വോട്ടർപട്ടികപരിഷ്‌കരണം അനിവാര്യമാണ്. പക്ഷേ, അതിന്റെ ലക്ഷ്യം ജനാധിപത്യത്തിന്റെ അട്ടിമറിയാകരുത്. മറിച്ച് പരമാവധിപ്പേരെ തിരഞ്ഞെടുപ്പു പ്രക്രിയയിലേക്ക് ആനയിക്കുന്ന വളരെ പോസിറ്റീവായ ഫലപ്രാപ്തിയിലേക്കാകണം അത് നയിക്കേണ്ടത്
ഇന്ത്യൻ ജനാധിപത്യം ഗൗരവതരമായ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് തിരഞ്ഞെടുപ്പു കമ്മിഷൻ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) അഥവാ സമഗ്രവോട്ടർപട്ടിക പുതുക്കൽ പദ്ധതിയിലേക്കു കടക്കുന്നത്. വോട്ടർപട്ടിക കാലാകാലങ്ങളിൽ പരിഷ്‌കരിക്കുക എന്നത് രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും നിലനിൽപ്പിന് അത്യാവശ്യമാണ്. ഒട്ടേറെ അപാകങ്ങൾ വോട്ടർപട്ടികയിലുണ്ട്. അത് പരിഹരിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ജനാധിപത്യത്തിന് പിഴവുകളില്ലാത്ത വോട്ടർപട്ടിക അത്യാവശ്യമാണ്. ഓരോ വോട്ടും വിലപ്പെട്ടതാണ്. ഓരോ വോട്ടിനും രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കാനുള്ള ശേഷിയുണ്ട്.
ജാഗ്രത അനിവാര്യം
അതോടൊപ്പംതന്നെ നാം ജാഗരൂകരായിരിക്കേണ്ടതുണ്ട്. ഇന്ത്യൻ ജനാധിപത്യം പട്ടാപ്പകൽ കൊള്ളയടിക്കപ്പെട്ട സാഹചര്യം തെളിവുകളടക്കം പുറത്തുകൊണ്ടുവന്നത് ഇന്ത്യയുടെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയാണ്. ഏകപക്ഷീയമായി പെരുമാറുന്ന ഒരു തിരഞ്ഞെടുപ്പു കമ്മിഷണർക്കു കീഴിലാണ് ഈ പ്രത്യേക റിവിഷൻ നടക്കുന്നത്. അതുകൊണ്ടുതന്നെ നമുക്ക് ഉത്തരവാദിത്വമുണ്ടാകണം. ഓരോ വോട്ടറും അവർ ലിസ്റ്റിലുണ്ട് എന്നുറപ്പിക്കണം. ഇത് രാഷ്ട്രീയപ്പാർട്ടികളുടെ മാത്രമല്ല ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. അത് ഉറപ്പിക്കാൻ നമുക്കായില്ലെങ്കിൽ ഒരു ജനാധിപത്യരാഷ്ട്രത്തിലെ പൗരൻ എന്നനിലയിൽ അത് നമ്മുടെ ഓരോരുത്തരുടെയും പരാജയമാണ്.
മഹാരാഷ്ട്രയിൽ 45 ലക്ഷം അധികവോട്ടർമാരെ കൂട്ടിച്ചേർത്ത് തിരഞ്ഞെടുപ്പു പ്രക്രിയ അട്ടിമറിച്ച അതേകൂട്ടരാണ് വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെപേരിൽ 65 ലക്ഷം പേരെ ബിഹാറിൽനിന്ന് ഒഴിവാക്കിയത്. പിന്നാക്ക-ദളിത്-ന്യൂനപക്ഷ വോട്ടർമാർ ഭൂരിപക്ഷമുള്ള ബൂത്തുകളിലാണ് ഈ വെട്ടിനിരത്തലുകൾ നടന്നത്. പ്രശ്നം സുപ്രീംകോടതിവരെയെത്തിയപ്പോൾ തങ്ങളുടെ ഏകപക്ഷീയമായ നീക്കങ്ങളിൽ തിരഞ്ഞെടുപ്പു കമ്മിഷന് അയവുവരുത്തേണ്ടിവന്നു. വോട്ട് പുനഃസ്ഥാപിക്കേണ്ട 11 രേഖകളോടൊപ്പം ആധാർ കാർഡ് കൂട്ടിച്ചേർത്തത് സുപ്രീംകോടതിയുടെ ഇടപെടൽമൂലം മാത്രമാണ്. അവസാനനിമിഷംവരെ ഇതിനെതിരായിട്ടാണ് സോളിസിറ്റർ ജനറൽ തുഷാർമേത്ത നിലയുറപ്പിച്ചത്.
ഇന്ന് ഇന്ത്യയൊട്ടാകെ ഈ പദ്ധതി നടപ്പാക്കാൻ പോവുകയാണ്. കേരളത്തിലും എത്തുന്നു. മരിച്ചവർ, താമസം മാറിയവർ, ഒന്നിലധികം പട്ടികയിൽ ഇടംപിടിച്ചവർ, പൗരരല്ലാത്തവർ, അയോഗ്യർ എന്നിവരുടെ പേരുകൾ ഒഴിവാക്കി യോഗ്യരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുകയാണ് എസ്ഐആറിന്റെ ലക്ഷ്യമെന്ന് കമ്മിഷൻ വ്യക്തമാക്കി. സമഗ്രവോട്ടർപട്ടിക പരിഷ്‌കരണം കാലത്തിന്റെ ആവശ്യമാണ് എന്നകാര്യത്തിൽ സംശയമില്ല. പക്ഷേ, അതിനുപയോഗിക്കുന്ന വഴികളെക്കുറിച്ചുള്ള ദുരൂഹത ബാക്കിനിൽക്കുന്നു.
അപ്രായോഗിക നിബന്ധനകളരുത്
കേരളത്തിന്റെ കാര്യമെടുത്താൽ ഇവിടെ അവസാനമായി വോട്ടർപട്ടിക സമ്പൂർണ പരിഷ്‌കരണം നടന്നത് 2002-ലാണ്. അതിനുശേഷം വോട്ടർപട്ടികയിൽ പേരുചേർക്കപ്പെട്ട വോട്ടർമാരുടെ എണ്ണം ഏതാണ്ട് ഒരു കോടിയില്പരമാണ്. ശരാശരി ഒരു വർഷം അഞ്ചുലക്ഷത്തോളംപേർ പ്രായപൂർത്തി വോട്ടവകാശമെത്തുന്ന കേരളത്തിൽ കഴിഞ്ഞ 23 വർഷംകൊണ്ട് ശരാശരി 1.15 കോടിപ്പേർ വോട്ടർപട്ടികയിൽ സ്ഥാനംപിടിക്കേണ്ടതാണ്. ഈ വോട്ടർമാരുടെ കാര്യത്തിൽ ഏതുതരം നിലപാടാണ് തിരഞ്ഞടുപ്പു കമ്മിഷൻ എടുക്കുന്നത് എന്നത് പരമപ്രധാനമാണ്. അവരെല്ലാം രേഖകളുമായി നേരിട്ടുവരണം തുടങ്ങിയ അപ്രായോഗിക നിബന്ധനകൾ നടപ്പാക്കില്ലെന്നു വിശ്വസിക്കുന്നു. അതേസമയംതന്നെ ഇരട്ടവോട്ടുകളും വ്യാജവോട്ടുകളും കണ്ടെത്തി നീക്കംചെയ്യാനുള്ള ശക്തമായ നടപടികൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടാകണം.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 24.5 ലക്ഷവും 2016-ലെ തിരഞ്ഞെടുപ്പിൽ 12 ലക്ഷവുമായിരുന്നു യുഡിഎഫും എൽഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം. അതിനുമുൻപ് ശരാശരി പത്തുലക്ഷത്തിൽ താഴെയും. ഇത് സ്വാഭാവികമായ വളർച്ചയല്ല, മറിച്ച് ഇരട്ടവോട്ടും വ്യാജവോട്ടുകളും കൊണ്ടുകൂടി ഉണ്ടായതാണ് എന്നത് പരമപ്രധാനമാണ്.
കേരളത്തിലെ ഓരോ നിയോജകമണ്ഡലത്തിലും താമസക്കാരായ സാധാരണ പൗരരുടെ പേരുകൾ വോട്ടർപട്ടികയിൽ ചേർക്കുന്നതിന് പൗരത്വരേഖകൾ ഹാജരാക്കണം തുടങ്ങിയ കഠിനനിയന്ത്രണങ്ങൾ ജനാധിപത്യത്തിന്റെ ആത്യന്തികമായ അട്ടിമറിയിലേക്കു നയിക്കും എന്നകാര്യത്തിൽ സംശയംവേണ്ട. പുതുതായി പേരുചേർക്കപ്പെടുന്നവരുടെ രേഖകൾ ആവശ്യപ്പെടുന്നതിൽ തെറ്റില്ല. എന്നാൽ, അവരുടെ മാതാപിതാക്കളുടെ രേഖകൾകൂടി ആവശ്യപ്പെടുന്നത് അനീതിയാണ്.
Published: 27 Sept 2025, 04:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented