ഇസ്രായേൽ പാർലമെൻ്റായ നെസെറ്റിനെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ ഭരണാധികാരി എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, അർജൻ്റീന പ്രസിഡന്റ് ജാവിയർ മിലി എന്നിവർക്ക് ശേഷം ആ വേദിയിൽ പ്രസംഗിക്കുന്ന വിദേശ നേതാവാണ് മോദി. ഗാസയിലെ യുദ്ധവുമായി ബന്ധപ്പെട്ട് ഇസ്രായേൽ അന്താരാഷ്ട്ര തലത്തിൽ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിലും, ഇന്ത്യ അവർക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് മോദി നെസെറ്റിൽ പ്രഖ്യാപിച്ചത് വലിയ വാർത്തായായി.
മോദിയുടെ ഇസ്രയേൽ സന്ദർശനവുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ വ്യാജപ്രചാരണങ്ങൾ നടക്കുന്നുണ്ട്. അക്കൂട്ടത്തിലൊന്നാണ്, നെസെറ്റിൽ പ്രധാനമന്ത്രി മോദി പ്രസംഗിക്കാൻ തുടങ്ങവെ പ്രതിപക്ഷാംഗങ്ങൾ സഭ ബഹിഷ്കരിച്ചു എന്നത്. അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോകുന്നതിന്‍റെ ദൃശ്യങ്ങൾ ഉൾപ്പടെയാണ് പ്രചാരണം. എന്നാൽ മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി.
അന്വേഷണം
ഇത്തരത്തിൽ ഒരു സംഭവം നടന്നെന്ന് സ്ഥിരീകരിക്കുന്ന വിശ്വസനീയമായ റിപ്പോർട്ടുകൾ അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ഇസ്രായേൽ ഗവൺമെന്റ് പ്രസ് ഓഫീസ് (GPO) ഔദ്യോഗിക യൂട്യൂബ് ചാനലിൽ 2026 ഫെബ്രുവരി 25-ന് പങ്കുവെച്ച പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന്റെ വീഡിയോ പരിശോധിച്ചു. ഒരു മണിക്കൂർ നാൽപത്തിനാല് മിനുട്ട് ദൈർഘ്യമുള്ള വീഡിയോയിൽ എവിടെയും തന്നെ മോദി സംസാരിക്കുമ്പോൾ പ്രതിപക്ഷ അംഗങ്ങൾ സഭ ബഹിഷ്ക്കുന്ന ദൃശ്യങ്ങളില്ല. എന്നാൽ ഈ വീഡിയോയുടെ 28-ാം മിനിറ്റിൽ വൈറലായ ദൃശ്യങ്ങൾ കാണാം. ഈ സമയത്ത് പ്രധാനമന്ത്രി മോദി വേദിയിൽ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം പ്രസംഗം ആരംഭിച്ചിരുന്നില്ല.
നെസെറ്റ് സ്പീക്കറും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സംസാരിക്കുമ്പോഴാണ് പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്നും ഇറങ്ങിപ്പോയത്. പ്രധാനമന്ത്രി മോദിയുടെ പ്രസംഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഇവരെല്ലാം തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ യൂട്യൂബ് വീഡിയോയിൽ കാണാം.
വിശദമായ പരിശോധനയിൽ, ഇസ്രായേൽ ഹൈക്കോടതി പ്രസിഡന്റ് ഇസാക് അമീതിനെ മോദിയെ ആദരിക്കുന്ന പ്രത്യേക സമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്നുള്ള രാഷ്ട്രീയ തർക്കമാണ് പ്രതിഷേധത്തിന് കാരണമെന്ന് കണ്ടെത്തി. സഭാ ബഹിഷ്കരണം അവിടുത്തെ ആഭ്യന്തര രാഷ്ട്രീയ വിഷയമാണെന്നും ഇതിന് മോദിയുമായി ബന്ധമില്ലെന്നും വ്യക്തമായി.
യഥാർത്ഥ വീഡിയോയിൽ ഇസ്രയേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് മോദിയെ ഹസ്തദാനം ചെയ്യുകയും അദ്ദേഹത്തിന്റെ നേതൃത്വത്തെയും ഇന്ത്യ-ഇസ്രായേൽ ബന്ധത്തെയും പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല സഭയിൽ നടന്ന പ്രതിഷേധം മോദിക്കെതിരെ ആയിരുന്നില്ലെന്നും ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തോടുള്ള ബഹുമാനസൂചകമായാണ് തങ്ങൾ തിരികെ എത്തിയതെന്നും അദ്ദേഹം തന്‍റെ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വാസ്തവം
ഇസ്രയേൽ പാർലമെൻറിൽ പ്രധാനമന്ത്രി മോദി പ്രസംഗിക്കാൻ തുടങ്ങവെ പ്രതിപക്ഷാംഗങ്ങൾ സഭ ബഹിഷ്കരിച്ചു എന്ന പ്രചാരണം വ്യാജമാണ്. നെസെറ്റിലെ മോദിയുടെ പ്രസംഗത്തിലുടനീളം ആരും സഭ ബഹിഷ്കരിച്ചിട്ടില്ല.
Content Highlights: A viral claim suggests Israel's opposition walked out during PM Modi's speech in the Knesset., The walkout occurred before Modi's speech and was related to an internal Israeli political dispute., The opposition members returned to the chamber for PM Modi's address, making the viral claim false.
Published: 02 Mar 2026, 09:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented