കോഴിക്കോട്: ഇരട്ട വോട്ടര്‍പ്പട്ടിക ക്രമക്കേടില്‍ തന്റെ ഭാര്യ അനുഷയുടെ പേര് വലിച്ചിഴച്ച് മറ്റു തട്ടിപ്പുകള്‍ക്ക് മറയാക്കരുതെന്ന് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ്. ഭാര്യയുടെ വോട്ട് തന്റെ താമസസ്ഥലത്തേക്ക് മാറ്റിയപ്പോള്‍ സംഭവിച്ച ജാഗ്രതക്കുറവാണ്. സെപ്റ്റംബര്‍ രണ്ടിനാണ് പുതുക്കിയ വോട്ടര്‍പ്പട്ടിക നിലവില്‍ വന്നത്. തെറ്റ് മനസ്സിലായപ്പോള്‍ത്തന്നെ തിരുത്തുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എംഎല്‍എ ഫെയ്‌സ്ബുക് കുറിപ്പില്‍ അറിയിച്ചു. 

To advertise here,

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: 

2021-ലാണ് എന്റെ വിവാഹം കഴിയുന്നത്.അതിന് ശേഷം നടക്കുന്ന ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് ഇനി വരാന്‍ പോകുന്നത്.അതിന്റെ ഭാഗമായി ഇത്തവണ എന്റെ താമസ സ്ഥലമായ കൂടരഞ്ഞി പഞ്ചായത്തില്‍ ഭാര്യയുടെ വോട്ട് ചേര്‍ത്തിരുന്നു.എന്നാല്‍ ഭാര്യയുടെ സ്വന്തം സ്ഥലമായ കച്ചേരിയില്‍ നിന്ന് വോട്ട് ഒഴിവായിരുന്നില്ല.ഇത് ഒഴിവാക്കുന്നതില്‍ ചെറിയ ജാഗ്രത കുറവ് ഉണ്ടായെന്നത് ശരിയാണെങ്കിലും ഇത് വോട്ടര്‍ പട്ടികയിലെ ക്രമക്കേട് എന്ന നിലയിലുള്ള സംഭവമല്ല.സെപ്തംബര്‍ 2 നാണ് പുതുക്കിയ വോട്ടര്‍ പട്ടിക നിലവില്‍ വന്നത്.വോട്ടര്‍ പട്ടിക പരിശോധിച്ച് മിസ്റ്റേക്ക് മനസ്സിലായപ്പോള്‍ തന്നെ തിരുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. വസ്തുത ഇതായിരിക്കെ തെറ്റിദ്ധാരണ  പടര്‍ത്തി 'മറ്റ് വോട്ട് തട്ടിപ്പുകള്‍'ക്ക് മറയാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല എന്ന് കൂടി സൂചിപ്പിക്കുന്നു.

യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ. മുഹമ്മദ് ദിഷാല്‍ ആണ് ലിന്റോ ജോസഫിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ഭാര്യ അനുഷയ്ക്ക് മുക്കം മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 17 കച്ചേരിയിലും കൂടരഞ്ഞി പഞ്ചായത്തിലെ വാര്‍ഡ് 9 ആനയോടും വോട്ടുണ്ടെന്ന് കാട്ടിയാണ് ദിഷാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ പല സ്ഥലങ്ങളിലും ഇത്തരം അട്ടിമറികള്‍ സിപിഎം നടത്തിയിട്ടുണ്ടെന്നും ഇത്തരം തട്ടിപ്പുകളെ നിയമപരമായി നേരിടുമെന്നും പോസ്റ്റില്‍ വിശദീകരിച്ചിരുന്നു.