പിഎംശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പുവെച്ചതിനെത്തുടർന്നുണ്ടായ അക്കാദമിക ചർച്ചകളെ സ്വാഗതം ചെയ്യുകയും അനാവശ്യമായ രാഷ്ട്രീയവിവാദങ്ങളെ തള്ളിക്കളയുകയും ചെയ്യുന്നുണ്ട്‌. കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും കഴിഞ്ഞകാലങ്ങളിലെല്ലാം ആരോഗ്യകരമായ ചർച്ചകൾ സഹായിച്ചിട്ടുണ്ട്. എന്നാൽ, ഇന്ന് ഉയർത്തിവിടുന്ന അക്കാദമികമല്ലാത്ത ചർച്ചകൾ നമ്മുടെ സ്കൂൾ വിദ്യാഭ്യാസത്തെ പിറകോട്ടടിക്കാനേ സഹായിക്കൂ.

To advertise here,

ദേശീയ വിദ്യാഭ്യാസ നയങ്ങളും കേരളവും

ദേശീയ വിദ്യാഭ്യാസനയങ്ങളെ വിലയിരുത്തുമ്പോൾ നാം അതിന്റെ പ്രധാനപ്പെട്ട രണ്ടുഭാഗങ്ങളെ വിശകലനം ചെയ്യേണ്ടിവരും. ഒന്ന്, ആ നയത്തിന്റെ രാഷ്ട്രീയ ഉള്ളടക്കമാണ്. രണ്ട്, ആ നയത്തിന്റെ സാങ്കേതികമായ ഉള്ളടക്കമാണ്. 2020-ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം നാം വ്യക്തമായി വിശകലനംചെയ്തു കഴിഞ്ഞിട്ടുണ്ട്. ആ ഉള്ളടക്കം ഹൈന്ദവതയിലൂന്നിയ രാഷ്ട്രീയമാണ്. 1968-ലും 1986-ലും രാജ്യം മുന്നോട്ടുവെച്ച ദേശീയ വിദ്യാഭ്യാസനയങ്ങൾ രാജ്യത്തിന്റെ ഭരണഘടനാ ലക്ഷ്യങ്ങളെ ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ 2020-ലെ നയം ഹൈന്ദവപ്രത്യയശാസ്ത്രത്തെ ബുദ്ധിപൂർവം ഒളിച്ചുകടത്താനുള്ള ഒന്നാക്കി മാറ്റിയിരിക്കുകയാണ്.

ആതിനാൽത്തന്നെ ഈ നയത്തിന്റെ ഭാഗമായി രൂപപ്പെടുത്തുന്ന പാഠ്യപദ്ധതിയെയും കേരളം നിരാകരിക്കുകയാണ്. എന്നാൽ, ദേശീയ വിദ്യാഭ്യാസ നയങ്ങൾ മുന്നോട്ടുവെക്കുന്ന അക്കാദമികമായ സാങ്കേതിക ഭാഗങ്ങൾ നാം സൂക്ഷ്മമായി വിലയിരുത്തി നടപ്പാക്കേണ്ടതാണ്. ഇതിൽ ജാഗ്രതയോടെയാണ് കേരള പൊതുവിദ്യാഭ്യാസവകുപ്പ് മുന്നോട്ടുപോകുന്നത്. സ്കൂൾ ഘടനാപരമായ മാറ്റങ്ങൾ, സ്കൂൾ പ്രവേശനപ്രായം, മൂല്യനിർണയ മാറ്റങ്ങൾ, അധ്യാപകരുടെ യോഗ്യതകൾ, നാഷണൽ ക്രഡിറ്റ് ഫെയിംവർക്ക്, അപാർ ഐഡി (Automated Permanent Academic Account Registry) നാലുവർഷ സംയോജിത അധ്യാപകപരിശീലന കോഴ്‌സ് എന്നിവയെല്ലാംതന്നെ ഈ നയത്തിന്റെ സാങ്കേതികപരമായ അക്കാദമിക നിർദേശങ്ങളാണ്.

ഇവയെല്ലാംതന്നെ നമ്മുടെ കുട്ടികളുടെ പഠനത്തെ എങ്ങനെ സ്വാധീനിക്കും എന്ന് വിശദമായി വിലയിരുത്തിയതിന് ശേഷമേ തീരുമാനങ്ങളിലേക്കു പോവുകയുള്ളൂ. എന്നാൽ, ഒരു കാര്യം വ്യക്തമാക്കട്ടെ, നമ്മുടെ കുട്ടികൾ ലോകത്തെല്ലായിടത്തും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും സഞ്ചരിച്ച് ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുകയും ഇഷ്ടമുള്ള തൊഴിൽ തിരഞ്ഞെടുക്കുകയും ചെയ്യുന്നവരാണ്. അവരുടെ ഉന്നത വിദ്യാഭ്യാസ, തൊഴിൽപരമായ ഭാവിക്ക് പ്രഥമപരിഗണന നൽകിയാവും ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. രാജ്യത്ത് മുഴുവൻ ഈ നയങ്ങൾ വ്യാപിക്കുന്ന വേളയിൽ നാം സംസ്ഥാനത്തിന്റെ പ്രത്യേകതകൾകൂടി പരിഗണിച്ച് തീരുമാനം പ്രഖ്യാപിക്കേണ്ടതായി വരും.

പിഎംശ്രീ പദ്ധതിയും കേരളപാഠ്യപദ്ധതിയും

ദേശീയ വിദ്യാഭ്യാസനയത്തെ മുൻനിർത്തി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് പിഎംശ്രീ 1986-ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി രാജ്യത്ത് ആരംഭിച്ച നവോദയ വിദ്യാലയങ്ങളെ ഓർമ്മിപ്പിക്കും തരത്തിലാണ് ഈ പദ്ധതിയും ആവിഷ്കരിക്കുന്നത്. സംസ്ഥാനങ്ങൾ അവരുടെ ഫണ്ടുകൊണ്ട് പടുത്തുയർത്തിയ വിദ്യാലയങ്ങളെ എളുപ്പവഴിയിൽ സ്വന്തമായി അവതരിപ്പിക്കാനുള്ള ശ്രമമായും നാം ഈ പദ്ധതിയെ ഇതിനകംതന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ പിഎംശ്രീ പദ്ധതി നമ്മുടെ വിദ്യാഭ്യാസമേഖലയിൽ അനിവാര്യമായ ഒന്നായി നാം പരിഗണിച്ചിട്ടുമില്ല.

എന്നാൽ, ഈ പദ്ധതിയെ മുന്നിൽനിർത്തി കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്രശിക്ഷയുടെ ആയിരത്തി നാനൂറ് കോടിയിലധികം രൂപ തടഞ്ഞുവെക്കുമ്പോൾ, കേരളീയ പൊതുവിദ്യാഭ്യാസത്തോട് കേന്ദ്രസർക്കാർ കാണിക്കുന്ന തരംതാണ രാഷ്ട്രീയത്തിന്റെ മുന്നിലും അഭിമാനത്തോടെ ഉയർന്നുനിൽക്കാനും സംസ്ഥാനത്തെ 40 ലക്ഷത്തിലധികം വരുന്ന കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെ സംരക്ഷിക്കാനും പിഎംശ്രീ പദ്ധതിയെ പേരിനെങ്കിലും കൂടെ നിർത്തി എന്നു മാത്രമേയുള്ളൂ.

പിഎംശ്രീ പദ്ധതിയിൽ ഒപ്പുവെച്ചാൽ കേരളത്തിലെ പാഠ്യപദ്ധതി എല്ലാംമാറ്റി കേന്ദ്രം നിശ്ചയിച്ചുനൽകുന്ന പാഠ്യപദ്ധതി നടപ്പാക്കേണ്ടിവരും എന്നത് തികച്ചും അവാസ്തവമായ കാര്യമാണ്. സംസ്ഥാനങ്ങൾക്ക് അവരുടെ കരിക്കുലം തുടരാമെന്ന കാര്യം ദേശീയവിദ്യാഭ്യാസനയം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

(പേജ് 17 പാരഗ്രാഫ് 3). മാത്രവുമല്ല, രാജ്യത്തുസംഭവിക്കുന്ന മാറ്റങ്ങൾക്കനുസൃതമായി പാഠ്യപദ്ധതി പരിഷ്കരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനവും കേരളമാണ്. ഇവിടെ വ്യക്തമാകുന്ന കാര്യം അക്കാദമികപരമായി ഏത് പുസ്തകം സ്വീകരിച്ചാലും അതിലെ ഏത് പാഠം പഠിപ്പിക്കണം, പഠിപ്പിക്കരുത് എന്ന് തീരുമാനിക്കാനുള്ള പരമാധികാരം ഭരണഘടനാപരമായി കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിദ്യാഭ്യാസം എന്ന വിഷയത്തിലൂടെ സംസ്ഥാനങ്ങൾക്കുണ്ട്. അതുകൊണ്ടാണ് NCERT രാഷ്ട്രീയ താത്പര്യം മുൻനിർത്തി പാഠഭാഗങ്ങൾ വെട്ടിമാറ്റിയപ്പോൾ കേരളം അഡീഷണൽ പാഠപുസ്തകങ്ങൾ പുറത്തിറക്കുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്തത്.

കുട്ടികളുടെ അടിസ്ഥാനപരമായ ചോദ്യങ്ങൾ

കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പാക്കുന്നത് സംസ്ഥാനങ്ങളുടെ നികുതിപ്പണം കൂടി ഉപയോഗപ്പെടുത്തിയാണ്. ഭരണഘടന മുന്നോട്ടുവെക്കുന്ന ഫെഡറൽ തത്ത്വങ്ങളിൽ വിശ്വസിക്കുന്ന കേരളം പദ്ധതികളെ നിരാകരിക്കുന്നത് ജനദ്രോഹപരമായ നിലപാടുകളായി മാറ്റുകയും ചെയ്യും.

കേരളത്തിലെ 40 ലക്ഷത്തിലധികം വരുന്ന കുട്ടികൾക്കും വിദ്യാഭ്യാസ അവകാശങ്ങളുണ്ട്. 2009-ലെ വിദ്യാഭ്യാസ അവകാശനിയമപ്രകാരം കുട്ടിയുടെ മൗലികാവകാശമായി പ്രഖ്യാപിച്ചിട്ടുള്ള വിദ്യാഭ്യാസാനുകൂല്യങ്ങൾ ഞങ്ങൾക്ക് എന്തുകൊണ്ട് നിഷേധിക്കുന്നു എന്ന കുട്ടികളുടെ അടിസ്ഥാനപരമായ ചോദ്യങ്ങൾക്ക് ഭരണകൂടം മറുപടി നൽകേണ്ടതായുണ്ട്. പദ്ധതിയെ എതിർക്കുന്നവരുടെ വാദങ്ങൾ പോലെത്തന്നെ കുട്ടികളുടെ ഈ ചോദ്യങ്ങളും പ്രസക്തമാണ്.