താനൂർ: എൽഡിഎഫിന്റെ സ്വതന്ത്രസ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടും താനൂരിൽ പ്രചാരണത്തിന് ഇറങ്ങാതെ വി. അബ്ദുറഹ്‌മാൻ. സാമൂഹിക മാധ്യമങ്ങളിലും അദ്ദേഹം പ്രാചരണം തുടങ്ങിയിട്ടില്ല. വീണ്ടും സ്ഥാനാർഥിയാക്കിയതിൽ അബ്ദുറഹ്‌മാന് നീരസമുണ്ടെന്നാണ് സൂചന.

To advertise here,

ഞായറാഴ്ചയാണ് സിപിഎമ്മിന്റെ സ്ഥാനാർഥിപ്രഖ്യാപനം വന്നത്. മന്ത്രിയായ അബ്ദുറഹ്‌മാനെ താനൂരിൽ സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് പാർട്ടി വീണ്ടും തീരുമാനിച്ചത്. എന്നാൽ പ്രഖ്യാപനം കഴിഞ്ഞ് മൂന്ന് ദിവസമായിട്ടും അദ്ദേഹം പ്രചാരണം ആരംഭിച്ചിട്ടില്ല. സിപിഎമ്മിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ തന്നെ മത്സരിക്കുന്നവർ മണ്ഡലങ്ങളിൽ റോഡ് ഷോ ഉൾപ്പെടെ നടത്തിയിരുന്നു. എന്നാൽ അബ്ദുറഹ്‌മാൻ ഇതിനൊന്നും മുതിർന്നില്ല.

താനൂരിൽ വീണ്ടും സ്ഥാനാർഥിയാക്കിയതിലുള്ള നിരസമാണ് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. താനൂരിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് നേരത്തേ തന്നെ അബ്ദുറഹ്‌മാൻ ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു. മണ്ഡലം മാറി തിരൂരിൽ മത്സരിച്ചേക്കുമെന്നതടക്കം സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ താനൂരിൽ തന്നെ സ്ഥാനാർഥിയായി ഉൾപ്പെട്ടതോടെ പ്രചാരണം നടത്താൻ പോലും ഇതുവരെ തയ്യാറായില്ല. അദ്ദേഹത്തിന്റെ അടുത്ത നീക്കമെന്തായിരിക്കും എന്നാണ് രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. താനൂരിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിനെയാണ് യുഡിഎഫ് രംഗത്തിറക്കിയിട്ടുള്ളത്.