സൊമാലിയയിൽ നിന്ന് സ്വയം ഒഴിഞ്ഞുപോയി സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി മുപ്പത് കൊല്ലം പിന്നിടുമ്പോൾ സൊമാലി ലാൻഡ് എന്ന ആഫ്രിക്കൻ പ്രദേശത്തിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു സർപ്രൈസ് പുതുവത്സര സമ്മാനം നൽകിയിരിക്കുകയാണ്. സൊമാലി ലാൻഡിന്റെ സ്വതന്ത്രപദവി ആദ്യമായി അംഗീകരിക്കുന്ന രാജ്യമായി ഇസ്രയേൽ മാറി. ഇത് വലിയ വിമർശനത്തിനും പുതിയ അന്താരാഷ്ട്ര വിവാദത്തിനും വഴിവെച്ചിരിക്കുകയാണ്. എന്താകാം ഇസ്രയേലിന്റെ ഈ നീക്കത്തിന് പിന്നിലെന്ന ചർച്ചയും സന്ദേഹവും രെുപോലെ ശക്തപ്പെടുകയാണ്.

To advertise here,

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെതന്യാഹു സൊമാലി ലാൻഡ് പ്രസിഡന്റ് അബ്ദിറഹ്‌മാൻ മൊഹമ്മദ് അബ്ദുള്ളാഹിയുമായി ഫോണിലൂടെ സംസാരിച്ച് പ്രസ്താവന നടത്തിയത്. സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് മുപ്പത് വർഷം പിന്നിട്ടിട്ടും മറ്റൊരു രാജ്യവും, ആഫ്രിക്കൻ യൂണിയൻ പോലും, സൊമാലി ലാൻഡിനെ അംഗീകരിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിൽ, ഇസ്രായേലിന്റെ പുതിയ നീക്കം അത്ര നിഷ്‌ക്കളങ്കമല്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും നേതാക്കളും വിലയിരുത്തുന്നു. ഇസ്രയേൽ നീക്കത്തെ തങ്ങളുടെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് സൊമാലിയ രംഗത്തെത്തിയിട്ടുണ്ട്. വലിയ പ്രതിഷേധങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.

  • സൊമാലി ലാൻഡും സൊമാലിയയും

1991-ൽ ആണ് സൈനിക ഏകാധിപതിയായ സിയാദ് ബാരെയെ അധികാരത്തിൽ നിന്ന് മാറ്റിയ ശേഷം സൊമാലിയയിൽ നിന്ന് വിട്ടുവന്ന് സൊമാലി ലാൻഡ് സ്വതന്ത്ര്യ രാജ്യമായി സ്വയം പ്രഖ്യാപിച്ചത്. വലിയ ആഭ്യന്തര സംഘർഷത്തിനായിരുന്നു അക്കാലത്ത് സൊമാലിയ സാക്ഷിയായത്. പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് ശേഷം സൊമാലി ലാൻഡിന് സ്വന്തം ഭരണാധികാരിയും ഭരണഘടനയും ഭാഷയും കറൻസിയും സൈന്യവും പാസ്‌പോർട്ടും തിരഞ്ഞെടുപ്പും വരെ ഉണ്ടായി. പക്ഷെ ഒരു രാജ്യവും ഇവരെ അംഗീകരിച്ചില്ല. അതോടെ ലോകരാജ്യങ്ങൾക്കിടയിൽ വലിയ ഒറ്റപ്പെടലിന്‌ ആ പ്രദേശം സാക്ഷിയായി. അങ്ങനെ വിദേശരാജ്യങ്ങളിൽ നിന്ന് വായ്പയും മറ്റും ലഭിക്കാതെയും പരസ്പര സഹകരണം ലഭിക്കാതെയുമിരുന്നെങ്കിലും സൊമാലിയയെക്കാൾ നല്ല രീതിയിലായിരുന്നു ഇവിടെയുള്ള ജനങ്ങൾ ജീവിച്ചുപോന്നത്.  അതിനാൽ, ഹോൺ ഓഫ് ആഫ്രിക്കയിലെ സ്ഥിരതയുള്ള സർക്കാരും പ്രദേശവുമായി സൊമാലി ലാൻഡ് മാറി.

1960-കളിലാണ് ബ്രിട്ടീഷ് സൊമാലി ലാൻഡിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. അതിന് ശേഷം ഇറ്റാലിയൻ സൊമാലിയയുമായി ചേരുകയും സൊമാലി റിപ്പബ്ലിക്കായി മാറുകയും ചെയ്തു. സിയാദ് ബാരെ എന്ന സൈനിക ഏകാധിപതി ഏറെക്കാലം സൊമാലിയയെ ഭരിച്ചെങ്കിലും വലിയ ആഭ്യന്തര സംഘർഷത്തിനാണ് അന്ന് സൊമാലിയ സാക്ഷ്യം വഹിച്ചത്. 1980-കളിൽ സിയാദ് ബാരെ യുടെ നിർദേശപ്രകാരം സൊമാലി വ്യോമസേന ഹർഗെയ്‌സ, ബുറാവോ തുടങ്ങിയ സ്വന്തം നഗരങ്ങളിൽ ബോംബിട്ടു. പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ഒരു രാജ്യം സ്വന്തം ജനങ്ങളോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതകളിലൊന്നായിട്ടാണ് ആ നടപടിയെ മനുഷ്യവകാശ സംഘടനകൾ വിലയിരുത്തിയത്. പ്രക്ഷോഭത്തെ തുടർന്ന് 1991-ൽ സിയാദ് ബാരെയ്ക്ക് അധികാരത്തിൽ നിന്ന് പുറത്തുപോവേണ്ടി വന്നു.

2002-ൽ ആണ് ഹിതപരിശോധനയ്ക്ക് ശേഷം സൊമാലി ലാൻഡിന് ഔദ്യോഗിക ഭരണഘടന നിലവിൽ വന്നത്. തിരഞ്ഞെടുപ്പും ഭരണസംവിധാനങ്ങളും കോടതിയും വന്നു. സ്വന്തം പോലീസും സൈന്യവുമുണ്ട്. സൊമാലിയയിൽ ആഭ്യന്തര സംഘർഷവും കലാപവും വർധിക്കുമ്പോഴും സാമാന്യം സ്ഥിരതയുള്ള ഭരണസംവിധാനമാണ് സൊമാലി ലാൻഡിലേത്. കഴിഞ്ഞ വർഷം അബ്ദുല്ലാഹി അധികരത്തിലെത്തിയതോടെ അന്താരാഷ്ട്ര അംഗീകാരത്തിനുള്ള ശ്രമങ്ങളും നടന്നിരുന്നു. ലോകത്തെ തിരക്കേറിയ കപ്പൽ പാത ഗൾഫ് ഓഫ് ഏദനുമായി തൊട്ടടുത്ത് നിൽക്കുന്ന സ്ഥലമായിട്ടും അന്താരാഷ്ട്ര അംഗീകാരം ലഭിക്കാതിരുന്നത് വലിയ തിരിച്ചടിയായാണ് ഇക്കാലമത്രയും രാജ്യം നേരിട്ടിരുന്നത്. ഇസ്രയേൽ ഇവരെ അംഗീകരിച്ചതോടെ ഇത് വലിയ മാറ്റം കൊണ്ടുവരുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

സൊമാലി ലാൻഡിലെ തീരമേഖലയുടെ ഒരു ഭാഗം തുറമുഖത്തിനായും സൈനിക പ്രവർത്തനത്തിനുമായും വാടകയ്ക്ക് നൽകുന്നതിന് കഴിഞ്ഞവർഷം എത്യോപ്യ കരാറിലേർപ്പെട്ടിരുന്നു. ഇത് വലിയ വിമർശനത്തിനും ഇടയാക്കിയിരുന്നു.

  • സൊമാലി ലാൻഡും ഇസ്രയേലിന്റെ മനസ്സിലിരിപ്പും

സൊമാലി ലാൻഡിനെ ഇസ്രയേൽ അംഗീകരിക്കാൻ പോകുന്നുവെന്നും ഹൂതികൾക്കെതിരേ ഇസ്രയേൽ നടത്തുന്ന നീക്കത്തിന് അവരുടെ പിന്തുണ തേടാൻ നെതന്യാഹു ശ്രമിക്കുന്നുവെന്നും നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു.

മാത്രമല്ല ഗാസ കുടിയൊഴിപ്പിച്ച് ജനങ്ങളെ സൊമാലി ലാൻഡിലേക്ക് മാറ്റാൻ നെതന്യാഹു പദ്ധതിയിടുന്നുവെന്ന ആരോപണവും ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. ഇതുവരെ ഒരു രാജ്യവും സൊമാലി ലാൻഡിനെ അംഗീകാരിച്ചില്ലെങ്കിലും യുകെ, എത്യോപ്യ, തുർക്കി, യുഎഇ, ഡെന്മാർക്ക്, കെനിയ, തായ്ലൻഡ് തുടങ്ങിയ പല രാജ്യങ്ങളും ഈ പ്രദേശവുമായി ബന്ധമോ പ്രതിനിധി ഓഫീസുകളോ നിലനിർത്തുന്നുണ്ട്.

പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേലി വിദേശകാര്യ മന്ത്രി ഗിദോൻ സാർ ഇരുപക്ഷവും പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കാൻ സമ്മതിച്ചതായും എംബസികൾ തുറക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഇസ്രയേൽ-പാലസ്തീൻ സംഘർഷം രൂക്ഷമായതോടെ ചെങ്കടലിൽ വലിയ ആക്രമണങ്ങളാണ് ഇസ്രയേലിലേയും അവരെ പിന്തുണയ്ക്കുന്ന രാജ്യങ്ങളിലേയും കപ്പലുകൾക്കെതിരേ ഹുതികൾ നടത്തിയിരുന്നത്. നിരവധി കപ്പലുകൾ മുങ്ങി. വലിയ നാശനഷ്ടമുണ്ടായി. പുതിയ സാഹചര്യത്തിൽ ചെങ്കടൽ പോരാട്ടത്തിന് സൊമാലി ലാൻഡ് ഏറെ നിർണായകമാവുമെന്നും ഇസ്രയേൽ കണക്കുകൂട്ടുന്നു. അങ്ങനെ വന്നാൽ യമന് എതിർവശത്തുള്ള ബെർബെറ, ബോസോസോ എന്നീ തന്ത്രപരമായ തുറമുഖങ്ങളിലും ഹോൺ ഓഫ് ആഫ്രിക്കയിലും ഒരു സൈനിക താവളം എന്ന ഇസ്രയേലിന്റെ താൽപര്യം ഇനി വളരെ വേഗം സാധ്യമാകും. ഇസ്രയേലിന് തങ്ങളുടെ നിരീക്ഷണ സംവിധാനങ്ങൾ ഇവിടെ ശക്തമാക്കാനുമാവും.അതുവഴി ഹൂതികൾക്കെതിരേ അതിശക്തമായ പ്രതിരോധം തീർക്കാനാവുമെന്നും ഇസ്രയേൽ കണക്കുകൂട്ടുന്നു.

എന്നാൽ സൊമാലി ലാൻഡിലെ ഇസ്രയേലിന്റെ നീക്കം തങ്ങൾക്കെതിരായുള്ള നീക്കമായി കണക്കാക്കുമെന്നാണ് ഹുതികൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിനിടെയാണ് ഗാസക്കാരെ കുടിയൊഴിപ്പിച്ച് ഇവിടേക്ക് തള്ളാനുള്ള ശ്രമം നടക്കുന്നതായ വാർത്തയും പുറത്ത് വന്നത്. ഇതിനെതിരെ സൊമാലിയ രംഗത്ത് വരികയും ചെയ്തിരുന്നു. അങ്ങനെയൊരു നീക്കം നടന്നാൽ അതിനെ അംഗീകരിക്കില്ലെന്നും ശക്തമായ പ്രതിരോധം തീർക്കുമെന്നും സൊമാലിയ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതിൽ ഇസ്രയേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

  • ഇരുപക്ഷത്തായ രാജ്യങ്ങൾ

സൊമാലി ലാൻഡിനെ ഇസ്രയേൽ അംഗീകരിച്ചപ്പോൾ വലിയ പ്രതിഷേധമാണ് വിവിധ രാജ്യങ്ങളിൽ നിന്നുണ്ടായത്. ഈജിപ്ത്, തുർക്കി, സൗദി അറേബ്യ, ആഫ്രിക്കൻ യൂണിയൻ, യെമൻ, നൈജീരിയ, സുഡാൻ, ലിബിയ, ഇറാഖ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളൊക്കെ ഇസ്രയേൽ നടപടിക്കെതിരേ പ്രതികരിച്ചു. സൊമാലിയയുടെ പരമാധികരത്തിൻമേലുള്ള കടന്നുകയറ്റമാണ് എന്നാണ് ഇതിനെ രാജ്യങ്ങൾ വിശേഷിപ്പിച്ചത്. എന്നാൽ മറ്റ് ചില രാജ്യങ്ങൾ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടുമില്ല. ഇതിന് കാരണം ഈ രാജ്യങ്ങൾക്ക് നിലവിൽ സൊമാലി ലാൻഡുമായി പല തരത്തിലുള്ള സഹകരണം ഉണ്ട് എന്നതുകൊണ്ടാണ്. ഉദാഹരണത്തിന് ഏറെക്കാലമായി സൊമാലി ലാൻഡിൽ സൈനിക തുറമുഖം നടത്തുന്ന യുഎഇ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. സമാനമാണ് എത്യോപ്പയുടെയും നിലപാട്.

ഡൊണാൾഡ് ട്രംപ് രണ്ടാമതും യുഎസിൽ അധികാരത്തിലെത്തുന്നതിന് മുമ്പ് സൊമാലി ലാൻഡിനെ സ്വതന്ത്രരാജ്യമായി അംഗീകരിക്കുമെന്ന സൂചന നൽകിയിരുന്നു. നെതന്യാഹുവിന്റെ ഇപ്പോഴത്തെ നീക്കത്തെ ട്രംപ് സമ്പൂർണമായി അംഗീകരിച്ചിട്ടില്ലെങ്കിലും അതിനുള്ള സാധ്യത സൊമാലി ലാൻഡ് തള്ളിക്കളയുന്നുമില്ല. ഇസ്രയേൽ നീക്കത്തിനെതിരേ സൊമാലി തലസ്ഥാനമായ മൊഗദീഷുവിൽ വലിയ പ്രതിഷേധമാണ് കഴിഞ്ഞദിവസം നടന്നത്. ഇത് വരും ദിവസങ്ങളിൽ ശക്തമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

  • സ്വാഗതം ചെയ്ത് തയ്‌വാൻ, എതിർത്ത് ചൈന

ഇസ്രയേൽ നടപടിയെ സ്വാഗതം ചെയ്ത് തയ്‌വാൻ മുന്നോട്ടു വന്നിട്ടുണ്ട്. ഇതിനെ എതിർത്തുകൊണ്ട് ചൈനയും രംഗത്തെത്തി. ഇത്തരം നീക്കം രാജ്യങ്ങളിലെ വിഘടനവാദ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്നാണ് ചൈനയുടെ നിലപാട്.

തയ്‌വാൻ തങ്ങളുടെ ഭാഗമാണെന്നും രാജ്യത്തെ ചൈനയോട് കൂട്ടിച്ചേർക്കുമെന്നും ഏറെക്കാലമായി ചൈന പറഞ്ഞുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ തയ്‌വാൻ ഇസ്രയേൽ നീക്കത്തെ സ്വാഗതം ചെയ്തതാണ് അവരെ ചൊടിപ്പിച്ചത്. സൊമാലിയയിലെ പ്രദേശങ്ങൾ വിഭജിക്കാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി എതിർക്കുന്നു എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം പറഞ്ഞത്. സൊമാലിയുടെ പരമാധികാരത്തിനും ഐക്യത്തിനും പ്രാദേശിക സമഗ്രതയ്ക്കുമാണ് തങ്ങൾ പിന്തുണ നൽകുന്നതെന്നും ചൈന വ്യക്തമാക്കുന്നു. ഇസ്രയേൽ സൊമാലി ലാൻഡിനെ അംഗീകരിച്ചത് വിഘടനവാദ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നതിന് സമാനമാണെന്നും അത് ഗുരുതര പ്രത്യാഘാതത്തിന് വഴിവെക്കുമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്.

പതിറ്റാണ്ടുകളായി സോമാലിയയെക്കാൾ നല്ല ജനാധിപത്യ ഭരണസംവിധാനം പുലർത്തുന്ന, സ്വന്തമായി പാസ്‌പോർട്ടും കറൻസിയുമുള്ള രാജ്യമായിട്ടും ആഗോള തലത്തിൽ ഒറ്റപ്പെട്ടു പോയവരാണ് സൊമാലി ലാൻഡ്. ഇവിടെയുള്ള അധികാരികൾ വിഘടനവാദ പ്രവർത്തനങ്ങളും ബാഹ്യ ശക്തികളുമായുള്ള കൂട്ടു കെട്ടുകളും നിർത്തണമെന്നും ചൈന ആവശ്യപ്പെട്ടു. ഏകദേശം 30 ലക്ഷത്തോളം ആളുകളാണ് നിലവിൽ സൊമാലി ലാൻഡിൽ താമസിക്കുന്നത്.

  • അബ്രഹാം ഉടമ്പടിയുടെ ഭാഗമാവാൻ സൊമാലി ലാൻഡ്

ഇസ്രയേൽ സൊമാലി ലാൻഡിനെ അംഗീകരിച്ചത് അബ്രഹാം ഉടമ്പടികളുടെ വിശാലമായ കാഴ്ചപ്പാടിന് അനുസൃതമാണെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൂചിപ്പിച്ചത്. ഈ നീക്കം ഭാവിയിൽ സൊമാലി ലാൻഡിനെ ഈ ചട്ടക്കൂടിൽ ഉൾപ്പെടുത്താനുള്ള സാധ്യത വർധിപ്പിക്കുമെന്നും നെതന്യാഹു പറഞ്ഞു.

2020-ൽ ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിൽ സാമ്പത്തിക, നയതന്ത്ര, സുരക്ഷാ സഹകരണം പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് അബ്രഹാം ഉടമ്പടികൾ ആരംഭിച്ചത്. 2020 സെപ്റ്റംബർ 15-ന് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ മധ്യസ്ഥതയിൽ ട്രംപ് ഭരണകൂടത്തിന്റെ കീഴിൽ വാഷിംഗ്ടണിൽ ഒപ്പുവെച്ച കരാറുകളോടെ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ബഹ്റൈനും ഇസ്രയേലുമായി ബന്ധം സാധാരണ നിലയിലാക്കിയപ്പോൾ ഈ ഉടമ്പടികൾക്ക് ഔദ്യോഗിക രൂപം നൽകി. പിന്നീട് സുഡാനും മൊറോക്കോയും കരാറിന്റെ ഭാഗമായി. പുതിയ സാഹചര്യത്തിൽ സൊമാലി ലാൻഡ് അബ്രഹാം ഉടമ്പടികളുടെ ഭാഗമാവുകയാണെങ്കിൽ, അത് നയതന്ത്രപരമായ അംഗീകാരം, നിക്ഷേപം, വികസനം എന്നിവയ്ക്ക് പുതിയ വഴികൾ തുറന്നേക്കാമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.