
കീഴൂട്ട് രാമന്‍ ബാലകൃഷ്ണപിള്ളയ്ക്ക് മക്കള്‍ മൂന്നായിരുന്നു. ഒരാണും രണ്ടു പെണ്ണും. മകന്‍ പഠിച്ച് ഡോക്ടറോ എന്‍ജിനീയറോ ആയി വിദേശത്തെവിടെയങ്കിലും ജോലി ചെയ്തു ജീവിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സ്വന്തം കാലില്‍ നിന്ന് വളരാന്‍ ചെറുപ്പത്തിലേ മകനെ പഠിപ്പിച്ച അദ്ദേഹം സ്വഭാവത്തിലെ പരുക്കന്‍ രീതികള്‍ മകനോടും തുടര്‍ന്നു. സ്നേഹം ഉണ്ടായിരിക്കുമ്പോഴും തന്നെ കൊഞ്ചിച്ചോ ലാളിച്ചോ അച്ഛന്‍ വളര്‍ത്തിയിട്ടില്ലെന്ന് ആ മകന്‍ പിന്നീട് പരാതിയുടെ സ്വരം ഒട്ടുമില്ലാതെ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സ്വന്തം തീരുമാനങ്ങള്‍ക്ക് പിറകേ പോകാന്‍ തുടങ്ങിയ മകന്‍ 19-ാം വയസ്സില്‍ വെള്ളിത്തിരയിലെത്തി. ആഗ്രഹിച്ച വഴിയായിരുന്നില്ലെങ്കിലും പിതാവ് അത് എതിര്‍ത്തില്ല. ആശയറ്റവരെ സഹായിക്കണമെന്ന ആഗ്രഹം ഉള്ളില്‍ ക്കൊണ്ടുനടന്ന ആ മകന്, പിതാവിന്റെ കൈയിലുണ്ടായിരുന്ന എം.എല്‍.എമാര്‍ക്കുള്ള പച്ച ലെറ്റര്‍പാഡിന്റെ ശക്തിയാണ് രാഷ്ട്രീയത്തില്‍ താത്പര്യം ജനിപ്പിക്കുന്നത്. ജനങ്ങളെ സേവിക്കാന്‍ രാഷ്ട്രീയം ഒരു വഴിയാണെന്ന് തിരിച്ചറിഞ്ഞു. അതും അച്ഛന് താത്പര്യമുള്ള പാതയായിരുന്നില്ല. മലയാള സിനിമയിലെ അതികായന്‍ കെ.ജി. ജോര്‍ജിന്റെ 'ഇരകള്‍' വഴി വെള്ളിത്തിരയിലെത്തിയ ആ മകന്‍, രാഷ്ട്രീയ കേരളത്തിലെ ഭീഷ്മാചാര്യന്‍ കെ. കരുണാകരന്‍ വഴി പൊതുപ്രവര്‍ത്തനരംഗത്തുമെത്തി. 2001-ല്‍ ആദ്യമായി നിയമസഭയിലെത്തിയ കീഴൂട്ട് ബാലകൃഷ്ണ ഗണേഷ് കുമാറിനെയല്ലാതെ മറ്റൊരാളെ കഴിഞ്ഞ 23 വര്‍ഷത്തോളമായി മറ്റൊരാളെ പത്തനാപുരം പിന്നീടിങ്ങോട്ട് തങ്ങളുടെ നാഥനായി തിരഞ്ഞെടുത്തിട്ടില്ല. അന്ന് മുതല്‍ അഞ്ചുതവണയായി ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.ബി. ഗണേഷ് കുമാര്‍ മൂന്നാം തവണ മന്ത്രിയാവുന്നു. രണ്ടാം പിണറായി സര്‍ക്കാരില്‍ കാത്തിരിക്കുന്നത് ഗതാഗതവകുപ്പ് മന്ത്രിസ്ഥാനം.
ലീഡറുടെ കൈപിടിച്ച്
ആര്‍. ബാലകൃഷ്ണപിള്ളയുടെ മകന്‍ കെ.ബി. ഗണേഷ് കുമാറിന് രാഷ്ട്രീയത്തിലേക്കുള്ള വഴി കാണിച്ചുകൊടുക്കുന്നത് ലീഡര്‍ കെ. കരുണാകരനാണ്. കൊല്ലത്ത് ലോക്സഭാ ടിക്കറ്റുവരെ അദ്ദേഹം വാഗ്ദാനം ചെയ്തു. എന്നാല്‍, 2001-ലാണ് ഗണേഷ് കുമാര്‍ ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നത്. ഇടതുകോട്ടയായ പത്തനാപുരത്ത് കേരള കോണ്‍ഗ്രസ് ബി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പങ്കം. അവിടെ മുമ്പ് ജയിച്ചിട്ടുള്ള യു.ഡി.എഫുകാര്‍ രണ്ടുപേരില്‍ ഒരാള്‍ സ്വന്തം പിതാവ് ആര്‍. ബാലകൃഷ്ണപിള്ള. മറ്റൊന്ന് എ. ജോര്‍ജ്. സിറ്റിങ് എം.എല്‍.എ. സി.പി.ഐയുടെ കെ. പ്രകാശ് ബാബുവിനെ 9,931 വോട്ടിന് പരാജയപ്പെടുത്തി നിയമസഭയിലെത്തിയ ഗണേഷ് കുമാറിനെ കാത്തിരുന്നത് മന്ത്രിസ്ഥാനവും.
2001-ലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ ഗതാഗതവകുപ്പ് മന്ത്രിസ്ഥാനം ലഭിച്ചു. മുമ്പ് മൂന്ന് തവണയായി പിതാവ് ഭരിച്ചിരുന്ന അതേ വകുപ്പ്. പേരുകേട്ട വാഹനസ്നേഹികളായിരുന്നു അച്ഛനും മകനും. അന്ന് ഇന്ത്യയില്‍ ഇറങ്ങുന്ന കാറുകള്‍ ആദ്യം തങ്ങളുടെ ഗാരേജിലെത്തിക്കാന്‍ ഇരുവരും ശ്രമിച്ചിരുന്നു. കേരള കോണ്‍ഗ്രസ് ബിയെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രത്യേകതയുള്ളൊരു നിയമസഭാകാലം കൂടിയായിരുന്നു അത്. ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ എം.എല്‍.എമാരെ സഭയിലെത്തിച്ച വര്‍ഷം. പാര്‍ട്ടി ടിക്കറ്റില്‍ രണ്ട് എം.എല്‍.എമാര്‍. ഒന്ന് കൊട്ടാരക്കരയില്‍നിന്ന് ആര്‍. ബാലകൃഷ്ണപിള്ള. രണ്ട്, പത്തനാപുരത്തുനിന്ന് ഗണേഷ് കുമാര്‍.
ഗണേഷ് കുമാറിന് അന്ന് മന്ത്രിസ്ഥാനം ലഭിക്കുന്നതില്‍ മറ്റൊരു പശ്ചാത്തലം കൂടെയുണ്ട്. ഗ്രാഫൈറ്റ് കേസില്‍ ബാലകൃഷ്ണപിള്ളയെ വിജിലന്‍സ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും തടവും പിഴയും ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. 1984- 85 കാലത്ത് വൈദ്യുതിമന്ത്രിയായിരുന്നപ്പോള്‍ കര്‍ണാടകയിലെ ഗ്രാഫൈറ്റ് കമ്പനിക്ക് വൈദ്യുതി മറിച്ചുവിറ്റുവെന്നായിരുന്നു കേസ്. ഇതില്‍ വിജിലന്‍സ് കോടതി ഒരു വര്‍ഷത്തെ കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായിരുന്ന പി. കേശവപിള്ളയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, സുപ്രീംകോടതി വരെ നീണ്ട കേസിനൊടുവില്‍ ബാലകൃഷ്ണപിള്ളയെ പരമോന്നത കോടതി കുറ്റവിമുക്തനാക്കി. ഇതോടെ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം രാജിവെച്ച് പിതാവിന് വഴിമാറിക്കൊടുക്കേണ്ടി വന്നു.

കാലാവധി തികയ്ക്കാത്ത മന്ത്രി
മന്ത്രിമാര്‍ വാഴാത്ത വകുപ്പാണ് ഗതാഗതം എന്ന ചീത്തപ്പേര് പൊതുവേയുണ്ട്. ഗതാഗത വകുപ്പ് മന്ത്രിമാര്‍ വഴിയില്‍ ബ്രേക്ക് ഡൗണ്‍ ആവുന്നത് മുമ്പ് പല തവണയുണ്ടായിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയ്ക്ക് പിണറായി സര്‍ക്കാര്‍ 'കോട്ടം' വരുത്തുന്നുമില്ല. ഗണേഷ് കുമാറിന്റെ പിതാവ് ആര്‍. ബാലകൃഷ്ണപിള്ള തന്നെയാണ് ആ പതിവിന് തുടക്കമിട്ടത്. ലോക്സഭാംഗമായിരുന്ന ബാലകൃഷ്ണപിള്ള അടിയന്തരാവസ്ഥ കാലത്ത് ഐക്യമുന്നണിക്കൊപ്പം ചേര്‍ന്ന് മന്ത്രിസഭയിലെത്തിയെങ്കിലും ആറുമാസം കാലാവധിക്ക് മുമ്പ് തിരഞ്ഞെടുപ്പ് വഴി നിയമസഭയിലെത്താന്‍ സാധിക്കാതെ വന്നതോടെ രാജിവെച്ചൊഴിയേണ്ടിവന്നു. പിന്നീട് കോണ്‍ഗ്രസ് നേതാവ് കെ.കെ. ബാലകൃഷ്ണനും മന്ത്രിക്കസേരയില്‍ കാലാവധി തികയ്ക്കാന്‍ കഴിഞ്ഞില്ല. 1995-ലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ വീണ്ടും ഗതാഗത വകുപ്പ് മന്ത്രിയായെങ്കിലും, ഇടമലയാര്‍ കേസില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന് ബാലകൃഷ്ണപിള്ളയ്ക്ക് അന്നും രാജിവെക്കേണ്ടി വന്നു.
പിന്നീട് വന്ന പി.ആര്‍. കുറുപ്പിനും എ. നീലലോഹിതദാസന്‍ നാടാര്‍ക്കും ശേഷം സമാന സാഹചര്യമുണ്ടായത് ഗണേഷ് കുമാറിനായിരുന്നു. ഗ്രാഫൈറ്റ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട പിതാവിന് വേണ്ടിയായിരുന്നു അന്ന് ഗണേഷ് മാറി നിന്നത്. അഞ്ചു തവണ നിയമസഭയിലെത്തിയ ഗണേഷ് കുമാര്‍ ഇത് മൂന്നാം തവണയാണ് മന്ത്രിയാവുന്നതെങ്കിലും ഇത്തവണയും മന്ത്രിമന്ദിരത്തില്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയില്ല. മന്ത്രിയെന്ന നിലയില്‍ ഔദ്യോഗിക വസതി വേണ്ടെന്ന് മുഖ്യമന്ത്രിക്ക് കത്തുനല്‍കിയ ഗണേഷ് കുമാറിന്, മുന്നണി ധാരണപ്രകാരമുള്ള രണ്ടര വര്‍ഷം മാത്രമേ ഇനി മന്ത്രിസ്ഥാനത്തുള്ളൂ.
ഒരു എം.എല്‍.എ. മാത്രമുള്ള നാല് കക്ഷികള്‍ മന്ത്രിസ്ഥാനം പങ്കിടുകയെന്ന ഇടതുമുന്നണി ധാരണപ്രകാരമാണ് ഗണേഷ് കുമാറിന് ഇത്തവണ മന്ത്രിസ്ഥാനം ലഭിക്കുന്നത്. ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവിനും ഐ.എന്‍.എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലിനും പകരം ഗണേഷ് കുമാറിനൊപ്പം കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലെത്തും. ആന്റണി രാജു ഗതാഗത വകുപ്പും അഹമ്മദ് ദേവര്‍കോവില്‍ തുറമുഖം, പുരാവസ്തു, മ്യൂസിയം വകുപ്പുമായിരുന്നു കൈകാര്യംചെയ്തിരുന്നു. തുടര്‍ഭരണത്തിലുള്ള പിണറായി സര്‍ക്കാരില്‍ മാത്രമല്ല, ആദ്യ സര്‍ക്കാരിലും ഗതാഗത വകുപ്പില്‍ കലാവധി തികച്ച മന്ത്രിയുണ്ടായിരുന്നില്ല. കഴിഞ്ഞ മന്ത്രസഭയില്‍ എന്‍.സി.പിക്ക് അനുവദിക്കപ്പെട്ട വകുപ്പില്‍ ആദ്യം എ.കെ. ശശീന്ദ്രന്‍ മന്ത്രിയായി. ഫോണ്‍വിളി വിവാദത്തെത്തുടര്‍ന്ന് ശശീന്ദ്രന്‍ രാജിവെച്ചതിന് പിന്നാലെ സ്ഥാനമേറ്റെടുത്ത തോമസ് ചാണ്ടിക്ക് കായല്‍ കയേറ്റ ആരോപണത്തില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടായതിനെത്തുടര്‍ന്ന് രാജിവെക്കേണ്ടി വന്നു.
'മികച്ച മന്ത്രി'
ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ലാഭത്തിലാക്കുമെന്ന് ആര്‍. ബാലകൃഷ്ണപിള്ള പ്രഖ്യാപിക്കുന്നത് അടിയന്തരാവസ്ഥക്കാലത്തെ ഐക്യമുന്നണി സര്‍ക്കാരില്‍ ഗതാഗതമന്ത്രിയായിരിക്കുമ്പോഴാണ്. അന്ന്, പക്ഷേ, ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതിനുള്ള ന്യായീകരണമായിരുന്നു അദ്ദേഹത്തിന്റെ വാദം. പിന്നീട് അവിടെനിന്ന് ആ വഴിക്ക് ആത്മാര്‍ഥമായി നടന്നുതുടങ്ങിയത് അദ്ദേഹത്തിന്റെ മകന്‍ ഗണേഷ് കുമാര്‍ മന്ത്രിയായ കാലത്താണ്. ഗതാഗതമന്ത്രിയെന്ന നിലയില്‍ ഗണേഷിന്റെ പ്രവര്‍ത്തനം ഏറെ പ്രശംസിക്കപ്പെട്ടു.

ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ കമ്പ്യൂട്ടര്‍വത്കരിച്ചത് ഗണേഷ് കുമാര്‍ ഗതാഗതമന്ത്രിയായിരുന്ന കാലത്താണ്. കെ.എസ്.ആര്‍.ടി.സി. സ്വകാര്യവത്കരിക്കില്ലെന്ന് തീര്‍ത്തുപറഞ്ഞ ഗണേഷ് കുമാര്‍, അങ്ങനെയുണ്ടായാലുള്ള നഷ്ടം ജീവനക്കാര്‍ക്കാണെന്നും അതിനാല്‍ കോര്‍പ്പറേഷനെ ലാഭത്തിലെത്തിക്കാന്‍ അവര്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുമെന്നും ഓര്‍മിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി. ആദ്യമായി എ.സി. ബസുകള്‍ അവതരിപ്പിക്കുന്നത് ഗണേഷ് കുമാറിന്റെ കാലത്താണ്. ഇന്ത്യയില്‍ തന്നെ ഒരു സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ എ.സി. ബസുകള്‍ പുറത്തിറക്കുന്നത് അന്നാദ്യമായിരുന്നു. വലിയ ബസുകള്‍ക്ക് പോകാന്‍ സാധിക്കാത്ത റൂട്ടുകളില്‍ അവതരിപ്പിച്ച മിനി ബസുകളായിരുന്നു മറ്റൊരു പരിഷ്‌കാരം. അന്നതിനെ ആളുകള്‍ വിളിച്ചിരുന്നത് 'കുട്ടിഗണേശന്‍' എന്നായിരുന്നു. ഇതാണ് പിന്നീട് തമിഴ്നാട് അമ്മ ബസുകള്‍ എന്ന പേരിലും കര്‍ണാടകയിലും ആന്ധ്രപ്രദേശിലും മിനി ബസുകളായും നിരത്തിലിറക്കിയതെന്ന് ഗണേഷ് കുമാര്‍ തന്നെ പിന്നീട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സമാന്തര സര്‍വീസുകള്‍ക്കെതിരേ കര്‍ശന നടപടി അദ്ദേഹം സ്വീകരിച്ചു. അതേസമയം, ഡ്യൂട്ടി ഷിഫ്റ്റും ശമ്പളപ്രതിസന്ധിയും സംബന്ധിച്ച പരാതികളൊന്നും അന്ന് വ്യാപകമായി കേട്ടതുമില്ല.
കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സര്‍വീസുകള്‍ ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ ഡ്രൈവിങ് സീറ്റില്‍ ഗണേഷ് കുമാര്‍ ഇരിക്കുന്ന ചിത്രങ്ങള്‍ ഒരുകാലത്ത് കൗതുകവാര്‍ത്തയായിരുന്നു. പത്തനാപുരത്ത് നവകേരളസദസ്സ് വരുന്നതിന് മുമ്പ്, ഡ്രില്ലില്‍ 'നിയുക്തമന്ത്രി' മള്‍ട്ടി ആക്സില്‍ ബസിന്റെ വളയം പിടിച്ച വീഡിയോ പലര്‍ക്കും അവിശ്വസനീയമായി തോന്നാത്തതും ഗണേഷ് കുമാറിന്റെ ഈ ഭൂതകാലം അറിയുന്നത് കൊണ്ടാണ്. വീണ്ടും ഗണേഷ് കുമാര്‍ മന്ത്രിയായെത്തുമ്പോള്‍ ആനവണ്ടി പ്രേമികള്‍ വളരെയേറെ പ്രതീക്ഷയിലാണ്. കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലെത്തിക്കുമെന്ന വ്യാമോഹമൊന്നുമില്ലെന്ന് മന്ത്രിസ്ഥാനം ഉറപ്പിച്ചതിന് തൊട്ടുപിന്നാലെ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ഗണേഷ് കുമാര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ തനിക്ക് ചില പദ്ധതികളുണ്ടെന്ന് പറഞ്ഞ അദ്ദേഹം, കെ.എസ്.ആര്‍.ടി.സിയെ നന്നാക്കുമെന്നും സാമ്പത്തിക അച്ചടക്കം കൊണ്ടുവരാന്‍ കഴിയുമെന്നും പ്രതീക്ഷപ്രകടിപ്പിച്ചു.
ആനവണ്ടിയുടെ പാപ്പാന്റെ ആനക്കമ്പം
അഞ്ചുതവണ നിയമസഭയില്‍ എത്തിയ ഗണേഷ് കുമാര്‍, മൂന്ന് തവണയും വിജയിച്ചത് യു.ഡി.എഫിനൊപ്പമായിരുന്നു. ഇതില്‍ രണ്ടുതവണയും മന്ത്രിയായി. 2016-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍.ഡി.എഫിനൊപ്പം പോയെങ്കിലും അത്തവണ അധികാരത്തിലെത്തിയ ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ലഭിച്ചില്ല. തുടര്‍ഭരണമുണ്ടായപ്പോഴാണ് നാലു ഏകാംഗ കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം വീതംവെച്ചുനല്‍കാന്‍ എല്‍.ഡി.എഫ്. തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ആദ്യ രണ്ടരവര്‍ഷം ഗണേഷ് കുമാറിനെ മന്ത്രിയാക്കാനും അടുത്ത രണ്ടര വര്‍ഷം ആന്റണി രാജുവിനെ മന്ത്രിയാക്കാനുമായിരുന്നു പ്രാഥമിക ധാരണ. ഇത് ആന്റണി രാജു അംഗീകരിക്കുകയും ചെയ്തതാണ്. എന്നാല്‍, ഈ ചര്‍ച്ച നടക്കുന്ന അതേസമയത്താണ്, അന്തരിച്ച ബാലകൃഷ്ണപിള്ളയുടെ സ്വത്ത് വീതംവെപ്പുമായി ബന്ധപ്പെട്ട പരാതിയുമായി ഗണേഷിന്റെ സഹോദരി ഉഷാമോഹന്‍ദാസ് മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നതും കേരള കോണ്‍ഗ്രസ് ബിയുടെ ഏക എം.എല്‍.എയെക്കുറിച്ച് പരാതി പറയുന്നതും. ഇതേത്തുടര്‍ന്ന് ചര്‍ച്ചകള്‍ നടക്കുകയും അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദേശിക്കുക കൂടി ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഗണേഷ് കുമാറിന് ആദ്യ ടേം നഷ്ടപ്പെടുകയായിരുന്നു.
ആനവണ്ടിയെ തെളിച്ച് നേര്‍വഴിക്ക് നടത്തിയ പാപ്പാന്‍ വേഷമണിഞ്ഞ ഗണേഷ് കുമാറിന് ആനക്കമ്പവുമുണ്ട്. കീഴൂട്ട് ശ്രീകണ്ഠന്‍, കീഴൂട്ട് വിശ്വനാഥന്‍ എന്നീ ആനകളുടെ ഉടമയാണ്. മന്ത്രിപുത്രനെന്നാണ് വിശ്വനാഥനെ നാട്ടുകാര്‍ വിളിക്കുക എന്നുകൂടി പറയും ഗണേഷ് കുമാര്‍. കൊമ്പന്മാരുടെ ഉടമയായിരിക്കുമ്പോള്‍ തന്നെ ആനകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ഉറച്ചവാക്കുകളില്‍ ശബ്ദമുയര്‍ത്തുകയും ചെയ്യും അദ്ദേഹം. അരിക്കൊമ്പനെ 'നാടുകടത്തു'ന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍, കാട്ടനയ്ക്കുവേണ്ടിയെന്ന പേരില്‍ വ്യാജവിലാപങ്ങള്‍ ഉയര്‍ന്നപ്പോള്‍ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം നിന്ന ഗണേഷ് കുമാര്‍, അരിക്കൊമ്പനുവേണ്ടിയെന്ന പേരില്‍ ഇറങ്ങിയ 'മൃഗസ്നേഹികളെ' കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ആനകള്‍ക്കും വാഹനങ്ങള്‍ക്കും പുറമേ വളര്‍ത്തുപക്ഷി പ്രേമിയുമാണ് ഗണേഷ് കുമാര്‍. താനിപ്പോഴും ഉള്ളിലൊരു കുട്ടിയെ സൂക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന ഗണേഷ് കുമാര്‍, വീട്ടില്‍ വലിയ കളിപ്പാട്ട ശേഖരവും സൂക്ഷിക്കുന്നുണ്ട്.
വിവാദങ്ങളില്‍ വീണ രണ്ടാം മന്ത്രിസ്ഥാനം
ആന്റണിക്കുശേഷം കേരളത്തില്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ്. സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു. അന്നും പത്തനാപുരത്ത് നിന്ന് നിയമസഭയിലെത്തിയ ഗണേഷിനെ മന്ത്രിയാക്കിയെങ്കിലും കലാവധി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 2011-ല്‍ ആദ്യം ടൂറിസവും യുവജനക്ഷേമവും പരിസ്ഥിതിയും അനുവദിക്കാന്‍ ധാരണയായെങ്കിലും ഒടുവില്‍ ലഭിച്ചത് വനം, കായിക, ചലച്ചിത്ര വകുപ്പുകള്‍. ഗതാഗതവകുപ്പ് ഇല്ലെന്നതായിരുന്നു ശ്രദ്ധേയം. അന്ന് ഗണേഷിന്റെ ഭരണമികവിനെ മറികടക്കുന്ന വിവാദങ്ങളായിരുന്നു അദ്ദേഹത്തെ അടയാളപ്പെടുത്തിയത്. ഒരു പക്ഷേ ചലച്ചിത്ര മേളയുടെ ചരിത്രത്തില്‍ ആദ്യമായി, ഐ.എഫ്.എഫ്.കെ. ഡെലിഗേറ്റ് പാസിനുള്ള നിരക്ക് കുറച്ചത് ഗണേഷ് കുമാറാണ്. അന്ന് 500 രൂപയായിരുന്ന സാധാരണ പാസ് 400 ആക്കി കുറയ്ക്കുകയും വിദ്യാര്‍ഥികള്‍ക്കുള്ള പാസിന്റെ നിരക്ക് 300-ല്‍ നിന്ന് 200 ആക്കി നിശ്ചയിക്കുകയും ചെയ്തു. സ്വീകരിക്കുമെന്ന് ഉറപ്പുള്ളവര്‍ക്ക് മാത്രമേ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നല്‍കൂ എന്ന മന്ത്രിയുടെ പ്രഖ്യാപനവും അന്ന് ശ്രദ്ധേയമായിരുന്നു. അവാര്‍ഡിന് അയച്ച്, അത് പ്രഖ്യാപിക്കുമ്പോള്‍ നിരസിച്ച് 'ശ്രദ്ധനേടാന്‍' ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള 'മുന്നറിയിപ്പ്' ആയിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. സിനിമാനടന്‍ കൂടിയായ മന്ത്രിയുടെ നിലപാട്, മുഖ്യമന്ത്രി സമ്മതിക്കുകയാണെങ്കില്‍ മാത്രം അഭിനയിക്കും എന്നായിരുന്നു. വീണ്ടും മന്ത്രിസ്ഥാനത്തേക്ക് എത്തുമ്പോള്‍ സിനിമ വകുപ്പ് കൂടെ ചോദിച്ചിരുന്നു ഗണേഷ് കുമാര്‍. അപ്പോഴും അഭിനയം സംബന്ധിച്ച നിലപാട് പഴയത് തന്നെയാണ്, 'മുഖ്യമന്ത്രി അനുവദിക്കുക മാത്രമെങ്കില്‍ അഭിനയം'.

സിനിമാ മന്ത്രിയെന്നതിന് പുറമേ കൈയിലുണ്ടായിരുന്ന വനം, കായിക വകുപ്പുകളിലും മികച്ച പ്രകടമായിരുന്നു ഗണേഷ് കുമാര്‍ അന്ന് കാഴ്ചവെച്ചത്. എന്നാല്‍, അന്ന് പല കോണില്‍നിന്ന് ഒരുമിച്ച് മന്ത്രിലക്ഷ്യമാക്കി ആരോപണങ്ങള്‍ ഉയര്‍ന്നു. പലതിനേയും അതിജീവിച്ച ഗണേഷിന് പക്ഷേ ഏറ്റവും ഒടുവില്‍ തോറ്റു കൊടുക്കേണ്ടി വന്നു. മുന്‍ പങ്കാളി ഡോ. യാമിനി തങ്കച്ചിയുടെ ഗാര്‍ഹിക പീഡനപരാതിയെത്തുടര്‍ന്ന് 2013 ഏപ്രില്‍ ഒന്നിന് അര്‍ധരാത്രിയോടടുത്ത് രാജിക്കത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറി. അന്ന് രാജിവെക്കുമ്പോള്‍ മന്ത്രിസ്ഥാനത്ത് ഗണേഷ്‌കുമാര്‍ തികച്ച ആയുസ്സ്, ഒരുവര്‍ഷവും പത്തുമാസവും പത്തുദിവസവും.
കൈവിട്ടുപോയ പ്രസംഗത്തില്‍ വാവിട്ടു പോയ വാക്കിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ചരിത്രം ഗണേഷ് കുമാറിന്റെ പിതാവിനുണ്ടായിരുന്നു. കരുണാകരന്‍ മന്ത്രിസഭയില്‍ വൈദ്യുത മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ളയ്ക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത് പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരിലാണ്. സമാനരീതിലേക്കാണോ ഗണേഷിന്റേയും പോക്ക് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കൗതുകംകൊണ്ട ഒരു പ്രസംഗവും അതിനുപിന്നാലെയുണ്ടായ വിവാദങ്ങളും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്ചുതാനന്ദനെതിരെ നടത്തിയ പരാമര്‍ശമായിരുന്നു വിവാദത്തിനാധാരം. വി.എസ്. ഞരമ്പുരോഗിയും കാമഭ്രാന്തനുമാണെന്നായിരുന്നു പരാമര്‍ശം. സി.പി.എം. ഇതിനെ രാഷ്ട്രീയമായി തന്നെ ഉപയോഗിച്ചു. ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ. തെരുവുലുടനീളം കരിങ്കൊടിയുമായിറങ്ങി. ആദ്യം ഖേദവും ഒടുവില്‍ മാപ്പും പറഞ്ഞെങ്കിലും സി.പി.എം. വിട്ടില്ല. മന്ത്രിയുടെ പരാമര്‍ശത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഖേദം പ്രകടിപ്പിച്ചിട്ടും സി.പി.എം. പിന്മാറാന്‍ തയ്യാറായില്ല. അന്ന് മന്ത്രിയുടെ ഖേദവും മാപ്പും സ്വീകാര്യമല്ലെന്ന ഉറച്ച നിലപാടെടുത്ത സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന മന്ത്രിസഭയിലേക്കാണ് ഗണേഷ് കുമാര്‍ എത്തുന്നതെന്നതും കൗതുകം.
ആര്‍. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം രാമവിലാസം വി.എച്ച്.എസ്.എസിലെ അധ്യാപകന് പരിക്കേറ്റ സംഭവത്തിലും പിതാവിനൊപ്പം ഗണേഷ് കുമാറും ആരോപണവിധേയനായി. ഇതുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമര്‍ശം വിഷയം കൂടുതല്‍ വഷളാക്കി. സി.ബി.ഐ. അന്വേഷണം എന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് മുന്നില്‍ ഉമ്മന്‍ചാണ്ടി വഴങ്ങി. ഇതിനിടെയാണ് ഇടമലയാര്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ട് തടവിന് ശിക്ഷിപ്പെട്ട ബാലകൃഷ്ണപിള്ളയെ ജയില്‍ മോചിതനാക്കാനുള്ള തീരുമാനം യു.ഡി.എഫ്. കൈക്കൊള്ളുന്നത്. കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി തടവുകാരെ മോചിപ്പിക്കുന്നതിനൊപ്പം ബാലകൃഷ്ണപിള്ളയേയും വിട്ടയച്ചു. എന്നാല്‍, പുറത്ത് വന്ന് ആദ്യം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്നെ മകന്‍ ഗണേഷ് കുമാറിന്റെ രാജിക്കായുള്ള ആവശ്യമായിരുന്നു ബാലകൃഷ്ണപിള്ള ഉന്നയിച്ചത്. മുന്നണിയില്‍ പാര്‍ട്ടിക്ക് അനുവദിക്കപ്പെട്ട ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ മന്ത്രി സ്വന്തമായി തീരുമാനമെടുത്ത് ഇഷ്ടക്കാരെ നിയമിക്കുന്നുവെന്നായിരുന്നു പരാതി. പാര്‍ട്ടിയോട് ആലോചിക്കുന്നില്ലെന്നും പാര്‍ട്ടിയുമായി ബന്ധമില്ലാത്തവര്‍ക്ക് നിയമനം നല്‍കുന്നുവെന്നും ബാലകൃഷ്ണപിള്ള ആരോപിച്ചു. തങ്ങള്‍ക്ക് അനുവദിച്ച മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തും നല്‍കി.
ഇതേസമയത്താണ്, 'മന്ത്രിക്ക് കാമുകിയുടെ മുന്‍ ഭര്‍ത്താവിന്റെ മര്‍ദനം' എന്ന തലക്കെട്ടിലെ പത്രവാര്‍ത്തയുമായി മുന്നണിയിലെ തന്നെ ചീഫ് വിപ്പായ പി.സി. ജോര്‍ജ് മന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. മുന്‍ പങ്കാളിയുമായുള്ള വിവാഹം ബന്ധം വേര്‍പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കവെ പൊടുന്നനെ, ഗാര്‍ഹിക പീഡന പരാതിയുണ്ടാവുകയും അവര്‍ക്കെതിരെ ഗണേഷ് കുമാറിന്റെ പരാതി വരികയും ചെയ്തതോടെ വലിയ വിവാദങ്ങളുണ്ടായി. മുന്‍ പങ്കാളി ആരോപണം പൊതുമധ്യത്തില്‍ ഉന്നയിച്ചതോടെ രാജിക്ക് നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. മുന്‍ പങ്കാളിയുടെ പരാതിയില്‍ കേസെടുത്തത് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. എഫ്.ഐ.ആര്‍. ഇട്ടുകഴിഞ്ഞാല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്നും നെല്ലിയാമ്പതിയിലടക്കം വനംവകുപ്പുമായി ബന്ധപ്പെട്ട് എടുത്ത ഉറച്ച നിലപാടുകള്‍ കസേര തെറിപ്പിച്ചുവെന്നും ഗണേഷ് വിശ്വസിച്ചു. സോളാര്‍ പരാതിക്കാരിയുമായി ബന്ധപ്പെട്ടും അന്ന് ആരോപണങ്ങളുയര്‍ന്നു.

വഴിമുടക്കാന്‍ ശ്രമം?
ഇടതുമുന്നണി ധാരണപ്രകാരം രണ്ടരവര്‍ഷ കാലാവധി അടുക്കുംതോറും, ഇടയ്ക്കൊന്ന് രാഷ്ട്രീയത്തിന്റെ ലൈംലൈറ്റില്‍നിന്ന് പുറത്തായിരുന്ന ഗണേഷ് കുമാര്‍ വീണ്ടും ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ആരോഗ്യവകുപ്പിനെതിരേ സഭയ്ക്ക് അകത്തും പൊതുമരാമത്ത് മന്ത്രിക്കെതിരെ പൊതുവേദിയിലും വിമര്‍ശനം ഉന്നയിച്ചും ഉദ്യോഗസ്ഥരെ യോഗങ്ങളില്‍ ശാസിച്ചും കളം പിടിക്കാന്‍ ശ്രമിക്കവെയാണ് സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച സി.ബി.ഐ. റിപ്പോര്‍ട്ട് പുറത്തുവരുന്നതും ചര്‍ച്ചയാവുന്നതും.
ഉമ്മന്‍ചാണ്ടിയെക്കുടുക്കാന്‍ ഗണേഷ് കുമാര്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു സി.ബി.ഐ. റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിന് പിന്നാലെ പുറത്തുവന്ന റിപ്പോര്‍ട്ട് സ്വാഭാവികമായും രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പ്രതിപക്ഷം പരമാവധി ശ്രമിച്ചു. ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള എല്‍.ഡി.എഫ്. നീക്കത്തിനെതിരെ കടന്നാക്രമിച്ചു. മന്ത്രിയാക്കരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, എല്‍.ഡി.എഫ്. ഗണേഷിന് പിന്നില്‍ ഉറച്ചുനിന്നപ്പോഴും സി.ബി.ഐ. റിപ്പോര്‍ട്ട് പുറത്തുവന്ന സമയവും പശ്ചാത്തലവും മുന്നണിക്കുള്ളിലേക്കും സംശയമുന നീട്ടി.
മന്ത്രിസ്ഥാനം ഉറപ്പിച്ച ശേഷം ഗണേഷ് കുമാറിന്റെ ആദ്യ അഭ്യര്‍ഥനകളില്‍ ഒന്ന് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് എന്നായിരുന്നു. അഞ്ചാം വരവില്‍ മൂന്നാം തവണ മന്ത്രിസ്ഥാനത്തേക്ക് എത്തുകയാണ് കെ.ബി. ഗണേഷ് കുമാര്‍. മൂന്നാം തവണയും മന്ത്രസ്ഥാനത്ത് പൂര്‍ണ കാലാവധിയില്ല എന്നത് രാഷ്ട്രീയത്തില്‍ നീണ്ടവര്‍ഷത്തെ അനുഭവപരിചയമുള്ള അദ്ദേഹത്തെ സംബന്ധിച്ച് ഒരു വിടവായി തന്നെ അവശേഷിക്കും.
Content Highlights: kb ganesh kumar minister mla political history life story
Published: 29 Dec 2023, 01:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented