അധികാരമേറി പത്ത്‌ വര്‍ഷം പിന്നിടുമ്പോഴും മോദിപ്രഭാവത്തിനും ബിജെപിയുടെ അപ്രമാദിതത്തിനും തെല്ലും പോറലേല്‍പ്പിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. 2024-ന് മുമ്പുള്ള സെമിഫൈനല്‍ പോരാട്ടമെന്ന് വിശേഷിപ്പിച്ച അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കി ബിജെപി വിജയംനേടി. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍നില്‍ക്കെ ബിജെപിയുടെ എക്കാലത്തേയും വലിയ പ്രചരണായുധമായ അയോധ്യയിലെ രാമക്ഷേത്രം യാഥാര്‍ഥ്യമാകാനും പോകുന്നു. ഒട്ടും ആശ്വാസം പകരാത്ത രാഷ്ട്രീയ അന്തരീക്ഷത്തിലാണ് പാര്‍ട്ടിയുടെ തിരിച്ചുവരവ് ലക്ഷ്യമിട്ടുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ ഭാരതയാത്രയുടെ രണ്ടാംഭാഗം വരാന്‍ പോകുന്നത്.

To advertise here,

തുടര്‍ച്ചയായി പത്ത് വര്‍ഷം അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട, രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പാര്‍ട്ടിക്ക് കുറച്ചെങ്കിലും ഉണര്‍വ് നല്‍കാന്‍ ഭാരത് ജോഡോ യാത്രയ്ക്കായെന്ന വിലയിരുത്തലിലാണ് ഭാരത് ജോഡോ ന്യായ് യാത്ര എന്ന രണ്ടാം ഘട്ടം പ്രഖ്യാപിക്കപ്പെട്ടത്. ജോഡോ ന്യായ് യാത്ര രാജ്യത്തിന്റെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ടാണ് നടക്കുന്നത്. മണിപ്പുരില്‍ നിന്ന് ആരംഭിക്കുന്ന യാത്ര മാര്‍ച്ച് 20ന് മുംബൈയില്‍ അവസാനിക്കും. തൊട്ടുപിന്നാലെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിന്റെ ഈ രണ്ടാം യാത്ര എത്ര മാത്രം സ്വാധീനം ചെലുത്തും എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.

ഭാരത് ജോഡോ ന്യായ് യാത്ര തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസെങ്കിലും കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള രാഹുലിന്റെ ഒന്നാം ഭാരത് ജോഡോ യാത്ര സഞ്ചരിച്ച പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പാര്‍ട്ടിക്ക് ആഘോഷിക്കാനും വിലപിക്കാനും ഒരുേപോലെ വകനല്‍കിയിട്ടുണ്ട്. കര്‍ണാടകയിലും തെലങ്കാനയിലും ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന് ആഘോഷിക്കാനുള്ള വക നല്‍കിയപ്പോള്‍ ഹിന്ദി ഹൃദയഭൂമിയില്‍  തിരിച്ചടിയാണ് ഫലമായി ലഭിച്ചത്. എന്നാല്‍, സംഘടനാപരമായി ഉണര്‍വേകാന്‍ രാഹുലിന്റെ യാത്രയ്ക്കായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഭാരത് ജോഡോ ന്യായ് യാത്ര  പിറവിയെടുത്തിരിക്കുന്നത്.

placeholder
ഭാരത് ജോഡോ കശ്മീരിലെത്തിയപ്പോള്‍ |ഫോട്ടോ:PTI

2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ന്യായ് പദ്ധതി തന്നെയാകും ഇത്തവണയും പ്രധാന ആയുധമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു. മുന്‍യാത്രയില്‍ നിന്ന് വിഭിന്നമായി കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം മാത്രമായിരിക്കില്ല ഇത്തവണ യാത്രയുടെ ലക്ഷ്യം. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനായി രൂപീകരിക്കപ്പെട്ട  ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികളുടെ ഏകോപനവും പൊതു അജണ്ടയ്ക്ക് പ്രചാരണം നല്‍കുക എന്നതും പ്രധാന ലക്ഷ്യമായി മാറും.

പദയാത്രയില്‍ നിന്ന് ബസിലേയ്ക്ക് മാറിയ ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടം ആദ്യ യാത്രയെ അപേക്ഷിച്ച് ദൈര്‍ഘ്യം കൂടുതലും ദിവസങ്ങളുടെ എണ്ണം കുറവുമാണ്. ഒപ്പം ലോക്​സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി എന്ന സവിശേഷത വേറെയും.

ഭാരത് ജോഡോയും തിരഞ്ഞെടുപ്പ് ഫലവും

2022 സെപ്റ്റംബര്‍ ഏഴ് മുതല്‍ 2023 ജനുവരി 30 വരെ രാഹുല്‍ നടത്തിയ പദയാത്രയുടെ ആദ്യഫലം കര്‍ണാടകയില്‍ നിന്നാണ് ലഭിച്ചത്. തകര്‍പ്പന്‍ ജയത്തിലൂടെ കോണ്‍ഗ്രസ് അധികാരത്തിലേറിയ കര്‍ണാടകയില്‍ ഭാരത് ജോഡോ കടന്നുപോയ 20 നിയമസഭാ സീറ്റുകളില്‍ 15 ഉം കോണ്‍ഗ്രസിനോടൊപ്പംപോന്നു. ഇതോടെ ഭാരത് ജോഡോ യാത്ര ദേശീയ രാഷ്ട്രീയത്തില്‍ വലിയ ഗെയിംചേഞ്ചറായി മാറപ്പെടുമെന്ന് വിലയിരുത്തപ്പെട്ടു. എന്നാല്‍, പിന്നീട് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ ഫലംവന്നപ്പോള്‍ അത്തരം വിലയിരുത്തലുകള്‍ മാറ്റിയെഴുതപ്പെട്ടു. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഛത്തീസ്ഗഢിലും മിസോറമിലും ഭാരത് ജോഡ് കാലെടുത്ത് വെച്ചിരുന്നില്ല. യാത്ര കടന്നുപോയ തെലങ്കാനയില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായപ്പോള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും കനത്ത തോല്‍വിയും ഏറ്റുവാങ്ങേണ്ടി വന്നു.

തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിനെ വീഴ്ത്തി അധികാരം പിടിക്കാനായെങ്കിലും രാഹുലിന്റെ ഭാരത് ജോഡോ യാത്ര കടന്നുപോയ സീറ്റുകളില്‍ ഭൂരിപക്ഷത്തിലും പാര്‍ട്ടിക്ക് തോല്‍വിയാണ് ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്. 29 സീറ്റുകളിലൂടെ യാത്ര കടന്നുപോയപ്പോള്‍ 12 ഇടങ്ങളിലാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. എന്നാല്‍, ഈ 12 സീറ്റുകളും ഭാരത് രാഷ്ട്രസമിതിയില്‍ (ബി.ആർ.എസ്) നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയാണുണ്ടായത്. ഗ്രാമപ്രദേശങ്ങളായ പഴയ മഹ്ബൂബ്‌നഗര്‍ ജില്ലയിലെ 14 മണ്ഡലങ്ങളിലൂടെ യാത്ര കടന്നുപോയപ്പോള്‍ ഇവിടുത്തെ 12 സീറ്റുകള്‍ കോണ്‍ഗ്രസിന്റെ സഞ്ചിയിലായി. 2018-ല്‍ ഈ മേഖലയിലെ 14 സീറ്റും ബിആര്‍എസ് തൂത്തുവാരിയിരുന്നു. യാത്ര പിന്നീട് നഗരപ്രദേശങ്ങളിലേക്കാണ് പോയത്. ഹൈദരാബാദ് മേഖലയിലെ 15-ല്‍ എട്ട് സീറ്റുകളും ഒവൈസിയുടെ പാര്‍ട്ടിയും ബാക്കിയുള്ളത് ബിആര്‍എസും സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസിന് ഇവിടെ നിന്ന് ഒന്നും ലഭിച്ചില്ല.

അതേസമയം സംസ്ഥാനത്തുടനീളം പാര്‍ട്ടിയുടെ ഉയര്‍ത്തേഴുന്നേല്‍പ്പിനും അധികാരം പിടിക്കുന്നതിലേക്കും ഭാരത് ജോഡോ യാത്ര പ്രധാന കാരണമായെന്ന് തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഏകണ്ഠമായി വിലയിരുത്തുന്നുണ്ട്.

placeholder
ഭാരത് ജോഡോ യാത്രയില്‍ സോണിയ ഗാന്ധി രാഹുലിനൊപ്പം പങ്കുചേര്‍ന്നപ്പോള്‍ | ഫോട്ടോ:PTI

രാജസ്ഥാനിനും മധ്യപ്രദേശിലും ഭാരത് ജോഡോ യാത്ര ഏശിയില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയത്. മധ്യപ്രദേശില്‍ 16 ദിവസം പ്രചാരണം നടത്തിയ യാത്ര 21 മണ്ഡലങ്ങളിലൂടെ കടന്നുപോയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന് നാലിടത്ത് മാത്രമാണ് ജയിക്കാനായത്. 17 സീറ്റുകളിലും ബിജെപിക്ക് ജയിക്കാനായി. ഈ 21 സീറ്റുകളിലേയും കോണ്‍ഗ്രസിന്റെ വോട്ട് വിഹിതത്തില്‍ 11.3 ശതമാനത്തിന്റെ കുറവ് വന്നതും ശ്രദ്ധേയമാണ്. 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 166 സീറ്റുകള്‍ പിടിച്ചാണ് അധികാരം നിലനിര്‍ത്തിയത്. കോണ്‍ഗ്രസ് 66ൽ ഒതുങ്ങി.

രാജസ്ഥാനില്‍ 18 ദിവസങ്ങളിലായി 22 നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോയത്. 2018-ല്‍ കോണ്‍ഗ്രസ് 14, ബിജെപി-5, മറ്റുള്ളവര്‍-3 എന്നിങ്ങനെയായിരുന്നു ഈ സീറ്റുകളിലെ കക്ഷിനില. ഭാരത് ജോഡോ യാത്രയ്ക്കുശേഷം നടന്ന 2023-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒമ്പത് സീറ്റുകളിൽ ഒതുങ്ങി. ബിജെപി 11 സീറ്റുകളിലും സ്വതന്ത്രര്‍ രണ്ടിടത്തും ജയിച്ചു. അതേസമയം ഈ സീറ്റുകളില്‍ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതത്തില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. രാജസ്ഥാനിൽ 199 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 115 സീറ്റ്  നേടിയാണ് ബിജെപി അധികാരം തിരിച്ചുപിടിച്ചത്. കോണ്‍ഗ്രസ് 69 സീറ്റാണ് നേടിയത്.

പുതിയ യാത്ര, പുതിയ റൂട്ട്, പുതിയ മുദ്രാവാക്യം

ബി.ജെ.പി നടത്തുന്ന ധ്രുവീകരണ രാഷ്ട്രീയത്തിന്റെ കാലത്ത് ഐക്യത്തിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഒന്നാം ഭാരത് ജോഡോ യാത്ര. വ്യത്യസ്തമായ രാഷ്ട്രീയ അന്തരീക്ഷത്തില്‍ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയപരവുമായ നീതി എന്ന ആവശ്യത്തോടെ ഈ അനീതിക്കെതിരെ നമുക്കൊരുമിച്ച് നിലകൊള്ളാം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് രണ്ടാംയാത്രയ്ക്ക് രാഹുല്‍ ഒരുങ്ങുന്നത്. മണിപ്പുരിലെ ഇംഫാലില്‍ നിന്ന് തുടങ്ങുന്ന യാത്ര 15 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് മുംബൈയില്‍ അവസാനിക്കും. ഈ യാത്രിയില്‍ ഉന്നയിക്കപ്പെടുന്ന വിഷയങ്ങള്‍ തന്നെയാകും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുക. ആറു മാസത്തിലേറെയായി സംഘര്‍ഷം തുടരുകയും അറുപതിനായിരത്തിലധികംപേര്‍ക്ക് കിടപ്പാടം നഷ്ടമാകുകയും ചെയ്ത മണിപ്പുരില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്താതിരിക്കുന്നതിലെ അനീതി ഉയര്‍ത്തി രണ്ടാം യാത്രയ്ക്ക് തുടക്കമിടുന്ന രാഹുലിന് പാർട്ടി രാഷ്ട്രീയപരമായി വന്‍വെല്ലുവിളികള്‍ നേരിടുന്ന സംസ്ഥാനങ്ങളിലൂടെയാകും തുടര്‍ന്നുള്ള ദിവസങ്ങളില്‍ സഞ്ചരിക്കേണ്ടിവരിക.

67 ദിവസം,15 സംസ്ഥാനങ്ങള്‍,110 ജില്ലകള്‍, 100 ലോക്‌സഭാ മണ്ഡലങ്ങള്‍, 337 അസംബ്ലി മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ഭാരത് ന്യായ് യാത്ര ഏറ്റവും കൂടുതല്‍ ദിവസം ചെലവിടുന്നത് കോണ്‍ഗ്രസ് ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന ഉത്തര്‍പ്രദേശിലാണ്.

placeholder

പാര്‍ലമെന്റിലേക്ക് ഏറ്റവും കൂടുതല്‍ എംപിമാരെ സംഭാവന ചെയ്യുന്ന ഉത്തര്‍പ്രദേശില്‍ 11 ദിവസങ്ങളിലായി 20 ജില്ലകളിലൂടെ ആയിരത്തിലേറെ കിലോമീറ്റര്‍ യാത്ര കടന്നുപോകും. ഉത്തര്‍പ്രദേശില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ രാജ്യത്ത് അധികാരത്തില്‍ തിരിച്ചെത്തുക അസാധ്യമാണെന്ന തിരിച്ചറിവ് കോണ്‍ഗ്രസിനുണ്ടായിട്ടുണ്ടെന്നാണ് യാത്രയുടെ റൂട്ട് മാപ്പില്‍ നിന്ന് വ്യക്തമാകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച കോണ്‍ഗ്രസിനെ ഉത്തര്‍പ്രദേശ് എങ്ങനെ വരവേല്‍ക്കുമെന്നത് കണ്ടറിയണം. യുപിയിലെ തങ്ങളുടെ ശക്തികേന്ദ്രമായ റായ്ബറേലിയിലൂടെയും തന്റെ പഴയ തട്ടകമായ അമേഠിയിലൂടെയും സഞ്ചരിക്കുന്ന രാഹുല്‍ മോദിയുടെ വാരണസിയിലും  എത്തുന്നുണ്ട്. ഇന്ത്യ മുന്നണിയിലെ മുഴുവന്‍ സഖ്യകക്ഷി നേതാക്കളേയും പ്രവര്‍ത്തകരേയും പരാമവധി ഉള്‍ക്കൊള്ളിച്ചാണ് പുതിയ യാത്രയ്ക്ക് കോണ്‍ഗ്രസ് തന്ത്രം ഒരുക്കിയിട്ടുള്ളത്. 

യാത്രയുടെ റൂട്ട് മാപ്പ്

1 മണിപ്പൂര്‍ 107 കി.മീ - 4 ജില്ല
2 നാഗാലാന്‍ഡ് 257 കിലോമീറ്റര്‍ - 5 ജില്ല
3 അസം 833 കി.മീ- 17 ജില്ല
4 അരുണാചല്‍ പ്രദേശ് 55 കി.മീ- 1 ജില്ല
5 മേഘാലയ 5 കി.മീ -1 ജില്ല
6 പശ്ചിമ ബംഗാള്‍ 523 കിലോമീറ്റര്‍ - 7 ജില്ല
7 ബീഹാര്‍ 425 കി.മീ - 7 ജില്ല
8 ജാര്‍ഖണ്ഡ് 804 കി.മീ - 13 ജില്ല
9 ഒറീസ 341 കിലോമീറ്റര്‍ - 4 ജില്ല
10 ഛത്തീസ്ഗഡ് 536 കി.മീ- 7 ജില്ല
11 ഉത്തര്‍പ്രദേശ് 1,074 കി.മീ - 20 ജില്ല
12 മധ്യപ്രദേശ് 698 കി.മീ - 9 ജില്ല
13 രാജസ്ഥാന്‍ 128 കി.മീ - 2 ജില്ല
14 ഗുജറാത്ത് 445 കിലോമീറ്റര്‍ - 7 ജില്ല
15 മഹാരാഷ്ട്ര 480 കി.മീ- 6 ജില്ല

രാഹുലില്‍ പ്രതീക്ഷയര്‍പ്പിച്ച് വീണ്ടും കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആത്മവിശ്വാസവും ഇച്ഛാശക്തിയുമുണ്ടാക്കുന്നതില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഒന്നാം ഭാരത് ജോഡോ യാത്ര വഹിച്ച പങ്ക് ചെറുതല്ല. 2019-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുല്‍ അന്ന് തൊട്ട് കേള്‍ക്കാത്ത പഴികളും പരിഹാസങ്ങളുമില്ലായിരുന്നു. തിരഞ്ഞെടുപ്പുകളിലെ തോല്‍വിയും നേതാക്കളുടെ കൂട്ടമായ മറുകണ്ടം ചാടലും തന്റെ നേര്‍ക്കുള്ള ശരങ്ങളായി വന്നുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു പാര്‍ട്ടിയുടെ അടിത്തറ വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ രാഹുല്‍ അഖിലേന്ത്യാ പദയാത്രയ്ക്കിറങ്ങിയത്. 

placeholder

കുടുംബപാരമ്പര്യത്താല്‍ കൈവന്ന സ്ഥാനം എന്ന പ്രതിച്ഛായ കുടഞ്ഞെറിഞ്ഞ് തന്റേതായ  നേതൃപാ​ടവം പ്രദർശിപ്പിക്കാൻ ഈ യാത്രയിലൂടെ രാഹുലിന് സാധിച്ചു. തന്റെ നേതൃശേഷിയെ അതുവരെ പരിഹസിച്ചിരുന്ന മമതാ ബാനര്‍ജി അടക്കമുള്ള ഇതര പാര്‍ട്ടി നേതാക്കളില്‍ നിന്ന് പോലും പ്രശംസയ്ക്ക് രാഹുല്‍ പാത്രമായി. 

കോണ്‍ഗ്രസ് സംഘടനയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടൊപ്പം രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ബോധവത്കരണത്തില്‍ ഊന്നിയതുകൊണ്ടാണ് ഇതരപാര്‍ട്ടികളുടെയും വിവിധ മേഖലകളിലെ പ്രമുഖവ്യക്തികളുടെയും പിന്തുണയാര്‍ജിക്കാന്‍ രാഹലിനും ഭാരത് ജോഡോ യാത്രയ്ക്കും കഴിഞ്ഞത്. നീതി നിഷേധമെന്ന മറ്റൊരു ആശയത്തില്‍ രണ്ടാം ഭാരത് ജോഡോ യാത്രയ്ക്കിറങ്ങുമ്പോഴും കോണ്‍ഗ്രസിന് പുറത്ത് നിന്നുള്ള പൊതുസ്വീകാര്യതയാണ് തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നതും.