വിഴിഞ്ഞം: വംശനാശഭീഷണി നേരിടുന്ന മഞ്ഞകക്കകളെ കൃത്രിമപ്രജനനത്തിലൂടെ ഉത്പാദിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണകേന്ദ്രം. ഹോര്‍മോണുകളുടെ സഹായമില്ലാതെയാണ് മഞ്ഞകക്കയെന്നറിയപ്പെടുന്ന(യെല്ലോ നെക് ക്ലാം) ഇവയെ ഉത്പാദിപ്പിച്ചത്. വിഴിഞ്ഞം കേന്ദ്രത്തില്‍ ഉത്പാദിപ്പിച്ച 2.5 മില്ലീമീറ്റര്‍ വളര്‍ച്ചയുള്ള 30 ലക്ഷം കക്കക്കുഞ്ഞുങ്ങളെ കൊല്ലം അഷ്ടമുടിക്കായലിന്റെ വിവിധയിടങ്ങളില്‍ ഡിസംബര്‍ 17-നു നിക്ഷേപിക്കും.

To advertise here,

അഷ്ടമുടിക്കായലില്‍നിന്നു ശേഖരിച്ച മഞ്ഞകക്കകളെ ഉപയോഗിച്ച് ഒരു വര്‍ഷത്തോളം നടത്തിയ പരീക്ഷണങ്ങളെത്തുടര്‍ന്നാണ് ഇവയെ കൃത്രിമമായി ഉത്പാദിപ്പിച്ചത്.

കടല്‍വെള്ളം നിറച്ച പ്രത്യേക ടാങ്കുകളില്‍ ആണ്‍, പെണ്‍ കക്കകളെ നിക്ഷേപിച്ച് പ്രജനനത്തിനുള്ള സാഹചര്യം സൃഷ്ടിച്ചിരുന്നു. ഇവയിടുന്ന ലക്ഷക്കണക്കിനു മുട്ടകള്‍ സംഭരിച്ച് മറ്റൊരു ടാങ്കിലുമാക്കും. വിരിയുന്ന കുഞ്ഞുങ്ങള്‍ക്കു ഭക്ഷണമുള്‍പ്പെട്ട പരിചരണം നല്‍കുന്നതിനും സാങ്കേതികസംവിധാനം സജ്ജമാക്കിയിരുന്നു.

സെന്ററിലെ ബയോറിയാക്ടറില്‍ ഉത്പാദിപ്പിക്കുന്ന സസ്യപ്ലവകങ്ങളെ(ഫൈറ്റോപ്ലാങ്ടണ്‍)യാണ് കുഞ്ഞുങ്ങള്‍ക്കു തീറ്റയായി നല്‍കുന്നത്. രണ്ട് മില്ലീമീറ്റര്‍മുതല്‍ അഞ്ച് മില്ലീമീറ്റര്‍ വളര്‍ച്ചയെത്തുന്നതുവരെ കുഞ്ഞുങ്ങളെ അതീവശ്രദ്ധയോടെയാണ് പരിപാലിച്ചത്. പൂര്‍ണ വളര്‍ച്ചയെത്തുന്ന കക്കകള്‍ക്ക് നാല് സെന്റീമീറ്റര്‍വരെ വലുപ്പമുണ്ടാകും.

സി.എം.എഫ്.ആര്‍.ഐ.യിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എം.കെ.അനിലിന്റെ നേതൃത്വത്തില്‍ ശാസ്ത്രജ്ഞയായ ഡോ. ഗോമതിയാണ് കൃത്രിമപ്രജനനത്തിലൂടെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചത്. ഗവേഷകസഹായികളായി ഒ.ശാലിനി, കൃഷ്ണപ്രിയ എന്നിവരുമുണ്ടായിരുന്നു. അഷ്ടമുടിക്കായലില്‍ 1990വരെ സുലഭമായി കണ്ടിരുന്ന മഞ്ഞകക്കകളുടെ അളവ് പിന്നീട് ഗണ്യമായി കുറയുകയായിരുന്നു.

വര്‍ഷത്തില്‍ 10000 ടണ്‍ കക്കകള്‍വരെ തൊഴിലാളികള്‍ക്കു ലഭിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ 1000 ടണ്‍ കിട്ടിയാലായി. ഇതേത്തുടര്‍ന്നാണ് കക്കകളെ കൃത്രിമമായി ഉത്പാദിപ്പിക്കാന്‍ തീരുമാനിച്ചത്. കായല്‍ മലിനീകരണം, അധിനിവേശ കക്ക വര്‍ഗങ്ങളില്‍പ്പെട്ട ചാരു മസലിന്റെ കടന്നുകയറ്റം, വെള്ളത്തിന്റെ താപനിലയിലുള്ള മാറ്റം എന്നിവയാണ് കക്കകളുടെ ആവാസവ്യവസ്ഥയെ പാടേ തകര്‍ത്തത്.