തൊടുപുഴ: പോലീസ് ലാത്തിച്ചാര്‍ജിനിടെ ലാത്തികൊണ്ടുള്ള അടിയേറ്റ് യൂത്ത് കോണ്‍ഗ്രസ് നേതാവിന് കാഴ്ചവൈകല്യമുണ്ടായ സംഭവത്തില്‍, പോലീസുദ്യോഗസ്ഥനെതിരേ വകുപ്പുതല അന്വേഷണം നടത്തി നടപടിയെടുക്കാന്‍ സ്റ്റേറ്റ് പോലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റിയുടെ ഉത്തരവ്.
യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് വെങ്ങല്ലൂര്‍ കൈതക്കോട് ഓലിക്കല്‍ വീട്ടില്‍ ബിലാല്‍ സമദിന്റെ (30) പരാതിയിലാണ് നടപടി .
2022 ജൂണ്‍ 14-ന് കോണ്‍ഗ്രസ് തൊടുപുഴ ബ്ലോക്ക് കമ്മിറ്റി തൊടുപുഴ നഗരത്തില്‍ നടത്തിയ പ്രതിഷേധമാര്‍ച്ചിനിടെയായിരുന്നു സംഭവം. പ്രകടനം അക്രമാസക്തമായപ്പോള്‍ പോലീസ് ലാത്തിവീശി. ബിലാല്‍ അന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു. സംഘര്‍ഷത്തിനിടെ നാല് പോലീസുകാര്‍ ചേര്‍ന്നാണ് ബിലാലിനെ ലാത്തികൊണ്ടടിച്ചത്. അന്ന് ഇടുക്കി എആര്‍ ക്യാമ്പിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനായ ഡി.ഡി. അജിന്‍ ലാത്തികൊണ്ട് ബിലാലിന്റെ ഇടതുകണ്ണിന് അടിക്കുകയായിരുന്നുവെന്നാണ് പരാതി.
സംഭവസ്ഥലത്ത് കുഴഞ്ഞുവീണ ബിലാലിന്റെ ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. തുടര്‍ന്ന് രണ്ടുമാസത്തെ ചികിത്സ നടത്തിയെങ്കിലും 70 ശതമാനം കാഴ്ചമാത്രമാണ് തിരികെക്കിട്ടിയത്. സംഭവത്തില്‍ പോലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റിക്കും മനുഷ്യാവകാശ കമ്മിഷനും ബിലാല്‍ പരാതി നല്‍കിയിരുന്നു. ഡി.ഡി. അജിനെതിരേ ഒരുമാസത്തിനകം നടപടിയെടുക്കണമെന്നാണ് പോലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റി ഇക്കഴിഞ്ഞ 20-ന് ഉത്തരവിട്ടിരിക്കുന്നത്.
Content Highlights: youth congress leader lost eyesight in lathi charge case filed against police officer
Published: 30 Mar 2025, 08:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented