നേമം: അച്ഛന്റെ മുഖം കാണണമെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ രാജേഷിന്റെ മൂത്ത മകൻ ഒൻപതാം ക്ലാസുകാരൻ അർഷനും രണ്ടാമത്തെ മകൻ എട്ടാം ക്ലാസുകാരൻ അഭിഷേകും കണ്ടുനിന്നവരെയും കരയിപ്പിച്ചു. അച്ഛൻ തിരികെവരുമെന്ന പ്രതീക്ഷയിലായിരുന്നു മക്കൾ. മൃതദേഹത്തിന് രണ്ടുമൂന്ന് ദിവസത്തെ പഴക്കമുള്ളതിനാൽ മുഖം പൊതിഞ്ഞാണ് കൊണ്ടുവന്നത്. പൊതുദർശനത്തിന് വെച്ചപ്പോൾ അച്ഛന്റെ മുഖമൊന്നു കാണാനായി ഇരുവരും അലറിക്കരഞ്ഞത് സങ്കടക്കാഴ്ചയായി. ഒടുവിൽ ബന്ധുക്കൾ സമാധാനപ്പെടുത്തി ഇരുവരെയും വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും വീണ്ടും അച്ഛന്റെ അടുത്തേയ്ക്ക് വരാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇരുവരും പഠിക്കുന്ന സ്‌കൂളിൽനിന്നു സഹപാഠികളെത്തിയതോടെ വീട്ടിൽ കൂട്ടക്കരച്ചിലായി.

To advertise here,

പല കുട്ടികളും കരഞ്ഞാണ് വീട്ടിൽനിന്നു ഇറങ്ങിയത്. കുട്ടികളെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും വിഷമിക്കുന്നതാണ് കണ്ടത്.

അംഗീകാരങ്ങൾ മാത്രമാണ് മകന്റെ സമ്പാദ്യമെന്ന് വിതുമ്പലോടെ അച്ഛൻ രാജശേഖരൻ പറഞ്ഞു. ''എല്ലാ ദുരന്തമുഖത്തും ഓടിയെത്തും. രക്ഷാപ്രവർത്തനം കഴിയുമ്പോൾ സർക്കാർവക സർട്ടിഫിക്കറ്റുകൾ ലഭിക്കും. അതുകൊണ്ട് ജീവിക്കാനാവില്ലല്ലോ'' -രാജശേഖരൻ പറഞ്ഞു. രാജേഷിന്റെ അമ്മ നെയ്ത്തുതൊഴിലാളിയായിരുന്ന ഗീത രോഗം ബാധിച്ചതോടെ തൊഴിൽ ഉപേക്ഷിച്ചു. ആശ്വസിപ്പിക്കാനെത്തിയവരോട് ''എന്റെ രാജേഷിനെ കൊണ്ടുവരൂ'' എന്ന് പറഞ്ഞ് കരയുകയായിരുന്നു അമ്മ. രണ്ടുവർഷം മുമ്പ് ഇളയ സഹോദരൻ രഞ്ജിത്ത് തീവണ്ടിയിൽനിന്ന് വീണ് മരിച്ചതിനു പിന്നാലെ രാജേഷിന്റെ മരണം കൂടിയെത്തിയതോടെ കുടുംബം തീരാവേദനയിലായി.

രാജേഷിന് ഔദ്യോഗിക ബഹുമതിയോടെ... വിട

ജീവനോടെ മടങ്ങിവരുമെന്ന് കാത്തിരുന്ന കല്ലിയൂർ ഗ്രാമത്തെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി ബുധനാഴ്ച രാവിലെ രാജേഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. കണ്ണൂർ ചെറുപുഴയിൽ ദുരിതാശ്വാസപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട രാജേഷിന് അന്ത്യാഞ്ജലിയർപ്പിക്കാൻ നാടാകെ ഒഴുകിയെത്തി.

പതിനൊന്നരയോടെ വീടിന് സമീപം തെറ്റിവള പ്രാഥമികാരോഗ്യകേന്ദ്രത്തിന് മുന്നിലൊരുക്കിയ പന്തലിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും എം.എൽ.എ.മാരും വിവിധ പാർട്ടിനേതാക്കളും അന്ത്യോപചാരമർപ്പിച്ചു. ഒന്നരയോടെ ഔദ്യോഗികബഹുമതിയായി പോലീസിന്റെ ഗാർഡ് ഓഫ് ഓണറിന് ശേഷം വീടിന് മുന്നിൽ സഹോദരൻ രഞ്ജിത്തിനെ അടക്കം ചെയ്തിനടുത്തായി രാജേഷിന്റെ മൃതദേഹവും സംസ്‌കരിച്ചു. അച്ഛന്റെ മൃതദേഹം കണ്ട് മക്കളായ അർഷനും അഭിഷേകും പൊട്ടിക്കരഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരായ സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ് എന്നിവരും വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കുട്ടികളുടെ കരച്ചിൽ കണ്ട് മുഖ്യമന്ത്രിയും വിതുമ്പി.

രാജേഷിന്റെ വീടുനിർമാണം പൂർത്തിയാക്കും-മുഖ്യമന്ത്രി

രാജേഷിന്റെ പേരിൽ പഞ്ചായത്ത് ലൈഫ് മിഷൻ വഴി കിട്ടിയ വീടിന്റെ പണി പൂർത്തിയാക്കാൻ സർക്കാർ സഹായിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. വീടിന്റെ പണി പാതിവഴി മുടങ്ങി കാടുകയറി കിടക്കുകയാണ്. ബാങ്ക് വായ്പയെത്തുടർന്ന് കുടുംബ വീട് ജപ്തിഭീഷണിയിലുമാണ്. രാജേഷിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. രാജേഷിന്റെ മരണത്തോടെ ജീവിതം വഴിമുട്ടിയ കുടുംബത്തിന് കരകയറാൻ രാജേഷിന്റെ ഭാര്യയ്ക്ക് ജോലി നൽകണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എൽ.എ. എം. വിൻസെന്റ് മുഖ്യമന്ത്രിക്ക് കത്ത് നൽകി.

ഓർമ്മകൾ പങ്കുവെച്ച് സുഹൃത്തുക്കൾ; അന്ത്യാഞ്ജലിയർപ്പിച്ച് പ്രമുഖർ

നേമം: രാജേഷിന്റെ ധീരമായ ഓർമ്മകൾ അക്ഷരങ്ങളായി കോറിയിട്ട ഒട്ടേറെ ബോർഡുകളാണ് തെറ്റിവിളയിൽ സുഹൃത്തുക്കൾ വെച്ചത്. ''മറ്റൊരാളെ രക്ഷിക്കാൻ സ്വന്തം ജീവൻപോലും മറന്ന ധീരന്...'', ''നിങ്ങളുടെ പുഞ്ചിരി എന്നും ഞങ്ങളുടെ മനസ്സിൽ തെളിഞ്ഞുനിൽക്കും'', ''ഓർമ്മകളിൽ എന്നും ജീവിക്കും'' തുടങ്ങിയ വാക്കുകൾ ബോർഡുകളിൽ നിറഞ്ഞുനിന്നു.

''രാജേഷ് തുടങ്ങിയ സംരംഭമായിരുന്നു അഡ്വെഞ്ചർ ഡിസാസ്റ്റർ മാനേജ്മെന്റ് സൊസൈറ്റി. അത് രാജേഷിന്റെ സ്വപ്നമായിരുന്നു. ആ സ്വപ്നത്തിന്റെ ശില്പി ഇന്ന് ഞങ്ങളോടൊപ്പമില്ല. എങ്കിലും രാജേഷ് തെളിച്ച വഴിയും ഓർമ്മകളും എന്നും മായാതെ നിൽക്കും'' എന്നായിരുന്നു മറ്റൊരു ബാനറിൽ.

രാജേഷിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ രാഷ്ട്രീയ, സാമൂഹിക മേഖലയിലെ ഒട്ടേറെ പ്രമുഖരെത്തി. മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാരായ സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, എം.എൽ.എ.മാരായ എം. വിൻസെന്റ്, വി. ജോയി, കെ.എൻ. ബാലഗോപാൽ, സി.പി.എം. നേതാക്കളായ മുൻമന്ത്രി വി. ശിവൻകുട്ടി, എം.വി. ജയരാജൻ, ഇ.പി. ജയരാജൻ, എം. വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, റൂറൽ ജില്ല പ്രസിഡന്റ് മുക്കംപാലംമൂട് ബിജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഷണ്മുഖം, ജില്ലാപഞ്ചായത്തംഗം ആഗ്‌നസ് റാണി, കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശൈലജ, വൈസ് പ്രസിഡന്റ് കാക്കമൂല ബിജു, കെ.കെ. ചന്തു കൃഷ്ണ, നെയ്യാറ്റിൻകര സനൽ, എസ്. സോമശേഖരൻ നായർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.