പ്രസിഡന്റില്ലാകാലമാണ് ഇപ്പോൾ ദക്ഷിണ കൊറിയക്ക്. ഇംപീച്ച് ചെയ്യപ്പെട്ട മുന്‍ പ്രസിഡന്റ് യൂന്‍ സൂക് യോളിനെ ഓഫീസില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ രാജ്യത്ത് വീണ്ടുമൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. പാര്‍ലമെന്റില്‍ നിന്നും പുറത്താക്കപ്പെട്ട യൂന്‍ സൂക് ഇംപീച്ച്‌മെന്റില്‍ അന്തിമ കോടതിവിധിക്കായി കാത്തിരിക്കുകയായിരുന്നു. ഇംപീച്ച്‌മെന്റ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഐകകണ്‌ഠ്യേന ശരിവെച്ചതോടെ യൂന്‍ സൂകിന് പുറത്തേക്കുള്ള വഴി തെളിഞ്ഞു. യൂന്‍ സൂക് ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിച്ചുവെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചതിന്റെ പേരിലാണ് കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്റ് യൂന്‍ സൂകിനെതിരേ നടപടി സ്വീകരിച്ചത്. യൂന്‍ ഔദ്യോഗികമായി നീക്കം ചെയ്യപ്പെടുന്നതോടെ, 60 ദിവസത്തിനകം ദക്ഷിണ കൊറിയ തിരഞ്ഞെടുപ്പിലേക്ക് നീങ്ങും. പ്രസിഡന്റിന്റെ സ്വാഭാവിക കാലാവധി 2027 വരെയാണെങ്കിലും യൂന്‍ സൂക് പുറത്തായതിനു പിന്നാലെ ഈ ജൂണ്‍ മൂന്നിന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരാണ്  പുറത്താക്കപ്പെട്ട യൂന്‍ സൂക്? ദക്ഷിണ കൊറിയയിലെ വർത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്തൊക്കെയാണ്? 

To advertise here,

അഭിഭാഷകനില്‍ നിന്ന് പ്രസിഡന്റ് പദവിയിലേക്ക്

നിയമത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി അഭിഭാഷകനായാണ് യൂനിന്റെ കരിയര്‍ ആരംഭിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലായിരുന്നു ആദ്യ ജോലി. പ്രോസിക്യൂട്ടര്‍ ജനറല്‍ വരെയുള്ള ദേശീയ പദവികളില്‍ വരെ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതുവരെ മറ്റ് രാഷ്ട്രീയ പദവികളൊന്നും യുന്‍ വഹിച്ചിട്ടില്ല. 2016ല്‍ അന്നത്തെ പ്രസിഡന്റ് പാര്‍ക്ക് ജി യൂന്‍ ഹീയുടെ ഇംപീച്ച്‌മെന്റിലേക്ക് നയിച്ച അഴിമതിക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്നത് യൂന്‍ ആയിരുന്നു. 2017ല്‍ യൂന്‍, സോളിലെ സെന്‍ട്രല്‍ പ്രോസിക്യൂട്ടര്‍ ഓഫീസിന്റെ തലവനായി നിയമിതനായി. 2019ല്‍ രാജ്യത്തിന്റെ പ്രോസിക്യൂട്ടര്‍ ജനറലായി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും തൊട്ടടുത്ത വര്‍ഷം മാര്‍ച്ചില്‍ പദവിയില്‍ നിന്ന് രാജിവെച്ചു. 

2022ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്നു യൂന്‍. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന ലീ ജെ മ്യുങ്ങിനെ നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിക്കൊണ്ട് 2022 മാര്‍ച്ച് 20നാണ് യൂന്‍ ദക്ഷിണ കൊറിയയുടെ പതിമൂന്നാമത് പ്രസിഡന്റായി നിയമിതനായി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും യുന്നിന്റെ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം കിട്ടിയില്ല. ഭരണകാലത്ത് സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങള്‍ക്ക് പോലും അംഗീകരിക്കാന്‍ കഴിയാത്ത തീരുമാനങ്ങളാണ് യൂന്‍ കൈക്കൊണ്ടിരുന്നത്. അതില്‍ പ്രസിഡന്റിന്റെ ഓഫീസ് കെട്ടിടം മാറ്റിയതും പോലീസിന് മേല്‍ കൂടുതല്‍ അധികാരം പ്രയോഗിക്കുന്ന പോലീസ് ബ്യൂറോ സ്ഥാപിക്കാനുള്ള തീരുമാനങ്ങളുമെല്ലാം ഉള്‍പ്പെടുന്നുണ്ട്. തീരുമാനങ്ങളോട് എതിര്‍പ്പറിയിക്കുന്നവരെ ജയിലില്‍ അടയ്ക്കുമെന്ന ഭീഷണിയും യൂന്‍ അടിക്കടി ഉയര്‍ത്തിയിരുന്നു. അധികാരത്തിലേറി മൂന്ന് മാസം പിന്നിടുമ്പോള്‍ തന്നെ രാജ്യത്ത് പണപ്പെരുപ്പം ആരംഭിച്ചു. ഇതോടെ പ്രസിഡന്റ് യൂനിന്റെ അപ്രൂവല്‍ റേറ്റിങ് (പ്രസിഡന്റിന്റെ പൊതുജന പിന്തുണ അറിയാന്‍ നടത്തുന്ന അഭിപ്രായസര്‍വേ) 30 ശതമാനത്തില്‍ താഴേക്ക് ഇടിഞ്ഞു. അതിനിടെ ഏപ്രിലില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഡി.പി.കെ.യാണ് വന്‍വിജയം നേടിയത്. അതും വലതുപക്ഷക്കാരനും യാഥാസ്ഥിതികനുമായ യുന്നിന്റെ പ്രതിച്ഛായ പെട്ടെന്നു മങ്ങുന്നതിന് കാരണമായി. ഉത്തര കൊറിയയുമായി സന്ധി ചെയ്യുമെന്ന് സത്യപ്രതിജ്ഞാവേളയില്‍ യൂന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഭരണകാലത്ത് ഉത്തര-ദക്ഷിണ കൊറിയ സംഘര്‍ഷം മൂര്‍ച്ഛിച്ചു. സ്ത്രീവിരുദ്ധനെന്ന് അറിയപ്പെടുന്ന യുന്നിന്റെ ഭാര്യയെ ചുറ്റിപ്പറ്റിയും ആരോപണങ്ങളുയര്‍ന്നു. ബജറ്റ് തുകയെച്ചൊല്ലി പ്രതിപക്ഷവുമായി ഭിന്നത ഉടലെടുത്തു. പ്രസിഡന്റിനെതിരേ രാജ്യത്ത് അങ്ങിങ്ങായി പ്രതിഷേധങ്ങള്‍ ഉയരാനും തുടങ്ങി. 

placeholder
യൂന്‍ സൂക് യോൾ

സ്വന്തം കുഴിതോണ്ടിയ പ്രസിഡന്റ് 

ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ്​വിരുദ്ധ വികാരം കത്തിനില്‍ക്കുമ്പോഴാണ് പ്രസിഡന്റ് യുന്‍ സൂക് യോള്‍ അടിയന്തര പട്ടാള നിയമം പ്രഖ്യാപിച്ചത്. ഡിസംബര്‍ രണ്ടിന് ദക്ഷിണ കൊറിയന്‍ സമയം രാത്രി 11-ന് ടെലിവിഷനിലൂടെയായിരുന്നു പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്തത്. പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് കൊറിയ (ഡി.പി.കെ.) രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു, ഉത്തര കൊറിയന്‍ കമ്യൂണിസ്റ്റുകളുമായി സഹകരിക്കുന്നു, അതിനാല്‍ 'പ്രശ്‌നങ്ങള്‍' ശരിയാക്കാന്‍ പട്ടാളനിയമം പ്രഖ്യാപിക്കുന്നുവെന്നായിരുന്നു പുതിയ പരിഷ്‌കാരത്തിന് പ്രസിഡന്റ് യൂന്‍ നല്‍കിയ വിശദീകരണം. 

പ്രഖ്യാപനത്തിന് പിന്നാലെ പട്ടാളവും പോലീസും പാര്‍ലമെന്റിന്റെ കാവലേറ്റെടുത്തു. അതിന് മുന്‍പ് രാജ്യം രൂപീകരിക്കപ്പെട്ടത് മുതല്‍ 16 തവണ പട്ടാളഭരണത്തിന്റെ ഭൂതകാലം ഓര്‍മയുള്ള ദക്ഷിണ കൊറിയന്‍ ജനത പ്രസിഡന്റിന്റെ പ്രഖ്യാപനത്തിനെതിരേ ശക്തമായി പ്രതിഷേധിച്ചു. ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ടുള്ള നീക്കത്തിനെതിരേ ജനം തെരുവിലിറങ്ങി. തെരുവുകള്‍ കയ്യടക്കിയ ടാങ്കറുകളെയും തോക്കേന്തിയ സൈനികരെയും വകവയ്ക്കാതെ ജനം സൈനിക ഭരണത്തിനെതിരേ പ്രതിഷേധം ശക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടിയായ ഡി.പി.കെ ആയിരുന്നു പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഡി.പി.കെ. നേതാവ് ലീ ജെ മ്യുങ്ങിന്റെ നേതൃത്വത്തില്‍ എം.പി.മാര്‍ പട്ടാളത്തെ മറികടന്ന് പാര്‍ലമെന്റ് മന്ദിരത്തില്‍ കയറി. അടിയന്തര യോഗംചേര്‍ന്ന് പട്ടാളനിയമത്തിനെതിരേ വോട്ടുചെയ്തു. ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റിന്റെ അധോസഭയായ നാഷണല്‍ അസംബ്ലിയിലെ 300 എം.പി.മാരില്‍ ഭരണപക്ഷത്തെ പത്തുപേരുള്‍പ്പെടെ 190 പേര്‍ പ്രഖ്യാപനത്തിനെതിരേ വോട്ടുചെയ്തു. ഭൂരിപക്ഷം എതിര്‍ത്താല്‍ പട്ടാളനിയമം പിന്‍വലിക്കണമെന്നാണ് ഭരണഘടനാചട്ടം. ഒടുവില്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതെ യൂന്‍ സൂക് യോളിന് പട്ടാള നിയമം പിന്‍വലിക്കേണ്ടിവന്നു. ആറുമണിക്കൂര്‍ മാത്രമായിരുന്നു പട്ടാളനിയമത്തിന്റെ ആയുസ്സ്. പക്ഷേ, അപ്പോഴേക്കും അത് യുന്‍ സൂക് യോളിന്റെ പ്രസിഡന്റ് പദവിയുടെ ആയുസ്സ് കുറിച്ചിരുന്നു. 

രാജ്യത്തിന് യുദ്ധഭീഷണിയുണ്ടാവുകയോ ജനത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സിവിലിയന്‍ സര്‍ക്കാരിനു കഴിയാതെവരുകയോ ചെയ്യുന്ന സാഹചര്യത്തില്‍ പട്ടാളനിയമം പ്രഖ്യാപിക്കാമെന്നാണ് ദക്ഷിണ കൊറിയന്‍ ഭരണഘടന പറയുന്നത്. എന്നാല്‍ ഇത്തരം ഭീഷണിയൊന്നും ഇല്ലാതിരിക്കെ, സാങ്കല്‍പികമായ കാര്യങ്ങള്‍ ആവര്‍ത്തിച്ച് ഭരണത്തിനായി പട്ടാളത്തെ ഇറക്കിയതിന്റെ പേരില്‍ യൂന്നിനെതിരേ പ്രതിഷേധമാളി. പ്രസിഡന്റ് രാജിവെക്കണമെന്ന് പ്രതിപക്ഷവും ജനങ്ങളും  ഒരുപോലെ ആവശ്യപ്പെട്ടു. ദേശവിരുദ്ധപ്രവര്‍ത്തനവും കലാപാഹ്വാനവും ആരോപിച്ച് 2024 ഡിസംബര്‍ ഏഴിന് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി യൂനിനെതിരേ ആദ്യ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചു. പ്രമേയം പാസാകാന്‍ ഭരണകക്ഷിയുടെ എട്ട് വോട്ടുകള്‍ മാത്രമാണ് പ്രതിപക്ഷത്തിന് വേണ്ടിയിരുന്നത്. എന്നാല്‍, പട്ടാളനിയമ പ്രഖ്യാപനത്തെ എതിര്‍ത്തെങ്കിലും ഭരണകക്ഷിയായ പീപ്പിള്‍ പവര്‍ പാര്‍ട്ടി (പി.പി.പി.) യൂന്നിന്റെ ഇംപീച്ച്മെന്റിനെ ആദ്യം അനുകൂലിച്ചില്ല. ഇതോടെ പ്രമേയം പരാജയപ്പെട്ടു. പ്രതിപക്ഷം വീണ്ടും ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചപ്പോള്‍ ഭരണകക്ഷി പാര്‍ട്ടിയിലെ 12 പേര്‍ പ്രതിപക്ഷത്തിനൊപ്പം നിന്നു. 85-നെതിരേ 204 വോട്ടിന് പ്രമേയം പാസായി. യൂനിനെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കി. അധികാരം തത്കാലത്തേക്ക് പ്രധാനമന്ത്രി ഹാന്‍ ഡക്ക് സൂവിനു കൈമാറി. 

അതിനിടെ ജനുവരിയില്‍ കലാപക്കുറ്റം ചുമത്തി യൂനിനെ അറസ്റ്റുചെയ്‌തെങ്കിലും സോൾ ജില്ലാ കോടതി അറസ്റ്റ് റദ്ദാക്കി. പിന്നാലെ മാര്‍ച്ച് എട്ടിന് യൂന്‍ ജയില്‍ മോചിതനായി. തൊട്ടുപിന്നാലെയാണ് ഭരണഘടനാ കോടതി വിധിയെത്തിയത്. യൂന്നിനെ അധികാരത്തില്‍നിന്നു പുറത്താക്കണോ അതോ ഇംപീച്ച്മെന്റ് തള്ളി അധികാരം പുനഃസ്ഥാപിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഭരണഘടനാകോടതിയാണ്. ഇംപീച്ച്‌മെന്റ് റദ്ദാക്കുമെന്നായിരുന്നു യൂന്നിന്റെ പ്രതീക്ഷയെങ്കിലും ഏതാണ്ട് മൂന്ന് മാസത്തിലേറെക്കാലമായുള്ള പരിശോധനയ്ക്കുശേഷം പാര്‍ലമെന്റ് നടപടി ഭരണഘടനാ കോടതി അംഗീകരിച്ചു. ഇതോടെ യൂന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് പുറത്തായി. 

placeholder

ഇംപീച്ച് ചെയ്യപ്പെട്ട രണ്ടാം പ്രസിഡന്റ് 

ഇംപീച്ച്മെന്റ് നടപടി ഭരണഘടനാകോടതി അംഗീകരിച്ചതോടെ ഈ വിധി നേരിടുന്ന രണ്ടാമത്തെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റായി യുന്‍ മാറി. 2017ല്‍ ഇംപീച്ച്‌മെന്റിലൂടെ അധികാരം നഷ്ടമായത് പ്രസിഡന്റ് പാര്‍ക്ക് ഗ്വെന്‍ ഹൈയ്ക്കായിരുന്നു. അഴിമതി, അധികാര ദുര്‍വിനിയോഗം എന്നിവയായിരുന്നു പാര്‍ക്കിനെതിരായ കേസുകള്‍. അന്ന് രാജ്യത്തിന്റെ പ്രോസിക്യൂട്ടര്‍ ജനറല്‍ യൂന്‍ സൂക് യോളായിരുന്നു. ഇംപീച്ച്‌മെന്റിന് നടപടിയില്‍ പങ്കുചേര്‍ന്നത് യൂനായിരുന്നുവെന്നത് ചരിത്രവൈരുദ്ധ്യമായി നിലനില്‍ക്കുന്നു. സമാനമായി പാര്‍ലമെന്റില്‍ നിന്ന് ഇംപീച്ച് ചെയ്യപ്പെട്ട റോ മൂന്‍ ഹ്യൂന്‍ എന്ന പ്രസിഡന്റും പാര്‍ലമെന്റിന്റെ ഇംപീച്ച്‌മെന്റ് നടപടി നേരിട്ടിരുന്നു. എന്നാല്‍ ഈ നടപടി ഭരണഘടനാ കോടതി റദ്ദാക്കി. പ്രസിഡന്റ് പാലിക്കേണ്ട രാഷ്ട്രീയ നിഷ്പക്ഷത റോ പാലിച്ചില്ല എന്നതായിരുന്നു 2004ല്‍ റോ ഇംപീച്ച്മെന്റ് നടപടി നേരിടാന്‍ കാരണമായത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. അധികാരത്തില്‍ തിരിച്ചെത്തിയ റോ, 2008 വരെയുള്ള ഭരണഘടനാ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പദവിയില്‍ നിന്ന് പടിയിറങ്ങിയത്. 

അഞ്ചുവര്‍ഷമാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ കാലാവധി. ഇനിയും മൂന്നുവര്‍ഷം യൂന്നിനു ബാക്കിയുണ്ട്. അപ്പോഴാണ് പട്ടാള നിയമപ്രഖ്യാപനത്തിന്റെ പേരില്‍ അടിതെറ്റിവീണത്. പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടെങ്കിലും ഇംപീച്ച്‌മെന്റില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ് അവസാനവാക്ക്. എട്ട് അംഗങ്ങളുള്ള ബെഞ്ചില്‍ ആറ് പേരെങ്കിലും അനുകൂലിക്കേണ്ടിയിരുന്നു. എന്നാല്‍ ബെഞ്ച് ഐകകണ്‌ഠ്യേന ഇംപീച്ച്‌മെന്റ് നടപടി ശരിവയ്ക്കുകയായിരുന്നു. ഗുരുതരമായ ദേശീയ പ്രതിസന്ധി ഇല്ലാതിരിക്കെ, പട്ടാളനിയമം പ്രഖ്യാപിച്ചത് ഭരണഘടനാവിരുദ്ധമാണെന്ന് ബെഞ്ച് കണ്ടെത്തി. യൂന്‍ പറയുന്ന കാരണങ്ങള്‍ ഒരിക്കലും നിതീകരിക്കാനാകില്ല. പട്ടാളനിയമം പ്രഖ്യാപിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങളും പാലിച്ചിരുന്നില്ല. പാര്‍ലമെന്റ് അംഗങ്ങളുടെ അവകാശങ്ങൾ ഹനിക്കുകയും സേനാ മേധാവി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ മറന്നുകൊണ്ട് ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിച്ചുവെന്നും ആക്ടിങ് ഹെഡ് ജഡ്ജ് മൂണ്‍ ഹ്യൂങ് ബേ വ്യക്തമാക്കിയിരുന്നു. 

യൂനിനെതിരേയുള്ള ഇംപീച്ച്‌മെന്റ് ശ്രമം ആദ്യമായല്ല അരങ്ങേറുന്നത്. 2024 ജൂലായ് മാസത്തില്‍ ഇംപീച്ച്‌മെന്റ് ആവശ്യപ്പെട്ട് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പെറ്റീഷനില്‍ പത്ത് ലക്ഷത്തിലേറെപ്പേരാണ് ഒപ്പുവെച്ചത്. 50,000 പേര്‍ പിന്തുണച്ചാല്‍ നടപടി പരിശോധിക്കപ്പെടുമെന്നിടത്താണ് പത്തു ലക്ഷം പേര്‍ യൂനിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ അസംബ്ലി വെബ്‌സൈറ്റിലെത്തി ഓണ്‍ലൈന്‍ പെറ്റീഷന് പിന്തുണയറിയിച്ചത്. അനിയന്ത്രിതമായ ട്രാഫിക് കാരണം അന്ന് വെബ്‌സൈറ്റ് ക്രാഷ് ആവുന്ന സ്ഥിതിയുണ്ടായി. 30 മിനിറ്റ് കൊണ്ട് വീണ്ടും 22000 പേര്‍ ഒപ്പുവെക്കാനെത്തിയതായാണ് സൈബര്‍ ഡാറ്റ. 2024 നവംബറിലും യൂനിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള 3000 പ്രൊഫസര്‍മാരും ഗവേഷകരും ഒപ്പുവെച്ച കത്ത് പുറത്തുവന്നിരുന്നു. കത്തോലിക്കാ വൈദികരും യൂന്‍ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ചു. സ്വകാര്യ താല്‍പര്യങ്ങള്‍ മൂലം അന്ധത ബാധിച്ച നേതാവ് എന്നാണ് അവര്‍ യൂനിനെ വിശേഷിപ്പിച്ചത്. 

ഇനി തിരഞ്ഞെടുപ്പ്

2028 വരെയായിരുന്നു പ്രസിഡന്റിന്റെ സ്വാഭാവിക കാലാവധിയെങ്കിലും യൂന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് പുറത്തായതോടെ ജൂണ്‍ മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് ദക്ഷിണ കൊറിയ. 2027 മാര്‍ച്ച് മൂന്നിന് നടക്കേണ്ടുന്ന തിരഞ്ഞെടുപ്പാണ് രണ്ട് വര്‍ഷം നേരത്തെ ജൂണ്‍ 3ന് നടക്കുക. ദക്ഷിണ കൊറിയ ജനാധിപത്യ രാജ്യമായതിനുശേഷം നടക്കുന്ന ഒമ്പതാമത് തിരഞ്ഞെടുപ്പാണിത്. പ്രസിഡന്റ് ഇംപീച്ച്‌മെന്റിനു ശേഷം നടക്കുന്ന രണ്ടാമത് തിരഞ്ഞെടുപ്പ്, യഥാര്‍ഥത്തില്‍ നടക്കേണ്ടതിനേക്കാള്‍ നേരത്തെ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് തുടങ്ങി ഏറെ പ്രത്യേകതകളുള്ള തിരഞ്ഞെടുപ്പാണ് ജൂണില്‍ നടക്കുക. 

തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഇതിനോടകം ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന, നിലവില്‍ മുന്‍സിപ്പല്‍ സര്‍ക്കാരുകളില്‍ തലവന്മാരായി പ്രവര്‍ത്തിക്കുന്നവര്‍ മെയ് നാലിന് മുന്‍പ് രാജിവെച്ച് രജിസ്റ്റര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. 

ഡെമോക്രാറ്റിക് പാര്‍ട്ടി, ന്യൂ ഫ്യൂച്ചര്‍ പാര്‍ട്ടി, ന്യൂ റിഫോം പാര്‍ട്ടി, പീപ്പിള്‍ പവര്‍ പാര്‍ട്ടി, റീബില്‍ഡിങ് കൊറിയ പാര്‍ട്ടി എന്നിവയാണ് മത്സരരംഗത്തുള്ള പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍. ഭരണകക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടിയിലെ പ്രമുഖ നേതാവും നിലവിലെ തൊഴില്‍മന്ത്രിയായ കിം മൂണ്‍, നേതാവ് ഹാന്‍ ഡോങ് ഹൂന്‍, ആന്‍ കിയോള്‍ സൂ എന്നിവര്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചുകഴിഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ലീ ജേ മ്യൂങ് ആണ് പ്രതിപക്ഷ നിരയിലെ പ്രധാനി. ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂനിനെതിരേ വളരെ ചെറിയ ഭൂരിപക്ഷത്തിനാണ് 2022ലെ തിരഞ്ഞെടുപ്പില്‍ ലീ ജേ മ്യൂങ്ങ് പരാജയപ്പെട്ടത്. 

ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ കിം ഡോങ് യോണ്‍, കിം ക്യോങ് സൂ, ന്യൂ ഫ്യൂച്ചര്‍ പാര്‍ട്ടിയിലെ ലീ നാക് യോണ്‍, റിഫോം പാര്‍ട്ടിയിലെ ലീ ജുന്‍ സിയോക് തുടങ്ങിയവരാണ് മത്സരിക്കാന്‍ സാധ്യതയുള്ള മറ്റ് പ്രധാന നേതാക്കള്‍. പല പാര്‍ട്ടിയും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. അഭിപ്രായസര്‍വേകളിലെല്ലാം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ലീ ജേ മ്യൂങ്ങിനാണ് മുന്‍തൂക്കം. 

ഒറ്റ റൗണ്ടില്‍ തീരുന്ന പ്രിഫറന്‍സ് അടിസ്ഥാന തിരഞ്ഞെടുപ്പ് രീതിയാണ് ദക്ഷിണ കൊറിയയിലുള്ളത്. സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി 1,2,3 എന്നിങ്ങനെ റാങ്കിങ് രീതിയില്‍ വോട്ട് രേഖപ്പെടുത്താം. ഏറ്റവും കൂടുതല്‍ ഫസ്റ്റ് റാങ്ക്/പ്രിഫറന്‍സ് കിട്ടിയവരാകും പ്രസിഡന്റ് സ്ഥാനത്തിന് യോഗ്യന്‍. മുന്‍ പ്രസിഡന്റ്മാര്‍ക്കോ നിലവില്‍ സ്ഥാനത്തിരിക്കുന്നവര്‍ക്കോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. തിരഞ്ഞെടുപ്പ്ഫലം തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചാലുടന്‍ പ്രസിഡന്റിന് അധികാരമേല്‍ക്കാം. സാധാരണ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ട് മാസം ട്രാന്‍സിഷന്‍ കാലയളവായി കണക്കാക്കുന്ന രീതി നിലനില്‍ക്കുമ്പോഴാണ് ദക്ഷിണ കൊറിയയില്‍ ഇത്രവേഗത്തിലുള്ള അധികാരമേല്‍ക്കല്‍ പിന്തുടര്‍ന്നുവരുന്നത്.

placeholder

പദവിവാഴാത്ത പ്രസിഡന്റുമാർ, ചരിത്രം ആവർത്തിച്ച് യൂനും!

ദക്ഷിണ കൊറിയയിലെ പ്രസിഡന്റ് പദവിയെക്കുറിച്ച് പൊതുവേ പറയപ്പെടുന്നത്, ശാപം പേറുന്ന സ്ഥാനമെന്നാണ്. ഭരണകാലം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് പടിയിറങ്ങേണ്ടി വരുന്നവരാണ് കൊറിയയിലെ ഒട്ടുമിക്ക പ്രസിഡന്റുമാരും. രാഷ്ട്രീയ അനിശ്ചിതത്വങ്ങളോ മരണമോ അപകടമോ എല്ലാം ഇതിന് കാരണമാവാറുണ്ട്. പ്രസിഡന്റ് സ്ഥാനത്തിനുള്ള ശാപമാണ് അതെന്നാണ് അപഖ്യാതി. ശാപമാണെങ്കിലും അല്ലെങ്കിലും സമാനമായ ചരിത്രമാണ് ഒട്ടുമിക്ക പ്രസിഡന്റുമാര്‍ക്കും നേരിടേണ്ടിവന്നത്. ഏറ്റവും ഒടുവിലായി യൂന്‍ സൂക് യോളിനും സമാനവിധി തന്നെയാണുണ്ടായത്. 

രാജ്യത്തിന്റെ ആദ്യ പ്രസിഡന്റായ സിങ്ക്മാന്‍ റീക്ക് വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്നാണ് രാജിവെയ്‌ക്കേണ്ടിവന്നത്. റീക്കിന്റെ ഏകാധിപത്യ ഭരണത്തിന് നേരെ അറുപതുകളിൽ  ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് തെരുവിലിറങ്ങിയത്. ഒടുവില്‍ റീക്കിന് ഹവായിയിലേക്ക് നാടുവിടേണ്ടി വന്നു. അവിടെവെച്ചാണ് അദ്ദേഹം മരണപ്പെടുന്നത്. പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലേറിയ അടുത്ത പ്രസിഡന്റ് പാര്‍ക്ക് ചങ്ക് ലീ 1979ല്‍ തന്റെ അനുയായികളിലൊരാളാല്‍ കൊല്ലപ്പെടുകയായിരുന്നു. എങ്കിലും രണ്ട് ദശാബ്ദക്കാലത്തോളം അദ്ദേഹം ഭരണത്തിലിരുന്നിട്ടുണ്ട്. പാര്‍ക്കിനുശേഷം അധികാരത്തിലേറിയത് ചുന്‍ ഡൂ ഹ്വാന്‍ (1980-1987), റോ തെ വൂ (1988-1993) എന്നിവരായിരുന്നു. ഭരണത്തിനുശേഷമാണ് ഇരുവര്‍ക്കും ദുര്‍വിധി നേരിടേണ്ടി വന്നത്. പട്ടാള അട്ടിമറിക്ക് നേതൃത്വം വഹിച്ചതിന്റെയും രാജ്യദ്രോഹത്തിന്റേയും പേരില്‍ ഇരുവരേയും പ്രസിഡന്റ് കിം യൂങ് സാം തടവിലാക്കി. ചുന്‍ ഡൂവിന് ജീവപര്യന്തവും റോ തെ വൂവിന് 17 കൊല്ലവുമായിരുന്നു തടവുശിക്ഷ. 

രണ്ടായിരങ്ങളിലും പ്രസിഡന്റുമാര്‍ക്ക് ഈ വിധി തുടര്‍ന്നു. 2003-2008 കാലത്ത് അധികാരത്തിലിരുന്ന പ്രസിഡന്റ് റോ മൂ ഹ്യൂന്‍ പദവിയൊഴിഞ്ഞതിനു പിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നു. അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്നതിനിടെയായിരുന്നു മരണം. റോയ്ക്ക് ശേഷം 2008ല്‍ അധികാരത്തിലേറിയ ലീ മ്യൂങ് ബാക് നികുതിവെട്ടിപ്പ് കേസില്‍ അറസ്റ്റിലായി. പദവിയില്‍ നിന്ന്  പടിയിറങ്ങിയശേഷമായിരുന്നു അറസ്റ്റ്. 2013ല്‍ അധികാരത്തിലേറിയ പാര്‍ക്ക് ജീയുന്‍ ഹൈ ആയിരുന്നു ദക്ഷിണ കൊറിയയില്‍ ഇംപീച്ച് ചെയ്യപ്പെട്ട ആദ്യ പ്രസിഡന്റ്. പാര്‍ക്ക് ചുങ് ഹീയുടെ ഇളയ മകളായിരുന്നു പാര്‍ക്ക് ജീയുന്‍ ഹൈ. 2017ലായിരുന്നു ഹൈയ്‌ക്കെതിരേയുള്ള നടപടി. 24 വര്‍ഷത്തെ തടവായിരുന്നു അഴിമതിക്കേസിനും അധികാര ദുര്‍വിനിയോഗത്തിനും പാര്‍ക്ക് ജിയൂന് കോടതി വിധിച്ചത്. അഞ്ച് വര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷം മാപ്പ് നല്‍കി വിട്ടയച്ചു. 2017ല്‍ അധികാരത്തിലേറിയ മൂന്‍ ജെ ഇന്‍ അധികാരകാലം പൂര്‍ത്തിയാക്കിയെങ്കിലും അതിനുശേഷം പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാറേയില്ല. ജ്യോങ്‌സാങ് പ്രവിശ്യയില്‍ സ്വന്തം ബുക്ക് സ്റ്റാള്‍ പ്രവര്‍ത്തനവുമായി മുന്നോട്ടുപോവുകയാണ് അദ്ദേഹം. 2003ലാണ് യൂന്‍ സൂക് യോള്‍ അധികാരത്തിലേറിയത്. കാലാവധി പൂര്‍ത്തിയാവാന്‍ മൂന്ന് വര്‍ഷം ബാക്കിനില്‍ക്കെയാണ് യൂനിന്റെ ഇംപീച്ച്‌മെന്റ്. പ്രസിഡന്റ് ശാപത്തിന്റെ പതിവ് തെറ്റിക്കാതെയാണ് യൂനിന്റേയും പടിയിറക്കമെന്ന് സാരം.