
തിരുവനന്തപുരം: വി.ഡി. സതീശനെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ പാർലമെന്ററി പാർട്ടി യോഗം അഞ്ചുമണിക്ക് ചേരുന്നു. വ്യാഴാഴ്ച രാത്രി ഏഴരയ്ക്ക് സതീശൻ ഗവർണറെ നേരിൽകണ്ട് പുതിയ മാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കും. സത്യപ്രതിജ്ഞ തിങ്കളാഴ്ച നടന്നേക്കും.
നേതൃസ്ഥാനത്തേക്ക് എത്തുന്നതിന് മുന്നോടിയായി വി.ഡി. സതീശൻ മുതിർന്ന നേതാക്കളെ നേരിൽകണ്ട് പിന്തുണ തേടി. എ.കെ. ആന്റണി, വി.എം. സുധീരൻ എന്നിവരെ അവരുടെ വസതിയിലെത്തി സന്ദർശിച്ച അദ്ദേഹം, തനിക്ക് ലഭിച്ച പിന്തുണയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഹൈക്കമാൻഡ് പ്രതിനിധി ദീപാദാസ് മുൻഷിയാണ് നേതൃമാറ്റം സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ട് നിയമസഭാകക്ഷി യോഗത്തിൽ അവതരിപ്പിക്കുന്നത്. സതീശന്റെ പേര് യോഗത്തിൽ ആര് നിർദ്ദേശിക്കും എന്നതിനേച്ചൊല്ലി രാഷ്ട്രീയകൗതുകം നിലനിൽക്കുന്നുണ്ട്. രമേശ് ചെന്നിത്തല എത്തിയില്ലെങ്കിൽ മുതിർന്ന അംഗമെന്ന നിലയിൽ തിരുവഞ്ചൂർ രാധാകൃഷ്ണനോ സണ്ണി ജോസഫോ പേര് നിർദ്ദേശിക്കാൻ സാധ്യതയുണ്ട്. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്ന പ്രക്രിയയോടെ യോഗത്തിന്റെ നടപടിക്രമങ്ങൾ അവസാനിക്കും.
അതേസമയം, മുഖ്യമന്ത്രിസ്ഥാനം ലഭിക്കാത്തതിൽ രമേശ് ചെന്നിത്തല കടുത്ത നിരാശയിലാണെന്നാണ് റിപ്പോർട്ടുകൾ. രാവിലെ മാധ്യമപ്രവർത്തകരോട് ഏറെ സന്തോഷത്തോടെ സംസാരിച്ച അദ്ദേഹം, ഹൈക്കമാൻഡ് തീരുമാനം വന്നതോടെ വൈകാരികമായി മുറിവേറ്റ അവസ്ഥയിലാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. പാർട്ടിയെ ഒരു ഘട്ടത്തിലും പ്രതിസന്ധിയിലാക്കാത്ത നേതാവാണ് ചെന്നിത്തലയെങ്കിലും ഇത്തവണത്തെ അവഗണന അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ക്യാമ്പിനെയും വലിയരീതിയിൽ നിരാശരാക്കിയിട്ടുണ്ട്. പാർലമെന്ററി പാർട്ടി യോഗത്തിൽ അദ്ദേഹം പങ്കെടുക്കാൻ യാതൊരു സാധ്യതയുമില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. തിരുവനന്തപുരത്തെ വഴുതക്കാട്ടെ വസതിയിൽനിന്ന് അദ്ദേഹം പുറത്തേക്ക് പോയിരിക്കുകയാണ്. തന്റെ സീനിയോറിറ്റിയും കഴിഞ്ഞ തവണത്തെ വിട്ടുവീഴ്ചയും പരിഗണിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നുവെങ്കിലും അതുണ്ടാകാത്തതിൽ അദ്ദേഹത്തിന് മനോവിഷമമുണ്ട്.
അതേസമയം, ഹൈക്കമാൻഡ് തീരുമാനത്തിൽ കെ.സി വേണുഗോപാൽ ക്യാമ്പും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.സി വേണുഗോപാലിനെതിരെ നടന്ന സൈബർ ആക്രമണങ്ങളിൽ അവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പഴകുളം മധു, എം.എം നസീർ തുടങ്ങിയ നേതാക്കൾ ഇന്ദിരാഭവനിൽവെച്ച് തങ്ങളുടെ അതൃപ്തി പരസ്യമാക്കുകയും നിയമസഭാ കക്ഷി യോഗത്തിൽ തങ്ങളുടെ പരാതികൾ ഉന്നയിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
വി.ഡി സതീശന്റെ സ്ഥാനലബ്ധിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ആഘോഷങ്ങളാണ് പ്രവർത്തകർ സംഘടിപ്പിക്കുന്നത്. പറവൂരിലും ആലുവയിലും പ്രവർത്തകർ സതീശന്റെ ഫ്ലക്സുകളിൽ പാലഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചും പൂത്തിരികൾ കത്തിച്ചും സന്തോഷം പങ്കുവെച്ചു.
മുതിർന്ന നേതാവ് എ.കെ ആന്റണിയുടെ വസതിയിലെത്തി വി.ഡി സതീശൻ അദ്ദേഹത്തെ സന്ദർശിച്ചു. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് എന്നിവരുടെ താല്പര്യപ്രകാരമാണ് സതീശൻ ഈ സ്ഥാനത്തേക്ക് എത്തിയതെന്നും അദ്ദേഹത്തിന് തന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും ആന്റണി വ്യക്തമാക്കി. അടുത്ത അഞ്ച് വർഷം കേരളത്തിന്റെ സുവർണകാലമായി മാറട്ടെ എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്ന് ആന്റണി സതീശന് മുന്നറിയിപ്പ് നൽകി. 2001-ൽ താൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തേക്കാൾ പത്തിരട്ടിയിലധികം സാമ്പത്തിക തകർച്ചയിലാണ് ഇന്ന് കേരളം ഉള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് ഡൽഹിയിലേക്ക് പോകാൻ വിമാന ടിക്കറ്റ് പോലും നൽകാൻ ഇന്ത്യൻ എയർലൈൻസ് വിസമ്മതിച്ച ഒരു കാലഘട്ടം കേരളത്തിനുണ്ടായിരുന്നുവെന്നും, ഇന്നത്തെ സ്ഥിതി അതിനേക്കാൾ ഭീകരമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പാപ്പരായ സംസ്ഥാനത്തെ കരകയറ്റുക എന്നത് വലിയൊരു വെല്ലുവിളിയാണെന്നും ആന്റണി പറഞ്ഞു.
Content Highlights: VD Satheesan prepares for Congress Parliamentary Party meeting as leadership changes unfold.
Published: 14 May 2026, 05:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented