കൊച്ചി; തൃക്കാക്കര എം.എല്‍.എ ഉമാ തോമസിന് ഗുരുതരപരിക്ക്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണാണ് പരിക്കേറ്റത്. സ്റ്റേഡിയത്തില്‍ നടക്കുന്ന നൃത്തപരിപാടിയില്‍ പങ്കെടുക്കാനാണ് ഉമാ തോമസ് സ്‌റ്റേഡിയത്തിലെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

To advertise here,

സ്‌റ്റേജിലേക്ക് കയറുമ്പോഴാണ് അപകടം നടക്കുന്നത്. സ്‌റ്റേജില്‍ കൈവരിക്ക് പകരം റിബ്ബണാണ് ഉണ്ടായിരുന്നത്. ഇതില്‍ പിടിത്തം കിട്ടാതെ ഉമാ തോമസ് എം.എല്‍.എ താഴെ വീഴുകയായിരുന്നു. വീഴ്ചയില്‍ എം.എല്‍.എയുടെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എം.എല്‍.എ യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പതിനെട്ടടിയോളം ഉയരത്തില്‍ നിന്നാണ് താഴെ വീണതെന്നാണ് വിവരം.  വി.ഐ.പി ഗാലറിയില്‍ നിന്നാണ് അപകടം. 

നിലവില്‍ ഉമാ തോമസ് വെന്റിലേറ്ററിലാണ്. ഉമാ തോമസ് എം.എൽ.എ.യുടെ തലച്ചോറിനും ശ്വാസകോശത്തിനും വാരിയെല്ലിനും ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. തലച്ചോറിനേറ്റ ക്ഷതം കാരണമാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞശേഷം തുടര്‍ ചികിത്സകള്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ സംയുക്തമായി ചികിത്സ നല്‍കുന്നുണ്ട്. ഓര്‍ത്തോ, ഇ.എന്‍.ടി, ന്യൂറോ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് പരിശോധനകള്‍ നടത്തുന്നത്. 

അപകടത്തിന് ശേഷം പരിപാടി തുടര്‍ന്നിരുന്നെങ്കിലും കുറച്ച് സമയത്തിന് ശേഷം പരിപാടി പൂര്‍ത്തിയാക്കുന്നതായി സംഘാടകര്‍ അറിയിച്ചു. മന്ത്രി സജി ചെറിയാനുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. സ്റ്റേജ് കെട്ടിയതില്‍ എന്തെങ്കിലും തരത്തിലുള്ള അപാകത സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യത്തില്‍ വ്യക്തത വരാനുണ്ട്.