
ന്യൂഡൽഹി: ജൂൺ മൂന്ന്, വൈകിട്ട് അഞ്ച് മണി. സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞ കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പത്രസമ്മേളനം ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ തുടങ്ങാൻ പോകുന്നു. പാറ്റകൾ ആദ്യമായി പൊതുസമക്ഷത്തേക്ക് വരുന്ന പത്രസമ്മേളനം ആയതിനാൽ മാധ്യമങ്ങളുടെ വൻ തിക്കും തിരക്കും പ്രതീക്ഷിച്ച് ഹാളിൽ സീറ്റ് പിടിക്കാൻ അല്പം നേരത്തെ എത്തിയവർക്ക് തെറ്റി. പത്രസമ്മേളനം തുടങ്ങാറായിട്ടും മുഖ്യധാരാ ദേശീയ ചാനലുകളുടെയൊന്നും അനക്കം കാണുന്നില്ല. മലയാള മാധ്യമങ്ങൾ, കുറച്ച് വാർത്താ ഏജൻസികൾ, രണ്ടോ മൂന്നോ വിദേശ മാധ്യമപ്രവർത്തകർ തുടങ്ങിയവർ മാത്രമാണ് 'മുഖ്യധാര'യിൽ നിന്ന് മുഖ്യമായും കണ്ടത്. ആക്ഷേപഹാസ്യ രൂപത്തിൽ തുടങ്ങിയ പാറ്റ പാർട്ടിക്ക് 17 ദിവസം കൊണ്ട് രണ്ടുകോടിയിലേറെ ഫോളോവേഴ്സ് ഉണ്ടായിരുന്നു എന്നതുപോലും മുഖ്യധാര കണ്ടില്ലെന്ന് നടിച്ചു.
മാധ്യമങ്ങളുടെ വൻ തിരക്ക് പ്രതീക്ഷിച്ച് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലെ വലിയൊരു ഹാൾ തന്നെ പത്രസമ്മേളനത്തിനായി ബുക്ക് ചെയ്തത് വെറുതെയായെന്ന് പാറ്റകൾക്ക് തോന്നിയിട്ടുണ്ടാകാം. പിറ്റേന്ന് രണ്ടാമത്തെ പത്രസമ്മേളനം നടത്തിയത് ഡൽഹി വനിത പ്രസ് ക്ലബ്ബിലെ വളരെ ചെറിയൊരു മുറിയിൽ. അതുതന്നെ ധാരാളമായിരുന്നു. പതിവുപോലെ മലയാളം മാധ്യമങ്ങൾ, പിന്നെ കുറച്ച് ഓൺലൈനുകാർ. രണ്ടുദിവസത്തിനുശേഷം, ജൂൺ ആറിന് ജന്തർമന്തറിൽ നടത്താൻ പോകുന്ന ആദ്യ സമരത്തെക്കുറിച്ച് പറയാൻ നടത്തിയ പത്രസമ്മേളനമായിരുന്നു അത്. 'മുഖ്യധാര'യുടെ മുഖംതിരിക്കൽ വരുംദിവസങ്ങളിലും മുഴച്ചു കണ്ടു. എന്നാൽ ഓൺലൈൻ, യൂട്യൂബ് മാധ്യമങ്ങൾ പാറ്റകൾക്കൊപ്പം ജന്തർമന്തറിൽ നിറഞ്ഞാടി.
അമേരിക്കയിൽ ആയിരുന്ന കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ ജൂൺ ആറിന് രാവിലെ ഡൽഹിയിൽ വിമാനം ഇറങ്ങി നേരെ ജന്തർമന്തറിലേക്ക് തിരിച്ചു. ആദ്യം പാർലമെൻറ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ വന്ന് സമരത്തിന് അനുമതി തേടുമെന്ന് പറഞ്ഞിരുന്നെങ്കിലും ഡൽഹി പോലീസ് വിമാനത്താവളത്തിലേക്ക് പോയി അവിടെവച്ച് തന്നെ അനുമതി നൽകിയതിനാൽ നേരെ ജന്തർമന്തറിലേക്ക് പോവുകയായിരുന്നു.
കഴിഞ്ഞ രണ്ട് പത്രസമ്മേളനങ്ങളിൽ കണ്ടതിന്റെ ഏതാണ്ട് ആവർത്തനം തന്നെയായിരുന്നു മുഖ്യധാര ദേശീയ മാധ്യമങ്ങൾ ജൂൺ ആറിന് ജന്തർമന്തറിലും ആവർത്തിച്ചത്. കേരളത്തിൽ ഇറങ്ങുന്ന മലയാള പത്രങ്ങൾ ഒന്നാം പേജ് ഉൾപ്പെടെ നിരവധി സ്ഥലം പാറ്റകൾക്കായി നീക്കിവെച്ചപ്പോൾ ഡൽഹിയിൽ ഇറങ്ങിയ പല ഇംഗ്ലീഷ് ദിനപത്രങ്ങളുടെയും ഒന്നാം പേജിൽ പാറ്റകൾക്ക് ഇടം ലഭിച്ചില്ല. എന്തോ ഒരു പ്രതിഷേധം നടന്നു എന്ന മട്ടിൽ അവർ പേജ് ത്രീയിൽ പാറ്റകളോടുള്ള ഔദാര്യം പ്രകടമാക്കി.
ജൂൺ 20നാണ് വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാറ്റകൾ ജന്തർമന്തറിൽ അനിശ്ചിതകാല സമരം തുടങ്ങിയത്. സാമൂഹിക മാധ്യമങ്ങളിൽ കണ്ട ദശലക്ഷങ്ങളുടെ പിന്തുണയൊന്നും പാറ്റകൾക്ക് ജന്തർമന്തറിൽ ലഭിച്ചിരുന്നില്ല എന്നത് ശരി തന്നെ. എന്നാൽ ജൂൺ 28ന് സോനം വാങ്ചുക്ക് പാറ്റകൾക്കൊപ്പം ചേർന്ന് നിരാഹാര സമരം തുടങ്ങിയിട്ടും മുഖ്യധാരകൾ അവഗണന തുടർന്നു. ഒട്ടുമിക്ക പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കൾ ഒറ്റയ്ക്കും തെറ്റയ്ക്കും പല ദിവസങ്ങളിലായി വന്ന് പോയിക്കൊണ്ടിരുന്നെങ്കിലും മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് അകലം പാലിച്ചു നിന്നു.
ദിവസങ്ങൾ അങ്ങനെ വലിയ ഓളമൊന്നുമില്ലാതെ ജന്തർമന്തറിൽ കടന്നുപോയി. നിരാഹാര സമരം തുടങ്ങിയ സോനം വാങ്ചുക്കിന്റെയും ഇടത് വിദ്യാർത്ഥി സംഘടനയായ ഐസയുടെ നേതാക്കളുടെയും ആരോഗ്യനില ദിവസവും മോശമായി വന്നു. അപ്പോഴൊക്കെയും സർക്കാരിനൊപ്പം മേൽപ്പറഞ്ഞ മുഖ്യധാരാ ദേശീയ മാധ്യമങ്ങളും അവഗണന തുടർന്നു.
പാറ്റ സമരത്തിലെ പ്രധാന ടേണിങ് പോയിൻറ് തുടങ്ങുന്നത് ജൂലൈ 18നായിരുന്നു. അന്നു രാവിലെ സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റി. അതിന്‍റെ പ്രതിഫലനം സമരത്തിൽ പെട്ടെന്ന് തന്നെ കണ്ടുതുടങ്ങി. പിറ്റേന്ന് ഞായറാഴ്ചയായിരുന്നു. പാറ്റകൾ പാർലമെൻറ് മാർച്ച് നടത്താൻ തീരുമാനിച്ചതിന്റെ തലേദിവസവും. ആ ഞായറാഴ്ച ജന്തർമന്തറിലേക്ക് അക്ഷരാർത്ഥത്തിൽ ജനപ്രവാഹമാണ് കണ്ടത്. തൊട്ടടുത്തുള്ള മെട്രോ സ്റ്റേഷനുകളിൽ നിന്ന് യുവാക്കൾ സമര സ്ഥലത്തേക്ക് ഒഴുകിയെത്തി. പിറ്റേന്ന് രാവിലെ നടക്കേണ്ട പാർലമെൻറ് മാർച്ചിലും ഇത് പ്രതിഫലിക്കും എന്ന് മനസ്സിലാക്കുന്നതിൽ പോലീസിനും ഇന്റലിജൻസിനും എന്നപോലെ മുഖ്യധാരാ ദേശീയ മാധ്യമങ്ങൾക്കും തെറ്റുപറ്റിക്കാണണം. അതോ ബോധപൂർവം കണ്ടില്ലെന്നു നടിച്ചതോ?
പിന്നെ നടന്നതിനെല്ലാം രാജ്യം സാക്ഷി. രണ്ട് കേന്ദ്രമന്ത്രിമാർക്ക് പലതവണ പാറ്റകളുടെ നേതാക്കളുമായി, അവർ നിശ്ചയിച്ച സ്ഥലത്ത് ചർച്ചയ്ക്ക് പോകേണ്ടിവന്നു. പ്രധാനമന്ത്രിക്ക് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കേണ്ടിവന്നു. കേന്ദ്രസർക്കാരിലെ പ്രബലനായ വിദ്യാഭ്യാസ മന്ത്രിക്ക് രാജിവെക്കേണ്ടിയും വന്നു. വ്യവസ്ഥാപിത പ്രതിപക്ഷത്തിൽനിന്നല്ലാതെ സാമൂഹിക മാധ്യമങ്ങളിലും തെരുവിലും മുള പൊട്ടി ഉയരുന്ന പ്രതിഷേധത്തിന്റെ ശക്തി സർക്കാർ തിരിച്ചറിഞ്ഞു, നമ്മുടെ 'മുഖ്യധാര'യോ?
Content Highlights: The Cockroach Janata Party gained massive social media traction before mainstream media recognition., Mainstream national media outlets consistently ignored the Jantar Mantar protest initially., The movement gained critical momentum following the hospitalization of Sonam Wangchuk., The protest ultimately forced a cabinet minister's resignation through public pressure., The event highlights the growing power of digital activism over traditional media narratives.
Published: 25 Jul 2026, 06:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented