കോഴിക്കോട്: താമരശ്ശേരിയില്‍ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. പോലീസ് പിടികൂടിയ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

To advertise here,

താമരശ്ശേരി അരയത്തും ചാലില്‍ സ്വദേശി ഫായിസ് ആണ് പിടിയിലായത്. വീട്ടില്‍ ബഹളം വച്ചതിനു പിന്നാലെ നാട്ടുകാര്‍ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു.

ചുടലമുക്കിലെ വീട്ടില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. പോലീസില്‍നിന്ന് രക്ഷപ്പെടാനായി ഇയാള്‍ കൈയിലുണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയതായാണ് സംശയിക്കുന്നത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയ ഫായിസിനെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

ഈ മാസം ആദ്യത്തില്‍ താമരശ്ശേരി പരിസരത്ത് തന്നെയുള്ള മറ്റൊരു യുവാവ് പോലീസിനെക്കണ്ട് എംഡിഎംഎ വിഴുങ്ങിയതിന് പിന്നാലെ മരിച്ചിരുന്നു. കോടഞ്ചേരി മൈക്കാവ് കരിമ്പാലക്കുന്ന് അമ്പായത്തോട് ഇയ്യാടന്‍ ഹൗസില്‍ എ.എസ്. ഷാനിദ് (28) ആണ് മരിച്ചത്. 

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വയറ്റിനുള്ളില്‍ വെള്ളത്തരികളടങ്ങിയ രണ്ടു പ്ലാസ്റ്റിക് കവര്‍ കണ്ടെത്തി. കവറിലെ എം.ഡി.എം.എ. വയറ്റില്‍ കലര്‍ന്നാല്‍ മരണകാരണമാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെങ്കിലും ശസ്ത്രക്രിയചെയ്ത് പാക്കറ്റ് പുറത്തെടുക്കാന്‍ യുവാവ് വിസമ്മതിച്ചു. പിതാവും ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും ഷാനിദ് കൂട്ടാക്കിയില്ല. അടുത്ത ദിവസം ശസ്ത്രക്രിയ നടത്താനുള്ള തയ്യാറെടുപ്പിനിടെ ഷാനിദ് മരിച്ചു.