
നീണ്ടകാലത്തെ ഉദ്യോഗസ്ഥ ഭരണത്തിനൊടുവില്‍ ജമ്മു കശ്മീരില്‍ തിരഞ്ഞെടുക്കപ്പെട്ട പുതിയൊരു സര്‍ക്കാര്‍ വരുന്നതിന് വഴിയൊരുങ്ങുകയാണ്. പത്ത് വര്‍ഷത്തിന് ശേഷം ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് തീയതികളിലായി മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം ഒക്ടോബര്‍ നാലിന് പുറത്ത് വരും. 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞുകൊണ്ട് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിനുശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് കൂടിയാണിത്. മണ്ഡല പുനഃക്രമീകണം നടത്തി 90 സീറ്റുകളായശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്. പ്രത്യേക പദവി പിന്‍വലിക്കല്‍, നേതാക്കളുടെ വീട്ടുതടങ്കല്‍, കേന്ദ്ര ഭരണം, മണ്ഡല പുനഃക്രമീകരണം, പുതിയ ഭരണഘടന തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ പത്ത് വര്‍ഷത്തിനിടെ നടപ്പാക്കിയിട്ടുള്ള മാറ്റങ്ങളെ കശ്മീര്‍ ജനത എങ്ങനെ വരവേറ്റു എന്നതിന്റെ ഫലംകൂടിയാകും സംസ്ഥാനത്തെ ജനവിധി.
മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരില്‍ രേഖപ്പെടുത്തിയ റെക്കോഡ് പോളിങ് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടിയത്. ബുള്ളറ്റുകള്‍ക്ക് മീതെ ബാലറ്റിന്റെ വിജയമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ ഇത് സംബന്ധിച്ച് പറഞ്ഞത്.
കശ്മീരില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ വരണമെന്ന് ജനം ആഗ്രഹിക്കുന്നതിന്റെ തെളിവാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ റെക്കോഡ് പോളിങ്ങെന്ന് കശ്മീര്‍ സര്‍വകലാശാലയിലെ മുന്‍ പ്രൊഫസറും രാഷ്ട്രീയ നിരീക്ഷകനുമായ നൂര്‍ അഹമ്മദ് ബാബ പ്രതികരിച്ചു.
'കഴിഞ്ഞ ആറ് വര്‍ഷത്തെ ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്നാണ് മനസ്സിലാകുന്നത്. കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഉദ്യോഗസ്ഥ നിയന്ത്രണത്തേക്കാള്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണത്തെയാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത്' അദ്ദേഹം പറഞ്ഞു.

35 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമായിരുന്നു ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരില്‍ രേഖപ്പെടുത്തിയത്. 58.46 ശതമാനം. 2019 ലേതിനേക്കാള്‍ 19.16 ശതമാനം വര്‍ധനവാണ് ഉണ്ടായത്. അഞ്ച് ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനത്ത് 2024ലെ ഫലം ബിജെപിക്കും ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സിന് രണ്ടു സീറ്റ് വീതവും ഒരിടത്ത് സ്വതന്ത്രനും ജയിച്ചു.
370-ാം വകുപ്പ് റദ്ദാക്കിയപ്പോള്‍ സംഭവിച്ചത്
ജമ്മു കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത് 2019 ഓഗസ്റ്റ് അഞ്ചിനാണ്. ഒപ്പം ജമ്മു കശ്മീര്‍ എന്ന സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റുന്നതായും ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള തുടങ്ങിയ സംസ്ഥാനത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ എല്ലാം അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയ ശേഷമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ഈ പ്രഖ്യാപനം.
പ്രത്യേക പദവി നീക്കിയതോടെ 2019 മുതല്‍ ഇന്ത്യയിലെ മറ്റുപ്രദേശങ്ങള്‍ക്കുള്ള അധികാരങ്ങള്‍ മാത്രമായി ജമ്മു കശ്മീരിന്. അതുവരെ സ്വന്തമായ ഭരണഘടനയുള്ള സംസ്ഥാനമായിരുന്നു ജമ്മു കശ്മീര്‍. പ്രത്യേക പദവിക്കൊപ്പം സ്വയംഭരണാധികാരം, പ്രത്യേക നിയമം തുടങ്ങിയ സവിശേഷാധികാരങ്ങളും ഉണ്ടായിരുന്നു. ഇന്ത്യയുടെയും ജമ്മു കശ്മീരിന്റെയും ഇരട്ടപൗരത്വം ഉണ്ടായിരുന്നു അവിടുത്തുകാര്‍ക്ക്. ഇത് റദ്ദായി ഇന്ത്യന്‍ പൗരത്വം മാത്രമായി.

ഇന്ത്യന്‍ പൗരന്‍മാര്‍ക്കെല്ലാം ജമ്മു കശ്മീരില്‍ സ്വത്തുക്കള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ജോലിചെയ്യുന്നതിനും 2019-ന് ശേഷം അര്‍ഹതയുണ്ടായി. ജമ്മു കശ്മീരിന്റേതായ പതാകയും പ്രത്യേക ദേശീയ ഗാനവും ഇല്ലാതായി. ഇന്ത്യന്‍ പതാകയും ഇന്ത്യന്‍ ദേശീയ ഗാനവും മാത്രമായി. സംസ്ഥാനത്തിന്റെ പേര്, അതിര്‍ത്തി മാറ്റവും ഉള്‍പ്പെടെ പാര്‍ലമെന്റിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഏത് നിയമവും ഇപ്പോള്‍ നടപ്പാക്കാം. നേരത്തെ ഇതിനെല്ലാം ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ അനുമതി വേണമായിരുന്നു. പൗരത്വം, സ്വത്തവകാശം, മൗലികാവകാശം എന്നിവയില്‍ പ്രത്യേക നിയമമുണ്ടായിരുന്നു. ഇപ്പോള്‍ ഇക്കാര്യങ്ങളില്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കുമുള്ള നിയമം മാത്രമാണ് ജമ്മു കശ്മീരിലും ബാധകം. പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടെങ്കിലും കോടതി കേന്ദ്ര നടപടി ശരിവെക്കുകയാണ് ചെയ്തത്. അതേസമയം തന്നെ 2024 സെപ്റ്റംബര്‍ 30-നുമുമ്പ് ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ സര്‍ക്കാര്‍ വരുമ്പോള്‍
രണ്ടു കേന്ദ്ര ഭരണപ്രദേശമായി മാറിയ ജമ്മു കശ്മീരില്‍ രണ്ടിടത്തും രണ്ട് രീതിയിലുള്ള ഭരണമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ലക്ഷദ്വീപ്, ചണ്ഡീഗഢ്, അൻഡമാന്‍ നിക്കോബാര്‍, ദാമന്‍ ദിയു പോലെ നിയമസഭ ഇല്ലാത്ത ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കീഴിലുള്ള ഭരണമാണ് ലഡാക്കില്‍ തുടര്‍ന്നും ഉണ്ടാകുക. ഡല്‍ഹി, പുതുച്ചേരി എന്നിവയ്ക്കു സമാനമായതാകും ജമ്മു കശ്മീരിലെ ഭരണം. തിരഞ്ഞെടുപ്പിനുശേഷം പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ക്രമസമാധാനം അടക്കമുള്ള സുപ്രധാന വകുപ്പുകള്‍ ഡല്‍ഹിയിലേത് പോലെ കേന്ദ്രത്തിന്റെ അധികാര പരിധിയിലാകും.
തിരഞ്ഞെടുക്കപ്പെട്ട നിയമസഭകളും മുഖ്യമന്ത്രിമാരുമുണ്ടെങ്കിലും ഡല്‍ഹിയിലും പുതുച്ചേരിയിലും ഭൂമി, ക്രമസമാധാനം തുടങ്ങിയ പല സുപ്രധാന വിഷയങ്ങളിലും ലെഫ്. ഗവര്‍ണറുടെ അനുവാദം നിര്‍ബന്ധമാണ്. അതേ സാഹചര്യം തന്നെയാകും ജമ്മു കശ്മീരിലും ഉണ്ടാകുക. പ്രതിപക്ഷ നിരയിലുള്ള പാര്‍ട്ടികളാണ് ജമ്മു കശ്മീരില്‍ അധികാരത്തില്‍ വരികയെങ്കില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിനും സാധ്യതകളേറെയാണ്. ഡല്‍ഹിയില്‍ എഎപി സര്‍ക്കാര്‍-ലെഫ്റ്റനന്റ് ഗവര്‍ണര്‍ പോരിന് സമാനമായ സാഹചര്യം തന്നെയാകും ഇവിടെയും നിലനില്‍ക്കുക. പുതുച്ചേരിയില്‍ പക്ഷേ, നിലവില്‍ എന്‍ഡിഎ സര്‍ക്കാര്‍ ആയതുകൊണ്ട് തന്നെ അത്തരമൊരു ഏറ്റമുട്ടല്‍ ഇപ്പോഴില്ല. ആറുവര്‍ഷമായിരുന്നു നേരത്തെ ജമ്മു കശ്മീരിലെ നിയമസഭയുടെ കാലാവധി. ഇനിയത് മറ്റു സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി പോലെതന്നെ അഞ്ചുവര്‍ഷമായിരിക്കും.
2014ല്‍ എന്ത് സംഭവിച്ചു?
ജമ്മു കശ്മീരില്‍ ഏറ്റവും ഒടുവിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് 2014-ലാണ്. 65.52 പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ 87 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. ലഡാക്ക് ഉള്‍പ്പെടെയായിരുന്നു ഇത്. പിഡിപി 28 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറി. ബിജെപിക്ക് 28 സീറ്റുകള്‍ ലഭിച്ചു. ഫാറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സിന് 15 ഉം കോണ്‍ഗ്രസിന് 12 സീറ്റുകളും കിട്ടി. ചെറുപാര്‍ട്ടികളും സ്വതന്ത്രരുമായി ഏഴ് സീറ്റുകളില്‍ വിജയിച്ചു.

ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ ഡിസംബര്‍ 28-ന് ലെഫ്. ഗവര്‍ണറുടെ ഭരണം പ്രഖ്യാപിച്ചു. എങ്കിലും പി.ഡി.പി.യും ബി.ജെ.പി.യും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. രണ്ടുമാസം നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ സഖ്യമായി. 2015 മാര്‍ച്ചില്‍ പി.ഡി.പി. നേതാവ് മുഫ്തി മുഹമ്മദ് സയ്യിദ് മുഖ്യമന്ത്രിയായി സര്‍ക്കാര്‍ അധികാരമേറ്റു. 2016 ജനവരിയില്‍ മുഫ്തി മരിച്ചതോടെ പി.ഡി.പി.യും ബി.ജെ.പി.യും ചേര്‍ന്നുള്ള തുടര്‍ഭരണം വഴിമുട്ടി. വീണ്ടും ഗവര്‍ണര്‍ ഭരണം. എങ്കിലും മുഫ്തിയുടെ മകള്‍ മെഹബൂബയും പ്രധാനമന്ത്രി മോദിയും തമ്മില്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ ഭരണത്തുടര്‍ച്ചയ്ക്ക് ധാരണയായി. ഏപ്രില്‍ നാലിന് മെഹബൂബ ജമ്മുവിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
എന്നാല്‍ മുന്നോട്ടുള്ള വഴികള്‍ അത്ര സുഖകരമായിരുന്നില്ല. ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയുടെ വധത്തെച്ചൊല്ലി ഇരുപാര്‍ട്ടികളും നേരിട്ട് ഏറ്റുമുട്ടി. കശ്മീരിൽ അരങ്ങേറിയ സംഘര്‍ഷങ്ങളും സൈനികനടപടി നിര്‍ത്തിവെക്കല്‍ ഉള്‍പ്പടെയുള്ള നടപടികളോടുള്ള വ്യത്യസ്ത സമീപനങ്ങളും ഭിന്നത രൂക്ഷമാക്കി.
ഏറ്റുമുട്ടലുകള്‍ക്കിടെ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് വര്‍ധിച്ച സാഹചര്യത്തില്‍ 2018 മെയ് ഒമ്പതിന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി സര്‍വകക്ഷിയോഗം വിളിച്ചു. 2003-ല്‍ അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയുടെ കാലത്ത് പ്രഖ്യാപിച്ചത് പോലെ റംസാന്‍ വെടിനിര്‍ത്തല്‍ മാതൃക വേണമെന്ന് സര്‍വ്വകക്ഷി യോഗശേഷം മെഹബൂബ മുഫ്തി ആഹ്വാനം ചെയ്തു. എന്നാല്‍ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ കവിന്ദര്‍ ഗുപ്ത ഇത് എതിര്‍ത്തു. എന്നാല്‍ മെയ് 17ന് ആഭ്യന്തരമന്ത്രിയായിരുന്ന രാജ്നാഥ് സിങ് ഒരു മാസത്തേക്ക് സൈനിക നടപടികള്‍ നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചു. ഒരു മാസത്തിന് ശേഷം വെടിനിര്‍ത്തല്‍ നീട്ടേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. തൊട്ടുപിന്നാലെ സംസ്ഥാനത്തെ ബിജെപി മന്ത്രിമാരെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ പിഡിപിയുമായുള്ള സഖ്യ സര്‍ക്കാരില്‍നിന്ന് ബിജെപി പിന്‍വാങ്ങി. പിന്നാലെ മെഹബൂബ മുഫ്തി രാജിവെക്കുകയും സംസ്ഥാനം വീണ്ടും ഗവര്‍ണര്‍ ഭരണത്തിലേക്ക് മാറുകയും ചെയ്തു.
പത്ത് വര്‍ഷത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പ്
ഒരു ദശാബ്ദത്തിന് ശേഷം ജമ്മു കശ്മീരിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. സുപ്രധാന പ്രഖ്യാപനങ്ങളോടെയും ഭരണഘടനാ മാറ്റത്തോടെയും ജമ്മു കശ്മീരിന്റെ രാഷ്ട്രീയ ഭൂപ്രകൃതി പുനര്‍നിര്‍മിക്കപ്പെട്ടിരിക്കുകയാണ്. 2022-ലെ മണ്ഡല പുനഃക്രമീകരണത്തിലൂടെ നിയമസഭാ സീറ്റുകളുടെ എണ്ണം 90 ആയി മാറിയിട്ടുണ്ട്. നേരത്തെ 87 സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ലഡാക്കിലെ നാല് സീറ്റുകളും ഇതിലുണ്ടായിരുന്നു. ഇപ്പോള്‍ ലഡാക്കിലാതെയാണ് 90 സീറ്റുകളായി ഉയര്‍ത്തിയിരിക്കുന്നത്. ഈ 90 സീറ്റുകളില്‍ 47 മണ്ഡലങ്ങള്‍ കശ്മീര്‍ താഴ്വരയിലാണ്. 43 സീറ്റുകള്‍ ജമ്മുവിലും.
ഇത്തവണ മേല്‍ക്കൈ ആര്‍ക്ക്
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ ജമ്മു കശ്മീരിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളെല്ലാം സ്വാഗതം ചെയ്തിട്ടുണ്ട്. സുപ്രീംകോടതി നിശ്ചയിച്ച കാലാവധി അവസാനിക്കാനിരിക്കെ ബിജെപിയും കേന്ദ്ര സര്‍ക്കാരും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായതാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് തിരിച്ചടി ലഭിക്കുമെന്ന ഭയമാണ് ഇത്രയും കാലംനീട്ടി കൊണ്ടുപോയതെന്നും നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ആരോപിക്കുന്നു. എന്നാല്‍, തിരഞ്ഞെടുപ്പിന് പാര്‍ട്ടി സജ്ജമാണെന്നും എല്ലാ സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും ബിജെപി നേതാക്കള്‍ ഇതിന് മറുപടി നല്‍കി. ജമ്മു കശ്മീരിന്റെ പുതിയ സര്‍ക്കാരില്‍ തങ്ങളുണ്ടാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച ബിജെപി നേതാക്കള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനവും ചൂണ്ടിക്കാട്ടി.
പ്രത്യേക പദവി എടുത്ത് കളഞ്ഞതിനുശേഷം കശ്മീര്‍ ജനത വിധിയെഴുത്ത് നടത്തിയ ഈ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് രണ്ട് സീറ്റുകള്‍ നേടാനായിരുന്നു. അഞ്ചു സീറ്റുകളില്‍ രണ്ടിടത്ത് നാഷണല്‍ കോണ്‍ഫറന്‍സ് വിജയിച്ചപ്പോള്‍ ഒരിടത്ത് സ്വതന്ത്രനാണ് ജയിച്ചുകയറിയത്. 2019-ലുണ്ടായിരന്ന രണ്ട് സീറ്റുകള്‍ ബിജെപി നിലനിര്‍ത്തിയപ്പോള്‍ നാഷണല്‍ കോണ്‍ഫറന്‍സിന് ഒരു സീറ്റ് നഷ്ടമാകുകയാണ് ഉണ്ടായത്. ബാരമുല്ലയില്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജയിലില്‍ കഴിയുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയായ ശൈഖ് റാഷിദിനോട് പരാജയപ്പെട്ടു. മറുഭാഗത്ത് പിഡിപി നേതാവും മറ്റൊരു മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി അനന്ത്നാഗ് രജൗരി സീറ്റിലും പരാജയപ്പെടുന്ന കാഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാണാനിടയായി.
ഗുപ്കര്‍ സഖ്യത്തിന്റെ പിറവിയും അന്ത്യവും
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്ക് തൊട്ടുമുമ്പ് കശ്മീരിന്റെ പ്രത്യേക പദവി നിലനിര്‍ത്തുന്നതിനുള്ള പോരാട്ടത്തിന്റെ ഭാഗമായി രൂപംകൊണ്ടതാണ് ഗുപ്കര്‍ സഖ്യം. ശ്രീനഗറില്‍ ഗുപ്കര്‍ റോഡിലുള്ള നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ളയുടെ വസതിയില്‍ ജമ്മു കശ്മീരിലെ പ്രധാനപ്പെട്ട ഏഴ് പാര്‍ട്ടികള്‍ ചേര്‍ന്ന് പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ എന്ന പേരില്‍ സഖ്യം രൂപീകരിച്ചു. തൊട്ടടുത്ത ദിവസം ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശമായി മാറ്റുകയും ചെയ്തു. ഇതിനിടയില്‍ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി തുടങ്ങിയ ഗുപ്കര്‍ സഖ്യത്തിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം വീട്ടുതടങ്കലിലുമായി.

ഏറെ നാളുകള്‍ക്ക് ശേഷം വീട്ടുതടങ്കലില്‍ നിന്നിറങ്ങിയ നേതാക്കള്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതിനായി ഭരണഘടനാപരമായും രാഷ്ട്രീയപരമായും പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു.
2020-ല്‍ ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഗുപ്കര്‍ സഖ്യം ശ്രദ്ധേയമായ നേട്ടമുണ്ടാക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെ സഖ്യത്തില്‍ വിള്ളല്‍ വീണു തുടങ്ങി. ആദ്യം പുറത്ത് പോയത് സജ്ജാദ് ഗനി ലോണിന്റെ പീപ്പിള്‍സ് കോണ്‍ഫറന്‍സായിരുന്നു. പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്ര നടപടി ശരിവെച്ച സുപ്രീംകോടതി വിധിയോടെ ഗുപ്കര്‍ സഖ്യത്തിന് പ്രസക്തി നഷ്ടപ്പെട്ട് തുടങ്ങി. ഒറ്റയ്ക്ക് നില്‍ക്കാനുള്ള തീരുമാനത്തിലേക്ക് നാഷണല്‍ കോണ്‍ഫറന്‍സ് കടന്നു. ഇതിന്റെ ഭാഗമായിട്ടാണ് പിഡിപിയുമായി സഖ്യത്തിലേര്‍പ്പെടാതെ നാഷണല്‍ കോണ്‍ഫറന്‍സ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്.
ഇന്ത്യ സഖ്യം
ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെങ്കിലും പിഡിപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കാണ് മത്സരിച്ചിരുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസുമായി സഖ്യത്തില്‍ മത്സരിക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യാ സഖ്യത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. പിഡിപിയേയും നാഷണല്‍ കോണ്‍ഫറന്‍സിനേയും അടുപ്പിക്കുകയാണ് കോണ്‍ഗ്രസിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പരിശോധിക്കുമ്പോള്‍ നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, കോണ്‍ഗ്രസ് എന്നീ മൂന്ന് പാര്‍ട്ടികള്‍ ഒരുമിച്ച് 90-ല്‍ 46 നിയമസഭാ മണ്ഡലങ്ങളില്‍ ലീഡ് നേടിയിട്ടുണ്ട്.

എന്നാല്‍, തന്റെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന സഖ്യത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഗുപ്കര്‍ സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തിയത് നാഷണല്‍ കോണ്‍ഫറന്‍സാണെന്ന് മെഹബൂബ മുഫതിയും ആരോപിക്കുന്നു. തര്‍ക്കത്തില്‍ അകലം പാലിക്കുന്ന കോണ്‍ഗ്രസ് ഇരുപാര്‍ട്ടികളേയും അടുപ്പിക്കാനുള്ള ശ്രമത്തിലാണ്. പുതുതായി ചുമതലയേറ്റ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ താരീഖ് ഹമീദ് ഖറ ഇരുപാര്‍ട്ടികളുമായും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ഇതിനോടകം സമീപിച്ചതായി താരീഖ് ഹമീദ് പറഞ്ഞു. സിപിഎം അടക്കമുള്ള പാര്‍ട്ടികളുമായും കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അതേസമയം ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് ആസാദ് പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുകയും ചെയ്തു.
എന്‍ഡിഎ
തിരഞ്ഞെടുപ്പിന് മുമ്പ് ഒരു പാര്‍ട്ടികളുമായും സഖ്യത്തിനില്ലെന്ന് ബിജെപി നേതൃത്വം പ്രഖ്യാപിച്ചുകഴിഞ്ഞു. അതേസമയം കശ്മീര്‍ താഴ്വരയിലെ പത്തോളം സീറ്റുകളിലെ സ്വതന്ത്രരെ നിര്‍ത്താനും പാര്‍ട്ടിക്ക് നീക്കമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായെന്ന വിലയിരുത്തലാണ് ബിജെപിക്കുള്ളത്. ജമ്മുവിലെ രണ്ട് സീറ്റുകളില്‍ ബിജെപി വിജയിച്ചിരുന്നു. ജമ്മു മേഖലയാണ് ബിജെപിയുടെ ശക്തി കേന്ദ്രവും. ഇവിടെ പരമാവധി സീറ്റുകള്‍ പിടിച്ചെടുക്കുയാണ് ബിജെപിയുടെ ലക്ഷ്യം. കശ്മീര്‍ താഴ്വരയില്‍ സ്വതന്ത്രരെ നിര്‍ത്തുമെന്ന് ബിജെപി പറയുന്നുണ്ടെങ്കിലും ഗുലാം നബി ആസാദിന്റെയും സജ്ജാദ് ലോണിന്റെയും പാര്‍ട്ടികളുമായും സഖ്യത്തിലേര്‍പ്പെടാനുള്ള സാധ്യതകളും ഉണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കശ്മീര്‍ മേഖലയില്‍ ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലം പരിശോധിക്കുമ്പോള്‍ ബിജെപിയും സജ്ജാദ് ഗനി ലോണിന്റെ പീപ്പിള്‍ കോണ്‍ഫറന്‍സും ചേര്‍ന്ന് 30 നിയമസഭാ സീറ്റുകളില്‍ ലീഡ് നേടിയിട്ടുണ്ട്.
കറുത്ത കുതിരയാകാന്‍ എന്‍ജിനിയര്‍ റഷീദ്
പ്രധാന പാര്‍ട്ടികളെ എല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു കശ്മീര്‍ താഴ്വരയിലെ ബാരാമുള്ളയിൽ രണ്ട് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് ശൈഖ് അബ്ദുള്‍ റഷീദിന്റെ വിജയം. തിഹാര്‍ ജയിലില്‍നിന്ന് മത്സരിച്ചാണ് അവാമി ഇത്തിഹാദ് പാര്‍ട്ടി നേതാവ് ശൈഖ് അബ്ദുള്‍ റഷീദ് എന്ന എന്‍ജിനിയര്‍ റഷീദ് വിജയക്കൊടി പാറിച്ചത്. തോല്‍പ്പിച്ചത് കോണ്‍ഗ്രസ് പിന്തുണയുണ്ടായിരുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയേയും ബിജെപി പിന്തുണയുണ്ടായിരുന്ന പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണിനേയും. മെഹബൂബ മുഫ്തിയുടെ പിഡിപിക്കും ഇവിടെ സ്ഥാനാര്‍ഥിയുണ്ടായിരുന്നു. നിയമസഭയിലും മത്സരിക്കുമെന്ന പ്രഖ്യാപിച്ച സാഹചര്യത്തില്‍ ലോക്സഭയിലെ പ്രകടനം ആവര്‍ത്തിക്കാനായാല്‍ എന്‍ജിനിയര്‍ റഷീദിന്റെ പാര്‍ട്ടി ജമ്മു കശ്മീരില്‍ ഒരു കറുത്ത കുതിരയായി മാറും. കശ്മീര്‍ താഴ്വരയിലെ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് അവാമി ഇത്തിഹാദ് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 14 നിയമസഭാ സീറ്റുകളില്‍ അവര്‍ക്ക് ലീഡ് നേടാന്‍ കഴിഞ്ഞിരുന്നു. അതേ സമയം ശൈഖ് അബ്ദുള്‍ റഷീദ് ജയിലിലായ സാഹചര്യത്തില്‍ ഉണ്ടായ സഹതാപ തരംഗം മാത്രമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായതെന്നാണ് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കന്‍ കശ്മീരില്‍ മാത്രമായി ഈ സഹതാപ പ്രഭാവം പരിമിതപ്പെടുമെന്നും പറയപ്പെടുന്നു.
ഇതിനിടെ റാഷിദ് സ്ഥിരം ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യ ഹര്‍ജിയില്‍ ഡല്‍ഹി കോടതി എന്‍ഐഎയുടെ പ്രതികരണം തേടിയിരിക്കുകയാണ്. തീവ്രവാദ ഫണ്ടിങ് കേസില്‍ യുഎപിഎ കുറ്റംചുമത്തപ്പെട്ട റാഷിദ് 2019 മുതലാണ് ജയിലിലായത്.
Content Highlights: jammu and kashmir-indepth-who will win- return of peoples rule
Published: 21 Aug 2024, 04:30 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented