ആലപ്പുഴ: മുസ്ലിം ലീഗിനും ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരെ വീണ്ടും വീണ്ടും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗ് അധികാരത്തിൽ കടന്നുകയറി കിട്ടാവുന്നതെല്ലാം സ്വന്തമാക്കിയെന്നും, 'കിട്ടിയതൊന്നും പോര' എന്നതാണ് അവരുടെ നിലപാടെന്നും വെള്ളാപ്പള്ളി വിമർശിക്കുന്നു. എസ്എൻഡിപി യോഗത്തിന്റെ മുഖമാസികയായ യോഗനാദത്തിലൂടെയാണ് അദ്ദേഹം ഈ വിമർശനം ഉന്നയിച്ചത്.

To advertise here,

കഴിഞ്ഞ 10 വർഷമായി അധികാരത്തിലില്ലാത്തതിനാൽ, ഇനി അധികാരത്തിൽ വന്നാൽ ആ 10 വർഷത്തെ കുറവ് കൂടി നികത്തുന്ന തരത്തിൽ എല്ലാം സ്വന്തമാക്കാൻ ലീഗ് ശ്രമിക്കുമെന്നും അദ്ദേഹം ആരോപിക്കുന്നു. ഈഴവർ ഉൾപ്പെടെയുള്ള ഭൂരിപക്ഷ സമുദായങ്ങൾ തമ്മിൽ തല്ലി നശിക്കുകയാണെന്ന് വെള്ളാപ്പള്ളി തന്റെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

അധികാര പങ്കാളിത്തം ഔദാര്യമല്ല എന്ന തലക്കെട്ടിലാണ് വെള്ളാപ്പള്ളിയുടെ മുഖപ്രസംഗം. 'ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലം ഒഴിച്ചുനിറുത്തിയാൽ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളെല്ലാം സംസ്ഥാനത്തെ ഭൂരിപക്ഷ ജനവിഭാഗത്തിന്, പ്രത്യേകിച്ച് ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക, അധ:സ്ഥിത വിഭാഗങ്ങൾക്ക് നഷ്ടക്കച്ചവടമായിരുന്നു' വെള്ളാപ്പള്ളി പറയുന്നു.

ന്യൂനപക്ഷ മതവിഭാഗങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി മതം പറഞ്ഞു തന്നെ സംഘടിച്ച് അധികാരത്തിന്റെ അകത്തളങ്ങളിൽ കയറിക്കൂടിയവരാണ്. മുസ്ലീം, ക്രൈസ്തവ സമുദായങ്ങൾ അവരുടെ സ്വന്തം പാർട്ടികളുണ്ടാക്കി എം.എൽ.എമാരെയും എം.പിമാരെയും മന്ത്രിമാരെയും സൃഷ്ടിച്ച് അധികാരക്കസേരകളിൽ അടയിരിക്കുന്നു. ഈ പാർട്ടികൾ പിളർന്ന് പുതിയ കക്ഷികൾ രൂപപ്പെടുന്നതനുസരിച്ച് കൂടുതൽ കൂടുതൽ അധികാര പദവികളും സ്ഥാനമാനങ്ങളും അവർ പിടിച്ചെടുക്കുകയാണ് പതിവ്. അർഹതപ്പെട്ടതും അതിലപ്പുറവും ലഭിച്ചിട്ടും മുറുമുറുപ്പ് മാറാത്തവരാണ് ഇവരിലേറെയും.

പിന്നാക്ക, അധ:സ്ഥിത വിഭാഗക്കാർക്ക് അർഹമായ പ്രാതിനിദ്ധ്യം നിയമസഭാ സ്ഥാനാർത്ഥി നിർണയത്തിൽ മുന്നണികൾ നൽകണമെന്നാണ് അഭ്യർത്ഥന. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഈഴവ സമുദായത്തിൽ നിന്ന് ഒരു എം.എൽ.എ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കെ.പി.സി.സി പ്രസിഡന്റ് ഈഴവനായിട്ടു കൂടി അത്തരമൊരു ദുരവസ്ഥയുണ്ടായെന്നും വള്ളാപ്പള്ളി ലേഖനത്തിൽ പറയുന്നു.