തിരുവനന്തപുരം: വളരെ അപകടകരമായ രാഷ്ട്രീയമാണ് യു.ഡി.എഫ് കൈകാര്യം ചെയ്യുന്നതെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ. പി.വി.അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെറിയ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഏറ്റവും മോശപ്പെട്ട പ്രവർത്തനങ്ങളാണ് യു.ഡി.എഫ് നടത്തുന്നത്. എല്ലാ മനുഷ്യരേയും വർഗീയവാദികളാക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഒന്നിന്റെ ആവർത്തനമാണ് മറ്റൊന്ന് എന്നാണ് എപ്പോഴും ചിന്തിക്കുകയെന്നുപറഞ്ഞ വിജയരാഘവൻ ലോകത്ത് അങ്ങനെ എന്തെങ്കിലും സംഭവമുണ്ടോയെന്ന് ചോദിച്ചു. ഈ നിമിഷത്തിന്റെ ആവർത്തനമല്ല അടുത്തനിമിഷം. ആവർത്തനങ്ങൾ അപൂർവമായേ സംഭവിക്കൂ. ഏത് വ്യക്തി മത്സരിക്കുന്നു, ആരെ മത്സരിപ്പിക്കുന്നു എന്നുള്ളതല്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥി എന്നത് എൽ.ഡി.എഫ് നമ്മുടെ സമൂഹത്തിനുമുന്നിൽ വെയ്ക്കുന്ന ശരിയായ രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിൽ മത്സരിക്കുകയാണ് ചെയ്യുക. ഇന്നത്തെ സാഹചര്യത്തിൽ സ്വാഭാവികമായും അതൊരു രാഷ്ട്രീയ സമരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
"വളരെ അപകടകരമായ രാഷ്ട്രീയമാണ് യു.ഡി.എഫ് കൈകാര്യം ചെയ്യുന്നത്. എല്ലാ മനുഷ്യരേയും വർഗീയവാദികളാക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. ആത്മഹത്യാപരമായ രാഷ്ട്രീയമാണത്. ഉത്തരേന്ത്യയിൽ ഏതെല്ലാം തരത്തിലുള്ള വർഗീയമായ കാര്യങ്ങളാണ് അവിടെ നടക്കുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരായി എത്രയോ വലിയ കടന്നാക്രമണങ്ങളാണ് നടക്കുന്നത്. കേരളത്തിൽ അങ്ങനെ എന്തെങ്കിലുമുണ്ടോ? ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് ഏറ്റവും കൂടുതൽ സുരക്ഷ കിട്ടുന്ന സംസ്ഥാനം കേരളമാണ്. എല്ലാ വിഭാഗം ജനങ്ങൾക്കും സംരക്ഷണമുണ്ട് എന്നത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്.ആ സവിശേഷത തകർക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്." എ.വിജയരാഘവൻ ആരോപിച്ചു.
ചെറിയ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഏറ്റവും മോശപ്പെട്ട പ്രവർത്തനങ്ങളാണ് യു.ഡി.എഫ് നടത്തുന്നത്. എല്ലാ വർഗീയതയും അവർ പ്രോത്സാഹിപ്പിക്കുകയാണ്. ഒരു പൊതു സാമൂഹ്യഘടനയിൽ ഒട്ടും അഭിലഷണീയമായ രാഷ്ട്രീയ പ്രവർത്തന രീതിയല്ല ഇന്നത്തെ യു.ഡി.എഫ് നേതൃത്വത്തിനുള്ളതെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
Content Highlights: CPM Politburo member A. Vijayaraghavan criticizes UDF`s actions
Published: 13 Jan 2025, 03:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented