
വിഴിഞ്ഞം: സുഹ്യത്തുക്കൊൾക്കൊപ്പം പാറപ്പുറത്തുനിന്ന് ഫോട്ടോയെടുക്കവെ തിരയടിച്ച് കടലിൽ വീണ യുവാവിനെ കാണാതായി. മറ്റൊരുയുവാവും തിരയിൽപ്പെട്ടുവെങ്കിലും അൽഭുതകരമായി രക്ഷപ്പെട്ടു. വയനാട് പയ്യമ്പിളളി ആറാട്ടുതറ നന്ദനം വീട്ടിൽ റിട്ട; കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ സെൽവരാജിന്റെയും അജിതയുടെയും മകൻ എ.എസ്. ശ്രീജിത്തിനെ(28) ആണ് കാണാതായത്. ഒപ്പമുണ്ടായിരുന്നവരിൽ മൂന്നുപേർ ഓടി രക്ഷപ്പെട്ടു.
ശ്രീജിത്തിനൊപ്പം തിരയിൽ മുങ്ങിപ്പോയ വിജയ് പാറയിൽ പിടിച്ചുകിടന്നശേഷം രക്ഷപ്പെടുകയായിരുന്നു. നേമം വിദ്യാധിരാജ ഹോമിയോ കോളേജിൽ പഠനം പൂർത്തിയാക്കിയശേഷം എം.ഡി.ക്ക് പഠിക്കാനുളള തയ്യാറെടുപ്പിലായിരുന്നു ശ്രീജിത്ത്.
ശ്രീജിത്തിന്റെ സുഹ്യത്തും മെഡിക്കൽ റെപ്രസെന്റേറ്റീവുമായ മൊട്ടമൂട് സ്വദേശി രാഹുലിന്റെ കല്യാണം തിങ്കളാഴ്ച രാവിലെയായിരുന്നു. വിവാഹത്തിനുളള ഹാരമുൾപ്പെടെ പൂക്കൾ വാങ്ങുന്നതിന് ശ്രീജിത്തിനെയാണ് രാഹുൽ ഏർപ്പെടുത്തിയിരുന്നത്. അതുപ്രകാരം ശ്രീജിത്തും കുട്ടുകാരും കരമനയിലെ പൂക്കടയിലെത്തിയെങ്കിലും ഹാരങ്ങൾ തയ്യാറാകാൻ ഒരുമണിക്കൂർ വേണ്ടിവരുമെന്ന് കടയുടമ പറഞ്ഞു. ഇതേത്തുടർന്ന് ഇവർ കാറുകളിൽ വിഴിഞ്ഞത്ത് എത്തുകയായിരുന്നു.
ഇവരിൽ ശ്രീജിത്തും വിജയും ഉൾപ്പെട്ട അഞ്ചുപേരാണ് ബൊളളാർഡിന് താഴെയുളള പാറപ്പുറത്ത് കയറിനിന്ന് ഫോട്ടോയെടുത്തത്. ഈ സമയത്തുണ്ടായ ശക്തമായ തിര ഇവർ നിന്നിരുന്ന പാറയിലേക്ക് അടിച്ചുകയറിപ്പോൾ നിലതെറ്റി ശ്രീജിത്തും വിജയും അപകടത്തിൽപ്പെടുകയായിരുന്നു. സുഹ്യത്തുക്കളുടെ നിലവിളിക്കേട്ടാണ് നാട്ടുകാരായ ചിപ്പി തൊഴിലാളികളും ബൊളളാർഡിന് സമീപം പിക്കറ്റിലുളള കോസ്റ്റൽ പോലീസിലെ ഉദ്യോഗസ്ഥരും എത്തിയത്. തുടർന്ന് കടലിൽ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് മുങ്ങൽ വിദഗ്ധരായ ചിപ്പി തൊഴിലാളികളെ വിളിച്ച് തിരച്ചിൽ നടത്തി. വിഴിഞ്ഞം സ്റ്റേഷൻ കമാൻഡർ സുരേഷ് കുറുപ്പിന്റെയും നേത്യത്വത്തിൽ കോസ്റ്റുഗാർഡിന്റെ ചെറുകപ്പലും
വിഴിഞ്ഞം കോസ്റ്റൽ പോലീസ് എസ്.ഐ. എസ്. ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ ബോട്ടും ഉപയോഗിച്ച് കടലിൽ തിരച്ചിൽ നടത്തുന്നുണ്ട്.
അഭിജിത്താണ് ശ്രീജിത്തിന്റെ ഏകസഹോദരൻ. ആളെ കാണാതായതിന് വിഴിഞ്ഞം കോസ്റ്റൽ പോലീസ് കേസെടുത്തു.
Content Highlights: A.S. Sreejith (28) went missing after being swept away by waves at Vizhinjam rocks., The incident occurred while taking photos with friends near the bollard area., One friend, Vijay, survived by holding onto the rocks., Coastal Police and local fishermen are conducting an active search operation., The group had visited Vizhinjam while waiting for wedding garlands for a friend's marriage.
Published: 22 Jun 2026, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented