കല്പറ്റ: റാപ്പർ വേടന്റെ പേരിൽ പുലിപ്പല്ല് കൈവശംവെച്ചതിന് വനംവകുപ്പ് കേസെടുത്തതിനുപിന്നാലെ ചർച്ചകളിൽനിറഞ്ഞ് വയനാട് കളക്ടറേറ്റിലെ ആനക്കൊമ്പും. വേടന്റെപേരിൽ കേസെടുക്കുന്ന വനംവകുപ്പ് കളക്ടറേറ്റിലെ ആനക്കൊമ്പും പിടിച്ചെടുക്കണമെന്നാണ് ആവശ്യം. പക്ഷംചേർന്ന് നവമാധ്യമങ്ങളിൽ വാക്പോര് കൊഴുക്കുകയാണ്.
35 വർഷമായി വയനാട് കളക്ടറേറ്റിൽ ആനക്കൊമ്പുകളെത്തിയിട്ട്. എല്ലാ നിയമക്രമങ്ങളും പാലിച്ചാണ് വനംവകുപ്പിന്റെ ശേഖരത്തിലുള്ള ആനക്കൊമ്പ് വയനാട്ടിലെത്തിച്ചതെന്ന് അറിയാതെയാണ് പലരും ചർച്ചകളിൽ വാദമുയർത്തുന്നത്.
1990 ഡിസംബർ 21-ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലയ്ക്കനുവദിച്ച ആനക്കൊമ്പുകളാണ് കളക്ടറുടെ ചേംബറിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. 1990-ൽ വയനാട് കളക്ടറായിരുന്ന മൈക്കിൾ വേദശിരോമണിയും സഹപ്രവർത്തകരുമടക്കം ഒൻപതുപേർ കാട്ടാനക്കലിയിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ ഓർമ്മയ്ക്കായാണ് ആനക്കൊമ്പുകൾ സ്ഥാപിച്ചത്. ചേകാടിയിലെ കാട്ടാനശല്യമറിഞ്ഞ് സ്ഥലംസന്ദർശിച്ച് കളക്ടറും സംഘവും മടങ്ങുന്നതിനിടെ കാട്ടിൽവെച്ച് ഇവർ ആനയുടെ ആക്രമണത്തിനിരയായി. കളക്ടറും സംഘവും സഞ്ചരിച്ച ജീപ്പ് കാട്ടാന കുത്തിമറിച്ചിടുകയും ജീപ്പിന്റെ ഷീറ്റിലേക്ക് കൊമ്പുകൾ തുളച്ചുകയറുകയുംചെയ്തു. ജീപ്പിന്റെ ഷീറ്റ് തുളച്ചുകയറിയ രണ്ടുകൊമ്പുകൾക്കിടയിൽപ്പെട്ടതുകൊണ്ടുമാത്രമാണ് കളക്ടർക്കൊപ്പമുണ്ടായിരുന്ന ഗൺമാൻ ടി.എം. ജോസഫിന് രക്ഷപ്പെടാനായത്. കാട്ടിലൂടെ ഏറെദൂരം ഓടിയ സംഘം ഒരു വീട്ടിൽ അഭയംപ്രാപിക്കുകയായിരുന്നു. ഈ ഓർമ്മയ്ക്കയാണ് കളക്ടർ മൈക്കിൾ വേദശിരോമണി വനംവകുപ്പിലേക്ക് കത്തെഴുതി തിരുവനന്തപുരത്ത് വനംവകുപ്പിന്റെ ശേഖരത്തിലുള്ള ആനക്കൊമ്പ് വരുത്തിച്ചത്. 1991 ഓഗസ്റ്റ് 20-ലെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ 40/91 നമ്പർ ഉത്തരവുപ്രകാരം ഓണർഷിപ്പ് സർട്ടിഫിക്കറ്റും ലഭിച്ചു.
കളക്ടർ മൈക്കിൾ വേദശിരോമണി സ്ഥലംമാറ്റംകിട്ടി പോയതോടെ വെറുതേകിടന്ന ആനക്കൊമ്പ് പിന്നീട് വേദശിരോമണിക്കുകീഴിൽ സബ്കളക്ടറായിരുന്ന മുൻ കേരള ചീഫ്സെക്രട്ടറി വിശ്വാസ് മേത്ത കളക്ടറായിവന്നപ്പോഴാണ് സ്ഥാപിച്ചത്. 1995-ലായിരുന്നു ഇത്. പോഡാർ പ്ലാന്റേഷൻ ചെയർമാൻ ആകാശ് പോഡാറാണ് ചെലവുകൾ വഹിച്ചത്. പ്രിയദർശിനി തോട്ടത്തിൽ വീണുകിടന്ന ഈട്ടിമരക്കൊമ്പിലാണ് ആനക്കൊമ്പ് സ്ഥാപിച്ചത്. ആനക്കൊമ്പ് സ്ഥാപിച്ചതുമുതൽത്തന്നെ വിവാദങ്ങളും തുടങ്ങിയിരുന്നു. കഴിഞ്ഞവർഷവും വനംവകുപ്പിനും മനുഷ്യാവകാശ കമ്മിഷനും പരാതികൾ ലഭിച്ചു. മനുഷ്യാവകാശ കമ്മിഷനുമുൻപാകെ കളക്ടർ ഡി.ആർ. മേഘശ്രീ നൽകിയ റിപ്പോർട്ടിൽ ആനക്കൊമ്പ് പ്രദർശിപ്പിച്ചതിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ആരും വന്യജീവികളെ ഉപദ്രവിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പറഞ്ഞിരുന്നു. വന്യജീവിസംരക്ഷണത്തിന്റെയും വനസമ്പത്തിന്റെയും പ്രതീകമാണ് ആനക്കൊമ്പുകളെന്നായിരുന്നു അന്ന് കളക്ടറുടെ വിശദീകരണം. ഇക്കുറി ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമൻ പറഞ്ഞു.
Content Highlights: Elephant tusks at Wayanad Collectorate spark debate after a recent case
Published: 03 May 2025, 07:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented