സുല്‍ത്താന്‍ബത്തേരി: ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെത്തുടര്‍ന്ന് ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനെ മാറ്റാന്‍ സാധ്യത. വയനാട് ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതിയംഗം സണ്ണി ജോസഫ് എം.എല്‍.എ.ക്ക് മൂന്നുമാസത്തേക്ക് ഡി.സി.സി. പ്രസിഡന്റിന്റെ ചുമതല നല്‍കിയേക്കും.

To advertise here,

ബാങ്ക് നിയമനത്തിനായി എന്‍.ഡി. അപ്പച്ചന്‍ 10 ലക്ഷം രൂപ കോഴവാങ്ങിയെന്ന പരാമര്‍ശം എന്‍.എം. വിജയന്‍ കെ.പി.സി.സി. പ്രസിഡന്റിന് അയച്ച കത്തിലുണ്ടായിരുന്നു. ഇതിനുപിന്നാലെ എന്‍.എം. വിജയന്റെ ആത്മഹത്യാപ്രേരണക്കേസില്‍ അദ്ദേഹത്തെ പ്രതിയാക്കിയിരുന്നു. മാത്രമല്ല, ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അപ്പച്ചന്റെ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും എന്‍.എം. വിജയന്റെ മരണത്തെത്തുടര്‍ന്നും പ്രശ്‌നംപരിഹരിക്കുന്നതില്‍ വീഴ്ചയുണ്ടായതായും സംസ്ഥാനനേതൃത്വത്തിന്റെ വിലയിരുത്തലുണ്ടായിരുന്നു.

കോണ്‍ഗ്രസ് നവമാധ്യമഗ്രൂപ്പുകളിലും എന്‍.ഡി. അപ്പച്ചനുനേരേ വിമര്‍ശനമുയര്‍ന്നു. കഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തിയ അപ്പച്ചനോട് നേതാക്കള്‍ വലിയതാത്പര്യം കാണിച്ചില്ലെന്നും സൂചനയുണ്ട്. ജില്ലയില്‍ യുവനേതൃത്വം വരണമെന്ന നിലയില്‍ ഏറെക്കാലമായി ആവശ്യമുയര്‍ന്നിരുന്നു. പുല്‍പ്പള്ളിയില്‍നിന്നുള്ള ഡി.സി.സി. ഭാരവാഹി പി.ഡി. സജിയുടെ പേരും ഡി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് നേരത്തേ പ്രചരിച്ചിരുന്നു. എന്നാല്‍, പുനഃസംഘടനാസമയത്തുമാത്രമേ ജില്ലയില്‍നിന്നൊരാള്‍ അധ്യക്ഷസ്ഥാനത്തേക്ക് വരൂവെന്നാണ് ഇപ്പോള്‍ പാര്‍ട്ടികേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.