ഈ ലേഖനത്തോടൊപ്പം പ്രസിദ്ധീകരിച്ചിരിക്കുന്ന കാർട്ടൂണുകൾക്ക് കടപ്പാട്: ഇന്ത്യൻ എക്സ്പ്രസ്

To advertise here,

കഴിഞ്ഞ അര നൂറ്റാണ്ടായി താങ്കൾ ഇന്ത്യയുടെ പൊളിറ്റിക്കൽ കാർട്ടൂൺ ലോകത്തുണ്ട്. 1977 ൽ അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനതാ പാർട്ടി അധികാരത്തിലെത്തുമ്പോഴാണ് ദ ഹിന്ദുവിൽ താങ്കൾ പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് എന്ന നിലയിൽ ജീവിതം തുടങ്ങുന്നത്. ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം പ്രത്യാശാഭരിതമായ ദിനങ്ങൾ. എന്താണ് ആ കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ?

ഞങ്ങളൊക്കെ കാർട്ടൂൺ വരയ്ക്കാൻ പഠിക്കുന്നത് ഇന്ത്യയിൽ ജനാധിപത്യം വലിയ സംഘർഷങ്ങളിലൂടെ കടന്നുപോയപ്പോഴാണ്. എഡിറ്റോറിയൽ കാർട്ടൂണിന്റെ വലിയൊരു സംസ്‌കാരം സാദ്ധ്യമാക്കിയ മൂന്നു പേർ - അബു എബ്രഹാം , രജീന്ദർ പുരി, ഒ വി വിജയൻ - ആയിരുന്നു വഴികാട്ടികൾ. അന്ന് അബു ഇന്ത്യൻ എക്സ്പ്രസിലാണ്. വിജയൻ മാതൃഭൂമിയിലും ഹിന്ദുവിലും ഒരേപോലെ ഗംഭീരമായി വരയ്ക്കുന്നു. രജീന്ദർ പുരി സ്‌റ്റേറ്റ്‌സ്മാനിലും. പുരിയുടെ കാർട്ടൂണുകളുടെ ആദ്യ സമാഹാരം ' India 1969 : A Crisis of Conscience' ആയിടെയാണ് പുറത്ത് വന്നത്. ഈ എഡിറ്റോറിയൽ കാർട്ടൂണുകൾക്കാണ് അടിയന്തരാവസ്ഥ തിരശ്ശീലയട്ടത്. ഇവരുടെ സ്വാധീനത്തിലാണ് ഞാൻ വരച്ച് തുടങ്ങുന്നത്.

അതോടൊപ്പം തന്നെ ജി. അരവിന്ദന്റെ സ്വാധീനവും?

തീർച്ചയായും! അതെക്കുറിച്ച് നമുക്ക് വഴിയെ പറയാം. കടുത്ത രാഷ്ട്രീയ വിമർശത്തിന്റെ അന്ത്യമായിരുന്നു ഞങ്ങളെ സംബന്ധിച്ചിടത്തോളം അടിയന്തരാവസ്ഥ. ശങ്കേഴ്സ് വീക്‌ലി ആയിരുന്നു അടിയന്തരാവസ്ഥയുടെ ആദ്യ ഇര.

അടിയന്തരാവസ്ഥയിൽ കോളേജ് വിദ്യാർത്ഥിയായിരുന്നില്ലേ?

അതേ! പാലക്കാട് വിക്ടോറിയയിൽ.

കേരളത്തെ സംബന്ധിച്ചിടത്തോളം അടിയന്തരവാസ്ഥ ഉത്തരേന്ത്യയിലേതിൽ നിന്നും വ്യത്യസ്തമായിരുന്നു എന്ന് പറയാറുണ്ട്. പി രാജന്റെ നിഷ്ഠൂര കൊലപാതകം നിലനിൽക്കെ തന്നെ ഒരു ജനസമൂഹമെന്ന നിലയിൽ കേരളീയർക്ക് അടിയന്തരാവസ്ഥ അത്രമേൽ തീവ്രമായിരുന്നില്ല എന്ന് പറയാറുണ്ട്. താങ്കളുടെ അനുഭവം?

സ്വാതന്ത്ര്യത്തെക്കുറിച്ച് വലിയ സ്വപ്നങ്ങളുള്ള പ്രായവും കാലവുമായിരുന്നു അത്. അപ്പോഴാണ് അടിസ്ഥാനപരമായ സ്വാതന്ത്ര്യം വരെ നിഷേധിക്കപ്പെടുന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തുന്നത്. ഒരു സുപ്രഭാതത്തിൽ നമുക്ക് പത്രങ്ങളിൽ വരുന്നതൊന്നും തന്നെ വിശ്വസിക്കാൻ പറ്റാത്തതാവുന്നു. പത്രങ്ങൾ ജീവ വായുപോലെയായിരുന്നു. രാവിലെ മുതൽ ചർച്ച ചെയ്തിരുന്ന കാർട്ടൂണുകളും ലേഖനങ്ങളുമൊക്കെ പൊടുന്നനെ അപ്രത്യക്ഷമാവുന്നു, അവയുടെ സ്ഥാനത്ത് ആത്മാവില്ലാത്ത വാർത്തകൾ വരുന്നു. ഇന്ത്യൻ എക്സ്പ്രസിൽ അബു മാത്രമാണ് ഈ പ്രതിസന്ധിയെ ഒരു പരിധി വരെയെങ്കിലും മാനേജ് ചെയ്തത്. ഈ കാലമിനി എന്ന് കഴിയാനാണ് എന്ന ചിന്തയിലാണ്ടിരിക്കുമ്പോഴാണ് ഇന്ദിര അടിയന്തരാവസ്ഥ പിൻവലിച്ച് തിരഞ്ഞെടുപ്പ് നടത്തിയതും ജനം അവരെ തോൽപിച്ചതും. പ്രബുദ്ധരല്ലാത്ത ഉത്തരേന്ത്യൻ ജനതയാണ് അന്ന് ഇന്ത്യൻ ജനാധിപത്യം വീണ്ടെടുത്തത്. ജനതാ പാർട്ടി അധികാരത്തിലെത്തിയതോടെ സ്വതന്ത്ര ഇന്ത്യയുടെ തുടക്കത്തിലുണ്ടായിരുന്ന ഒരു ' feel good' അവസ്ഥ സംജാതമായി. സെൻസർഷിപ്പിനും അധികാര കേന്ദ്രീകരണത്തിനുമെതിരെ പ്രവർത്തിച്ച ഒരു കൂട്ടം നേതാക്കളാണ് പുതുതായി ഭരണത്തിലെത്തിയത്. അങ്ങിനെ വളരെ സ്വതന്തരായിട്ടാണ് ഞങ്ങളൊക്കെ വരച്ച് തുടങ്ങിയത്.

പക്ഷേ, ജനതാ പാർട്ടിയുടെ പരാജയം നിരാശപ്പെടുത്തിയില്ലേ? ഒരു കാർട്ടൂണിസ്റ്റ് തളർന്നു പോകുന്നത് കഥാപാത്രങ്ങൾ സ്വയം കാർട്ടൂണായി മാറുമ്പോഴാണെന്നൊരു നിരീക്ഷണമുണ്ട്. ജനതാപാർട്ടി നേതാക്കൾ ഇത്തരമൊരു അവസ്ഥയിലേക്ക് പരിണമിച്ചതിനെക്കുറിച്ച്?

അതൊരു അസംബന്ധ നാടകം പോലെയായിരുന്നു. മൊറാർജിക്കെതിരെയുള്ള കളിയിൽ ചരൺസിങും രാജ് നാരായണനുമൊക്കെ ഇന്ദിരയ്ക്കൊപ്പം നിലയറുപ്പിക്കുന്നത് വല്ലാത്ത കാഴ്ചയായിരുന്നു. അവർ സ്വയം പരിഹാസ്യരായപ്പോൾ പരിഹസിക്കേണ്ട ബാദ്ധ്യത കാർട്ടൂണിസ്റ്റിനില്ലാതായി.

നമ്മുടെ ആദർശങ്ങളെ പ്രചോദിപ്പിച്ചിരുന്നവരുടെ കളിമൺകാലുകൾ പൊടുന്നനെ പുറത്തുവരുമ്പോൾ നമ്മളൊന്നുലഞ്ഞുപോവില്ലേ? ജനതാപാർട്ടിയുടെ തകർച്ചയിൽ അത്തരമൊരു പ്രതിസന്ധി ഉണ്ടായിരുന്നോ?

തീർച്ചയായും. ചരിത്രപരമായ വലിയൊരു അവസരമാണ് ജനതാ നേതാക്കൾ കളഞ്ഞുകുളിച്ചത്. വേറൊരു പാഠം പഠിച്ചത്. വ്യക്തികളിൽ കേന്ദ്രീകരിക്കാതെ വരയ്ക്കുക എന്നതായിരുന്നു. കാരിക്കേച്ചർ പൊതുവെ വ്യക്തികേന്ദ്രീകൃതമായ കലയാണ്. എന്നാൽ അതിനപ്പുറം പ്രമേയങ്ങളിലേക്ക് കൂടി ശ്രദ്ധിക്കണമെന്ന ഒരു പാഠം അന്ന് പകർന്നുകിട്ടി. കളിക്കാരിൽ മാത്രമല്ല കളിയിലും ശ്രദ്ധിക്കണമെന്ന പാഠം. ഒരാൾ മറ്റൊരാളെ എതിർക്കുന്നു എന്നതുകൊണ്ടുമാത്രം ഒരു ബദൽ പദ്ധതിയുണ്ടാവണമെന്നില്ല.

1984-ൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് രാജീവ് ഗാന്ധി അധികാരമേറ്റത്. പക്ഷേ, അദ്ദേഹം ഒരിക്കലും ഏകാധിപത്യത്തിന്റെ വഴിയിലേക്ക് തിരിഞ്ഞില്ല. 1975 നു ശേഷം ഇന്ത്യ ഏകാധിപത്യത്തിന്റെ രൂചി അറിയുന്നത് 2014 മുതലാണെന്ന് പറയാനാവുമോ?

അങ്ങിനെ പറയാനാവുമെന്ന് തോന്നുന്നില്ല. എല്ലാ ഭരണാധികാരികളിലും ഏകാധിപത്യ പ്രവണതയുണ്ടാവും. Press defamation bill കൊണ്ടുവരാൻ രാജീവ് ഗാന്ധി ശ്രമിച്ചിരുന്നു. അതിനെതിരെ വലിയ എതിർപ്പുണ്ടായി . രാം നാഥ് ഗോയങ്ക, കുൽദിപ് നയ്യാർ ,ബി ജി വർഗ്ഗിസ്, അരുൺ ഷൂറി , ടി വി ആർ ഷേണായ് എന്നിവരൊക്ക അന്ന് തെരുവിലിറങ്ങി. അന്ന് എംപിയായിരുന്ന തമ്പാൻ തോമസാണ് പാർലമെന്റിൽ അതിനെതിരെ സമയോചിതമായി നീങ്ങിയത്. പിന്നെ രാജീവ് ഗാന്ധി അത് വിട്ടു. മറ്റൊരു കാര്യം എണ്ണത്തിൽ കുറവായിരുന്നെങ്കിലും പ്രതിപക്ഷത്തോട് രാജീവിന് ബഹുമാനമുണ്ടായിരുന്നു. ആരു ഭരിക്കുന്നുവെന്ന് നോക്കിയിട്ട് കാര്യമില്ല. കബിൽ സിബലിനെപ്പോലൊരാളാണ് ഇരുന്നൂറോളം കാർട്ടൂണുകൾ പാഠപുസ്തകങ്ങളിൽ നിന്നും നീക്കിയത്.

എന്തായിരുന്നു അതിന്റെ പശ്ചാത്തലം?

അംബദ്കറെ മോശമായി ചിത്രീകരിച്ചു എന്ന ആരോപണത്തിന്റെ മറവിൽ എൻസിആർടിഇ പാഠപുസ്തകങ്ങളിൽ നിന്ന് കുറെ കാർട്ടൂണുകൾ ഒറ്റയടിക്ക് നീക്കുകയായിരുന്നു. പത്തിരുപത് കൊല്ലത്തെ ശ്രമഫലമായാണ് പാഠപുസ്തകങ്ങളിൽ കാർട്ടൂണുകൾക്ക് ഇടം കിട്ടിയതെന്നോർക്കണം. ഈ തീരുമാനമെടുത്ത ദിവസം ഇന്ത്യൻ പാർലമെന്റിൽ എംപിമാർ കാർട്ടൂണുകളെക്കുറിച്ച് പറഞ്ഞത് ഇപ്പോൾ ഞാൻ പറഞ്ഞാൽ താങ്കൾ വിശ്വസിക്കില്ല. ഒരാൾ പറഞ്ഞത് ഇത് ബാലിശമാണ്, നിരുവത്തരവാദപരമാണ് എന്നൊക്കെയാണ്. വേറൊരാൾ പറഞ്ഞത് വലിയ നേതാക്കളെ പരിഹാസ്യരായി ചിത്രീകരിക്കുന്നു. പത്രങ്ങളിൽ വന്നോട്ടെ, പക്ഷേ, പാഠപുസ്തകങ്ങളിൽ വേണ്ട, കുട്ടികളെ വഴി തെറ്റിക്കും എന്നാണ്. 16 വയസ്സ് പ്രായമുള്ള കുട്ടികൾക്കുള്ള പാഠപുസ്തകത്തിലായിരുന്നു കാർട്ടൂണുകൾ. രണ്ടു കൊല്ലം കൂടിക്കഴിഞ്ഞാൽ ഇതേ കുട്ടികൾ വോട്ടുചെയ്യും എന്ന് മറക്കരുത്. ഇന്ത്യയിലെ ഏറ്റവും മികച്ച കാർട്ടൂണിസ്റ്റുകളായ ശങ്കർ, ല്കഷ്മൺ, മാരിയൊ , വിജയൻ എന്നിവരുടെയൊക്കെ കാർട്ടൂണുകളാണ് ഇങ്ങനെ എടുത്തു മാറ്റിയത്. ഒരു കാർട്ടൂണിസ്റ്റിനോടോ എഡിറ്ററോടോ സംസാരിക്കുക പോലും ചെയ്യാതെ തീർ്ത്തും ഏകപക്ഷീയമായ നടപടി. എന്തിന്റെ പേരിൽ ആരധികാരത്തിൽ വന്നാലും പത്രക്കാർ ജാഗ്രത പുലർത്തിയില്ലെങ്കിൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ ഭരണകൂടം കത്തിവെയ്ക്കും.

താങ്കൾ തന്നെ പറഞ്ഞിട്ടുണ്ട് കാർട്ടൂണിസ്റ്റുകൾ പ്രതിപക്ഷത്തിന്റെയും പ്രതിപക്ഷത്തായിരിക്കണമെന്ന്?

അതെ. പ്രതിപക്ഷവും പലപ്പോഴും അധികാരത്തിന്റെ പ്രലോഭനങ്ങൾക്ക് വഴിപ്പെട്ടേക്കാം. അണിയറയിൽ പല കൊടുക്കൽ വാങ്ങലുകളും നടക്കും. ജനാധിപത്യ ധ്വംസനങ്ങൾ പലപ്പോഴും അരങ്ങേറുന്നത് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ സന്ധിയുണ്ടാവുമ്പോഴാണ്.

ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യവാദിയായ ഭരണാധികാരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന നെഹ്രു പ്രധാനമന്ത്രിയായിരിക്കെയാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണമേർപ്പെടുത്തുന്ന ആദ്യ ഭരണഘടന ഭേദഗതിയുണ്ടായത്. സ്വാതന്ത്ര്യ നിഷേധത്തിന്റെ ചതുപ്പുകൾ എവിടെയും എപ്പോഴും ഉണ്ടാവാം എന്നല്ലേ അതിന്റെ അർത്ഥം?

ഇന്ത്യൻ രാഷ്്രടീയത്തിൽ ഒന്നും തന്നെ മുഖവിലയ്ക്കെടുക്കാനാവില്ല. ഒരു വിധം എല്ലാ രാഷ്ട്രീയ പാർട്ടികളും തന്നെ ഇന്ത്യയിൽ തന്നെ അധികാരത്തിൽ വന്നു കഴിഞ്ഞു. കൂട്ടു മുന്നണികൾ അധികാരത്തിൽ വന്നതോടെ ഒരു തരത്തിലല്ലെങ്കിൽ മറ്റു തരത്തിൽ സകല പാർട്ടികളും അധികാരത്തിന്റെ രുചി അറിഞ്ഞിട്ടുണ്ട്.  സിപിഐയിൽ നിന്ന് ഇന്ദ്രജിത് ഗുപ്ത കേന്ദ്രത്തിൽ ആഭ്യന്തര മന്ത്രിയായിരുന്നു. എന്നിട്ടും പോലിസ് വകുപ്പിൽ നടന്നിരിക്കേണ്ട പരിഷ്‌കരണങ്ങൾ നടന്നിട്ടില്ല. അദ്ദേഹം രണ്ടാഴ്ചയൊന്നുമല്ല സാമാന്യം ദീർഘമായ കാലയളവിൽ അധികാരത്തിലുണ്ടായിരുന്നു.

ഇന്ദ്രജിത് ഗുപ്തയുമായി നേർക്ക് നേർ സംഭാഷണങ്ങൾ ഉണ്ടായിരുന്നോ?

പലപ്പോഴും സംസാരിച്ചിട്ടുണ്ട്. നേരിട്ട് കാണുമ്പോൾ വലിയ സൗഹൃദമാണ്, വളരെ മൃദുവായ സംസാരം. പക്ഷേ, അധികാരത്തെ ഉള്ളിൽ നിന്ന് തന്നെ അട്ടിമറിക്കുന്ന ഒരു പ്രവൃത്തിയും ഒരു ഭരണാധികാരിയുടെയും ഭാഗത്ത് നിന്നുണ്ടാവില്ല. പോലിസ് വകുപ്പിലെ പരിഷ്‌കരണങ്ങളെക്കുറിച്ച് ഞാൻ ചോദിച്ചിരുന്നു. അപ്പോൾ അൽപം മുഷിഞ്ഞു. '' നിങ്ങൾ കാർട്ടൂണിസ്റ്റുകൾക്ക് എന്തു വേണമെങ്കിലും പറയാം.'' എന്നോ മറ്റോ ആണ് മറുപടി വന്നത്.

അടിയന്തരാവസ്ഥയിൽ കേരളത്തിൽ സിപിഐയുടെ സി അച്ച്യുതമോനോൻ ആയിരുന്നു മുഖ്യമന്ത്രി. പക്ഷേ, മകൻ രാജന്റെ തിരോധാനത്തിൽ അന്വേഷണം വേണമെന്നഭ്യർത്ഥിച്ച് ഈച്ചരവാര്യർ കാണാനെത്തിയപ്പോൾ തന്റെ നിസ്സഹായാവസ്ഥയാണ് അച്ച്യുതമേനോൻ പ്രകടിപ്പിച്ചത്?

ഒരവസരത്തിൽ അച്ച്യുതമേനോൻ  നീരസവും പ്രകടപിപ്പിച്ചു. അധികാരം മിക്ക നേതാക്കളുടെയും രാസഘടന മാറ്റിമറിക്കുന്നുണ്ടെന്ന് തോന്നുന്നു.

നമ്മുടെ മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് നേർക്കും ഇതേ വിമർശമുയരുന്നുണ്ട്. അധികാരവുമായി നേർക്ക് നേർ വന്നപ്പോൾ പ്രതീക്ഷകൾക്കൊത്തുയർന്നില്ല എന്ന വിമർശം?

ധൈര്യക്കുറവ് കാണിച്ചു എന്നത് വ്യക്തമാണ്. എല്ലായ്പ്പോഴും അങ്ങിനെയായിരുന്നില്ല. ഇലക്ടറൽ ബോണ്ട് കേസിലൊക്കെ നല്ല വിധിയായിരുന്നു.

ജസ്റ്റിസ് ചന്ദ്രചൂഡിനെ വരയ്ക്കുമ്പോൾ ഈ മാറ്റങ്ങൾ ഫ്രതിഫലിക്കില്ലേ?

ജസ്റ്റിസ് ചന്ദ്രചൂഡിനെ വരിച്ചിട്ടുണ്ട്. പക്ഷേ, രാഷ്ട്രീയക്കാരെ വരയ്ക്കുന്നത് പോലെ ജഡ്ജിമാരെ നിരന്തരമായി വരയ്ക്കാറില്ല.

അയോദ്ധ്യ വിധി വലിയൊരു വിഭാഗം ജനങ്ങളെ വേദനിപ്പിച്ചിരുന്നു. പള്ളി തകർത്തത് വലിയ നിയമ ലംഘനമാണെന്ന് പറഞ്ഞ ശേഷം ആ ഭൂമി നിയമലംഘനം നടത്തിയവർക്ക് തന്നെ വിട്ടുകൊടുത്തു എന്നാണ് ആരോപണം?

ഭരണഘടനയുടെ അകത്ത് നിന്നാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രവർത്തിക്കുന്നത്.ഒരു ആരാധനാലായം പരസ്യമായി തകർക്കുകയായിരുന്നു. അത് ലോകം മുഴുവൻ കണ്ടു. ഒരു പാർട്ടിയുടെ ഉത്തരവാദപ്പെട്ട നേതാക്കന്മാർ ഈ അതിക്രമം പ്രോത്സാഹിപ്പിക്കുന്നതും കണ്ടു. ഇതൊരു കുറ്റകൃത്യമാണെന്ന കാര്യത്തിൽ ആർക്കും തന്നെ സംശയമില്ല. അവസാനം പക്ഷേ, കുറ്റം മാത്രമേയുള്ളു കുറ്റത്തിന് ശിക്ഷയില്ല എന്ന അവസ്ഥയായി.

1992 ഡിസംബർ ആറിന് എവിടെയായിരുന്നു?

ഡിസംബർ നാല് വരെ ഞാൻ അയോദ്ധ്യയിലുണ്ടായിരുന്നു. ഞാൻ അന്ന് ഫ്രീലാൻസ് ചെയ്യുകയായിരുന്നു. അയോദ്ധ്യയിലെ കർസേവയും മറ്റും വരച്ചെഴുതുന്നതിനായി നവംബർ 27 മുതൽ ഡിസംബർ നാല് വരെ അവിടെയുണ്ടായിരുന്നു. ഫ്രണ്ട്ലൈനിൽ പത്രപ്രവർത്തകനായിരുന്ന വെങ്കടേഷ് രാമകൃഷ്ണനാണ് ഒപ്പമുണ്ടായിരുന്നത്. മൊത്തത്തിൽ ഒരു വിദ്വേഷത്തിന്റെ അന്തരീക്ഷമുണ്ടായിരുന്നെങ്കിലും പള്ളി പൊളിക്കുമെന്ന് തോന്നിയിരുന്നില്ല. ബഹളമുണ്ടാക്കും, രാഷ്ട്രീയ മുതലെടുപ്പുണ്ടാകും എന്നല്ലാതെ പള്ളി പൊളിക്കുമെന്ന് കരുതിയില്ല. പോലീസിന്റെ വലിയ സാന്നിദ്ധ്യമുണ്ട്, പട്ടാളം അടുത്തു തന്നെ ക്യാമ്പ് ചെയ്യുന്നുണ്ട്. നിയമവാഴ്ച അങ്ങിനെയങ്ങ് തകരില്ല എന്നായിരുന്നു വിശ്വാസം. വരച്ചു കഴിഞ്ഞത് പത്രം ഓഫിസുകളിലേക്കെത്തിക്കേണ്ട ആവശ്യവുമുണ്ടായിരുന്നു. അന്ന് ഫാക്സേ ഉള്ളു. ഫാകസ് ചെയ്താൽ വരച്ചത് അതേ മികവിൽ അയക്കാനാവില്ല. അങ്ങിനെയാണ് അയോദ്ധ്യയിൽ നിന്നും പോന്നത്.

ബാബ്രി മസ്ജിദ് തകർത്തതിനോടുള്ള പ്രതികരണം എങ്ങിനെയായിരുന്നു?

എന്റെ കാർട്ടൂണുകൾ അന്ന് സിൻഡിക്കേറ്റ് ചെയ്യുകയായിരുന്നു. അതുകൊണ്ട് പല പത്രങ്ങളിലും അച്ചടിച്ച് വന്നു. ഹിറ്റ്ലറുടെ മുഖം വരച്ചിട്ട് മീശയ്ക്ക് പകരം താമരയുടെ ചിഹ്നം ചേർക്കുകയായിരുന്നു. ഏത് ഭാഷക്കാർക്കും എളുപ്പത്തിൽ കാര്യം പിടികിട്ടും. ബാബ്രി മസ്ജിദ് തകർത്തത് വലിയ ആഘാതമായിരുന്നു.

ആ ആഘാതത്തിൽ നിന്ന് ഇന്ത്യൻ റിപ്പബ്ലിക്ക് ഇപ്പോഴും മുക്തമായിട്ടില്ല?

ഇല്ല. ഇന്ത്യൻ റിപ്പബ്ലിക്കിനേറ്റ വലിയ പ്രഹരം തന്നെയായിരുന്നു അത്. 77 ലെ ജനതാ പരീക്ഷണം പരാജയപ്പെട്ടപ്പോൾ കടുത്ത നിരാശയുണ്ടായിരുന്നു. അതിലും പതിന്മടങ്ങുള്ള നിരാശയായിരുന്നു പള്ളി പൊളിച്ചപ്പോൾ അനുഭവിച്ചത്.

നമ്മൾ പ്രതീക്ഷ അർപ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളും പരാജയപ്പെട്ട നിമിഷം?

അന്നവിടെയുണ്ടായിരുന്ന ജില്ലാ മജിസ്ട്രേറ്റ് അഥവാ കലക്ടർ പിന്നീട് ബിജെപിയിൽ ചേർന്നു. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവ്വീസ് ഉദ്യോഗസ്ഥർ ഭരണഘടന ഉയർത്തിപ്പിടിക്കും എന്നാണ് നമ്മൾ പ്രതീക്ഷിക്കുക . പക്ഷേ, അയോദ്ധ്യയിൽ ഈ പ്രതീക്ഷകളത്രയും തകർന്നുപോയി.

അന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന മാധവ് ഗോഡ്ബോൾ ഇതെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. ബാബ്രി മസ്ജിദ് സംരക്ഷിക്കണമെങ്കിൽ കല്ല്യാൺ സിങ് സർക്കാരിനെ പിരിച്ചുവിട്ട് യുപിയിൽ കേന്ദ്ര ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെടുന്ന റിപ്പോർട്ട് ഗോഡ്ബോൾ പ്രധാന മന്ത്രി നരസിംഹ റാവുവിന് കൈമാറിയിരുന്നു. എന്നാൽ ആ റിപ്പോർട്ടിന്മേൽ വെറുതെ അടയിരിക്കുകയാണ് റാവു ചെയ്തത്?

റാവുവിന് 14 ഭാഷകൾ അറിയാമായിരുന്നു എന്നാണ് പറയുന്നത്. പക്ഷേ, ഒരു ഭാഷയിൽപോലും പള്ളി പൊളിക്കരുതെന്ന് പറയാൻ അദ്ദേഹത്തിനായില്ല.

നരസിംഹറാവുവിനെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ?

റാവുവിന്റെ ബ്രില്ല്യൻസ് കാണാതിരിക്കാനാവില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ റാവു ശരിക്കും ഒരു ചാണക്യനായിരുന്നു. നെഹ്രുവിനെ ഞാൻ കണ്ടിട്ടില്ല. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ബ്രില്ല്യന്റ് ആയ പ്രധാനമന്ത്രി റാവു തന്നെയായിരുന്നു. റാവുവിന് പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. അതൊന്നും കുറച്ചുകാണേണ്ട കാര്യമില്ല. പക്ഷേ, കാർട്ടൂണിങ്ങിൽ റാവു പകർന്നത് ഒരു പ്രത്യേക ഫീലിങ്ങാണ്. റാവു ഒരു രാജ്യതന്ത്രജ്ഞനായിരുന്നു. രാജ്യതന്ത്രജ്ഞത എന്ന് പറയുന്നത് വരയ്ക്കുക എളുപ്പമല്ല. റാവുവിനെ വരയ്ക്കുക ശരിക്കും വെല്ലുവിളിയായിരുന്നു. മറ്റൊന്ന് ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് സമ്പദ് മേഖലയെ കൊണ്ടുവന്നത് റാവുവായിരുന്നു. സമ്പദ്ഘടനയെക്കുറിച്ച് പിടിപാടുണ്ടെങ്കിലേ പൊളിറ്റിക്കൽ കാർട്ടൂൺ വരയ്ക്കാനാവൂ എന്ന നില വന്നു. വാർത്തയെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറിമറിഞ്ഞു. ഓഹരിക്കമ്പോളങ്ങൾ കാർട്ടൂണിന്റെ വിഷയമായി. ഒരർത്ഥത്തിൽ മൂന്നാം ലോക കാർട്ടൂണിങ്ങിൽ നിന്നും ഇന്ത്യൻ കാർട്ടൂണുകൾ മുന്നോട്ട നീങ്ങി.

രണ്ട് ലോക മഹായുദ്ധങ്ങളുടെ ഇടയ്ക്കാണ് കാർട്ടൂൺ ഇന്ന് നമ്മൾ അറിയുന്ന രൂപത്തിലെത്തിയത്. രാഷ്ട്രീയ കാർട്ടൂൺ എഡിറ്റോറിയൽ കാർട്ടൂൺ ആയി മാറുന്നത് ഒന്നും രണ്ടും ലോകയുദ്ധങ്ങളുടെ പശ്ചാത്തലത്തിലാണ്. അമേരിക്കയും യൂറോപ്പും 1930 കളിൽ നേരിട്ട സാമ്പത്തിക മാന്ദ്യം അവിടത്തെ കാർട്ടൂണുകളുടെ സ്വഭാവം മാറ്റിയിരുന്നു. അതുപോലെ ഇവിടെ റാവുവിന്റെ കാലത്താണ് ഇന്ത്യൻ കാർട്ടൂണിസ്റ്റുകൾ സാമ്പത്തിക നയം സൂക്ഷ്മമായി കൈകാര്യം ചെയ്തു തുടങ്ങിയത്.

മൻമോഹൻ സിങ്ങുമായുള്ള ബന്ധം എങ്ങിനെയായിരുന്നു?

വളരെ ഭവ്യതയോടെയാണ് അദ്ദേഹം പെരുമാറുക. റാവുവിനും കാർട്ടൂണുകൾ വലിയ ഇഷ്ടമായിരുന്നു. നയതന്ത്രബന്ധങ്ങൾക്ക് കാർട്ടൂൺ പ്രയോജനപ്പെടുത്തുന്ന രീതി റാവുവിനുണ്ടായിരുന്നു. വിദേശത്ത് നിന്നും പ്രതിനിധികൾ വരുമ്പോൾ റാവു ചില കാർട്ടൂണുകൾ അദ്ദേഹത്തിന്റെ മുറിയുടെ ചുവരിൽ തൂക്കിയിടുമായിരുന്നു. ആഭ്യന്തരമായി താൻ നേരിടുന്ന സമ്മർദ്ദങ്ങൾ വിദേശ നയതന്ത്രജ്ഞരുടെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള നീക്കമായിരുന്നു അത്.

ഇന്ദിരാഗാന്ധി ?

ഇന്ദിരയുടെ കാലത്ത് ഞാൻ ഹിന്ദുവിൽ മദ്രാസിലാണ്. ഇന്ദിരയ്ക്കും കാർട്ടൂണുകൾ ഇഷ്ടമായിരുന്നു.

വരയ്ക്കാൻ ഏറ്റവും എളുപ്പമുള്ള മുഖമായിരുന്നോ ഇന്ദിര?

അല്ല. വളരെ സങ്കീർണ്ണമായ മുഖമായിരുന്നു ഇന്ദിരയുടേത്. എല്ലാവരുടേയും വിചാരം നീണ്ട ഒരു മൂക്ക് വരച്ചാൽ ഇന്ദിരയായി എന്നാണ്. അസാമാന്യ സങ്കീർണ്ണതയുള്ള വ്യക്തിത്വമായിരുന്നു അവരുടേത്. ഇന്ദിരയെ ഏറ്റവും നന്നായി വരച്ചത് അബുവാണ്. ആ സങ്കീർണ്ണതയോട് മല്ലിട്ട് വരച്ച ഒരാൾ വിജയനാണ്. വിജയന്റെ കാർട്ടൂണുകൾ നോക്കിയാൽ മനസ്സിലാവും കണ്ണുകളിലൂടെയാണ് വിജയൻ ഇന്ദിരയെ ആവാഹിച്ചത്. ഇന്ദിരയുടെ മൂക്കിനല്ല കണ്ണുകൾക്കാണ് വിജയൻ പ്രാധാന്യം നൽകിയത്. ഇതപോലെ ഞങ്ങളെ വെല്ലുവിളിച്ച മുഖം റാവുവിന്റേതാണ്. ദീർഘകാലം രാഷ്ട്രീയത്തിലുണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രിയായതോടയാണ് റാവുവിന്റെ ഫീച്ചേഴ്സ് ശരിക്കും പ്രകടമായത്. പല മന്ത്രി പദവികളും റാവു നേരത്തെ വഹിച്ചിട്ടുണ്ട്. പക്ഷേ, അന്നൊന്നും ഈ മനുഷ്യനെ വരച്ചാൽ ശരിയാവില്ല. പ്രധാനമന്ത്രിയായതിന് പിറ്റേ ദിവസം എല്ലാവരും വരച്ചപ്പോൾ ശരിയായി. കാരണം അപ്പോഴാണ് റാവുവിന്റെ രാഷ്ട്രീയം ശരിക്കും മൂശയിലേക്ക് വീണത്. ഒരാളുടെ രാഷ്ട്രീയം കൂടിക്കിട്ടുമ്പോഴാണ് അയാളെ നമുക്ക് ശരിക്കും വരയ്ക്കാനാവുന്നത്. ഞാൻ തിരുപ്പതി എഐസിസി സമ്മേളനം കവർ ചെയ്തിട്ടുണ്ട്. റാവുവിന്റെ ഗംഭീരമായ പ്രസംഗങ്ങൾ അന്നായിരുന്നു.

നെഹ്രു കുടുംബത്തിന് പുറത്ത് പ്രധാനമന്ത്രി പദവിയും കോൺഗ്രസ് പ്രസിഡന്റ് സ്ഥാനവും ഒരേ സമയം കൈകാര്യം ചെയ്ത ആളായിരുന്നു നരസിംഹറാവു. ബാബ്രി മസ്ജിദ് തകർക്കപ്പെട്ടില്ലായിരുന്നെങ്കിൽ അദ്ദേഹം ഇന്ത്യയുടെ ചരിത്രം മറ്റൊരു വഴിക്ക് കൊണ്ടുപോകുമായിരുന്നു?

അതെ ! എക്കാലത്തും ആദരിക്കപ്പെടുന്ന ഒരു നേതാവായി റാവു മാറുമായിരുന്നു.

ചിലപ്പോൾ നെഹ്രുകുടുംബത്തിൽ നിന്നും വീണ്ടുമൊരാൾ കോൺഗ്രസിന്റെ തലപ്പത്തേക്ക് വരുമായിരുന്നില്ല?

അങ്ങിനെ പറയാനാവില്ല. പക്ഷേ, വന്നാലും അതിനൊരു വ്യവസ്ഥയുണ്ടാവുമായിരുന്നു. വിദ്യാസമ്പന്നമായ മനസ്സായിരുന്നു റാവുവിന്റേത്. സംസാരിക്കുമ്പോൾ അറിയാനാവും. അദ്ദേഹത്തിന്റെ ജീവിതത്തിലെ കറുത്ത അദ്ധ്യായം ബാബ്രി മസ്ജിദ് തകർക്കപ്പെട്ടത് തന്നെയാണ്. അതിനദ്ദേഹത്തിന് നമുക്കൊരിക്കലും മാപ്പു കൊടുക്കാനാവില്ല. കുറ്റം നടന്നു എന്നതല്ല. ഒരു സമൂഹമാവുമ്പോൾ കുറ്റകൃത്യങ്ങളുണ്ടാവും. പക്ഷേ, അതിനോട് നമ്മൾ എങ്ങിനെ പ്രതികരിച്ചു എന്നാണ് നോക്കേണ്ടത്. ഇത്രയും മനോഹരമായ ഭരണഘടന കിട്ടിയിട്ട് അതിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനായില്ല എന്നിടത്താണ് പ്രശ്നം.

നമ്മൾ അടിയന്തരാവസ്ഥയയേയും അബു എബ്രഹാമിനെയും കുറിച്ച് പറഞ്ഞു. അബുവിന്റെ ഏറ്റവും പ്രശസ്തമായ കാർട്ടൂൺ ബാത്ത് ടബ്ബിൽ കിടന്ന് രാഷ്ട്രപതി ഫക്രുദ്ദിൻ അലി അഹ്‌മദ് ഓർഡിനൻസുകൾ ഒപ്പിട്ടുകൊടുക്കുന്നതാണ്. 1975 ജൂൺ 25ന് അർദ്ധരാത്രിയിൽ അടിയന്തരാവസ്ഥയുടെ പ്രഖ്യാപനത്തിൽ രാഷ്ട്രപതി ഒപ്പുവെച്ചതിന്റെ അലയൊലിയുള്ള കാർട്ടൂൺ. ഈ കാർട്ടൂൺ വരുന്നത് 1975 ഡിസംബറിൽ അടിയന്തരാവസ്ഥയുടെ മൂർദ്ധന്യത്തിലാണ്. കടുത്ത സെൻസർഷിപ് നിലവിലുണ്ടായിരുന്നിട്ടും ഈ കാർട്ടൂൺ എങ്ങിനെയാണ് പ്രസിദ്ധീകരിക്കപ്പെട്ടത്?
 
ഡിസംബർ പത്തിനാണ് കാർട്ടൂൺ വന്നത്. അതൊരു അത്ഭുതമായിരുന്നു. അന്നാ കാർട്ടൂൺ കണ്ട് ഞങ്ങൾ ഞെട്ടി വിറച്ചിട്ടുണ്ട്. ഇന്ത്യൻ എക്സ്പ്രസിന്റെ എല്ലാ എഡിഷനിലും ഈ കാർട്ടൂൺ പോയിരുന്നു. ഇന്ത്യയിൽ എല്ലായിടത്തും ഇന്ത്യൻ എക്സ്പ്രസിന് റീച്ചുണ്ടായിരുന്നു. സെൻസർ ചെയ്യുന്നവരുടെ ദൃഷ്ടിയിൽ പെടാതെ പോയതായിരിക്കില്ല. പിന്നീട് പറഞ്ഞുകേട്ടത് ഇന്ദിര തന്നെ നിർദ്ദേശിച്ചതുകൊണ്ടാണ് ഈ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചതെന്നാണ്. ഇന്ത്യയിൽ ജനാധിപത്യം മരിച്ചിട്ടില്ലെന്ന് ലോകത്തോട് പറഞ്ഞുനിൽക്കാൻ ഇന്ദിരയ്ക്ക് ഇതാവശ്യമായിരുന്നു.

പൊതുവെ രാഷ്ട്രപതിമാർ പരിഹസിക്കപ്പെടാറില്ല. രാജ്യത്തെ പരമോന്നത ഭരണഘടനാ പദവിയിൽ ഇരിക്കുന്നവരെ കാർട്ടൂണിസ്റ്റുകൾ കൈകാര്യം ചെയ്യുന്നത് കുറവല്ലേ?

ഇതിന് മുമ്പ് വി വി ഗിരിയുടെ കാര്യത്തിൽ മനഃസാക്ഷി വോട്ടെടുപ്പ് വന്നപ്പോൾ രാഷ്ട്രപതി കാർട്ടൂൺ കഥാപാത്രമായിട്ടുണ്ട്. ഗിരിയെ രജീന്ദർപുരി റബ്ബർ സ്റ്റാമ്പായി തന്നെ വരച്ചിട്ടുണ്ട്.

1977 ൽ ഹിന്ദുവിലാണ് വരച്ചു തുടങ്ങുന്നത്. കാർട്ടൂണാണ് തട്ടകം എന്ന തിരിച്ചറിവിലേക്കെത്തുന്നത് എങ്ങിനെയാണ്?

ബാങ്ക് ജോലി വിട്ടാണ് ഹിന്ദുവിലേക്ക് വന്നത്. അന്നത്തെ കാലത്ത് ഇന്നത്തെപോലെ കരിയറിനെക്കുറിച്ച് വലിയ ആലോചനയൊന്നുമില്ല. അതിനുള്ള പരിസരം കേരളത്തിലുണ്ടായിരുന്നില്ല. ഡിഗ്രി എടുത്തു കഴിഞ്ഞപ്പോൾ കോർപറേഷൻ ബാങ്കിൽ പണി കിട്ടി. പഠിക്കുമ്പോൾ കാർട്ടൂണുകൾ വരച്ചിരുന്നു. പക്ഷേ, അതൊരു ജീവിതോപാധിയാക്കാനാവും എന്നാന്നും കരുതിയിരുന്നില്ല. വലിയ കാർട്ടൂണിസ്റ്റുകൾ ഉള്ള സമയമാണ്. ഹിന്ദുവിൽ നിന്നും ജി കസ്തൂരിയാണ് എനിക്ക് ഓഫർ തന്നത്.

ഒ വി വിജയന്റെ പിൻഗാമിയായിട്ടാണ് ഹിന്ദുവിലേക്ക് പോയത്. വിജയനുമായി നേരത്തെ സംസാരിച്ചിരുന്നോ?

ഇല്ല. വിജയനുമായി  സംസാരിക്കുന്നത് പിന്നീടാണ്.

വിജയൻ, രാജീന്ദർ പുരി, അബു, അരവിന്ദൻ ഇവരുടെയൊക്കെ സ്വാധിനമുണ്ടായിരുന്നു എന്ന് പറയുകയുണ്ടായി. ഇവരുടെ ശൈലിയിൽ നിനന് കുതറിമാറാനുള്ള ശ്രമമുണ്ടായിരുന്നോ?

ഇവരുടെ ശൈലിയൊന്നും അനുകരിക്കാനാവില്ല. അത്രയ്ക്ക് ഗംഭീര വരയായിരുന്നു.  ഞാനാണെങ്കിൽ വരയിൽ വല്ലാതെ പിന്നാക്കമായിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ ഡ്രോയിങ്ങിൽ പത്തിൽ നാല് മാർക്ക് കിട്ടുമായിരുന്നില്ല. പിന്നെ കാർട്ടൂണിനോടുള്ള താൽപര്യം കൊണ്ട് വരച്ചൊപ്പിച്ച്, വരച്ചൊപ്പിച്ച് വന്നതാണ്. അവരെ അനുകരിക്കാൻ പറ്റില്ല. അവരുടെ ആശയവും സമീപനവും സ്വാധീനിച്ചിട്ടുണ്ട്. അരവിന്ദനൊക്കെ കാർട്ടൂണിന്റെ അനന്ത സാദ്ധ്യതകൾ അന്നേ തിരിച്ചറിഞ്ഞവരാണ്. ഇക്കഴിഞ്ഞ 30- 40 കൊല്ലങ്ങളിൽ കാർട്ടൂണിലുണ്ടായ മാറ്റങ്ങളുടെ ദിശ അരവിന്ദൻ കാണിച്ചുതന്നിട്ടുണ്ട്.

അരവിന്ദൻ അത്രയും മുമ്പേ നടന്നു?

അതങ്ങിനെ സംഭവിച്ചുപോകുന്നതാണ്. കടുംപിടുത്തമില്ലാത്ത രചനാ രീതിയാണ് അരവിന്ദന്റേത്. താങ്കൾ പറഞ്ഞ ഈ കുതറി മാറൽ സാഹിത്യത്തിൽ നല്ലതാണ്. സംഗീതത്തിലും ചിത്രകലയിലും സിനിമയിലും കുതറി മാറുകയല്ല സ്വയം മാറ്റത്തിന് വിധേയമാവുകയാണ്. വ്യത്യസ്തമാവുന്നതിനുള്ള ശ്രമമുണ്ടാവും. നമ്മുടെ വർക്കിന് കീഴിൽ ഒപ്പിടാൻ അനുവദിക്കുന്ന ഏക മേഖലയാണ് കാർട്ടൂൺ. മറ്റൊരാളും അവരുടെ വർക്കിന് കീഴിൽ ഒപ്പിടുന്നില്ല. ഒപ്പ് അത്യധികം വ്യക്തിപരമാണ്. അത്രയും പേഴ്സണൽ ആയ ഒരു ശൈലിയുണ്ടാക്കാനാണ് ആദ്യം ശ്രമിക്കുക. അതൊരു വിഫല ശ്രമമാണെന്ന് എനിക്ക് തോന്നിയിരുന്നു. അത്രയ്ക്കൊന്നും ശ്രമിക്കേണ്ട കാര്യമില്ല. സ്‌റ്റൈൽ തനിയേ വന്നുകൊള്ളും. ഇത്രയധികം വരയ്ക്കുമ്പോൾ വേറൊരാളെ അനുകരിക്കൽ നടക്കുന്ന പരിപാടിയല്ല. നമുക്കാകാവുന്ന രീതിയിൽ വരയ്ക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ കള്ളത്തൊണ്ടയിൽ പാടുന്ന പോലാവും. അങ്ങിനെ വന്നാൽ വായനക്കാരി കാണുന്നത് നമ്മുടെ കഷ്ടപ്പാടായിരിക്കും കലയാവില്ല.

കാർട്ടൂണിൽ വര മാത്രമല്ല വാക്കുമുണ്ട്. അതിൽ തന്നെ പോക്കറ്റ് കാർട്ടൂണുകൾ ഇടിച്ചു നിറച്ച കതിനകൾ പോലെയാണ്. വായനക്കാരുടെ മനസ്സിൽ പൊട്ടിത്തെറിക്കുന്ന കതിനകൾ. വലിയൊരു പദ സമ്പത്തും കൈയ്യടക്കവും ഇതാവശ്യപ്പെടുന്നില്ലേ?

ലഘുലേഖകളുടെയും മുദ്രാവാക്യത്തിന്റെയും സംസ്‌കാരമുള്ള കാലത്തായിരുന്നു ഞങ്ങളുടെ വിദ്യാഭ്യാസം. താരാട്ടിന് ശേഷം  ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത് മുദ്രാവാക്യമായിരിക്കും. 60 കളിലും 70 കളിലും ഒരു പാട് റാഡിക്കൽ തിങ്കിങ് ഉണ്ടായിരുന്നു.നമ്മുടെ പല കാർട്ടൂണിസ്റ്റുകളും അസ്സലായി എഴുതുമായിരുന്നു. '' നാട്യപ്രകാരം നഗരം ദരിദ്രം, ജാട്ടിൻപുറം നന്മകളാൽ സമൃദ്ധം.'' എന്നാണ് ചരൺസിങ്ങിന്റെ ബജറ്റിനെക്കുറിച്ച് വിജയൻ മാതൃഭൂമിയിൽ വരച്ചത്. എന്തൊരു ചമത്കാരമാണത്! കേന്ദ്ര ധനകാര്യമന്ത്രിയെ ഒരു മലയാളി കാരണവരാക്കി നിലവിളക്കിന്റെ മുന്നിലിരുത്തുകയായിരുന്നു വിജയൻ.

അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട താങ്കളുടെ കാർട്ടൂൺ -ബ്രിട്ടനിൽ ലേബർ പാർട്ടി വൻവിജയം നേടിയപ്പോൾ വരച്ചത്-  PM of Indian origin lost. A slogan of Inidan origin won- ഇക്കുറി 400 സീറ്റ് എന്ന പ്രധാനമന്ത്രി മോദിയുടെ മുദ്രാവാക്യത്തിൽ പിടിച്ചുള്ള കാർട്ടൂൺ. അതാ സമയത്ത് പൊടുന്നനെ വരികയാണോ അതോ അതിന് പിന്നിൽ കാര്യമായ ആലോചനയുണ്ടായിരുന്നോ?

അതങ്ങിനെ വരികയാണ്. അങ്ങിനെ ബന്ധിപ്പിക്കാൻ ഇഷ്ടമാണ്. രണ്ട് വാർത്തകളുടെ സമന്വയമാണത്.

അടുത്തിടെ വാഷിംഗ്ടൺ പോസ്റ്റിൽ നിന്നും രാജി വെയ്ക്കേണ്ടി വന്ന കാർട്ടൂണിസ്റ്റ് ആൻ ടെൽനസിലേക്കൊന്നു വരാം എന്ന് തോന്നുന്നു. പത്രം ഉടമയ്ക്കതിരെ കാർട്ടൂൺ വരച്ചതിനാണ് ആൻ രാജി വെച്ചത്. അധികാര കേന്ദ്രത്തിന് മുന്നിൽ അടിയറവ് പറയുന്ന കോർപറേറ്റ് മേധാവികളെയാണ് ആൻ വരച്ചത്. അതിൽ വാഷിങ്ടൺ പോസ്റ്റ് ഉടമ ജെഫ് ബിസോസുമുണ്ടായിരുന്നു. ഈ കാർട്ടൂൺ പ്രസിദ്ധീകരിക്കാൻ പത്രാധിപർ വിസമ്മതിച്ചു, തുടർന്ന് ആൻ രാജിവെയ്ക്കുകയും ചെയ്തു. താങ്കൾ ഇതെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസിൽ ഒരു കുറിപ്പെഴുതിയിരുന്നു. '' On a good internet day a kid from Manipur will find her Ann Telnaes.'' എന്ന്  താങ്കൾ അതിൽ എഴുതിയിരുന്നു. അത് കുറച്ച് അതിരുകടന്ന പ്രത്യാശയാണോ? ആനിന് രാജി വെയ്ക്കേണ്ടി വന്നില്ലേ?

ആൻ വരയ്ക്കുന്നത് അതോടെ നിന്നില്ല. ഇന്റർനെറ്റിൽ ആൻ ഇപ്പോഴും വരയ്ക്കുന്നുണ്ട്.

വാഷിങ്ടൺ പോസ്റ്റിന്റെ മുദ്രാവാക്യം ' democracy dies in darkness.' എന്നാണ്. കഴിഞ്ഞ ദിവസമാണ് ട്രംപിനനുകൂലമായി പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ ജെഫ് ബിസോസ് ചില തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. അതോടെ, എഡിറ്റോറിയൽ പേജിന്റെ ചുമതലയുള്ള വ്യ്ക്തി രാജി വെച്ചു. ആൻ ടെൽനസിന്റെ കാർട്ടൂൺ ജനാധിപത്യത്തിന്റെ പ്രകാശനമായിരുന്നു. സ്വന്തം പത്രം ഉടമയെപ്പോലും വിമർശിക്കുന്ന കാർട്ടൂൺ. ഇതുമായി ബന്ധപ്പെട്ട് താങ്കൾക്കെന്താണ് പറയാനുള്ളത്? ആൻ ടെൽനസ് മിതത്വം പാലിക്കണമായിരുന്നോ? അതോ അവരുടെ വരയെ താങ്കൾ അനുകൂലിക്കുന്നുണ്ടോ?

ആൻ അവരുടെ അതുവരെയുള്ള വരകളെക്കുറിച്ച് പറയുന്നുണ്ട്. ഉള്ളടക്കത്തിന്റെ പേരിൽ അതുവരെ അവരുടെ ഒരു കാർട്ടൂണും തിരസ്‌കരിക്കപ്പെട്ടിട്ടില്ല. മറ്റ് പല കാരണങ്ങൾകൊണ്ട് കാർട്ടൂൺ പ്രസിദ്ധീകരിക്കാതിരുന്നിട്ടുണ്ട്. ട്രമ്പ്  ആദ്യമായി അമേരിക്കൻ പ്രസിഡന്റായപ്പോൾ ടെൽനസ് അമേരിക്കൻ എഡിറ്റോറിയൽ കാർട്ടൂൺ അസോസിയേഷൻ പ്രസിഡന്റായിരുന്നു. വനിതാ പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റുകൾ വളരെ കുറച്ചു പേരേയുള്ളു. ടെൽനസ് വളരെ നന്നായി വരയ്ക്കും. അവർക്ക് അവരുടേതായ ശൈലിയുമുണ്ട്.  ട്രമ്പിന്റെ ആദ്യ പ്രസിഡൻസിയിൽ 356 കാർട്ടൂണുകൾ ഒരു വർഷം ട്രമ്പിനെക്കുറിച്ച് വരച്ചിരുന്നതായി ടെൽനസ് എഴുതിയിരുന്നു. അന്നത് വാഷിംഗ്ടൺ പോസ്റ്റിന് പ്രശ്നമായിരുന്നില്ലെങ്കിൽ ഇപ്പോഴിത് എങ്ങിനെയാണ് പ്രശ്നമായതെന്നാണ് അവർ ചോദിക്കുന്നത്. വാഷിംഗ്ടൺ പോസ്റ്റിന്റെ രീതി അങ്ങിനെയായിരുന്നു. അത്രമാത്രം സ്വാതന്ത്ര്യം എഡിറ്റോറിയൽ കാർട്ടൂണിസ്റ്റുകൾക്കുണ്ടായിരുന്നു. അത് ലംഘിക്കപ്പെട്ടതിന്റെ പേരിലാണ് അവർ രാജി വെച്ചത്. വാഷിങ്ടൺ പോസ്റ്റ് ഒരു ചില്ലറ പത്രമല്ല. ആ പത്രം വലുതാക്കിയവരിൽ നിർണ്ണായക പങ്ക് ഒരു കാർട്ടൂണിസ്റ്റിനുണ്ടായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ അമേരിക്ക കണ്ട ഏറ്റവും മികച്ച കാർട്ടൂണിസ്റ്റ് ഹെർബ്ലോക്ക് ആണ് പോസ്റ്റിനെ വളർത്തിയത്. ഹെർബ്ലോക്ക് വരുമ്പോൾ പോസ്റ്റ് ചെറിയൊരു പത്രമായിരുന്നു. ഹെർബ്ലോക്ക് ആവട്ടെ അതിന് മുമ്പ് തന്നെ പുലിറ്റ്സർ നേടിയിരുന്നു. പോസ്റ്റിൽ എത്തിയ ശേഷം മൂന്ന് പുലിറ്റ്സറുകൾ കൂടി നേടി, രണ്ടെണ്ണം സ്വന്തം നിലയ്ക്കും മൂന്നാമത്തേത് വാട്ടർഗേറ്റ് വിഷയത്തിൽ സഹപ്രവർത്തകർക്കൊപ്പവും. പോസ്റ്റിന്റെ വിശ്വാസ്യത എന്നത് ഹെർബ്ലോക്കിന്റെ വിശ്വാസ്യതയാണ് എന്നായിരുന്നു അവസ്ഥ. അത്തരമൊരു പത്രത്തിലാണ് ടെൽനസിന് രാജിവെയ്ക്കേണ്ടി വന്നത്.

ഡേവിഡ് ലോ ബ്രിട്ടനിൽ ചെയ്തതാണ് ഹെർബ്ലോക്ക് അമേരിക്കയിൽ ചെയ്തത്?

അതെ. ശരിയായ താരതമ്യമാണത്. ലോയുടെ കാർട്ടൂണുകൾ കാണുമ്പോൾ ഫ്യൂറർ ( ഹിറ്റ്ലർ ) വാസ് ഫ്യൂറിയസ് എന്നാണ് പറഞ്ഞിരുന്നത്.

ജനാധിപത്യ സമൂഹത്തിൽ സ്വാതന്ത്ര്യം എത്രമാത്രമുണ്ടെന്നതിന്റെ മാപിനിയാണ് എഡിറ്റോറിയൽ കാർട്ടൂൺ എന്ന് ടെൽനസ് പറഞ്ഞിട്ടുണ്ട്. അങ്ങിനെ നോക്കുമ്പോൾ ഇന്ത്യയിലെ മാപിനിയാണ് താങ്കൾ ഉൾപ്പെടുന്ന പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റുകൾ. ഇന്ത്യയിലെ അവസ്ഥ എങ്ങിനെയുണ്ട്?

പ്രശ്നങ്ങളുണ്ട്. ഇന്ദിരാ ഗാന്ധിയുടെ കാലത്തെന്നപോലെ ഇന്ത്യ കണ്ടിട്ടുള്ളതിൽ ഏറ്റവും അധികാര കേന്ദ്രീകൃതമായ ഒരു ഭരണകൂടമാണ് ഇപ്പോഴുള്ളത്.സ്റ്റേറ്റ്സമാനിൽ വന്നിരുന്ന രജീന്ദർപുരിയുടെ കാർട്ടൂണുകളെക്കുറിച്ച് ഇന്ദിരാഗാന്ധി ടാറ്റയോട് പരാതി പറഞ്ഞു. ജെ ആർ ഡി ടാറ്റയായിരുന്നു സ്റ്റേറ്റ്സ്മാൻ ട്രസ്റ്റിന്റെ ചെയർമാൻ. കുൽദിപ് നയ്യാർ ആയിരുന്നു റസിഡന്റ് എഡിറ്റർ.  ടാറ്റ നയ്യാരെ വിളിച്ചിട്ട് ഇന്ദിരയുടെ പരാതിയെക്കുറിച്ച് പറഞ്ഞു: '' Indira is complaining that Rajinder is getting very nasty.'' താൻ എന്താണ് രജിന്ദറിനോട് പറയേണ്ടതെന്ന് നയ്യാർ ചോദിച്ചു. അപ്പോൾ ടാറ്റയുടെ മറുപടി ഇതായിരുന്നു: ''  Tell Rajinder to be a little less nasty.'' കാർട്ടൂണിസ്റ്റുകളെ ചങ്ങലയ്ക്കിടാനാവില്ലെന്ന് ടാറ്റയ്ക്കറിയാമായിരുന്നു. ഇന്ദിരയ്ക്കും ഇതറിയാമായിരുന്നു. പക്ഷേ, ഇന്ദിരയുടെ കാലത്താണ് അധികാര കേന്ദ്രീകരണത്തിന് തുടക്കമായത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴുള്ളത്. ഈ കാലത്തിനിടയിൽ നമ്മുടെ പ്രധാനപ്പെട്ട ജനാധിപത്യ സ്ഥാപനങ്ങൾ ആനുപാതികമായി വളർന്നിട്ടുമില്ല. ഭരണഘടനയ്ക്ക് 75 വയസ്സായി എന്നഭിമാനിക്കുമ്പോഴും അതിനനുസൃതമായി ഭരണഘടനാ സ്ഥാപനങ്ങളോ മാദ്ധ്യമങ്ങളോ വളർന്നിട്ടില്ലെന്നതാണ് വാസ്തവം. 1975-77 കാലത്ത് ഇന്ത്യയിലെ കാർട്ടൂണുകളിൽ കണ്ടിരുന്ന പ്രസരിപ്പ് ഇന്നിപ്പോൾ കാണുന്നില്ല. ഇതിന് കാർട്ടൂണിസ്റ്റുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വാർത്തകൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യപ്പെടണം. ഇന്നിപ്പോൾ ഞാൻ നേരിടുന്ന വലിയൊരു ബുദ്ധിമുട്ട് വാർത്ത വ്യാജമാണോ അല്ലയോ എന്ന് കണ്ടത്തലാണ്. രാവിലെ നമ്മൾ കാണുന്ന വാർത്ത ഉച്ച കഴിയുമ്പോൾ നിഷേധിക്കപ്പെടും.

വ്യാജ വാർത്തകൾ ശരിയാണെന്ന് കരുതി കാർട്ടൂണുകൾ വരച്ചിട്ടുണ്ടാ?

പലപ്പോഴും നമ്മൾ രാവിലെ ഒരു സംഭവത്തോട് പ്രതികരിച്ച് വരയ്ക്കും. പിന്നിടാണറിയുക ആ വാർത്ത തെറ്റായിരുന്നുവെന്ന്. അപ്പോൾ അത് പിൻവലിക്കേണ്ടി വരും. ഇപ്പോൾ നിങ്ങൾക്ക് കാരട്ടൂൺ മാത്രം നോക്കിയിട്ട് മാപിനിയാണെന്ന് പറയാനാവില്ല. വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ വലിയ പ്രശ്നങ്ങളുണ്ട്. പണ്ട് ഏതെങ്കിലുമൊരു പത്രം ഒരു വാർത്ത ബ്രേക്ക് ചെയ്താൽ മറ്റ് പത്രങ്ങൾ അത് പിന്തുടരും. ബോഫോഴ്സ് കുംഭകോണം ആദ്യം പുറത്തുകൊണ്ടുവന്നത് ദ ഹിന്ദുവാണ്. പക്ഷേ, ഇന്ത്യൻ എക്സ്പ്രസ് പോലുള്ള പത്രങ്ങൾ അതേറ്റെടുത്തു. ഒരു വാർത്ത അങ്ങിനെയങ്ങ് വിസ്മൃതമാവാറുണ്ടായിരുന്നില്ല. അത്തരമൊരു രീതി ഇപ്പോഴില്ല. വാർത്തകൾ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെങ്കിൽ എന്തിനെക്കുറിച്ചാണ്  ഞാൻ വരച്ചതെന്ന് വായനക്കാർക്ക് മനസ്സിലാവില്ല. ഒരു ഷെയേഡ് എക്സപീരിയൻസിന്റെ മേലാണ് കാർട്ടൂൺ വരയ്ക്കുന്നത്. വാർത്തയാണ് അനുഭവം. വാർത്ത പങ്ക് വെയ്ക്കപ്പെടുന്നില്ലെങ്കിൽ കാർട്ടൂൺ വിജയിക്കില്ല.

സെൽഫ് സെൻസർഷിപ് ഒരു പ്രശ്നമല്ലേ? തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകൻ പറഞ്ഞ ഒരു കാര്യം പേടി കാരണം സ്വയം സെൻസർ ചെയ്യുന്നതിനെക്കുറിച്ചാണ്. നമ്മൾ സ്വയം സെൻസർ ചെയ്യാൻ തുടങ്ങുന്നതോടെ എഴുത്തിന്റെയും വരയുടേയും സ്വഭാവം തന്നെ മാറില്ലേ? പെരുമാൾ മുരുകൻ കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് എസ് കെ കൗൾ വ്യക്തമാക്കിയ ഒരു കാര്യം സംസാരിച്ചു കഴിഞ്ഞാലും ഇവിടെ സ്വാതന്ത്ര്യമുണ്ടായിരിക്കണമെന്നാണ്. ഈ സ്വാതന്ത്ര്യം ഇല്ലാതെ പോകുന്നതുകൊണ്ടല്ലേ നമ്മൾ സ്വയം സെൻസർ ചെയ്യുന്നത്?

എം എഫ് ഹുസ്സെൻ കേസിലും ജസ്റ്റിസ് എസ് കെ കൗളിന്റേത് ഗംഭീര വിധിയായിരുന്നു. ഈ വിധികൾ പാഠപുസ്തകമാവേണ്ടതാണ്. സെൽഫ് സെൻസർഷിപ് ഉണ്ടാകുന്നവെന്നത് രാഷ്ട്രീയ കാലാവസ്ഥയുടെ പ്രതിഫലനമാണ്.

കഥകളും കവിതകളും വാർത്തകളും എഡിറ്റ് ചെയ്യുന്നതുപോലെ കാർട്ടൂണുകൾ എഡിറ്റ് ചെയ്യപ്പെടണമെന്ന് കരുതുന്നുണ്ടോ?

കാർട്ടൂൺ തിരസ്‌കരിക്കാം. പക്ഷേ, എഡിറ്റ് ചെയ്യണം  എന്ന് പറയാനാവില്ല. കാർട്ടൂണുകൾ നന്നാക്കാനുള്ള ശ്രമമുണ്ടാവാം. പക്ഷേ, എഡിറ്റിങ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് തോന്നുന്നില്ല. ടേസ്റ്റ്ലസ് ആയി എന്തെങ്കിലും കണ്ടാൽ മാറ്റി വരയ്ക്കാൻ പറയാം.

കാർട്ടൂണിൽ ഒരു നിലപാട് എന്തായാലും ഉണ്ടായിരിക്കും. വേലിപ്പുറത്തിരിക്കുന്ന പരിപാടി കാർട്ടൂണിൽ പറ്റുമോ?

ഒരിക്കലുമില്ല. നിലപാടില്ലെങ്കിൽ പിന്നെ കാർട്ടൂണില്ല. ഹാസ്യം ഉത്പാദിപ്പിക്കാൻ സെ്ക്സിസ്റ്റാവുന്ന നിരവധി കാർട്ടൂണുകൾ മലയാളത്തിലുണ്ടാവുന്നുണ്ട്. സത്രീ വിരുദ്ധ കാർട്ടൂണുകൾ. ഇത്തരം ടോണുണ്ടെങ്കിൽ ആ കാർട്ടൂണുകൾ മാറ്റിവെയ്ക്കണം.

രാഷ്ട്രീയ സമ്മർദ്ദത്തെതുടർന്ന് ഏതെങ്കിലും കാർട്ടൂൺ പിൻവലിക്കേണ്ടി വന്നിട്ടുണ്ടോ?

ഇല്ല. എഡിറ്റർക്കിഷ്ടമില്ലെങ്കിൽ പിൻവലിച്ചിട്ടുണ്ട്. ചിലപ്പോൾ വാർത്തകൾ മാറി മറിയും. അപ്പോൾ കാർട്ടൂണുകൾ മാറ്റി വരച്ചിട്ടുണ്ട്. സാധാരണ ഞാൻ രാവിലെയാണ് വരയ്ക്കാറുള്ളത്.

സ്‌പോർട്സിലെ താൽപര്യങ്ങൾ വരയിൽ പ്രതിഫലിക്കാറുണ്ടാ?

ക്രിക്കറ്റും ഫുട്ബോളും ഇഷ്ടമാണ്. ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ക്രിക്കറ്റിന് വരയിൽ പ്രത്യക്ഷപ്പെടാതിരിക്കാനാവില്ല.

മാറഡോണയുടെ കുപ്രസിദ്ധമായ ' ദൈവത്തിന്റെ കൈ' കാർട്ടൂൺ വിഷയമായിരുന്നോ?

എത്രയോ കാർട്ടൂണുകൾ. വേണമെങ്കിൽ ഒരു സാമാഹാരം തന്നെയിറക്കാം. പല ജീവിത സാഹചര്യങ്ങളിലും പ്രയോഗിക്കാവുന്ന രൂപകം പോലെയാണത്.

സമൂഹത്തിന്റെ ബഹുസ്വരത വളരെ കുറവുള്ള മേഖലയാണ് കാർട്ടൂണിസ്റ്റുകളേടെതെന്നൊരു നിരീക്ഷണമുണ്ട്. സ്ത്രീകൾ പോലും വളരെ കുറവാണ്?

ശരിയാണ് . ആൻ ടെൽനസിനെപോലെ വനിതാ കാർട്ടൂണിസ്റ്റുകൾ വളരെ കുറവാണ്. മായാ കമ്മത്തും മഞ്ജുള പത്മനാഭനും ഇന്ത്യയിലുണ്ടായ മികച്ച കാർട്ടൂണിസ്റ്റുകളാണ്.

എന്തുകൊണ്ടാണ് വനിതകൾ ഈ രംഗത്തേക്ക് വരാത്ത്?

ഒരു പിടിയുമില്ല. നിരവധി വനിതകൾ പൊളിറ്റിക്കൽ ജേർണലിസ്റ്റുകളായുണ്ട്. ആ ഇൻസ്റ്റിങ്റ്റ് മതി കാർട്ടൂണിസ്റ്റാവാൻ. പക്ഷേ, അത് സംഭവിക്കുന്നില്ല. കോമിക്സിലും  ഗ്രാഫിക് നോവൽസിലും അമൃത പട്ടേലിനെപ്പോലെ പലരുമുണ്ടായിട്ടുണ്ട്. പക്ഷേ, പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റുകളായി അധികം വനിതകൾ വരുന്നില്ല. ഈ അഭാവം ഒരു പ്രതിസന്ധിയാണ്. ഇഷ്ടപ്പെട്ട് ആരെങ്കിലും വന്നാലേ ഇതിനൊരു പരിഹാരമുണ്ടാവുകയുള്ളു.

രാഷ്ട്രീയക്കാരും എഴുത്തുകാരും സിനിമാ-കായികതാരങ്ങളുമൊക്കെ കാർട്ടൂൺ ശരമേറ്റ് പിടയാറുണ്ട്. പക്ഷേ, വൻകിട കോർപറേറ്റ് മേധാവികൾ പൊതുവെ കാർട്ടൂൺ വലയിൽ കുടുങ്ങാറില്ല. എന്തുകൊണ്ടാണത്?

ആരെയും വെറുതെ വിടാറില്ല. അംബാനിയെയും അദാനിയെയും വിമർശിക്കാറുണ്ട്. ടാറ്റയെപ്പോലും വെറുതെ വിട്ടിട്ടില്ല. ഇതിലെ പ്രധാന പ്രശ്നം വാരത്തയുടെ അഭാവമാണ്. നിങ്ങൾ വാർത്ത നൽകിയാലേ ഞങ്ങൾക്ക് വരയ്ക്കാനാവൂ. വനകിട മുതലാളിമാർ ജനങ്ങളുടെ കണ്ണിൽ ഒരു പാട് പേർക്ക് തൊഴിലു കൊടുക്കുന്നവരാണ്. അവരെക്കുറിച്ച് വിമർശം വരണമെങ്കിൽ അതിനിടയാക്കുന്ന വാർത്തകൾ വരണം. അപ്പോൾ മാത്രമേ അവയെ അടിസ്ഥാനമാക്കി കാർട്ടൂൺ വരയ്ക്കാനാവുകയുള്ളു.

മതവിശ്വാസങ്ങൾ കാർട്ടൂണുകളിൽ നിന്ന് ഒഴിവാക്കുകയാണ് ശീലം എന്ന് താങ്കൾ പറഞ്ഞിട്ടുണ്ട്. മതവും രാഷ്ട്രീയവും ഇത്രയധികം കൂടിക്കലരുമ്പോൾ അത് സാദ്ധ്യമാണോ?

എനിക്കതിലൊരു പരിമിതിയുണ്ട്. ആത്മീയതയിൽ  താൽപര്യമില്ലാത്തയാളാണ് ഞാൻ. അറിയാൻ പാടില്ലാത്തതിൽ ഇടപെടരുതെന്നതാണ് എന്റെ ശീലം. നമുക്കിഷ്ടമുള്ളവരിൽ പലരും വിശ്വാസികളാണ്. എനിക്കൊരു പിടിയുമില്ലാത്ത കാര്യത്തിൽ അഭിപ്രായം പറഞ്ഞ് ഇവരെ വേദനിപ്പിക്കുന്നതിനോട് യോജിപ്പില്ല. അതേസമയം, മതം രാഷ്ട്രീയത്തിൽ ഇടപെട്ടാൽ പ്രതികരിക്കും. മതത്തിലേക്ക് ഞാൻ നേരിട്ട് കയറാറില്ല. ഇക്കാര്യം എല്ലാ എഡിറ്റർമാരോടും പറയാറുണ്ട്.

താങ്കൾ ഇംഗ്ളീഷ് പത്രങ്ങളിലാണ് പ്രവർത്തിച്ചിട്ടുള്ളത്. സ്വാഭാവികമായും ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വാർത്തകളായിരിക്കും കാർട്ടൂണിന്റെ വിഷയം. അങ്ങിനെ വരുമ്പോൾ ഫെഡറലിസത്തിന്റെ, ഉപദേശീയതകളുടെ പ്രതിഫലനം കാർട്ടൂണുകളിൽ ഇല്ലാതാവുന്നുണ്ടോ?

അതിൽ ഒരു വാസ്തവമുണ്ട്. നമ്മൾ രണ്ടുപേരും മദ്രാസിൽ ജോലി നോക്കിയിട്ടുണ്ട്. തമിഴ് സംസ്‌കൃതിയുടെ അപാരമായ അടരുകൾ അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ്. ഈ അറിവ് നമ്മുടെ ഉള്ളിലുണ്ടാവും. തമിഴ് സംസ്‌കൃതിയെക്കുറിച്ച് നമുക്ക് എപ്പോഴും വരയ്ക്കാൻ പറ്റിയെന്നു വരില്ല. പക്ഷേ, വരകളിൽ  അതിന്റെ നിഷേധമുണ്ടാവില്ല. പിന്നെ , തിരഞ്ഞെടുപ്പുകൾ വരുമ്പോൾ ഞാൻ എല്ലായിടത്തും സഞ്ചരിച്ച് വരയ്ക്കുകയും എഴുതുകയും ചെയ്യാറുണ്ട്. അപ്പോൾ ഉപദേശീയതകളെക്കുറിച്ച് നമുക്ക് കൂടുതൽ പരാമർശിക്കാനാവും. യാത്ര ചെയ്ത് വരയ്ക്കാൻ ഏറെ ഇഷ്ടമാണ്. എന്റെ അടുത്ത സുഹൃത്തുക്കൾ പലരും റിപ്പോർട്ടർമാരാണ്. വരകളിൽ റിപ്പോർട്ടർമാരുടെ സംഭാവന വളരെ വലുതാണ്.

ഇന്ത്യയിലെമ്പാടും സഞ്ചരിച്ചിട്ടുണ്ട്. വ്യത്യസ്ത ഇന്ത്യകൾ അടുത്തു കണ്ടിട്ടുണ്ട്. ഇതിനിടയിൽ ഈ ജനസമൂഹങ്ങളെ ഇന്ത്യാക്കാരാക്കുന്ന എന്തെങ്കിലും ഒരു ഘടകമുണ്ടോ?

അറിയില്ല. ചിലപ്പോൾ ജാതിയാവാം ആ ഘടകം. ഫ്രാൻസിൽ  കാർട്ടൂണിസ്റ്റുകളുടെ കോൺഫറൻസിന് പോയപ്പോൾ സർവ്വകലാശാല വിദ്യാർത്ഥികളുമായി ദീർഘ സംഭാഷണങ്ങളുണ്ടായിരുന്നു. അപ്പോൾ അവർ ഇന്ത്യയെക്കുറിച്ച് ചോദിച്ച ചോദ്യങ്ങളിൽ മുഖ്യമായും രണ്ട് കാര്യങ്ങളാണുണ്ടായിരുന്നത്- ജാതിയും ഗാന്ധിയും.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവുമധികം ആകർഷിച്ചുള്ള മുഖം നരസിംഹ റാവുവിന്റേതാണെന്ന് പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ അങ്ങിനെയൊരു മുഖമുണ്ടോ?

ഒരു കാലത്ത് ഏറ്റവും ആകർഷിച്ചിട്ടുള്ളത് ഇഎംസ്  തന്നെയാണ്. ഇഎംഎസ്സുമായി നേരിട്ട് അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന് കാർട്ടൂൺ ഇഷ്ടമായിരുന്നു. അടിമുടി രാഷ്ട്രീയമുണ്ടായിരുന്നതുകൊണ്ട് അതിന്റെ തുടർച്ചയായിതന്നെയാണ് കാർട്ടൂണിനെ കണ്ടിരുന്നത്. ശങ്കറിനേയും അരവിന്ദനേയും വലിയ ഇഷ്ടമായിരുന്നു. അരവിന്ദൻ ഇഎംഎസിന്റ ഒരു ഡോക്യുമെന്ററി എടുത്തിരുന്നു. പക്ഷേ, അത് പൂർത്തിയാക്കാനായില്ല.

പുതിയ പുസ്തകങ്ങൾ ?

അവസാനം എഴുതിയത് ആർ കെ ലക്ഷ്മണെക്കുറിച്ച് ' Back With A Punch' എന്ന പുസ്തകമാണ്. ഭരണഘടനയെക്കുറിച്ച് ഒരു പുസ്തകം എഴുതണമെന്നുണ്ട്. അമേരിക്കൻ ഭരണഘടനയെക്കുറിച്ച് ഒരു ഗ്രാഫിക് നോവലുണ്ട്. ഭരണഘടനയുടെ ഒരു ആശയമെടുത്തിട്ട് അതെക്കുറിച്ച് എഴുതാനാണ് ആലോചന.

ഓരോ ദിവസവും നമ്മൾ ഉണരുന്നത് എന്തെങ്കിലും നല്ലത് സംഭവിക്കും എന്ന പ്രത്യാശയോടെയാണ്. താങ്കളെ പ്രത്യാശാഭരതിനാക്കുന്നത് എന്താണ്?

ഞാൻ ഒരു ദുരന്തപ്രിയനല്ല. കാർട്ടൂൺ നെഗറ്റിവ് മീഡിയമാണെങ്കിലും ഞാൻ പ്രത്യാശയുള്ള അന്ധവിശ്വാസിയാണ്. ചെറുപ്പകാലത്ത് ഇനിയും ഒട്ടേറെ ജീവിതം ബാക്കിനിൽക്കുമ്പോൾ നിരാശാഭരിതനാവുന്നതിൽ ഒരു സത്യസന്ധതയുണ്ട്. ഇതിപ്പോൾ ഒട്ടുമിക്കവാറും ജീവിതം ജീവിച്ചു കഴിഞ്ഞിട്ട് നമ്മൾ നിരാശാഭരിതരാവുന്നതിൽ എന്ത് കാര്യമാണുള്ളത്. ഈ പ്രായത്തിൽ ദുരന്തങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്നതിൽ ഒരു മര്യാദകേടുണ്ട്. നമ്മുടെ വായനാ സമൂഹം എപ്പോഴും നമ്മളെക്കാൾ ചെറുപ്പമായിരിക്കും. നമ്മളേക്കാൾ ചെറുപ്പമായ വായനക്കാരോട് ദുരന്തങ്ങളെക്കുറിച്ച് മാത്രം സംസാിരിക്കുന്നത് നല്ല പത്രപ്രവർത്തനമല്ല. അതുകൊണ്ട് അവരോട് കളവ് പറയണമെന്നല്ല. പക്ഷേ, വെളിച്ചത്തിന്റെ സാദ്ധ്യതകളെക്കുറിച്ച് തീർച്ചയായും പറയണം.

ദുരന്തങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ ഒരു ചോദ്യം കൂടി മനസ്സിൽ വരുന്നു. വയനാട്ടിൽ സംഭവിച്ചതുപോലുള്ള ദുരന്തങ്ങളുണ്ടാവുമ്പോൾ കാർട്ടൂണിസ്റ്റുകൾക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ?

ഇത്തരം സമയങ്ങളിൽ കാർട്ടൂണിസ്റ്റുകൾക്ക് ബുദ്ധിമുട്ടാണ്. ഗുജറാത്ത് ഭൂകമ്പമുണ്ടായപ്പോൾ ഞാൻ ഒരാഴ്ചയോളം വരച്ചില്ല. എന്തു വരച്ചാലും ശരിയാവില്ല. വേറെ ഒന്നിനെക്കുറിച്ചും വരയ്ക്കാനുമാവില്ല. ദുരന്ത നിവാരണത്തിൽ പ്രശ്നമുണ്ടെങ്കിൽ വരയ്ക്കാം. പക്ഷേ, ദുരന്ത ദിനങ്ങളിൽ വരയ്ക്കാനാവില്ല.