തിരുവനന്തപുരം: ഹെലികോപ്റ്റർ വിവാദത്തിൽ വീണ്ടും വഴുതി മാറി മുഖ്യമന്ത്രി വി.ഡി. സതീശൻ. ചിലരെ രഹസ്യമായി കാണാൻ പോകേണ്ടി വരുമെന്നും അങ്ങോട്ട് ചെന്ന് കാണേണ്ടി വരുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ദുരന്തത്തിനിടയിൽ ഇതുപോലെയുള്ള കാര്യങ്ങളെ വിവാദമാക്കാനാണ് മാധ്യമങ്ങൾക്ക് താത്പര്യമെന്നും വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

To advertise here,

നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി കൊച്ചിയിലേക്ക് യാത്രപോകുന്നു. അത് രഹസ്യ യാത്രയാണോ? എന്തുകൊണ്ട് നിക്ഷേപകർക്ക് മുഖ്യമന്ത്രി ഉള്ളിടത്ത് വന്ന് കാണാൻ പറ്റാത്തത്? എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. ഇതിന് മറുപടിയായി; 'രഹസ്യമായി ചിലരെ കാണേണ്ടി വരും, അല്ലാതേയും കാണേണ്ടി വരും. ചിലപ്പോൾ മുഖ്യമന്ത്രിയെ ഇവിടെ വന്ന് കാണും. ഞാൻ അന്ന് വൈകുന്നേരം എറണാകുളത്ത് ഉള്ളതുകൊണ്ട് അവിടെ കാണാമെന്ന് പറഞ്ഞതാണ്. സംസ്ഥാനത്തെ ബാധിക്കുന്ന ഗൗരവകരമായ വിശയങ്ങളുള്ളപ്പോൾ ഇതുപോലോത്ത കുറേ കാര്യങ്ങളെ വിവാദമാക്കാനാണ് നിങ്ങൾക്ക് താത്പര്യം. വിഷയത്തെക്കുറിച്ച് കഴിഞ്ഞ പ്രാവശ്യം വ്യക്തമാക്കിയതാണ്. ഇനി വേണ്ട"- എന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ മറുപടി.

നിക്ഷേപകരെ കാണാനാണ് ഹെലികോപ്റ്ററിൽ കൊച്ചിയിൽ പോയതെന്നാണ് നേരത്തെ പറഞ്ഞത്. എന്നാൽ ഇന്ന് കൊച്ചിയിലേക്ക് പോയപ്പോൾ നിക്ഷേപകരെ കണ്ടു എന്നാണ് പറഞ്ഞത്. ഏതാണ് ശരി എന്ന ചോദ്യത്തിന്; ‘ഞാൻ എല്ലാം വ്യക്തമായി പറഞ്ഞു, ഇനി ഒന്നുമില്ല’- എന്നായിരുന്നു വി.ഡി. സതീശന്റെ മറുപടി.