ഇന്ത്യയെ കേന്ദ്രസ്ഥാനത്ത് നിർത്തി ഒരു പുതിയ പ്രാദേശിക കൂട്ടായ്മയുടെ സാധ്യതകൾ തേടി ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഇന്ത്യയെ ‘ആഗോള ശക്തി’ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘അടുത്ത സുഹൃത്ത്’ എന്നും വിളിച്ചുകൊണ്ട് നെതന്യാഹു, ഒരു പുതിയ പ്രാദേശിക സഖ്യത്തിന്റെ കേന്ദ്രസ്ഥാനത്ത് ഇന്ത്യയെ പ്രതിഷ്ഠിക്കുന്ന നയതന്ത്രപദ്ധതി വിശദീകരിച്ചു. മോദിയുടെ ദ്വിദിന സന്ദർശനത്തിന് മുന്നോടിയായാണ് ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, മെഡിറ്ററേനിയൻ എന്നിവിടങ്ങളിലെ രാജ്യങ്ങളെ ഉൾപ്പെടുത്തി ‘ഹെക്‌സഗൺ ഓഫ് അലയൻസ്’ (hexagon of alliances) കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് നെതന്യാഹു വിശദീകരിച്ചത്. 2017-ന് ശേഷമുള്ള മോദിയുടെ ആദ്യ ഇസ്രയേൽ സന്ദർശനമാണിത്. ഇതിൽ പ്രതിരോധസഹകരണം പ്രധാന വിഷയമാകുമെന്ന് പ്രതീക്ഷിക്കുന്ന വേളയിലാണ് നെതന്യാഹു പുതിയ പ്രാദേശിക കൂട്ടായ്മയുടെ സാധ്യതകൾ മുന്നോട്ട് വെയ്ക്കുന്നത്. എന്താണ് നെതന്യാഹുവിന്റെ ‘ഹെക്‌സഗൺ ഓഫ് അലയൻസ്’ ? എന്തുകൊണ്ടാണ് ഇതിൽ ഇന്ത്യ പ്രധാനകക്ഷിയാകുന്നത്? കൂട്ടായ്മയിൽ ഇന്ത്യ ഭാഗമാകുമോ?

To advertise here,

ഹെക്‌സഗൺ ഓഫ് അലയൻസ്

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നോട്ട് വെച്ച ഒരു നിർദ്ദിഷ്ട ബഹുരാഷ്ട്ര കൂട്ടായ്മയാണ് ‘ഹെക്‌സഗൺ ഓഫ് അലയൻസ്’. നെതന്യാഹുവിന്റെ അഭിപ്രായത്തിൽ പശ്ചിമേഷ്യയിലും പരിസരത്തുമുള്ള രാജ്യങ്ങളുമായുള്ള സഖ്യമാണ് ഹെക്‌സഗൺ ഓഫ് അലയൻസ്. ഇസ്രയേലിന് പുറമേ ഇന്ത്യ, മെഡിറ്ററേനിയൻ പങ്കാളികളായ ഗ്രീസും സൈപ്രസും, അറബ് രാഷ്ട്രങ്ങൾ, ആഫ്രിക്കൻ രാഷ്ട്രങ്ങൾ, ഏഷ്യൻ രാജ്യങ്ങൾ എന്നിവരെയാണ് പ്രധാന പങ്കാളികളായി നെതന്യാഹു നിർദേശിച്ചിരിക്കുന്നത്. ഇറാൻ പിന്തുണയ്ക്കുന്ന ഷിയ അച്ചുതണ്ടിനും അടുത്ത കാലത്ത് ശക്തമാകുന്ന തീവ്ര സുന്നി ഭീഷണികൾക്കെതിരെ പൊതുവായ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രങ്ങളുടെ സഖ്യം കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യമെന്നാണ് നെതന്യാഹു വിവരിക്കുന്നത്. ഈ ഭീഷണികൾക്കെതിരായ സഹകരണം വളർത്തിയെടുക്കുക്കാൻ പ്രധാനമായും പശ്ചിമേഷ്യയെ ചുറ്റിപ്പറ്റിയുള്ള രാജ്യങ്ങളുടെ സഖ്യമായാണ് ഇത് വിഭാവനം ചെയ്യുന്നത്.

നയതന്ത്ര, സുരക്ഷാ കൂട്ടായ്മ സൃഷ്ടിക്കാനുള്ള ഇസ്രയേലിന്റെ ശ്രമമായാണ് ഇത് വിലയിരുത്തുന്നത്. സാമ്പത്തിക സഹകരണം, നയതന്ത്ര ഏകോപനം, രഹസ്യാന്വേഷണ വിവരങ്ങളുടെ പങ്കിടലും പ്രതിരോധ സാങ്കേതികവിദ്യയും ഉൾപ്പെടെയുള്ള സുരക്ഷാ സഹകരണം എന്നിങ്ങനെ മൂന്ന് തലത്തിലുള്ള സഹകരണമാണ് ലക്ഷ്യമിടുന്നത്. ഔപചാരിക സൈനിക കരാറുകളിൽനിന്ന് വ്യത്യസ്തമായി, അമേരിക്കയെ ആശ്രയിക്കാതെ പ്രതിരോധ-സാമ്പത്തിക സഹകരണം എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇസ്രയേൽ തീവ്ര ഷിയാ അച്ചുതണ്ട് എന്ന് വിശേഷിപ്പിക്കുന്ന ഇറാനും അവരുടെ പ്രാദേശിക പങ്കാളികളും ഉൾക്കൊള്ളുന്ന കൂട്ടായ്മയ്ക്ക് എതിരായ പ്രതിരോധമായാണ് ഈ കൂട്ടായ്മയെ നെതന്യാഹു വിഭാവനം ചെയ്യുന്നത്. മാത്രമല്ല, ഉയർന്നുവരുന്ന റാഡിക്കൽ സുന്നി അച്ചുതണ്ടിനെക്കുറിച്ചുള്ള ആശങ്കകളും നെതന്യാഹു പങ്കുവെയ്ക്കുന്നുണ്ട്. റാഡിക്കൽ സുന്നി അച്ചുതണ്ട് എന്നതുകൊണ്ട് നെതന്യാഹു എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.

 

എന്തുകൊണ്ട് കൂട്ടായ്മയുടെ കേന്ദ്രസ്ഥാനത്ത് ഇന്ത്യ?

നിർദ്ദിഷ്ട ബഹുരാഷ്ട്ര കൂട്ടായ്മയെക്കുറിച്ച് ആലോചിക്കുമ്പോൾ ബഞ്ചമിൻ നെതന്യാഹു മുന്നോട്ട് വെച്ച പേരുകളിലൊന്ന് ഇന്ത്യയുടേതാണ്. അതിന് നെതന്യാഹുവിനെ പ്രേരിപ്പിച്ച ഘടകങ്ങൾ ഏറെയുണ്ടെന്നാണ് വിലയിരുത്തൽ. പതിറ്റാണ്ടുകളായുള്ള ആഴത്തിലുള്ള പ്രതിരോധ-സാമ്പത്തിക സഹകരണമാണ് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ളത്. ഇരുരാജ്യങ്ങളും ദീർഘകാലമായി ഊഷ്മളമായ നയതന്ത്ര ബന്ധങ്ങൾ പങ്കിടുന്നു. മാത്രമല്ല, 2014-ൽ മോദി അധികാരത്തിൽ വന്നതിന് ശേഷം കൂടുതൽ ശക്തിപ്രാപിച്ചു. മോദിയും നെതന്യാഹുവും നല്ല സൗഹൃദം പുലർത്തിയിട്ടുണ്ട്. അടുത്തിടെ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ മോദി തന്റെ അടുത്ത സുഹൃത്താണെന്ന് നെതന്യാഹു വ്യക്തമാക്കുകയും ചെയ്തിരുന്നു.

പ്രതിരോധം, സാങ്കേതികവിദ്യ, കൃഷി, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ ഇന്ത്യയും ഇസ്രയേലും ശക്തമായ തന്ത്രപരമായ സഹകരണം നിലനിർത്തുന്നു. തൊണ്ണൂറുകൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി. പ്രതിരോധ രംഗത്ത് അടുത്ത് പ്രവർത്തിക്കുന്നതിനൊപ്പം ഇസ്രയേലി സൈനിക സാങ്കേതികവിദ്യയുടെ പ്രധാന ഉപഭോക്താവുമാണ് ഇന്ത്യ. ഇസ്രയേലി പ്രതിരോധ ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും ഏറ്റവും വലിയ ഉപഭോക്താക്കളിലൊരാളാണ് ഇന്ത്യ. സമീപവർഷങ്ങളിൽ ഉഭയകക്ഷി വ്യാപാരത്തിലും വളർച്ചയുണ്ടായി. കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഏകദേശം 10 ബില്യൺ ഡോളറിന്റേതായിരുന്നു.

ആഗോളശക്തി എന്ന നിലയിൽ ഇന്ത്യയ്ക്കുള്ള സ്വീകാര്യത, ശക്തമായ ഉഭയകക്ഷി ബന്ധങ്ങൾ, തീവ്രവാദവിരുദ്ധ നിലപാടുകൾ, പ്രാദേശിക ഭീഷണികളെ പ്രതിരോധിക്കാനുള്ള ശേഷി എന്നിവയെല്ലാം നെതന്യാഹുവിന്റെ പരിഗണനാ വിഷയങ്ങളാണെന്നാണ് നിരീക്ഷകർ, ചൂണ്ടിക്കാണിക്കുന്നത്. റാഡിക്കൽ ഷിയാ-സുന്നി അച്ചുതണ്ടുകളെ നേരിടാൻ  പ്രതിരോധം കെട്ടിപ്പടുക്കാനും ആഗോളശക്തിയെന്ന പദവി പ്രയോജനപ്പെടുത്തുന്നതിനായും ഇന്ത്യയെ സഖ്യത്തിൽ ഉൾപ്പെടുത്താൻ നെതന്യാഹു ശ്രമിക്കുന്നു. ഇന്ത്യ വന്നാൽ ഇറാനും അവർ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകൾക്കുമെതിരായ ശൃംഖല ശക്തിപ്പെടുത്താമെന്നാണ് നെതന്യാഹുവിന്റെ കണക്കുകൂട്ടൽ. മാത്രമല്ല, യുഎസ് ആധിപത്യത്തിൽനിന്ന് സ്വതന്ത്രമായ, വഴക്കമുള്ള ബ്ലോക്ക് സൃഷ്ടിക്കാനും സാധിക്കും.

ഇന്ത്യ-മിഡിൽ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി പോലുള്ള പദ്ധതികൾക്കായും വ്യാപാരത്തിനും കണക്റ്റിവിറ്റിക്കുമായി അറബ് രാജ്യങ്ങൾ, ആഫ്രിക്ക, ഗ്രീസ്, സൈപ്രസ്, ഏഷ്യൻ രാജ്യങ്ങളുമായി ഇന്ത്യ ഇതിനകം ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുമുണ്ട്. ഇന്ത്യയുടെ പങ്കാളിത്തം ഒരു പ്രാദേശിക കൂട്ടായ്മയ്ക്ക് അപ്പുറത്തേക്ക് ചട്ടക്കൂടിനെ ഉയർത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

നിർണായകം മോദിയുടെ ഇസ്രയേൽ സന്ദർശനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിന് തൊട്ടുമുമ്പാണ്  നിർദ്ദിഷ്ട ബഹുരാഷ്ട്ര കൂട്ടായ്മ സംബന്ധിച്ച ബഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനം വരുന്നത്. 2017-ന് ശേഷമുള്ള മോദിയുടെ രണ്ടാമത്തെ ഇസ്രയേൽ സന്ദർശനമാണിത്. രണ്ട് വർഷത്തെ യുദ്ധത്തിന് ശേഷം ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ നടപ്പായി മാസങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിക്കുന്നത്. രണ്ട് ദിവസത്തെ സന്ദർശനവേളയിൽ, മോദി ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇതാകട്ടെ അത്യപൂർവ നടപടിയുമാണ്.

സന്ദർശനവേളയിലും നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിലും പ്രതിരോധ സഹകരണം പ്രധാന വിഷയമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇസ്രയേലിൽനിന്ന് ദീർഘദൂര മിസൈലുകളും ലോയ്റ്ററിങ് ആയുധങ്ങളും വാങ്ങാൻ ഇന്ത്യയ്ക്ക് താൽപര്യമുണ്ട്. അയൺ ഡോം, ഡേവിഡ്സ് സ്ലിംഗ്, ആരോ തുടങ്ങി മിസൈൽ പ്രതിരോധ ശേഷി വികസിപ്പിക്കുന്നതിനായി ഇസ്രയേലുമായി സംയുക്തമായി മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിക്കാനും ഇന്ത്യ ശ്രമിക്കുന്നു. ആന്റി-ബാലിസ്റ്റിക് മിസൈൽ ഷീൽഡുകൾ, ലേസർ ആയുധങ്ങൾ, ഡ്രോണുകൾ, ദീർഘദൂര സ്റ്റാൻഡ്-ഓഫ് മിസൈലുകൾ എന്നിവയുടെ സംയുക്ത വികസനം ഇന്ത്യ പരിഗണിക്കുന്നതായും ചർച്ചകളുണ്ട്.

പ്രതിരോധ മേഖലയ്ക്ക് പുറമെ സാങ്കേതിക സഹകരണം വ്യാപാരം തുടങ്ങിയ മേഖലകളിൽ കരാറുകളിൽ ഒപ്പുവെച്ചുകൊണ്ട് ഇരു രാജ്യങ്ങളും സഹകരണം കൂടുതൽ ആഴത്തിലാക്കുമെന്നും പ്രതീക്ഷിക്കുന്നു. ശാസ്ത്ര- സാങ്കേതികവിദ്യ, കൃഷി, നിർമ്മിതബുദ്ധി, ജലസേചനം തുടങ്ങിയ വിഷയങ്ങളും പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തിൽ ചർച്ചയായേക്കും. ഈ സാഹചര്യത്തിലാണ് ഒരു നിർദ്ദിഷ്ട ബഹുരാഷ്ട്ര കൂട്ടായ്മയെക്കുറിച്ചുള്ള ചർച്ചകൾക്ക് നെതന്യാഹു തുടക്കം കുറിച്ചിരിക്കുന്നത്.

ഇന്ത്യ കൂട്ടായ്മയിൽ അംഗമാകുമോ?

നിർദ്ദിഷ്ട ബഹുരാഷ്ട്ര കൂട്ടായ്മയുടെ കേന്ദ്രബിന്ദുവായാണ് നെതന്യാഹു ഇന്ത്യയെ വിശേഷിപ്പിക്കുന്നത്. സുരക്ഷാ വിഷയങ്ങളിൽ, പ്രത്യേകിച്ച് പലസ്തീൻ, ഇറാൻ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്ത്യ സഹകരിക്കുമെന്ന് നെതന്യാഹു പ്രതീക്ഷിക്കുന്നതായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, അറബ് രാഷ്ട്രങ്ങളോടും പലസ്തീനോടും ഇന്ത്യ ദീർഘകാലമായി സന്തുലിതവുമായ സമീപനമാണ് പുലർത്തുന്നത്. മോദി പ്രധാനമന്ത്രിയായതിനുശേഷവും ഈ നിലപാട് മാറ്റിയിട്ടില്ല. വെസ്റ്റ് ബാങ്ക് വികസനത്തിന്റെ കാര്യത്തിൽ ഇസ്രയേലിനെതിരെ പലസ്തീനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. അതിനാൽ തന്നെ മോദിയുടെ നെതന്യാഹുവുമായുള്ള സംഭാഷണത്തിൽ ഗാസ സംഘർഷം ഏത് രീതിയിൽ വിഷയമാകുമെന്നും ഉറ്റുനോക്കുന്നവരുണ്ട്.

പ്രതിരോധം, സാങ്കേതികവിദ്യ, സാമ്പത്തിക സഹകരണം തുടങ്ങിയ മേഖലകളിൽ ഇസ്രയേലുമായി അടുത്ത് പ്രവർത്തിക്കുമ്പോഴും പലസ്തീൻ നേതൃത്വവുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ നിലനിർത്തുന്നു. സൗദി അറേബ്യയും യുഎഇയും ഒമാനുമുൾപ്പെടെയുള്ള അറബ് രാജ്യങ്ങളുമായി ശക്തമായ ബന്ധം പുലർത്തുകയും ഇറാനുമായി എല്ലാക്കാലത്തും നല്ല ബന്ധം സൂക്ഷിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇന്ത്യയുടെ പല തന്ത്രപ്രധാന പദ്ധതികളുടെയും പങ്കാളികൂടിയാണ് ഇറാൻ. അറബ് രാജ്യങ്ങളുമായി പതിറ്റാണ്ടുകൾകൊണ്ട് വളർത്തിയെടുത്ത ശക്തമായ ബന്ധമാണ് രാജ്യത്തിനുള്ളത്. പല രാജ്യങ്ങളുമായി അടുത്ത കാലത്ത് സഹകരണം ശക്തമാക്കുകയും സ്വതന്ത്രവ്യാപാര കരാറിലേക്ക് അടക്കം എത്തുകയും ചെയ്തിരുന്നു. അതിനാൽ തന്നെ സൈനികവും സാമ്പത്തികവുമായ ഘടകങ്ങൾ ഇന്ത്യ ശ്രദ്ധാപൂർവ്വം വിലയിരുത്തേണ്ടതുണ്ടെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

അറബ് രാജ്യങ്ങളിലായി ദശലക്ഷക്കണക്കിന് ഇന്ത്യൻ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇസ്രയേലുമായുള്ള ഏതൊരു സൈനിക സഖ്യവും അവരെ അപകടത്തിലാക്കുകയും ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. അതിനാൽ തന്നെ ഇറാനെ എതിർസ്ഥാനത്ത് നിർത്തുന്ന ഒരു കൂട്ടായ്മയിലോ പലസ്തീനിനെ മാറ്റിനിർത്തുന്ന ഒന്നിലോ അറബ് രാജ്യങ്ങളെ പിണക്കുന്ന ഒന്നിലോ ചേരുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടായിരിക്കുമെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല, സമാധാനം ആഗ്രഹിക്കുന്ന രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ പ്രതിച്ഛായക്കും അത് കോട്ടം വരുത്തുമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. നെതന്യാഹു ഏകപക്ഷീയമായി പ്രഖ്യാപനങ്ങൾ നടത്തിയേക്കാമെന്ന് വ്യക്തമാണ്. അതിനാൽ ഇന്ത്യ അതീവ ജാഗ്രതയോടെ പ്രവർത്തിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.