തിരുവനന്തപുരം: ‘‘ആ രാത്രി ഞാൻ ഒരിക്കലും മറക്കില്ല. എന്റെ മക്കളോട് ഞാൻ കള്ളിയാണെന്നും മാല മോഷ്ടിച്ചെന്നും പോലീസ് പറഞ്ഞ രാത്രി. ചെയ്യാത്ത തെറ്റിന് മക്കളുടെയും ഭർത്താവിന്റെയും മുന്നിൽ വെച്ച് കള്ളിയെന്ന വിളിയും.’’ വ്യാജ മാല മോഷണക്കേസിൽ പേരൂർക്കട പോലീസ് ചെയ്ത ക്രൂരത ഇപ്പോഴും ബിന്ദുവിന്റെ ഉറക്കംകെടുത്തുന്നു.

To advertise here,

ആ മാല ഞാൻ കണ്ടിട്ടേയില്ല, എങ്ങനെയിരിക്കും? വലിയ മാലയാണോ? ചെറുതാണോ എന്നൊന്നും അറിയില്ല. ഡയമണ്ടും കുരിശും ഒക്കെയുണ്ടായിരുന്നെന്ന് പറയുന്നു. കാണാത്ത മാലയെക്കുറിച്ച് എന്തുപറയാനാ. മൂന്നുദിവസമാണ് ഓമനാ ഡാനിയേലിന്റെ വീട്ടിൽ ജോലിചെയ്തത്. സുഖകരമായ പെരുമാറ്റമല്ലാത്തതിനാൽ തുടർന്നുപോകാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. അതിനും ദിവസങ്ങൾക്കുശേഷമാണ് മാല മോഷ്ടിച്ചെന്നാരോപിച്ച് അവർ പോലീസിൽ പരാതി നൽകിയത്. അതിനിടെ ഒരുദിവസംപോലും ഓമനയുടെ വീട്ടിൽനിന്നു വിളിച്ച് മാലയെക്കുറിച്ച് ചോദിച്ചിട്ടില്ല.

കവടിയാറുള്ള ഒരു വീട്ടിൽനിന്നു ജോലിക്കുശേഷം മടങ്ങുമ്പോഴാണ് ഏപ്രിൽ 23-ന് പേരൂർക്കട പോലീസ് സ്റ്റേഷനിലെത്തണമെന്ന വിളി വന്നത്. ഓട്ടോയിൽ സ്റ്റേഷനിലെത്തി. അപ്പോൾത്തന്നെ പോലീസുകാർ ഫോൺ പിടിച്ചുവാങ്ങി. വീട്ടിലേക്കുപോലും വിളിക്കാൻ സമ്മതിച്ചില്ല. രാത്രി എട്ടരയോടെയാണ് പോലീസ് മാല കണ്ടെത്താൻ വീട്ടിലേക്കു കൊണ്ടുപോകുന്നത്. അവിടെയെത്തിയപ്പോൾ എന്നെ കാണാതെ വിഷമിച്ചിരിക്കുന്ന ഭർത്താവിന്റെയും മക്കളുടെയും ബന്ധുക്കളുടെയും മുന്നിൽവെച്ച് കള്ളീ എന്നു വിളിച്ചു. കൗമാരക്കാരികളായ മക്കൾ പ്രവീണയും ശാലിനിയും പകച്ചുനിന്നതും കരഞ്ഞതും മറക്കാനാവില്ല.

വീട്ടിലെ എല്ലായിടവും അവർ പരതി, ഒന്നും കണ്ടെത്തിയില്ല. വീണ്ടും സ്റ്റേഷനിലേക്കു കൊണ്ടുപോയി. വെള്ളവും ഭക്ഷണവും വാങ്ങിവന്ന ഭർത്താവിനെ സ്റ്റേഷന് അകത്തേക്കുപോലും പോലീസ് കയറ്റിയില്ല. 20 മണിക്കൂർകൊണ്ട് പത്തു ജന്മം അനുഭവിക്കാനുള്ള മനോവിഷമം അനുഭവിച്ചു- ബിന്ദുവിന്റെ വാക്കുകൾ ഇടറി.

മാല അന്വേഷിച്ച് പോയത് പരാതിക്കാരിയുടെ കാറിൽ

കസ്റ്റഡിയിലെടുത്ത ദിവസം രാത്രി മാല അന്വേഷിച്ച് പോലീസ് പനയമുട്ടത്തെ വീട്ടിലേക്ക് തന്നെ കൊണ്ടുപോയത് ഓമനാ ഡാനിയേലിന്റെ കാറിലായിരുന്നു. മഫ്തിയിൽ രണ്ടു വനിതകൾ ഉൾപ്പെടെ നാലു പോലീസുകാരാണ് ഉണ്ടായിരുന്നത്.

അവരിൽ ഒരാൾ ചീത്തവിളിച്ചു. ആ പോലീസുകാരന്റെ പേരറിയില്ല. വനിതാ പോലീസുകാർ മാന്യമായാണ് ഇടപെട്ടത്. പോലീസ് വാഹനത്തിൽ കൊണ്ടുപോകാതെ പരാതിക്കാരിയുടെ കാറിൽ വീട്ടിലെത്തിച്ചത് എന്തിനാണെന്ന് അറിയില്ല.

സത്യം കണ്ടെത്തിയതിൽ സന്തോഷം, ശിക്ഷ വേണം

ഞാൻ കള്ളിയല്ലെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലിൽ സന്തോഷമുണ്ട്. എന്നാൽ, കള്ളക്കേസിൽ കുടുക്കിയവർക്കെതിരേ നടപടിവേണം. അനുഭവിച്ച വേദനയും നാണക്കേടും വാക്കുകളിൽ വിവരിക്കാനാവില്ല. വ്യാജ ആരോപണത്തിന്റെപേരിൽ നാട്ടുകാർക്കും ബന്ധുക്കൾക്കും മുന്നിൽ തലകുനിക്കേണ്ടിവന്നു.

മാല ഞാനെടുത്ത് വീട്ടിൽ കൊണ്ടുവെച്ചതാവുമെന്ന് പറഞ്ഞവരുമുണ്ട്. ഒരുനിമിഷമെങ്കിലും സംശയിച്ചവരാണ് കൂടുതലും. ഭർത്താവും മക്കളും സഹോദരങ്ങളുമാണ് ഒപ്പംനിന്നത്. ഇപ്പോൾ കുറ്റം ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയെങ്കിലും എത്രപേർ വിശ്വസിക്കുമെന്നറിയില്ല.

കസ്റ്റഡിയിലെടുത്തത് വീട്ടിലറിയിച്ചില്ല- പ്രദീപ്

മോഷണം ആരോപിച്ച് കസ്റ്റഡിയിലെടുത്തത് അറിയിക്കാനുള്ള മനസ്സുപോലും പോലീസിനുണ്ടായില്ലെന്ന് ബിന്ദുവിന്റെ ഭർത്താവ് പ്രദീപ്. വൈകീട്ട് ആറുമണിമുതൽ നിരവധിതവണ മൊബൈലിലേക്കു വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. ബന്ധുക്കൾ ഉൾപ്പെടെ ബിന്ദുവിനെ തിരഞ്ഞ് പല സ്ഥലത്തേക്കു പോയി. കാണാതായപ്പോൾ എന്തെങ്കിലും അപകടം സംഭവിച്ചോയെന്ന ആധിയായിരുന്നു.

രാത്രി എട്ടരയോടെയാണ് ഭാര്യ വിളിക്കുന്നത്. വീട്ടിലുണ്ടോ എന്ന് ചോദിച്ചതിനുശേഷം ഫോൺ കട്ടായി. ദൂരെനിന്നും വീട്ടിലേക്കുള്ള വഴിയിൽ മൊബൈൽ വെളിച്ചം കണ്ടു. ജോലിചെയ്യുന്ന വീട്ടിലുള്ളവരായിരിക്കും കൂടെയുള്ളതെന്നാണ് കരുതിയത്. മഫ്തിയിലായിരുന്നതിനാൽ പോലീസാണെന്ന് മനസ്സിലായില്ല. കസേര നൽകി ഇരിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് പോലീസാണെന്ന് പറയുന്നത്. മോഷ്ടിച്ച മാല ഒളിപ്പിച്ചുവെച്ചത് കണ്ടെടുക്കാൻ വന്നതാണെന്നും പറഞ്ഞു. ആ നിമിഷം തകർന്നുപോയി. എന്തു ചെയ്യണമെന്നറിയാത്ത മണിക്കൂറുകളായിരുന്നു പിന്നീടെന്നും പ്രദീപ് പറയുന്നു.

ഫീസ് വാങ്ങാതെ സഹായിച്ച അഭിഭാഷകൻ

മുഖ്യമന്ത്രിക്കും പട്ടികജാതി-വർഗ കമ്മിഷനും പോലീസ് മേധാവിക്കും പരാതിനൽകാനുള്ള സഹായംചെയ്തത് അഭിഭാഷകനാണ്. ഒരുതവണപോലും ഫീസ് വാങ്ങാതെ, ബിന്ദുവിനുള്ള വണ്ടിക്കൂലിയടക്കം നൽകിയ അഭിഭാഷകനായ കിഷോർ. വീടിനു സമീപത്തുള്ള അദ്ദേഹമാണ് ബിന്ദുവിനു നിയമസഹായം നൽകുന്നത്.

ജോലി വാഗ്ദാനംചെയ്ത് എംജിഎം ഗ്രൂപ്പ്

ബിന്ദുവിന് ജോലി വാഗ്ദാനംചെയ്ത് എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ. സൗകര്യപ്രദമായി എത്താൻ കഴിയുന്ന സ്ഥലത്തെ എംജിഎം സ്‌കൂളിൽ ജോലി നൽകുമെന്ന്‌ ‌ചെയർമാൻ ഗീവർഗീസ് യോഹന്നാൻ അറിയിച്ചു. ബിന്ദുവിന്റെ വീട്ടിലെത്തി മാനേജർ ആർ. സുനിൽകുമാറും വിതുര എംജിഎം സ്‌കൂൾ പ്രിൻസിപ്പൽ ദീപാ സി. നായരും മാനേജർ എൽ. ബീനയും സഹായം കൈമാറി.