വൈക്കം: വീട്ടിൽ ആളില്ല. കത്ത് അയൽപ്പക്കത്ത് ഏൽപ്പിച്ചിട്ടുണ്ടെന്ന് സിസിടിവിയിലൂടെ അറിയിച്ച് പോസ്റ്റ് വുമൻ. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. വൈക്കം വൈക്കപ്രയാർ തപാൽ ബ്രാഞ്ച് ഓഫീസിലെ പോസ്റ്റ് വുമൻ ആശാ നടേശൻ ആണ് വൈറലായത്. രണ്ട് ദിവസമായി കത്തുമായി വീട്ടിൽ എത്തിയിട്ടും ആളില്ലായിരുന്നു.

To advertise here,

വിദേശത്തായിരുന്ന വീട്ടുടമയുടെ അമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ ആശ എത്തിയ രണ്ട് ദിവസങ്ങളിലും അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല. കൈയ്യിലുള്ള കത്തിൽ അത്യാവശ്യം ഉള്ള വിവരങ്ങളാണെങ്കില്ലോ. എന്ത് ചെയ്യുമെന്ന ആലോചിച്ചപ്പോഴാണ് വീട്ടിലെ സിസിടിവി ആശയുടെ ശ്രദ്ധയിൽപ്പെട്ടത്. സിസിടിവിയിൽ കത്ത് കാണിച്ച് 'ദേ...കത്തുണ്ടെ അടുത്ത വീട്ടിൽ കൊടുത്തിട്ടുണ്ടേ എന്ന് പറഞ്ഞു. ഉടൻ മടങ്ങുകയുംചെയ്തു.

ബുധനാഴ്ചയായിരുന്നു സംഭവം. വിവരം അപ്പോൾ തന്നെ ഫോണിലൂടെ വിദേശത്തിരുന്ന് വീട്ടുടമ കണ്ടു. തന്റെ നാട്ടിലെ പോസ്റ്റ് വുമനിന്റെ ആത്മാർത്ഥതയോടെയുള്ള പ്രവൃത്തികണ്ട് വിവരം സുഹൃത്തിനെ അറിയിച്ചു. വീഡിയോ ദൃശ്യങ്ങളും കൈമാറി. വൈക്കപ്രയാർ തപാൽ ബ്രാഞ്ച് ഓഫീസിൽ 16 വർഷം മുമ്പാണ് ടിവിപുരം മണ്ണത്താനം സ്വദേശിയായ ആശാ നടേശൻ ജോലിക്ക് കയറിയത്. ഒന്നര പതിറ്റാണ്ടായി നാടറിഞ്ഞും നാട്ടാരെ അറിഞ്ഞുമാണ് ആശയുടെ പ്രവർത്തനം. കത്ത് വിതരണത്തിൽ എന്തെങ്കിലും തടസ്സമോ ബുദ്ധിമുട്ടോ ഉണ്ടായാൽ നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പിൽ വിവരം പങ്കുവെച്ച് സഹായംതേടും.

അങ്ങനെ കത്തുകളും തപാൽ ഉരുപ്പടികളും ഭദ്രമായി ആളുകളുടെ കൈകളിൽ എത്തിച്ചാണ് ആശ മാതൃകയാവുന്നത്. ഭർത്താവ് ജുബീഷും മക്കളായ ആദിനാഥും വേദികയ്ക്കും ഒപ്പം കടുത്തുരുത്തി മങ്ങാടാണ് ആശ താമസിക്കുന്നത്. റെയിൽവേയിലെ സീനിയർ അസിസ്റ്റൻറ്‌ ലോക്കോ പൈലറ്റാണ് ജൂബീഷ്. മകൻ ആദിനാഥ് ഒമ്പതാം ക്ലാസിലും മകൾ വേദിക അഞ്ചാംക്ലാസിലുമാണ് പഠിക്കുന്നത്.