കൊച്ചി: മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന് ആദരാഞ്ജലികളർപ്പിച്ച് രാഷ്ട്രീയ കേരളം. മുസ്ലീം ലീഗിന്റെയും യുഡിഎഫിന്റെയും വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് നേതാക്കൾ അനുസ്മരിച്ചു.
ഏവർക്കും പ്രിയങ്കരനായ നേതാവായിരുന്നു വി.കെ. ഇബ്രാഹിം കുഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുസ്മരിച്ചു. മുസ്ലിം ലീഗ് നേതാവെന്ന നിലയിൽ മാത്രമല്ല ജനകീയനായ ജനപ്രതിനിധിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വേർപാട് ഐക്യജനാധിപത്യമുന്നണിക്ക് വലിയ നഷ്ടമാണെന്നും സതീശൻ പറഞ്ഞു.
ഇബ്രാഹിം കുഞ്ഞ് മുസ്ലീം ലീഗിന്റെ മതേതരത്വത്തിന്റെ പ്ലാറ്റ്‌ഫോമായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗം ഒരു കുടുംബാംഗത്തെ നഷ്ടപ്പെട്ടതിന് തുല്യമാണെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പാണക്കാട് കുടുംബവുമായി തലമുറകളായുള്ള ബന്ധം പുലർത്തിയിരുന്ന അദ്ദേഹം, സമുദായങ്ങൾക്കിടയിൽ സൗഹൃദം നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നുവെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച നേതാവായിരുന്നു വി.കെ. ഇബ്രാഹിം കുഞ്ഞെന്ന് മുസ്ലിം ലീഗിന്റെ അഖിലേന്ത്യ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി ഓർമിച്ചു. പാർട്ടിയോടും നേതൃത്വത്തോടും എപ്പോഴും അച്ചടക്കം പാലിച്ചിരുന്ന അദ്ദേഹം, തന്റെ സ്വാധീനം ജനങ്ങളുടെയും പാർട്ടിയുടെയും താല്പര്യങ്ങൾക്കായി വിനിയോഗിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വഭാവശുദ്ധിയുള്ള വ്യക്തിയായിരുന്നു ഇബ്രാഹിം കുഞ്ഞെന്നും പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് 'വൺ ടൈം സെറ്റിൽമെന്റ്' പോലുള്ള പദ്ധതികളിലൂടെ കേരളത്തിലെ റോഡ് വികസനത്തിൽ വിപ്ലവാത്മകമായ മാറ്റം കൊണ്ടുവന്നുവെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി അനുസ്മരിച്ചു. ഒരിക്കൽ പോലും ആരോടും ദേഷ്യപ്പെട്ട് സംസാരിക്കാത്ത ശുദ്ധനായ മനുഷ്യനായിരുന്നു അദ്ദേഹമെന്നും ബഷീർ കൂട്ടിച്ചേർത്തു.
പൊതുമരാമത്ത് വകുപ്പിൽ റോഡുകളും പാലങ്ങളും നിർമിക്കുന്നതിൽ ഇബ്രാഹിം കുഞ്ഞ് റെക്കോർഡ് വേഗത കൈവരിച്ചുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി അനുസ്മരിച്ചു. മുപ്പത് വർഷമായി മുടങ്ങിക്കിടന്ന ആലപ്പുഴ ബൈപാസ് പദ്ധതിക്ക് പുതുജീവൻ നൽകിയത് അദ്ദേഹത്തിന്റെ കഠിനാധ്വാനമാണെന്നും അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കാലം തെളിയിച്ചുവെന്നും വേണുഗോപാൽ പറഞ്ഞു.
യുഡിഎഫിന്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ വിലപ്പെട്ടതായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഓർമിച്ചു. 2011-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മികച്ച രീതിയിൽ പ്രവർത്തിച്ച അദ്ദേഹം കക്ഷിരാഷ്ട്രീയത്തിന് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നുവെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടായപ്പോൾ പോലും അദ്ദേഹം ക്ഷമയോടെയാണ് നേരിട്ടതെന്നും ആർക്കെതിരെയും വിദ്വേഷം പുലർത്തിയിരുന്നില്ലെന്നും മുൻ മന്ത്രി ജി. സുധാകരൻ പറഞ്ഞു. പാലാരിവട്ടം വിഷയത്തിൽ അദ്ദേഹം കുറ്റക്കാരനായിരുന്നില്ലെന്നും രാഷ്ട്രീയമായ ആക്ഷേപങ്ങൾ അദ്ദേഹത്തിന്റെ ആരോഗ്യത്തെപ്പോലും ബാധിച്ചിരുന്നുവെന്നും സുധാകരൻ അനുസ്മരച്ചു.
ഒരു മന്ത്രിയെന്ന നിലയിൽ നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത നേതാവായിരുന്നു വി.കെ. ഇബ്രാഹിം കുഞ്ഞെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ പറഞ്ഞു. ഒരു ഭരണകർത്താവ് എന്ന നിലയിൽ നിരവധി പാലങ്ങളും റോഡുകളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ അദ്ദേഹം വലിയ താല്പര്യം കാണിച്ചിരുന്നു. കേരളത്തിലെ റോഡുകളുടെ പരിപാലനത്തിലും നിർമ്മാണത്തിലും അദ്ദേഹം കാണിച്ച കാര്യക്ഷമത അന്നത്തെ മുഖ്യമന്ത്രിമാർ പോലും പ്രശംസിച്ചിട്ടുള്ളതാണെന്നും ബെന്നി ബെഹനാൻ അനുസ്മരിച്ചു.
Content Highlights: Political leaders across Kerala mourn the passing of former minister V.K. Ibrahim Kunju, remembering his contributions to Muslim League, UDF, and Kerala`s development.
Published: 06 Jan 2026, 06:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented