്‍
1997-ല്‍ ഐ.കെ ഗുജ്റാള്‍ സര്‍ക്കാരിന് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെയായിരുന്നു രാജ്യത്ത് ആദ്യ എന്‍.ഡി.എ സര്‍ക്കാരിന് അരങ്ങൊരുങ്ങിയത്. തിരഞ്ഞെടുപ്പ് ഫലം വന്നതോടെ സഭയില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടിയില്ല. കോണ്‍ഗ്രസിന് 141 സീറ്റ്, ബിജെപിക്ക് 182 സീറ്റ്. സഖ്യകക്ഷികളുടെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിയുമായിരുന്നുവെങ്കിലും സര്‍ക്കാരുണ്ടാക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതതൃത്വം അറിയിച്ചതോടെ കാര്യങ്ങള്‍ അടല്‍ബിഹാരി വാജ്‌പേയിക്ക് അനുകൂലമായി.
ഇതോടെ വാജ്പെയിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ രൂപീകരിക്കുകയും ആദ്യ എന്‍.ഡി.എ സഖ്യ സര്‍ക്കാരിന് കളമൊരുങ്ങുകയും ചെയ്തു. 182 സീറ്റായിരുന്നു അന്ന് ബി.ജെ.പിക്ക് ലഭിച്ചത്. അങ്ങനെ ടി.ഡി.പി, എ.ഐ.എ.ഡി.എം.കെ, സമതാ പാര്‍ട്ടി, എന്നിവരേയെല്ലാം കൂട്ടുപിടിച്ച് വാജ്പേയി സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചു. വാജ്പേയി തന്നെയായിരുന്നു എന്‍.ഡി.എയുടെ ആദ്യ ചെയര്‍മാനും. പക്ഷേ, സഖ്യം രൂപീകരിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും എ.ഐ.എ.ഡി.എം.കെ സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ താഴെ വീഴുകയും ചെയ്തു.
അന്ന് ടി.ഡി.പിയുടെ എം.പിയായ ജി.എം.സി ബാലയോഗിയായിരുന്നു സ്പീക്കറായിരുന്നത്. 12 സീറ്റുണ്ടായിരുന്ന ടി.ഡി.പി സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെട്ടതോടെ ബി.ജെ.പി അതിന് വഴങ്ങുകയായിരുന്നു. പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ 270 വോട്ട് പ്രതിപക്ഷത്തിനും 269 വോട്ട് ഭരണപക്ഷത്തിനും ലഭിച്ചു. ഇവിടെയാണ് അന്നത്തെ സ്പീക്കര്‍ ജി.എം.സി ബാലയോഗി നിര്‍ണായകമായത്. അന്ന് ഒറീസ്സ (ഇന്നത്തെ ഒഡിഷ) യില്‍ നിന്നും എം.പിയായ കോണ്‍ഗ്രസ് നേതാവ് ഗിരിധര്‍ ഗമാങ് അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടക്കുന്നതിന് ഒരു മാസം മുമ്പ് ഒഡിഷ മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു. പക്ഷേ ലോക്സഭാ അംഗത്വം രാജിവെച്ചിരുന്നില്ല. പക്ഷേ, സ്പീക്കര്‍ ജി.എം.സി ബാലയോഗി അദ്ദേഹത്തെ ലോക്‌സഭയില്‍ വോട്ടുചെയ്യാന്‍ അനുവദിച്ചു. ഇത് വലിയ രീതിയില്‍ വിമര്‍ശനത്തിന് വഴിവെച്ചു. ഈ ഒരു വോട്ട് സ്പീക്കര്‍ക്ക് വേണമെങ്കില്‍ തടഞ്ഞുവെക്കാമായിരുന്നുവെന്ന് പിന്നീട് വിലയിരുത്തപ്പെടുകയുണ്ടായി.

ഗമാങ് വോട്ടുചെയ്തിരുന്നില്ലെങ്കില്‍ 269-269 എന്ന തരത്തിലാവുമായിരുന്നു ഫലം. മാത്രമല്ല സ്പീക്കര്‍ക്ക് തന്റെ കാസ്റ്റിങ് വോട്ടും രേഖപ്പെടുത്താമായിരുന്നു. പക്ഷേ, അതുണ്ടായില്ല. വാജ്പേയിയെ പുറത്താക്കിയതില്‍ ഗമാങ് അടക്കം മൂന്ന് എം.പിമാര്‍ ആയിരുന്നു അന്ന് നിര്‍ണായകമായത്. ബി.എസ്.പിയുടെ മായാവതിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് സെയ്ഫുദ്ദീന്‍ സോസുമായിരുന്നു മറ്റ് രണ്ടുപേര്‍. അന്ന് എന്‍.ഡി.എ സഖ്യത്തിനൊപ്പമായിരുന്നു മായാവതിയും സെയ്ഫുദ്ദീന്‍ സോസും. പക്ഷേ, വിശ്വാസ വോട്ടെടുപ്പ് വന്നപ്പോള്‍ വാജ്പേയിക്കെതിരേ വോട്ടുചെയ്യുകയായിരുന്നു. ഗമാങ് ആണെങ്കില്‍ കോണ്‍ഗ്രസ് എം.പിയും. വോട്ടിങ് പ്രതീക്ഷിച്ച രീതിയിലാണ് നടന്നതെന്നും പക്ഷേ, മായാവതിയും സെയ്ഫുദ്ദീന്‍ സോസും തിരഞ്ഞ് കുത്തുമെന്ന് കരുതിയിരുന്നില്ലെന്നുമായിരുന്നു ബിജെപി നേതാവ് എല്‍.കെ അദ്വാനി പിന്നീട് പ്രതികരിച്ചത്.
ഫലം ടൈ ആയാല്‍ സ്പീക്കറെകൊണ്ട് കാസ്റ്റിങ് വോട്ട് രേഖപ്പെടുത്തിക്കാമെന്നായിരുന്നു അന്ന് ബിജെപി കണക്കുകൂട്ടിയത്. ഗമാങ്ങ് വോട്ടുചെയ്യാനെത്തുമെന്നും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ വോട്ടെടുപ്പിന്റെയന്ന് ഗാമാങ് അപ്രതീക്ഷിതമായി സഭയിലെത്തുകയും വോട്ട് രേഖപ്പെടുത്തുകയുമായിരുന്നു. ഇതോടെ പ്രതിപക്ഷ നമ്പര്‍ 270 ആയി. സ്പീക്കര്‍ക്ക് കാസ്റ്റിങ് വോട്ട് രേഖപ്പെടുത്തേണ്ടിയും വന്നില്ല. പക്ഷേ സഭാ ചട്ടപ്രകാരം ഗാമാങ്ങിനെ സ്പീക്കര്‍ ബാലയോഗി വോട്ടുചെയ്യാന്‍ അനുവദിക്കുകയായിരുന്നു. ഒരു ബി.ജെ.പി എം.പിയായിരുന്നു അന്ന് സ്പീക്കറായിരുന്നുതെങ്കില്‍ ഒരുപക്ഷേ സര്‍ക്കാര്‍ വീഴില്ലായിരുന്നുവെന്നും പിന്നീട് ബി.ജെ.പി വിലയിരുത്തുകയും ചെയ്തു.
12-ാം ലോക്‌സഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ബാലയോഗി പാര്‍ലമെന്റിലെ ആദ്യ ദളിത് സ്പീക്കറും പ്രായം കുറഞ്ഞ സ്പീക്കറുമായിരുന്നു. 1999 -ല്‍ വാജ്‌പേയ് സര്‍ക്കാരിന്റെ പതനത്തിന് ശേഷം രണ്ടാം വാജ്‌പേയി സര്‍ക്കാരിലും ബാലയോഗി തന്നെയായിരുന്നു സ്പീക്കര്‍. 2002-ല്‍ ആന്ധ്രപ്രദേശിലെ കൈകല്ലൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്നായിരുന്നു ബാലയോഗിയുടെ അന്ത്യം.

സൈലന്റ് നേതാവില്‍ നിന്നും സഭാ തലവനിലെക്കെത്തിയ ഓം ബിര്‍ള
2014-ല്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നത് വരെ അത്ര പരിചിതമല്ലാത്ത മുഖമായിരുന്നു ഓം ബിര്‍ളയുടേത്. പാർലമെന്റിലേക്ക് മത്സരിക്കുന്നതിന് മുന്‍പേ രാജസ്ഥാന്‍ നിയമസഭയിലേക്ക് മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ട ബിര്‍ള പക്ഷേ പാര്‍ലമെന്റിലേക്കെത്തിയതോടെ മോദിയുടേയും ഷായുടേയും വിശ്വസ്ഥനായി. 86 ശതമാനം ഹാജര്‍, 671 ചോദ്യങ്ങള്‍, 163 ചര്‍ച്ചകളിലെ പങ്കാളിത്തം. ആദ്യ ഘട്ടത്തില്‍ തന്നെ പാര്‍ലമെന്റിലെ തന്റെ ട്രാക്ക് റെക്കോര്‍ഡിലും ബിര്‍ള മുന്‍പന്തിയിലായത് സ്പീക്കര്‍ സ്ഥാനത്തേക്കുള്ള ചവിട്ടുപടിയായി. പ്രതിപക്ഷത്തെ വരച്ച വരയില്‍ നിര്‍ത്തിയ ബിര്‍ളയുടെ നിലപാടുകള്‍ രണ്ടാമതും സ്പീക്കറായി തിരഞ്ഞെടുക്കപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നായി. ഒപ്പം ആര്‍.എസ്.എസിന്റെ താല്‍പര്യവും പരിഗണിച്ചു.
ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു സഭാ തലവനായുള്ള ഓംബിര്‍ളയുടെ 2019-ലെ തിരഞ്ഞെടുപ്പ്. പക്ഷേ ബി.ജെ.പി നേതൃത്വത്തെ തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു പ്രവര്‍ത്തനം. എം.പിമാരുടെ കൂട്ടപ്പുറത്താക്കലിന് അടക്കം സാക്ഷ്യം വഹിച്ച കഴിഞ്ഞ പാര്‍ലമെന്റിലേ ബിര്‍ളയുടെ പ്രവര്‍ത്തനം വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നുവെങ്കിലും എല്ലാം ചട്ടപ്രകാരമെന്ന് പറഞ്ഞ് നേരിടുകയായിരുന്നു ഓം ബിര്‍ള. ഇത് പ്രതിപക്ഷത്തെ പോലും നിശബ്ദരാക്കുകയും ചെയ്തു. 1991 മുതല്‍ 2003 വരെ യുവമോര്‍ച്ചയുടെ രാജസ്ഥാനിലെ പ്രധാന നേതാവായിരുന്നു ബിര്‍ള. പാർട്ടി സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായി. 2003, 2008, 2013 കാലത്ത് കോട്ട നിയോജക മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് നിയമസഭയിലെത്തിയ ശേഷം 2014 മുതല്‍ കോട്ടയില്‍ നിന്നുള്ള പാര്‍ലമെന്റംഗവുമായി. ഇത്തവണ 41000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് തുടര്‍ച്ചയായ മൂന്നാം തവണയും പാര്‍ലമെന്റിലെത്തുന്നത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, പൗരത്വഭേദഗതി നിയമം, വനിതാ സംവരണനിയമം, രാമക്ഷേത്ര പ്രതിഷ്ഠാ പ്രമേയം, മൂന്ന് ക്രിമിനില്‍ നിയമങ്ങള്‍, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം തുടങ്ങി സുപ്രധാന നിയമനിര്‍മാണങ്ങളെല്ലാം നടന്നത് ഓംബിര്‍ള സഭാനാഥനായിരിക്കെയാണ്. ചോദ്യം ചോദിക്കാന്‍ കോഴ ആരോപണത്തെ തുടര്‍ന്ന് തൃണമൂല്‍ എം.പി മഹുവ മൊയ്ത്രയെ അയോഗ്യയാക്കിയതും സഭാ ചട്ടം പാലിക്കാത്ത നൂറില്‍ അധികം എം.പിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടികളും ഓം ബിര്‍ളയുടെ സ്പീക്കര്‍ കാലത്തെ പ്രധാന സംഭവങ്ങളായിരുന്നു.

ചെറുതല്ല സ്പീക്കറുടെ ഉത്തരവാദിത്തം
ലോക്സഭയിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതും സഭയിലെ ചര്‍ച്ചയുടെ കാര്യപരിപാടികള്‍ തയ്യാറാക്കുന്നതും സ്പീക്കറാണ്. സഭയില്‍ അച്ചടക്കം ഉറപ്പുവരുത്താനും ഉത്തരവാദിത്തരഹിതമായി പെരുമാറുന്ന അംഗങ്ങളെ താക്കീത് ചെയ്യാനും ആവശ്യമെങ്കില്‍ ശിക്ഷിക്കാനും സ്പീക്കര്‍ക്ക് അധികാരമുണ്ട്. ഒരു ബില്‍ ധന ബില്ലാണോ അല്ലയോ എന്നു തീരുമാനിക്കുന്നതും സ്പീക്കര്‍ തന്നെ. വിശ്വാസ പ്രമേയം, അടിയന്തര പ്രമേയം, അവിശ്വാസ പ്രമേയം, ശ്രദ്ധക്ഷണിക്കല്‍ പ്രമേയം തുടങ്ങി സഭയില്‍ അവതരിപ്പിക്കുന്ന എല്ലാത്തരം പ്രമേയങ്ങള്‍ക്കും സ്പീക്കറുടെ അനുമതി വേണം.
രാജ്യം സ്വതന്ത്രമാകുന്നതിന് മുമ്പാണ് ലോക്സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് അവസാനമായി നടന്നത്. 1946 ജനുവരി 24-ന് നടന്ന സെന്‍ട്രല്‍ അസംബ്ലി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ജി.വി.മാവലങ്കര്‍ കൊവാസ്ജി ജഹാംഗിറിനെ മൂന്ന് വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. മാവലങ്കര്‍ക്ക് 66 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ജഹംഗിര്‍ക്ക് 63 വോട്ടുകളും കിട്ടി. 1950 ജനുവരി 26 ന് ഭരണഘടന നിലവില്‍ വന്നതിനുശേഷം നിലവില്‍ വന്ന ഭരണഘടനാ അസംബ്ലിയുടെയും താല്‍ക്കാലിക പാര്‍ലമെന്റിന്റെയും സ്പീക്കറായി മാവലങ്കര്‍ നിയമിതനായി.
1952 ഏപ്രില്‍ 17-ന് ആദ്യ പൊതുതെരഞ്ഞെടുപ്പിന് ശേഷം ലോക്സഭയും രാജ്യസഭയും രൂപീകരിക്കുന്നത് വരെ മാവലങ്കര്‍ താല്‍ക്കാലിക പാര്‍ലമെന്റിന്റെ സ്പീക്കറായി തുടര്‍ന്നു. അതിന് ശേഷം 2024-ജൂണ്‍ 26-നാണ് ലോകസഭ സ്പീക്കര്‍ സ്ഥാനത്തേക്ക് രാജ്യത്ത് തിരഞ്ഞെടുപ്പ് നടന്നത്. ഓം ബിര്‍ള വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ എം.എ.അയ്യങ്കാര്‍, ജി.എസ്.ധില്ലന്‍, ബല്‍റാം ജാഖര്‍, ജിഎംസി ബാലയോഗി എന്നിവര്‍ക്ക് ശേഷം തുടര്‍ സഭകളില്‍ സ്പീക്കറാകുന്ന അഞ്ചാമത്തെ ആളായി അദ്ദേഹം.
Content Highlights: speaker election and new modi government
Published: 28 Jun 2024, 01:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented