മാര്‍ച്ച് പതിനൊന്നാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് ബലൂച് ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) പ്രവര്‍ത്തകര്‍ ജാഫര്‍ എക്‌സ്പ്രസ് പിടിച്ചെടുത്തത് ആഭ്യന്തര പ്രതിസന്ധികളില്‍ പെട്ടുഴലുന്ന പാകിസ്താന് കനത്ത ആഘാതമാണ്. സ്ത്രീകളും കുട്ടികളുമടക്കം നാനൂറിലധികം പേരുണ്ടായിരുന്ന തീവണ്ടി ബലൂചിസ്താനിലെ ക്വെറ്റയില്‍നിന്നു ഖൈബര്‍ പക്തൂണ്‍വാലിയിലെ പെഷാവറിലേക്കു പോവുകയായിരുന്നു. ബുധനാഴ്ച ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് 157 യാത്രക്കാരെ മോചിപ്പിച്ചെന്നും നിരവധി ബലൂച് തീവ്രവാദികളെ വധിച്ചെന്നും പാകിസ്താന്‍ അവകാശപ്പെടുന്നു. പക്ഷേ, മുപ്പതു പാക് സൈനികരെ തങ്ങള്‍ വധിച്ചെന്നും പാക് തടവറകളിലുള്ള ബലൂച് രാഷ്ട്രീയത്തടവുകാരെ മോചിപ്പിച്ചാല്‍ ബന്ദികളെ വിട്ടയക്കാമെന്നും ബി.എല്‍.എ വക്താവ് പറയുന്നു. പാകിസ്താന്‍ പറയുംപോലെ തടവുകാരെ മോചിപ്പിച്ചത് സൈന്യമല്ലെന്നും തങ്ങള്‍ മോചിപ്പിച്ചതാണെന്നും അവകാശപ്പെടുന്ന വിമതര്‍ 48 മണിക്കൂറിനുള്ളില്‍ സൈനിക നടപടികള്‍ പാകിസ്താന്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ തടവുകാരെ കൊല്ലുമെന്ന ഭീഷണിയും മുഴക്കി.

To advertise here,

ബലൂചിസ്താനിലെ അസ്വസ്ഥതകള്‍ക്ക് ദീര്‍ഘമായ ചരിത്രമുണ്ട്. ഇന്ത്യാ ഉപഭൂഖണ്ഡം ബ്രിട്ടീഷ് രാജില്‍നിന്നു സ്വതന്ത്രമായപ്പോള്‍ ഇന്ത്യയും പാകിസ്താനും പോലെ സ്വതന്ത്ര രാജ്യമായിരുന്നു കലാത്തിലെ ഖാനേറ്റ്. ബലൂചിസ്താന്റെ ഭൂരിഭാഗവും ഈ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു. പക്ഷേ, അടുത്ത വര്‍ഷം മുഹമ്മദലി ജിന്നയുടെ പട്ടാളം കലാത്തിലേക്ക് മാര്‍ച്ചു ചെയ്തു, രാജ്യം പാകിസ്താനോടു കൂട്ടിച്ചേര്‍ത്തു. ആ വര്‍ഷം തന്നെ തുടങ്ങി ചെറുത്തുനില്‍പ്പിന്റെ വീരഗാഥകള്‍.

പെട്രോളിയം, പാചകവാതകം, കല്‍ക്കരി ചെമ്പ്, സ്വര്‍ണം എന്നിങ്ങനെ പ്രകൃതിവിഭവങ്ങളാല്‍ സമൃദ്ധമായ, പാകിസ്താന്റെ മൊത്തം വിസ്തൃതിയുടെ 40 ശതമാനത്തോളം വരുന്ന മേഖലയാണിത്. അവിടുത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളെ അനുഭാവപൂര്‍വം പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിനു പകരം പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നു ഭരണകൂടം ഇതുവരെ ചെയ്തുപോന്നത്. പാകിസ്താനില്‍നിന്നു സ്വതന്ത്രമാവുന്നത് സ്വപ്നം കാണുന്ന ബലൂച് വിമോചന സംഘടനകള്‍ക്ക് ആത്മവിശ്വാസം കൂട്ടുന്നതാണ് ജാഫര്‍ എക്‌സ്പ്രസിന്റെ റാഞ്ചല്‍. പക്ഷേ, ശക്തമായ സൈന്യമുള്ള പാകിസ്താനേയും ഭൗമരാഷ്ട്രീയ, വാണിജ്യ താല്‍പ്പര്യങ്ങള്‍ കാരണം അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്ന ചൈനയെയും മറികടന്ന് സ്വാതന്ത്ര്യം നേടുക നിലവിലെ സാഹചര്യത്തില്‍ ഏറെക്കുറെ അസാധ്യമാണ്.  

മഷ്‌കാഫ് തുരങ്കത്തിലെ തീവണ്ടിയും ബന്ദികളും

നിരവധി പാകിസ്താനി സൈനികരുമുണ്ടായിരുന്നു തീവണ്ടിയില്‍. ചൈന-പാക്കിസ്താൻ സാമ്പത്തിക ഇടനാഴിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ മഷ്‌കാഫ് പ്രദേശത്ത് വച്ചാണ് തീവണ്ടി ആക്രമിക്കപ്പെട്ടത്. ക്വെറ്റയില്‍നിന്ന് 157 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. ഹൈവേയ്ക്കു സമാന്തരമായി പോകുന്ന റെയില്‍പ്പാത, മഷ്‌കാഫ് പട്ടണത്തിനടുത്തുവെച്ച് വഴിതിരിഞ്ഞ് മലകള്‍ക്കടിയിലെ തുരങ്കങ്ങളുടെ ഒരു നിര മറികടന്നാണ് മുന്നോട്ടു പോവുക. ഇതിലെ എട്ടാമത്തെ തുരങ്കത്തില്‍ വച്ചാണ് ജാഫര്‍ എക്‌സ്പ്രസ് ഹൈജാക്ക് ചെയ്യപ്പെട്ടത്. തീവണ്ടിപ്പാളം ബോംബു വെച്ചു തകര്‍ത്ത തീവ്രവാദികള്‍ തുരങ്കത്തിനകത്ത് തീവണ്ടി പ്രവേശിക്കും മുമ്പ് വെടിയുതിര്‍ത്തു. ലോക്കോ പൈലറ്റിനു പരിക്കേറ്റു, തീവ്രവാദികള്‍ തീവണ്ടിയുടെ നിയന്ത്രണം ഏറ്റെടുത്തു. അഫ്ഗാന്‍- ഇറാന്‍ അതിര്‍ത്തിയിലെ ദുര്‍ഗമപ്രദേശത്തുള്ള തുരങ്കത്തിനകത്ത് അവര്‍ തീവണ്ടി നിര്‍ത്തിയിട്ടു ആസൂത്രിതമായി നിലയുറപ്പിച്ചു. മേഖലയില്‍ അവര്‍ക്ക് നിയന്ത്രണമുണ്ടെന്നും ഓപ്പറേഷന്‍ വളരെ ആസൂത്രിതമാണെന്നതും വ്യക്തം.

placeholder
ക്വെറ്റ റെയിൽവേ സ്റ്റേഷൻ | Photo: AFP

പാകിസ്താൻ പട്ടാളം ഡ്രോണുകളും പീരങ്കികളും ഉപയോഗിച്ച് നിരന്തരമായി ആക്രമണം നടത്തി. പക്ഷേ, വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുള്ള തീവ്രവാദികളെ തുരത്താന്‍ പാകിസ്താന് വിട്ടുവീഴ്ചയ്ക്ക് സന്നദ്ധമാവേണ്ടി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബി.എല്‍.എ. ബന്ദികളെ മനുഷ്യകവചമായി ഉപരയോഗിക്കുന്നുവെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമീപം ബോംബുകുപ്പായം ധരിച്ച ചാവേറുകളെ നിര്‍ത്തിയിരിക്കുന്നുവെന്നും പാകിസ്താനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളെയും കുട്ടികളെയും മൂന്ന് വ്യത്യസ്ത പ്രദേശങ്ങളിലേക്കു മാറ്റിയിരിക്കുകയാണെന്നും അവരെ മോചിപ്പിക്കാന്‍ സൈന്യം വലിയ തോതിലുള്ള ഓപ്പറേഷന്‍ നടത്തി വരികയാണെന്നും സൈന്യവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. 27 തീവ്രവാദികളെ ഇതിനകം വധിച്ചുവെന്നും സൈന്യം അവകാശപ്പെടുന്നു.

പാക് പട്ടാളത്തിനെതിരെ ബലൂച് വിമോചന സേന നടത്തുന്ന ആക്രമണങ്ങള്‍ ഗണ്യമായി വര്‍ധിക്കുന്നതാണ് 2024-ല്‍ കണ്ടത്. തെഹ്‌രീകെ താലിബാനുമായുള്ള (ടി.ടി.പി) ഏറ്റുമുട്ടലുകളില്‍ മുഖം നഷ്ടമായ (കുറേ ഭൂമിയും) പാകിസ്താന് ആഭ്യന്തരമായും അന്താരാഷ്ട്ര തലത്തിലും ബലൂചി ആക്രമണങ്ങള്‍ ഏല്‍പ്പിക്കുന്ന അഭിമാനക്ഷതം ചെറുതല്ല. ആഗോള തീവ്രവാദ സൂചിക (2025) അനുസരിച്ച് പാകിസ്താനില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട മരണങ്ങളില്‍ 45 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതില്‍ ഭൂരിഭാഗവും ബലൂചിസ്താനിൽ ആണ്. ബി.എല്‍.എയുടെ ചാവേര്‍ വിഭാഗമായ മജീദ് ബ്രിഗേഡ് ആണ് മിക്ക ആക്രമണങ്ങളുടെയും പിന്നില്‍.

ബലൂച് വിഘടനവാദവും തീവ്രവാദവും ചൈനയും

ചൈനയെ സംബന്ധിച്ചിടത്തോളം ഈ തീവണ്ടി റാഞ്ചല്‍ നല്‍കുന്ന സൂചനകള്‍ പേടിപ്പിക്കുന്നതാണ്. ആക്രമണം നടന്നതിന് 300 കിലോമീറ്റര്‍ മാത്രം അകലെയാണ് ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ ഹൃദയമായ ഗ്വാദര്‍ തുറമുഖം. മൂവായിരം കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡുകളുടെയും റെയില്‍പ്പാതകളുടെയും പൈപ്പ് ലൈനുകളുടെയും ശൃംഖല വഴി പടിഞ്ഞാറന്‍ ചൈനയെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന ചൈന-പാക് സാമ്പത്തിക ഇടനാഴിയുടെ (സി.പി.ഇ.സി) മൂലക്കല്ല്. ജാഫര്‍ എക്‌സ്പ്രസ് പാത പോകുന്നത് സി.പി.ഇ.സിയുടെ കിഴക്കന്‍ ഇടനാഴിക്ക് സമാന്തരമായാണ്. അതിനുണ്ടാവുന്ന തടസ്സങ്ങള്‍ ബെല്‍റ്റ് ആന്‍ഡ് റോഡ് സംരംഭം മുഖേന സുരക്ഷിതമായി വ്യാപാരം നടത്താമെന്ന ചൈനീസ് ലക്ഷ്യത്തിന് ഭീഷണിയാണ്.

2013-ല്‍ സി.പി.ഇ.സി ആരംഭിച്ചതിനുശേഷം 21-ല്‍ അധികം ചൈനീസ് ജീവനക്കാര്‍ ബലൂച് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ചൈനയുടെ ഭൗമ രാഷ്ട്രീയ, സാമ്പത്തിക ലക്ഷ്യങ്ങളെ തുരങ്കം വയ്ക്കുന്ന രീതിയില്‍ ബലൂചി കലാപം വളരുമോ എന്ന ആശങ്ക രാജ്യത്തിനുണ്ട്. ബെല്‍റ്റ് - റോഡ് പദ്ധതിയുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചൈനീസ് എന്‍ജിനിയര്‍മാര്‍ ബലൂചികളുടെ പ്രധാന ആകമണലക്ഷ്യമായി മാറിയിരിക്കുന്നു. ക്വെറ്റയില്‍ നിന്നുള്ള റെയില്‍പാത പദ്ധതിയുടെ നട്ടെല്ലാണ്. അടുത്തകാലത്ത് ട്രെയിനുകളും റെയില്‍പാതകളും കൂടുതലായി ആക്രമിക്കപ്പെടുന്നതിനു കാരണവും അതുതന്നെ.

ധാതുവിഭവങ്ങള്‍ ഏറെയുണ്ടെങ്കിലും പാകിസ്താനിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളില്‍ ഒന്നാണ് ബലൂചിസ്താന്‍. ഇവിടെ സാക്ഷരതാനിരക്ക് 40 ശതമാനത്തില്‍ താഴെയാണ്, തൊഴിലില്ലായ്മ 30 ശതമാനത്തില്‍ കൂടുതലും. തങ്ങളുടെ പ്രകൃതി വിഭവങ്ങളെല്ലാം ഊറ്റിക്കൊണ്ടു പോകുന്നവര്‍ തിരിച്ചൊന്നും നല്‍കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പാകിസ്താനു വേണ്ട പ്രകൃതി വാതകത്തിന്റെ 40 ശതമാനവും ഇവിടെനിന്നാണ്. ഈ സാമ്പത്തിക അസമത്വവും അവഗണനയും സര്‍ക്കാരിനെതിരായ ശക്തമായ വികാരമുണര്‍ത്തുന്നു.

ഗ്വാദര്‍ തുറമുഖം വികസിപ്പിക്കവേ നാട്ടുകാരായ മത്സ്യത്തൊഴിലാളികളെയൊക്കെ അവിടെനിന്നും ഒഴിപ്പിച്ചു, മാന്യമായ നഷ്ടപരിഹാരം കൊടുക്കാതെ അവരുടെ ഭൂമി പിടിച്ചെടുത്തു, അവരുടെ തൊഴിലുകള്‍ ബലൂചിസ്താന് പുറത്തുള്ളവര്‍ക്ക്- മിക്കവാറും പഞ്ചാബികള്‍, അല്ലെങ്കില്‍ ചൈനക്കാര്‍- പോയി. ഭൂരിഭാഗം നാട്ടുകാരും കരുതുന്നത് ചൈനയും പാകിസ്താനും ചേര്‍ന്നുള്ള അധിനിവേശമാണ് സി.പി.ഇ.സി നടത്തുന്നത്, അവര്‍ സമ്പത്ത് കൊള്ളയടിക്കുകയാണ് എന്നാണ്. ചൈനയുടെ പ്രധാനപ്പെട്ട ഈ പ്രോജക്ട് അട്ടിമറിക്കുമെന്ന് പ്രക്ഷോഭകാരികള്‍ പ്രതിജ്ഞയെടുത്തിരിക്കുന്നു. ബലൂചിസ്താനില്‍ ചൈന നടത്തുന്ന ഖനികളുമുണ്ട്. ഇവയില്‍ നിന്നെല്ലാം നൂറുകണക്കിന് കോടികള്‍ പാകിസ്താനും ചൈനയും നേടുമ്പോള്‍ ബലൂചികള്‍ക്ക് കിട്ടുന്നത് പരിസ്ഥിതി നാശവും അവഗണനയും മാത്രം. ചൈന-പാക് ഇടനാഴിയുടെ ഭാഗമായി വലിയ തോതില്‍ ചൈനീസ് നിക്ഷേപം വന്നതോടെ ബലൂചിസ്താന്‍ സ്വതന്ത്ര രാജ്യമാകണം എന്ന മുറവിളിക്ക് ശക്തിയേറുകയായിരുന്നു.

placeholder
ഗ്വാദര്‍ തുറമുഖം | Photo: AFP

പഞ്ചാബി മേധാവിത്വവും ക്രൂരമായ അടിച്ചമര്‍ത്തലും

സാമ്പത്തിക കാര്യങ്ങളെ മാറ്റി നിര്‍ത്തിയാലും ബലൂചികള്‍ ദശകങ്ങളായി അനുഭവിക്കുന്നത് കിരാതമായ അടിച്ചമര്‍ത്തലാണ്. പാകിസ്താനിലെ രാഷ്ട്രീയ, സാമ്പത്തിക മേഖലകളുടെ നിയന്ത്രണം കൈയാളുന്ന പഞ്ചാബികള്‍ അവര്‍ക്ക് മനുഷ്യരെന്ന പരിഗണന പോലും നല്‍കുന്നില്ലെന്നാണ് പരാതി. പ്രവിശ്യയിലെവിടെയും സുരക്ഷാസൈനികരാണ്. മുക്കിനു മുക്കിനു ചെക്ക് പോസ്റ്റുകള്‍, സുരക്ഷാപരിശോധന. ഇടയ്ക്കിടയ്ക്ക് സൈനിക ഓപ്പറേഷനുകളും ഉണ്ടാകാറുണ്ട്. ഇതെല്ലാം ജനങ്ങളെ സര്‍ക്കാരില്‍ നിന്നും അകറ്റി. വലിയ തോതിലെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍  ചൈന ബലൂചിസ്താനെ അസ്ഥിരമാകാന്‍ അനുവദിക്കില്ലെന്നു വ്യക്തമാണ്. അവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി സ്വകാര്യ സുരക്ഷ ഉപയോഗിക്കുന്നു, പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ പാകിസ്താനെ നിര്‍ബന്ധിക്കുന്നു. ചൈനയുടെ സമ്മര്‍ദ്ദം കാരണം പ്രവിശ്യയിലെ സൈനികവല്‍ക്കരണം കാര്യമായി വര്‍ദ്ധിച്ചിട്ടുണ്ട്.

ബലൂചിസ്താനിലെ പ്രകൃതിവിഭവ ചൂഷണത്തിന് എപ്പോഴും അക്രമവും കൂട്ടിനുണ്ട്. ഏറ്റവുമധികം പൗരന്‍മാരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ബലമായി അപ്രത്യക്ഷമാക്കുന്നതില്‍ ഏറ്റവും കുപ്രസിദ്ധമായ സ്ഥലങ്ങളില്‍ ഒന്നാണ് ബലൂചിസ്താൻ. അപ്രത്യക്ഷമാക്കപ്പെട്ടവരില്‍ ആക്ടിവിസ്റ്റുകളും വിദ്യാര്‍ഥികളും സിവിലിയന്‍സും ഒരുപാടുണ്ട്. 5,000 മുതല്‍ 8,000 വരെ ആള്‍ക്കാര്‍ ഇത്തരത്തില്‍ അപ്രത്യക്ഷമാക്കപ്പെട്ടുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കരുതുന്നു. സര്‍ക്കാരിന്റെ കണക്കില്‍ ഇത് 2,700 മാത്രം. പക്ഷേ ഇത്തരം അപ്രത്യക്ഷമാക്കലുകളും തട്ടിക്കൊണ്ടുപോയി കൊല്ലലും കൂടുതല്‍ യുവാക്കളെ തീവ്രവാദത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. സ്വാഭാവികപ്രതിഷേധം ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ പ്രതികരിക്കുന്നത് പട്ടാളത്തെ കയറൂരി വിട്ടാണ്!

റോയും ബലൂച് സ്വാതന്ത്ര്യസമരവും

സമീപകാലത്തായി ബലൂചിസ്താനില്‍ എന്ത് അക്രമസംഭവമുണ്ടായാലും പാകിസ്താന്‍ ഇന്ത്യയുടെ ചാരസംഘടന റോയെ പഴിചാരുന്ന പതിവുണ്ട്. ബലൂചിസ്താന്‍ കലാപത്തിന് റോ പിന്തുണ നല്‍കുന്നുവെന്ന് അവര്‍ ആവര്‍ത്തിക്കും. 2016-ല്‍ കുല്‍ഭൂഷന്‍ ജാദവ് എന്ന മുന്‍ ഇന്ത്യന്‍ നാവിക ഓഫീസറെ തട്ടിക്കൊണ്ടുപോയ പാകിസ്താന്‍ റോ ഏജന്റ് എന്ന് മുദ്രകുത്തി തടവിലാക്കിയിരുന്നു. ജാദവിനെ തട്ടിക്കൊണ്ടുപോകാന്‍ പാക് പട്ടാളത്തെ സഹായിച്ച മതപണ്ഡിതന്‍ മുഫ്തി ഷാ മീറിനെ കഴിഞ്ഞയാഴ്ച അജ്ഞാതര്‍ വധിച്ചിരുന്നു.

ഇന്ത്യയില്‍ കഴിയുന്ന നിരവധിയായ ബലൂച് പ്രവാസികളും നേതാക്കളും പാക് ആരോപണങ്ങള്‍ക്ക് ശക്തി കൂട്ടുന്നവയാണ്. പരേതനായ താരിഖ് ഫത്തേയെപ്പോലുള്ള നേതാക്കള്‍ ബലൂചിസ്താനെ സ്വതന്ത്രമാക്കാന്‍ ഇന്ത്യ നേരിട്ടിടപെടണമെന്ന് പലവട്ടം ആവശ്യപ്പെട്ടിരുന്നു. പക്ഷേ ബലൂചിസ്താനില്‍ എന്തെങ്കിലും തരത്തില്‍ ഇന്ത്യ ഇടപെടുന്നതിന് യാതൊരു തെളിവുമില്ല. ബലൂച് പ്രശ്‌നത്തെ പാകിസ്താന്റെ കാശ്മീരി ആഖ്യാനത്തെ ചെറുക്കുന്നതിനായി ഇന്ത്യ നയതന്ത്രപരമായി ഉപയോഗിക്കുന്നതാവാം ആരോപണത്തിനു കാരണം. അങ്ങനെ ഇന്ത്യ ഇടപെട്ടാല്‍ അത് സി.പി.ഇ.എസിനെ തകര്‍ക്കാനായുള്ള പ്രോക്‌സിവാറായി ചൈനയ്ക്ക് തോന്നാം. പക്ഷേ, ചൈന ഇതുവരെ പരസ്യമായിട്ട് ഇന്ത്യയ്‌ക്കെതിരെ അത്തരം ആരോപണം ഉന്നയിച്ചിട്ടില്ല. പക്ഷേ, ഇന്ത്യയിലാകെ ബലൂചികള്‍ക്ക് അനുകൂലമായ വികാരമുണ്ട്.

placeholder
ബലൂച് ലിബറേഷന്‍ ആര്‍മി പിടിച്ചെടുത്ത ജാഫര്‍ എക്‌സ്പ്രസിൽ നിന്ന് സുരക്ഷാ സേന രക്ഷപ്പെടുത്തിയ യാത്രക്കാർ | Photo: AP

ബലൂചികളുടെ സ്വാതന്ത്ര്യസമരത്തിന്റെ ഏറ്റവും വലിയ മൂലധനം വിപ്ലവകാരികളുടെ നിശ്ചയദാര്‍ഢ്യവും ബി.എല്‍.എ പോലുള്ള പോരാളിസംഘങ്ങളുടെ പിന്‍ബലവുമാണ്. ആയിരക്കണക്കിന് പോരാളികളും ആധുനിക ആയുധങ്ങളുമുണ്ടവര്‍ക്ക്. സ്ത്രീകളുടെ പങ്കാളിത്തവും (ചാവേറുകളടക്കം) വര്‍ധിച്ചുവരികയാണ്. പുതിയ സംഭവവികാസങ്ങള്‍ ജനതയുടെ സ്വാതന്ത്ര്യവാഞ്ചയെ ശക്തിപ്പെടുത്തും. പക്ഷേ, എല്ലാ ബലൂചികള്‍ക്കും പാകിസ്താനില്‍ നിന്നും വിഘടിച്ചു മാറി സ്വതന്ത്രരാജ്യമാവണമെന്നില്ല. പാകിസ്താനിലുള്ളില്‍ സ്വയംഭരണം ആഗ്രഹിക്കുന്നവരും അഹിംസാവാദികളുമുണ്ട് കൂട്ടത്തില്‍.

അന്താരാഷ്ട്രതലത്തില്‍ ബലൂചികളുടെ സ്വാതന്ത്ര്യമോഹത്തെ പിന്തുണയ്ക്കുന്നവര്‍ കുറയും. പാശ്ചാത്യരാജ്യങ്ങള്‍ക്ക് ബലൂചികളുടെ മനുഷ്യാവകാശത്തെക്കാള്‍ വലുത് ആണവരാജ്യമായ പാകിസ്താന്റെ സ്ഥിരതയാണ്. യു.എന്നിലെ രക്ഷാസമിതിയില്‍ ചൈനയ്ക്കുള്ള വീറ്റോ അധികാരം കാരണം പ്രസ്ഥാനത്തിന് കാര്യമായ ആഗോള പിന്തുണ ലഭിക്കാനിടയില്ല. ഉണ്ടെന്നു ആരോപിക്കപ്പെടുന്ന ഇന്ത്യയുടെ പിന്തുണ ഇക്കാര്യത്തിലെ ആഗോളബലാബലത്തില്‍ നിര്‍ണായകമായ സ്വാധീനം ഉണ്ടാക്കുന്നുമില്ല. അതിനാല്‍ സമീപഭാവിയിലൊന്നും ബലൂചിസ്താന്‍ സ്വതന്ത്രരാജ്യമാകാനിടയില്ല. പക്ഷേ, പാകിസ്താനു കടുത്ത സാമ്പത്തികത്തകര്‍ച്ച ഉണ്ടാവുകയോ യുദ്ധമുണ്ടാവുകയോ ചെയ്താല്‍ കളി മാറും. അപ്പോള്‍ പോലും വന്‍തോതിലെ ചൈനീസ് നിക്ഷേപങ്ങള്‍ പാകിസ്താന്റെ സ്ഥിരത ഉറപ്പാക്കാനും സുരക്ഷ ശക്തിപ്പെടുത്താനും കൂട്ടിനുണ്ടാവും.