കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി. നഷ്ടപരിഹാരത്തുകയായി 26 കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെയ്ക്കണം. നഷ്ടപരിഹാരം സംബന്ധിച്ച മാനദണ്ഡം അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ഈ മാസം 27-ന് നിര്‍മാണപ്രവര്‍ത്തനങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കാനിരിക്കേയാണ് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. 

To advertise here,

എസ്‌റ്റേറ്റിനുള്ള നഷ്ടപരിഹാരത്തുകയായി സര്‍ക്കാര്‍ 26 കോടി രൂപയാണ് നിശ്ചയിച്ചത്. ആ തുക ഹൈക്കോടതി രജിസ്ട്രിയില്‍ കെട്ടിവെയ്ക്കാമെന്ന് ഹൈക്കോടതിയില്‍ ഇപ്പോള്‍ സര്‍ക്കാര്‍ സമ്മതിച്ചിരിക്കുകയാണ്. അതനുസരിച്ച് തുക ഹൈക്കോടതിയില്‍ കെട്ടിവെച്ചാല്‍, ഉടന്‍തന്നെ ആ ഭൂമി സര്‍ക്കാരിന് ഏറ്റെടുത്ത് നിര്‍മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാം. നഷ്ടപരിഹാരത്തുകയുമായി ബന്ധപ്പെട്ട് എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിന് ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നു. ദുരന്തനിവാരണ നിയമപ്രകാരമാണ് സര്‍ക്കാര്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നത്‌. 

എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള പച്ചക്കൊടി കാണിച്ചെങ്കിലും നഷ്ടപരിഹാരത്തുകയെ സംബന്ധിച്ച മാനദണ്ഡം സര്‍ക്കാരിന് കോടതിയെ അറിയിക്കേണ്ടിവരും. മറുവശത്ത് ഹാരിസണ്‍ എസ്‌റ്റേറ്റ് തത്കാലത്തേക്ക് ഏറ്റെടുക്കേണ്ടിവരില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. ഇനി ഹാരിസണ്‍ ഭൂമി ഏറ്റെടുക്കേണ്ടിവന്നാല്‍ അത് ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ചെയ്യൂവെന്നും സര്‍ക്കാര്‍ കോടതിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.