തിരുവനന്തപുരം: ആരോപണങ്ങളും വിവാദങ്ങളുമായി സംസ്ഥാനരാഷ്ട്രീയം തിളച്ചുമറിയുന്നതിനിടെ വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് മുന്നണികൾ നീങ്ങുന്നു. മുൻനിശ്ചയിച്ചതിനേക്കാൾ മൂന്നുദിവസംമുൻപേ നിയമസഭാസമ്മേളനം അവസാനിപ്പിക്കുന്നതും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ്. സ്ഥാനാർഥിനിർണയത്തിനായി അണിയറനീക്കങ്ങൾ തുടങ്ങിയതോടെ പരിഗണനയിലുള്ള പേരുകൾ പുറത്തുവന്നുതുടങ്ങി.
പ്രിയങ്ക വരും
രാഹുൽഗാന്ധി ഒഴിയുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽനിന്ന് പ്രിയങ്കാഗാന്ധി മത്സരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ മണ്ഡലം നിലനിർത്തിയത്. അതിനേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ പ്രിയങ്ക മണ്ഡലം നിലനിർത്തുമെന്നുതന്നെയാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
ആനി രാജയെപ്പോലെയുള്ള ദേശീയനേതാക്കളെയിറക്കി മത്സരം കടുപ്പിക്കാമെന്നാണ് സി.പി.ഐ.യിൽ ഉയർന്ന പ്രാഥമിക ചർച്ച. പൊതുസ്വതന്ത്രനെ നിർത്തുന്നതും ഇടതുമുന്നണിയുടെ പരിഗണനയിലുണ്ട്. ബി.ജെ.പി.യാകട്ടെ അവരുടെ പോരാളിയായി ശോഭാ സുരേന്ദ്രനെ രംഗത്തിറക്കിയേക്കും. സന്ദീപ് വാരിയർ ഉൾപ്പെടെയുള്ള ചില പേരുകളും ഉയർന്നുവരുന്നുണ്ട്.
രണ്ടാംവട്ടം പ്രദീപോ
കെ. രാധാകൃഷ്ണൻ ലോക്സഭയിലേക്കുപോയ സാഹചര്യത്തിലാണ് ചേലക്കരയിൽ തിരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. എതിർസ്ഥാനാർഥിയായി മത്സരിച്ച രമ്യാ ഹരിദാസ് കോൺഗ്രസിനുവേണ്ടി കളത്തിലിറങ്ങുമെന്ന് അഭ്യൂഹം ശക്തമാണ്. പ്രാദേശിക എതിർപ്പുകൾ മറികടന്നാൽമാത്രമേ രമ്യയ്ക്ക് അവസരമൊരുങ്ങുകയുള്ളു. രാധാകൃഷ്ണനുപകരം മുൻ എം.എൽ.എ. കൂടിയായ യു.ആർ. പ്രദീപ് സി.പി.എമ്മിനുവേണ്ടി കളത്തിലിറങ്ങുമെന്ന് ഏതാണ്ട് ഉറപ്പിച്ചമട്ടാണ്. 2016-ൽ അവിടെനിന്ന് ജയിച്ച പ്രദീപ് 2021-ൽ ഒരു ടേം പൂർത്തിയാക്കിയപ്പോൾത്തന്നെ കെ. രാധാകൃഷ്ണനുവേണ്ടി മണ്ഡലം ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. ഡോ. ടി.എൻ. സരസുവിനെത്തന്നെ ബി.ജെ.പി. വീണ്ടും പരിഗണിക്കാനാണ് സാധ്യത.
പകരക്കാരനെത്തേടി പാലക്കാട്
ഷാഫി പറമ്പിൽ വടകരയിൽനിന്ന് ലോക്സഭയിലേക്ക് പോയതോടെ ഒഴിവുവന്ന പാലക്കാട് സീറ്റ് നിലനിർത്തുകയെന്നതാണ് കോൺഗ്രസിനുമുന്നിലുള്ള വെല്ലുവിളി. യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിന്റെ പേര് ഷാഫിക്ക് പകരമായി ഉയർന്നെങ്കിലും പ്രാദേശിക പരിഗണനകൾക്ക് മുന്നിൽ വെട്ടിപ്പോയേക്കുമെന്ന് കരുതുന്നവരുണ്ട്. കെ.പി.സി.സി. ഭാരവാഹികളടക്കം സീറ്റിൽ കണ്ണുവെച്ചിട്ടുമുണ്ട്.
ബി.ജെ.പി.യാണ് കോൺഗ്രസിന്റെ പ്രധാന എതിരാളി. ജനറൽസെക്രട്ടറി സി. കൃഷ്ണകുമാർ, നഗരസഭാ വൈസ് ചെയർമാൻകൂടിയായ ഇ. കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് കെ.എ. ഹരിദാസ്, നഗരസഭാ അധ്യക്ഷ പ്രമീളാ ശശിധരൻ തുടങ്ങിയ പേരുകൾക്കാണ് ബി.ജെ.പി.യിൽ മുൻതൂക്കം. സീറ്റ് ഉറപ്പിക്കാൻ കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നിവർ വന്നേക്കുമെന്നും അഭ്യൂഹമുണ്ട്. സി.പി.എം. തുടർച്ചയായി മൂന്നാംസ്ഥാനത്തേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന മണ്ഡലമാണ് പാലക്കാട്.
Content Highlights: Wayanad, Palakkad, and Chelakkara Kerala bypolls are heating up
Published: 06 Oct 2024, 06:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented