ഇടുക്കി: നിയമസഭാ സമ്മേളന സമയത്ത് ചുവപ്പ് അക്കം ഘടിപ്പിച്ചതും എംഎല്‍എ ബോര്‍ഡ് സ്ഥാപിച്ചതുമായ കാറുകള്‍ സഭാ കവാടം കടന്നുവരുന്നത് ഒരു കാഴ്ചയാണ്‌. പല മോഡല്‍ കാറുകള്‍ക്കിടയിലൂടെ തലയെടുപ്പോടെ ഒരു ജീപ്പ് കടന്നെത്തുന്നത് പലപ്പോഴും ശ്രദ്ധാകേന്ദ്രമായിരുന്നു. അന്തരിച്ച പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്റെ യാത്രകള്‍ എപ്പോഴും ആ ജീപ്പിലായിരുന്നു. വാഴൂര്‍ സോമന്‍ വിടപറഞ്ഞതോടെ ബഹുവര്‍ണക്കാറുകള്‍ക്കിടയിലൂടെ എംഎല്‍എ ബോര്‍ഡുവെച്ച് ആ പഴയ മഹീന്ദ്ര ജീപ്പും ഇനി സഭാ കവാടം കടന്നെത്തില്ല. 

To advertise here,

ഹൈറേഞ്ച് പ്രദേശമായ പീരുമേടിന്റെ എംഎല്‍എയായ വാഴൂര്‍ സോമന്റെ ഔദ്യോഗിക വാഹനമായിരുന്നു ആ ജീപ്പ്. KL 06 D 0538 എന്ന നമ്പറിലുള്ള മഹീന്ദ്രയുടെ മേജര്‍ ജീപ്പിലാണ് എം.എല്‍.എയുടെ ബോര്‍ഡും വെച്ചുള്ള അദ്ദേഹത്തിന്റെ യാത്രകള്‍. ജീപ്പായിരുന്നു സോമന്റെ ഇഷ്ടവാഹനം. ജീപ്പുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

പീരമേട് എ.എല്‍.എ. ആയിരുന്ന സി.എ.കുര്യന്റെ സഹായത്തോടെ 1978-ലാണ് ആദ്യമായി ഒരു ജീപ്പ് സ്വന്തമാക്കിയത്. പെട്രോള്‍ എന്‍ജിന്‍ ജീപ്പായിരുന്നു ഇത്. 1991 വരെ ഈ ജീപ്പായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് 2006-ല്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനായി സ്ഥാനമേറ്റതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന മഹീന്ദ്ര മേജര്‍ സ്വന്തമാക്കിയത്. 

2021-ല്‍ കോണ്‍ഗ്രസിന്റെ സിറിയക് തോമസിനെതിരേ 1,835 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചാണ് വാഴൂര്‍ സോമന്‍ ആദ്യമായി എംഎല്‍എയാവുന്നത്. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് വളര്‍ന്ന സിപിഐ നേതാവാണ്. 1974 മുതല്‍ അദ്ദേഹം പൊതുരംഗത്തുണ്ട്. എഐഎസ്എഫിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷന്‍, സംസ്ഥാന വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ അധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. എംഎല്‍എയും എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ പ്രവര്‍ത്തക സമിത അംഗവും ആയിരിക്കേയാണ് അന്ത്യം. 

പിടിപി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു മടങ്ങാനിരിക്കേ ഹൃദയാഘാതമുണ്ടായാണ് അന്ത്യം. യോഗത്തില്‍ ജില്ലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ചെല്ലാം സംസാരിച്ചിരുന്നു. ഇറങ്ങാന്‍നേരം ക്ഷീണമുണ്ടെന്നും പിടിക്കണമെന്നും ഒപ്പമുള്ളയാളെ അറിയിച്ചു. അതു പ്രകാരം അടുത്തുള്ള മുറിയിലേക്ക് കിടത്തുകയും ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. റവന്യൂ മന്ത്രി കെ. രാജന്റെ വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍വെച്ചാണ് മരണം സംഭവിച്ചത്. വൈകീട്ട് ഏഴിന് എം.എന്‍. സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം വണ്ടിപ്പെരിയാറിലേക്ക് കൊണ്ടുപോകും. 

കോട്ടയം ജില്ലയിലെ വാഴൂരില്‍ 1952 സെപ്റ്റംബര്‍ 14-നാണ് ജനനം. അച്ഛന്‍:  കുഞ്ഞുപാപ്പന്‍. അമ്മ: പാര്‍വതി. ഭാര്യ: ബിന്ദു. മക്കള്‍: അഡ്വ. സോബിന്‍, അഡ്വ. സോബിത്ത് (റിപ്പോർട്ടർ, മാതൃഭൂമി കോഴിക്കോട്)