'പാകിസ്താന് അവകാശപ്പെട്ട സിന്ധു നദീജലവിഹിതം തട്ടിയെടുക്കാനോ നിയന്ത്രിക്കാനോ ശ്രമിക്കുന്ന കൈകളെ വെട്ടിമാറ്റു'മെന്ന് പാകിസ്താന്റെ കാലാവസ്ഥാ വ്യതിയാനമന്ത്രി മുസാദിക് മാലിക് പറഞ്ഞിട്ട് ഏറെ നാളായിട്ടില്ല. മുമ്പ് പിപിപി (പാകിസ്താൻ പീപ്പിൾസ് പാർട്ടി) നേതാവ് ബിലാവൽ ഭൂട്ടോ ഇന്ത്യ വെള്ളം നിഷേധിക്കുന്നത് ദേശീയസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ആണവയുദ്ധത്തിന് വഴിതെളിച്ചേക്കുമെന്നും മുന്നറിയിപ്പു നൽകിയിരുന്നു. ഇത്തരം പ്രകോപനപരമായ പരാമർശങ്ങൾ വർധിച്ചുവരുന്നതിനിടെ, ഇന്ത്യയിലെയും പാകിസ്താനിലെയും ചില 'പ്രമുഖർ' ഇരുരാജ്യങ്ങളും തമ്മിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയുടെയും പാകിസ്താന്റെയും പ്രധാനമന്ത്രിമാരായ യഥാക്രമം നരേന്ദ്രമോദിക്കും ഷഹബാസ് ഷെരീഫിനും കത്തെഴുതിയിരിക്കുന്നു.

To advertise here,

പെട്ടെന്നൊരു ദിവസത്തെ വെളിപാടിനെ തുടർന്നല്ല ഇന്ത്യ സിന്ധുനദീജലം പങ്കുവെക്കുന്നതു സംബന്ധിച്ച കരാറിൽ നിന്നും പിൻവാങ്ങിയത്. കുറച്ചുകാലമായി രാജ്യം ആലോചിച്ചിരുന്നതാണ് ഈ നടപടി. മൂന്ന് വൻയുദ്ധങ്ങളെ അതിജീവിച്ച സിന്ധു നദീജലക്കരാർ (ഐ.ഡി.ബ്ല്യു.ടി) ലോകത്തേക്കും സുസ്ഥിരമായ ജലം പങ്കുവെക്കൽ കരാറുകളിലൊന്നായിട്ടാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ആ സുസ്ഥിരത 2025 ഏപ്രിൽ 23-ഓടെ അവസാനിച്ചു. കശ്മീരിലെ പഹൽഗാമിൽ പാക് പിന്തുണയുള്ള ഭീകരർ നടത്തിയെന്ന് ഇന്ത്യ ആരോപിക്കുന്ന ഭീകരാക്രമണം നടന്ന് മണിക്കൂറുകൾക്കകം ന്യൂഡൽഹി ഈ കരാർ മരവിപ്പിച്ചു.

'അതിർത്തികടന്നുള്ള ഭീകരവാദം പാകിസ്താൻ ശാശ്വതമായും വിശ്വസനീയമായും മേലിൽ ആവർത്തിക്കാത്ത വിധവും' അവസാനിപ്പിക്കുന്നത് വരെ കരാർ മരവിപ്പിച്ചു നിർത്തുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. 'ചോരയും വെള്ളവും ഒരുമിച്ചൊഴുകില്ല' എന്ന മോദിയുടെ പ്രസ്താവനയും കരാർ പുനഃസ്ഥാപിക്കില്ലെന്നും നദീജലം ഇന്ത്യൻ കർഷകരുടെ ആവശ്യത്തിന് ഉപയോഗിക്കുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാക്കുകളും ഇന്ത്യയുടെ ചിന്താഗതിയിലുണ്ടായ മാറ്റത്തെ അടയാളപ്പെടുത്തുന്നു. ചെനാബ്, ഝലം നദികളിലെ ബഗ്ലിഹാർ, കിഷൻഗംഗ അണക്കെട്ടുകളിൽ നിന്ന് മുൻകൂട്ടി അറിയിപ്പില്ലാതെ വെള്ളം പെട്ടെന്ന് തുറന്നുവിടാനും ജലസംഭരണികൾ വൃത്തിയാക്കാനും ഇന്ത്യ തുടക്കം കുറിച്ചുകഴിഞ്ഞു. മുൻകൂട്ടി അറിയിപ്പ് നൽകണം എന്ന കരാറിന്റെ ലംഘനമാണിതെന്ന് പാകിസ്താൻ വാദിക്കുന്നു.

കരാർ നിർത്തിവെച്ചതോടെ പാകിസ്താന്റെ കാർഷികവും സാമ്പത്തികവുമായ നിലനിൽപ്പ് വലിയ പ്രതിസന്ധി നേരിടുകയാണ്. സമാധാനം പുനഃസ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് ഒരു സംഘം നടത്തുന്ന അഭ്യർത്ഥനയ്ക്കു പിന്നിൽ ഐ.എസ്.ഐയുടെ മാത്രമല്ല, അമേരിക്കയുടെയും കരങ്ങൾ സംശയിക്കുന്നവരുണ്ട്. പാകിസ്താൻ യുദ്ധഭീഷണി മുഴക്കുമ്പോൾ വെള്ളത്തെ ഭീകരവാദവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന കടുത്ത നിലപാടിലാണ് ഇന്ത്യ. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ബംഗ്ലാദേശ് തീസ്ത നദിയുടെ കാര്യത്തിൽ ചൈനയുമായി സഖ്യമുണ്ടാക്കുന്നു. കിഴക്ക് ബ്രഹ്മപുത്രാ നദിയിൽ ചൈന പടുകൂറ്റൻ അണക്കെട്ട് നിർമിക്കുകയാണ്. ചുരുക്കത്തിൽ ജലവിഭവ നിയന്ത്രണം ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും വലിയ ഭൗമരാഷ്ട്രീയ വിഷയമായി മാറിയിരിക്കുന്നു.

 

നെഹ്‌റുവിന്റെ ഔദാര്യവും പാക് കൃതഘ്‌നതയും

1960ൽ കറാച്ചിയിൽ വെച്ച് ജവഹർലാൽ നെഹ്‌റുവും പാക് ഭരണാധികാരി അയൂബ് ഖാനും ഒപ്പുവെച്ച സിന്ധു നദീജലക്കരാറിന് സമാനമായ ഒന്ന് ലോകത്തുണ്ടാവാനിടയില്ല. പരസ്പരം പോരടിക്കുന്ന രണ്ട് രാജ്യങ്ങൾ ഒരു വലിയ നദീതട വ്യവസ്ഥയെ പകുത്തെടുത്തു. അത് ആറര പതിറ്റാണ്ട് നിലനിന്നത് വലിയ അത്ഭുതമാണ്. നദിയുടെ മുകൾഭാഗത്തുള്ള രാജ്യം ജലവിഹിതത്തിന്റെ ഭൂരിഭാഗവും കീഴ്ഭാഗത്തെ രാജ്യത്തിന് നൽകാൻ സ്വമേധയാ സമ്മതിച്ചത് അതിനെക്കാൾ വലിയ അത്ഭുതമാണ്. പോരാത്തതിന്, പാകിസ്താന്റെ നിയന്ത്രണത്തിലുള്ള നദികളിൽ കനാൽ ശൃംഖലകളും മറ്റും നിർമിക്കുന്നതിനുള്ള സാമ്പത്തിക സഹായമായി വലിയൊരു തുകയും നെഹ്‌റുവിന്റെ ഇന്ത്യ കൈമാറി- പത്തു ഗഡുക്കളായി 62.06 മില്യൺ പൗണ്ട്. ഇന്നത്തെ മൂല്യം വെച്ചുനോക്കിയാൽ ഏതാണ്ട് 185 കോടി പൗണ്ട്, അല്ലെങ്കിൽ 20,000 കോടി രൂപ.

ആ വർഷം നവംബറിൽ പാർലമെന്റിൽ കരാറിനെതിരെ കടുത്ത വിമർശനമുയർന്നപ്പോൾ ജവഹർലാൽ നെഹ്‌റുവിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'നമ്മൾ ഒരു ഉടമ്പടി വിലയ്ക്കു വാങ്ങി എന്ന് വേണമെങ്കിൽ പറഞ്ഞോളൂ; അങ്ങനെ നോക്കിയാൽ നമ്മൾ വിലയ്ക്ക് വാങ്ങിയത് സമാധാനമാണ്, ഇരുരാജ്യങ്ങൾക്കും അത് നല്ലതാണ്.' സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ ഈ വലിയ വിട്ടുവീഴ്ചയിലൂടെ പാകിസ്താനുമായി ദീർഘകാല സമാധാനം ഉറപ്പാക്കാൻ കഴിയുമെന്ന നെഹ്‌റുവിന്റെ വിശ്വാസം അബദ്ധമായിപ്പോയെന്ന് കരുതുന്നവർ ഏറെയാണ്. പക്ഷേ, സ്വാതന്ത്ര്യം കിട്ടിയ ശേഷം നിരവധി വെല്ലുവിളികളെ നേരിടുന്ന കാലത്ത് യുദ്ധഭീഷണികളൊഴിവാക്കി രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങൾ കെട്ടിപ്പടുക്കാനും അന്താരാഷ്ട്രതലത്തിൽ ഇന്ത്യയ്ക്ക് അനുകൂലമായ അന്തരീക്ഷമുണ്ടാക്കാനും വേണ്ടി ചെയ്ത നടപടിയായിരുന്നു ഈ കരാർ എന്നു വാദിക്കുന്നവരും കുറവല്ല.

സിന്ധുനദിയുടെ ഉത്ഭവസ്ഥാനത്തുള്ള ഇന്ത്യക്ക് കരാർ പ്രകാരം സിന്ധു നദീതടത്തിലെ ആകെ വെള്ളത്തിന്റെ അഞ്ചിലൊന്ന് മാത്രമുള്ള മൂന്ന് കിഴക്കൻ നദികളുടെ (രവി, ബിയാസ്, സത്‌ലജ്) അവകാശമാണുള്ളത്്. നദീവ്യൂഹത്തിന്റെ ആകെ ഒഴുക്കിന്റെ 80 ശതമാനം വഹിക്കുന്ന മൂന്ന് പടിഞ്ഞാറൻ നദികളുടെ (സിന്ധു, ഝലം, ചെനാബ്) നിയന്ത്രണം പാകിസ്താനും. ലോകബാങ്കായിരുന്നു മധ്യസ്ഥത വഹിച്ചത്. പക്ഷേ, നെഹ്‌റു ആഗ്രഹിച്ച സമാധാനം സ്ഥാപിക്കാൻ ഇത്രയും വലിയ ഉദാരതയ്ക്കും കഴിഞ്ഞില്ല. 1965, 1971, 1999 വർഷങ്ങളിൽ യുദ്ധമുണ്ടാവുകയും അതിർത്തി കടന്നുള്ള ഭീകരവാദം അഭംഗുരം തുടരുകയും ചെയ്തിട്ടും ഈ കരാർ തുടർന്നു. യുദ്ധസമയത്ത് പോലും ഇന്ത്യ പാകിസ്താനിലേക്കുള്ള വെള്ളം തടഞ്ഞില്ല.

'ഖർ മേ ഖുസ് കേ മാരേംഗേ'

2014-ൽ മോദിയുടെ നേതൃത്വത്തിലെ എൻഡിഎ സർക്കാർ അധികാരമേറ്റ ശേഷം ദേശസുരക്ഷയുടെ കാര്യത്തിലും പ്രതിരോധനയത്തിലും ഭീകരപ്രവർത്തനത്തെ കുറിച്ചുള്ള കാഴ്ചപ്പാടിലുമുണ്ടായ വലിയ മാറ്റത്തിന്റെ ഭാഗമാണ് സിന്ധു നദീജലപ്രശ്‌നം കൈകാര്യം ചെയ്തതിലും കണ്ടത്. ഭീകരാക്രമണത്തിനു ശേഷമുള്ള പ്രതിരോധത്തെക്കാൾ നല്ലത് മറ്റൊരു ആക്രമണത്തിനുള്ള ധൈര്യം ഇല്ലാതാക്കും വിധമുള്ള കനത്ത ശിക്ഷ നൽകുന്നതാണെന്ന ഡോവൽ നയത്തിന്റെ 'ഡെമോ' ആയിരുന്നു സർജിക്കൽ സ്‌ട്രൈക്ക്. 'വീട്ടിൽ കയറി വെട്ടും' (ഖർ മേ ഖുസ് കേ മാരേംഗേ) എന്ന മുദ്രാവാക്യം ബാലാകോട്ടിലെ വ്യോമാക്രമണത്തിലും ഓപ്പറേഷൻ സിന്ദൂറിലും വീണ്ടും പ്രാവർത്തികമായി.

2014-നു ശേഷം രാജ്യത്ത് ഭീകരാക്രമണങ്ങളിൽ തൊട്ടു മുമ്പത്തെ ദശകത്തെക്കാൾ 70 ശതമാനത്തോളം കുറവുണ്ടായെന്ന് സർക്കാർ വൃത്തങ്ങൾ. യുപിഎ ഭരണകാലത്ത് മിക്കവാറും എല്ലാ വർഷങ്ങളിലും മെട്രോ നഗരങ്ങളിൽ നടന്നിരുന്ന ബോംബ് സ്‌ഫോടനങ്ങൾ- 2008-ൽ ഡൽഹി, 2010-ൽ പൂണെ, 2011ൽ മുംബൈ, 2013ൽ ഹൈദരാബാദ്- പൂർണ്ണമായും നിലച്ചിരിക്കുകയാണ്. പാക് മണ്ണിൽ നിന്ന് ഭീകരാക്രമണമുണ്ടായാൽ മുമ്പത്തെപ്പോലെ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറി പാക് പ്രതികരണത്തിന് കാത്തിരിക്കുന്ന ഡോസിയർ ഡിപ്ലോമസിയുടെ കാലമല്ല ഇപ്പോൾ. ഇന്റലിജൻസ് പരിഷ്‌കാരങ്ങൾ, ശക്തമായ അതിർത്തി സുരക്ഷ, സാമ്പത്തിക സ്രോതസ്സുകളുടെ കർശനവും നിരന്തരവുമായ നിരീക്ഷണം എന്നിവയ്‌ക്കൊപ്പം ശക്തമായ തിരിച്ചടി എന്ന നയം കൂടിയാവുമ്പോൾ അത് പാകിസ്താന് താങ്ങാവുന്നതിന് അപ്പുറമാണ്.

പാകിസ്താന്റെ കൃഷിഭൂമിയുടെ 90 ശതമാനവും നിലനിൽക്കുന്നത് സിന്ധു നദീതടത്തിലാണ്. ഗോതമ്പ്, നെല്ല്, പരുത്തി എന്നിവ ഉൽപ്പാദിപ്പിക്കുന്ന പഞ്ചാബ്, സിന്ധ് പ്രവിശ്യകളുടെ നിലനിൽപ്പ് ഈ വെള്ളത്തെ ആശ്രയിച്ചാണ്. അതുപോലെ പാകിസ്താനിലെ ഗാർഹിക, വ്യവസായ ആവശ്യങ്ങൾക്കുള്ള ഭൂരിഭാഗം ജലവൈദ്യുതിയും ഉൽപ്പാദിപ്പിക്കുന്നത് സിന്ധു, ഝലം, ചെനാബ് നദികളിൽ നിന്നാണ്. ഇന്ത്യ കരാർ മരവിപ്പിക്കുകയും കിഷൻഗംഗ, ബഗ്ലിഹാർ അണക്കെട്ടുകളിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ്തതോടെ പാകിസ്താന്റെ വൈദ്യുതിവിതരണം പ്രതിസന്ധിയിലായിട്ടുണ്ട്. പലയിടത്തും നാട്ടുകാർ പ്രക്ഷോഭരംഗത്താണ്.

സമാധാനമോഹികളും 'അസമയത്തെ' കത്തും

2026 ജൂൺ 30-നാണ് 117 പ്രമുഖ ഇന്ത്യൻ, പാകിസ്താൻ പൗരന്മാർ ഒപ്പുവെച്ച തുറന്ന കത്ത് ഇന്ത്യാ- പാക് പ്രധാനമന്ത്രിമാർക്കയച്ചത്. ജമ്മു കശ്മീരിലെ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, ആർജെഡി നേതാവ് മനോജ് ഝാ, മണിശങ്കർ അയ്യർ തുടങ്ങിയവരാണ് ഇന്ത്യൻ ഭാഗത്തെ പ്രമുഖർ. ഇരുരാജ്യങ്ങളും ഹൈക്കമ്മീഷണർമാരെ പുനഃസ്ഥാപിക്കണമെന്നും വിസ നടപടികൾ പുനരാരംഭിക്കണമെന്നും, അട്ടാരി-വാഗ അതിർത്തി വീണ്ടും തുറക്കണമെന്നും വ്യാപാരത്തിൽ പാകിസ്താന് ഏറ്റവും അനുഭാവമുള്ള രാജ്യമെന്ന സ്ഥാനം വീണ്ടും നൽകണമെന്നും കശ്മീർ വിഷയത്തിൽ ചർച്ചകൾ പുനരുജ്ജീവിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കത്തിലൊരിടത്തും ഇന്ത്യയിൽ ഭീകരപ്രവർത്തനത്തിന് നേതൃത്വം നൽകിയവർക്ക് പാകിസ്താൻ അഭയം നൽകിയതിനെ കുറിച്ചോ, മേലിൽ ഇന്ത്യൻ മണ്ണിൽ ഭീകരാക്രമണം അവസാനിപ്പിക്കുന്നതിനെക്കുറിച്ചോ പറയുന്നില്ല. ഈ കത്ത് പുറത്തുവന്ന സമയവും കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചു. പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും കഴിഞ്ഞിട്ട് ഒരു വർഷമാവുന്നേയുള്ളൂ. ഭീകരർ മതം നോക്കി കൊന്നുതളളിയ നിരപരാധികളെക്കുറിച്ചോ അവരുടെ ബന്ധുക്കളെക്കുറിച്ചോ കത്തെഴുതിയവർ ആലോചിച്ചില്ലെന്ന് വിമർശകർ പറയുന്നു. മാത്രവുമല്ല, ഇപ്പോഴും പാക് നേതാക്കൾ ഇന്ത്യക്കെതിരെ ഭീഷണി മുഴക്കുന്നുണ്ട്. കശ്മീർ വിഷയത്തിൽ എപ്പോഴും തീവ്രവാദത്തോട് മൃദുസമീപനം സ്വീകരിക്കുന്നവരാണ് കത്തിൽ ഒപ്പുവെച്ചിട്ടുള്ള പലരുമെന്നും ഇന്ത്യൻ നിരീക്ഷകർ കുറ്റപ്പെടുത്തുന്നു.

അന്താരാഷ്ട്രവേദികളിൽ പ്രശ്‌നം അവതരിപ്പിച്ച് ഇന്ത്യയെ ബുദ്ധിമുട്ടിലാക്കാനുള്ള പാക് ശ്രമം വിലപ്പോവാനിടയില്ല. ആരെന്തു പറഞ്ഞാലും പാകിസ്താൻ ഭീകരതയെ പോറ്റി വളർത്തുന്നത് അവസാനിപ്പിക്കാതെ നദീജലക്കരാർ പുനരാരംഭിക്കാൻ തയ്യാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. സമീപകാലത്തെ ചെങ്കോട്ട സ്‌ഫോടനവും സുരക്ഷാസേനകൾ തകർത്ത ഭീകര ഗൂഢാലോചനകളുമൊക്കെ തെളിയിക്കുന്നത് ഇന്ത്യാവിരുദ്ധ പദ്ധതികളിൽ പാകിസ്താന്റെ നിരന്തരമായ ഇടപെടലും നേതൃത്വവുമാണ്. എന്നിട്ടും സമാധാനം പുനസ്ഥാപിക്കാൻ ആവശ്യപ്പെടുന്നത് പാകിസ്താന്റെ താൽപ്പര്യം സംരക്ഷിക്കാൻ മാത്രമാണെന്ന് വിമർശകർ കുറ്റപ്പെടുത്തുന്നു.

പിൻമാറ്റത്തിന് ഇന്ത്യയുടെ ന്യായം

സിന്ധു തടത്തിലെ പടിഞ്ഞാറൻ നദികളിൽ ജലസംഭരണികളും ജലസേചന സൗകര്യങ്ങളും നിർമിക്കുന്നതിൽ പതിറ്റാണ്ടുകളായി ഇന്ത്യ ആവശ്യമായ നിക്ഷേപം നടത്തിയിരുന്നില്ല. ജമ്മു കശ്മീരിലും ലഡാക്കിലും ജലസേചനത്തിനും ജലവൈദ്യുത പദ്ധതികൾക്കുമായി കരാർ പ്രകാരം അനുവദിച്ച പരിമിതമായ ജലവിഹിതം പോലും പൂർണ്ണമായി ഉപയോഗിച്ചിരുന്നില്ല. കരാർ മരവിപ്പിച്ചതോടെ ഇന്ത്യ നിലവിലുള്ള അണക്കെട്ടുകളുടെ നിർമ്മാണവും ചെളി നീക്കലും വേഗത്തിലാക്കി, പുതിയ ജലസംഭരണികളും കനാൽ പദ്ധതികളും പരിശോധിക്കുന്നു. അതായത്, ഇന്ത്യയുടെ പുതിയ നിലപാടിനു പിന്നിൽ പ്രതികാരബുദ്ധിയല്ല, വൈകി വന്ന തിരുത്തൽ മാത്രമാണെന്ന് ഔദ്യോഗികഭാഷ്യം.

കരാർ ഏകപക്ഷീയമായി മരവിപ്പിക്കുന്നത് അതിർത്തി പങ്കിടുന്ന നദികളുടെ മാനേജ്‌മെന്റിന് ആഗോളതലത്തിൽ അപകടകരമായ മാതൃക സൃഷ്ടിക്കുമെന്ന് പാകിസ്താൻ പറയുന്നു. ഇന്ത്യയുടെ നടപടിക്ക് നിയമപരവും ധാർമികവുമായ ന്യായീകരണമില്ലെന്നും അവർ ആരോപിക്കുന്നു. ഇന്ത്യൻ നടപടിയെ അന്താരാഷ്ട്ര സമൂഹവും അതീവ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. അതിർത്തി കടന്നുള്ള ഭീകരവാദത്തോടുള്ള ഇന്ത്യയുടെ അമർഷം മനസ്സിലാക്കുന്നുണ്ടെങ്കിലും, ആണവായുധ ശക്തികൾ നിലനിൽക്കുന്ന ഈ മേഖലയിൽ ജലനയതന്ത്രം അപകടകരമാണെന്ന് കരുതുന്നവർ കൂടുതലാണ്. പക്ഷേ, വിവിധ കാരണങ്ങളാൽ ഇന്ത്യയുടെ സൗഹൃദത്തിന് അന്താരാഷ്ട്രരംഗത്ത് വലിയ വില കൽപ്പിക്കപ്പെടുന്ന കാലമാണ്. പാകിസ്താന്റെ കാര്യം നേരേ തിരിച്ചും. ഇന്ത്യയുമായി സൗഹൃദം നിലനിർത്തുന്നതാണ് ലാഭകരമെന്നറിയുന്ന ലോകരാജ്യങ്ങൾ മൗനം പാലിക്കുമെന്നുറപ്പ്.

 

തീസ്തയിലും ബ്രഹ്മപുത്രയിലും ചൈനയുടെ നിഴൽ

സിക്കിമിൽ നിന്ന് പശ്ചിമ ബംഗാൾ വഴി ബംഗ്ലാദേശിലേക്ക് ഒഴുകി ബ്രഹ്മപുത്ര നദീവ്യൂഹത്തിൽ ചേരുന്ന തീസ്ത നദീജലം പങ്കുവെക്കുന്നതിന് കരാറുണ്ടാക്കാൻ ഇന്ത്യയും ബംഗ്ലാദേശും ചർച്ചകൾ തുടങ്ങിയിട്ട് ഒരു ദശാബ്ദത്തിലേറെയായി. കർഷകരെ ബാധിക്കുന്ന വിഷയമായതിനാൽ പശ്ചിമ ബംഗാൾ സംസ്ഥാന സർക്കാർ പദ്ധതിയെ എതിർത്തുപോന്നു. ഈ കാലതാമസം മുതലെടുത്ത് ഒരു വലിയ തീസ്ത നദി മാനേജ്‌മെന്റ് ആൻഡ് ബാരേജ് പ്രോജക്റ്റ് ധനസഹായം നൽകി നിർമ്മിക്കാൻ ചൈന മുന്നോട്ടുവന്നു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ബംഗാളുമായി ബന്ധിപ്പിക്കുന്ന 'ചിക്കൻസ് നെക്കിന്' (സിലിഗുരി ഇടനാഴി) തൊട്ടടുത്താണ് പദ്ധതി. അക്കാരണത്താൽ മുൻപ്രധാനമന്ത്രി ഷേഖ് ഹസീന ചൈനയുടെ സഹായം നിരസിച്ച് ഇന്ത്യയുടെ സാമ്പത്തിക പാക്കേജ് തിരഞ്ഞെടുക്കുകയായിരുന്നു.

നിലവിലെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ജൂൺ മാസം അവസാനം ചൈനീസ് പ്രധാനമന്ത്രി ലി ചിയാംഗുമായിനടത്തിയ കൂടിക്കാഴ്ചയിൽ തീസ്ത മാസ്റ്റർ പ്ലാൻ സംയുക്തമായി നടപ്പാക്കാൻ ധാരണയിലെത്തി. പദ്ധതി 'ഏത് വിലകൊടുത്തും' നടപ്പിലാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയുടെ ഏറ്റവും ദുർബലമായ, തന്ത്രപ്രാധാന്യമുള്ള പാതയ്ക്ക് തൊട്ടടുത്ത് ചൈനീസ് എഞ്ചിനീയർമാരും അടിസ്ഥാന സൗകര്യങ്ങളും തമ്പടിക്കുന്നത് ഉത്കണ്ഠാജനകമാണ്. ബംഗ്ലാദേശിലെ ജലപദ്ധതികളെ ചൈന ഭൗമരാഷ്ട്രീയ ആയുധമാക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.

ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയുടെ ജലസുരക്ഷയ്ക്ക് അതിനേക്കാൾ വലിയ ഭീഷണി ഉയരുന്നത് കിഴക്കൻ അതിർത്തിയിലാണ്. അരുണാചൽപ്രദേശിൽ സിയാംഗ് എന്നും അസമിൽ ബ്രഹ്മപുത്ര എന്നും അറിയപ്പെടുന്ന യാർലുങ് സാങ്‌പോ നദിയിൽ ചൈന 'മെഡോഗ്' (അല്ലെങ്കിൽ വമ്പൻ വളവ്, ഗ്രേറ്റ് ബെൻഡ്) ജലവൈദ്യുത നിലയം നിർമ്മിച്ചുവരികയാണ്. ഏകദേശം 60 ഗിഗാവാട്ട് ശേഷിയുള്ള ഈ പദ്ധതി ചരിത്രത്തിൽ ഇന്നേവരെ ശ്രമിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ്. ഹിമാലയത്തിലെ ഏറ്റവും ഭൂകമ്പസാധ്യതയുള്ള ഒരു മേഖലയിലാണ് ഇത് നിർമിക്കുന്നത്. 2022 മുതൽ ഇന്ത്യയുമായി യാതൊരുവിധ ഹൈഡ്രോളജിക്കൽ ഡേറ്റയും ചൈന പങ്കുവെച്ചിട്ടില്ല. ഇതോടെ മുകൾത്തട്ടിൽ നിന്നുണ്ടാകുന്ന വെള്ളപ്പൊക്കം പ്രവചിക്കാൻ സാറ്റലൈറ്റ് നിരീക്ഷണത്തെ പൂർണ്ണമായും ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇന്ത്യ.

ബ്രഹ്മപുത്രയുടെ യഥാർത്ഥ ഒഴുക്കിന്റെ 80 ശതമാനത്തിലധികവും ഇന്ത്യയിലാണ് രൂപപ്പെടുന്നത്; മൺസൂൺ മഴയിലൂടെയും അരുണാചൽപ്രദേശിലെയും അസമിലെയും പോഷകനദികളിലൂടെയും. അതിനാൽ നദിയുടെ ആകെ വെള്ളത്തിന്മേൽ ചൈനയ്ക്കുള്ള നിയന്ത്രണം പലരും കരുതുന്നതിനേക്കാൾ പരിമിതമാണ്. എന്നാൽ ചൈനയ്ക്ക് വെള്ളം ഒഴുക്കിവിടുന്ന സമയം നിയന്ത്രിക്കാൻ കഴിയും എന്നതാണ് യഥാർത്ഥ ആശങ്ക. അസമിൽ പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാക്കുന്ന രീതിയിൽ വെള്ളം തുറന്നുവിടാനോ, വിവരങ്ങൾ നൽകാതെ ഇന്ത്യയുടെ മുന്നറിയിപ്പ് സംവിധാനങ്ങളെ ഇരുട്ടിലാക്കാനോ അവർക്ക് കഴിയും. ഭൂകമ്പസാധ്യതയുള്ള പ്രദേശത്ത് ഇത്രയും വലിയ അണക്കെട്ട് വരുമ്പോൾ ആ അപകടസാധ്യത ഇരട്ടിക്കുന്നു.

ആദ്യമെത്തുന്നവർക്ക് ആദ്യത്തെ അവകാശം എന്ന രീതി അനുസരിച്ച് ജലാവകാശം സ്ഥാപിച്ചെടുക്കുന്നതിനും, ചൈനയുടെ ജലനിയന്ത്രണങ്ങൾ മൂലമുണ്ടാകുന്ന അപകടസാധ്യതകൾ കുറയ്ക്കുന്നതിനുമായി ഇന്ത്യ സിയാംഗിലും ബ്രഹ്മപുത്രയുടെ താഴത്തെ ഒഴുക്കിലും സ്വന്തമായി വലിയ ജലവൈദ്യുത പദ്ധതികൾ നിർമ്മിച്ചുവരികയാണ്. എന്നാൽ ഈ 'അണക്കെട്ടിന് ബദൽ അണക്കെട്ട്' എന്ന സമീപനം പ്രതികരണാത്മകം മാത്രമാണെന്നും ബീജിങ്ങിൽ നിന്ന് ഡേറ്റ പങ്കുവെക്കുന്നതിന് യാതൊരു ഉറപ്പും കിട്ടിയിരുന്നില്ലെങ്കിൽ അത് സിയാംഗ് മേഖലയിലെ ചില ആദിവാസി സമൂഹങ്ങളുടെ കുടിയൊഴിപ്പിക്കലിനും പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കും കാരണമാകുമെന്നും നിരീക്ഷകർ വിമർശിക്കുന്നു.

 

യുഎസിന് ചൈനയെ തടയണം, ഇന്ത്യ അത്രയ്ക്ക് ഉയരാനും പാടില്ല

അമേരിക്കയ്ക്ക് തങ്ങളുടെ ആഗോള താത്പര്യങ്ങൾക്കായി ഇന്ത്യയെ തന്ത്രപ്രധാന പങ്കാളിയായി വേണം. അമേരിക്കയുടെ പ്രഖ്യാപിത ഇൻഡോപസഫിക് നയത്തിന്റെ പ്രധാന തൂണാണ് ഇന്ത്യ. ഏഷ്യയിൽ ചൈനയുടെ ഏകപക്ഷീയമായ കടന്നുകയറ്റത്തെ ചെറുക്കാൻ ശേഷിയുള്ള ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന് വാഷിംഗ്ടൺ മനസ്സിലാക്കുന്നു. ഇന്ത്യയെ ചതുർരാഷ്ട്രസഖ്യത്തിൽ (ക്വാഡ്) അംഗമാക്കിയത് അതുകൊണ്ടാണ്. അതേസമയം, ഇന്ത്യ ഒരു പരിധിക്കപ്പുറം വളരുന്നത് യുഎസ് സഹിക്കില്ല. അതു തടയാൻ അവർ വിഘടനവാദത്തെയും അയൽരാജ്യങ്ങളെയും ആയുധമാക്കും.

ഇന്ത്യ ഒരു പരിധിയിലധികം വളർന്ന് തങ്ങളുടെ ആഗോളാധിപത്യത്തിന് ഭീഷണിയാകാതിരിക്കാൻ അമേരിക്ക ചില രഹസ്യതന്ത്രങ്ങൾ പ്രയോഗിക്കുന്നുണ്ട്. 2026 മാർച്ചിൽ യു.എസ് മിലിട്ടറി കോൺട്രാക്ടറായ വാൻ ഡൈകും (ഇയാൾക്ക് സിഐഎ ബന്ധമുണ്ടെന്ന് ആരോപണമുണ്ട്) സംഘവും മിസോറാം അതിർത്തി വഴി മ്യാൻമറിലേക്ക് കടന്ന് ഭീകരർക്ക് പരിശീലനം നൽകിയത് ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ മാസം 'ദി തിമോത്തി ഇനിഷ്യേറ്റീവ്' എന്ന യു.എസ് സംഘടനയ്‌ക്കെതിരെ ഇന്ത്യ യുഎപിഎ പ്രകാരം കേസെടുത്തത് മറ്റൊരു ഉദാഹരണം. ആയിരത്തോളം വിദേശ ഡെബിറ്റ് കാർഡുകൾ ഇന്ത്യയിലെത്തിച്ച് 92 കോടിയോളം രൂപ ഇടതുപക്ഷ തീവ്രവാദ മേഖലകളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഉപയോഗിച്ചുവെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത്.

ഇന്ത്യയും പാകിസ്താനും തമ്മിലെ സംഘർഷം ആണവയുദ്ധത്തിലേക്ക് വഴിമാറാതിരിക്കാൻ അമേരിക്ക ശ്രദ്ധിക്കുന്നു. പാകിസ്താന്റെ ആണവായുധങ്ങളുടെ യഥാർത്ഥ ഉടമ അമേരിക്കയാണെന്നതാണ് കാരണമെന്ന് ചിലർ. സൈനികമല്ലാത്ത കാരണം പ്രസിഡന്റ് ട്രംപിന്റെ സാമ്പത്തിക താത്പര്യങ്ങളാണ്. അദ്ദേഹത്തിന്റെ മകനും, പ്രത്യേകദൂതനുമായ സുഹൃത്ത് സ്റ്റീവ് വിറ്റ്‌കോഫിന്റെ മകനും ഗണ്യമായ നിക്ഷേപമുള്ള ക്രിപ്‌ടോ കമ്പനി വേൾഡ് ലിബെർട്ടി ഫിനാൻഷ്യലുമായി പാക് സർക്കാരും ഫീൽഡ് മാർഷൽ അസീം മുനീറും ധാരണാപത്രങ്ങൾ ഒപ്പുവെച്ചിരുന്നു. കമ്പനി ട്രംപ് കുടുംബത്തിന് വലിയ നേട്ടമായെന്നാണ് റിപ്പോർട്ടുകൾ.

ബംഗ്ലാദേശിലെ പുതിയ ഭരണകൂടം തീസ്ത പദ്ധതി വഴി ചൈനയുമായി അടുക്കുന്നത് അമേരിക്കയെ ആശങ്കപ്പെടുത്തുന്നുണ്ട്. ബംഗ്ലാദേശിലെ സ്വാധീനം മുഖേന ചൈനീസ് നാവികസേനയ്ക്ക് ബംഗാൾ ഉൾക്കടലിൽ മേൽക്കൈ ലഭിക്കുമെന്നത് അമേരിക്കയെ വിഷമിപ്പിക്കും. ബംഗാൾ ഉൾക്കടലിലെ സെന്റ് മാർട്ടിൻസ് ദ്വീപിൽ ഒരു താവളം നിർമ്മിക്കാനും ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തിയിൽ ഒരു ക്രിസ്ത്യൻ രാജ്യം രൂപീകരിക്കാനുള്ള അമേരിക്കൻ നിർദ്ദേശം അംഗീകരിക്കാത്തതു കൊണ്ടാണ് തന്നെ പുറത്താക്കിയതെന്ന് ഷേഖ് ഹസീന പറഞ്ഞിരുന്നു.

കടുത്ത പ്രതിസന്ധികളിൽ ഉഴലുന്ന പാകിസ്താന് തൽക്കാലം ജനശ്രദ്ധ തിരിച്ചുവിടാൻ ഒരു കാരണം വേണം. ഒരു യുദ്ധത്തിനുള്ള ശേഷിയും മനസ്സാന്നിദ്ധ്യവും തൽക്കാലം അവർക്കില്ല. ബലൂചിസ്താനിലും ഖൈബർ പഖ്തൂൺക്വയിൽ നിന്നും പാക് പട്ടാളക്കാർ ജീവനും കൊണ്ടോടുന്ന സ്ഥിതിയാണ്. അതിനാൽ അവർ മറ്റെന്തെങ്കിലും കടുംകൈകൾക്ക് ശ്രമിക്കാതിരിക്കില്ല. ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഇന്ത്യൻ സുരക്ഷാസേനകൾ രാജ്യത്ത് നിരവധി ഭീകരസംഘങ്ങളെയാണ് കണ്ടെത്തി നിർവീര്യമാക്കിയത്. എത്ര വലിയ ആഘാതമുണ്ടായാലും, എത്ര തവണ പരാജയപ്പെട്ടാലും അവർ ജോലി തുടർന്നു കൊണ്ടിരിക്കും!