കോഴിക്കോട്: സമരാഗ്നി ചര്‍ച്ചാസദസില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ യു.കെ. കുമാരന്‍. സാംസ്‌കാരിക മേഖലയില്‍ പാര്‍ട്ടി ഒന്നും ചെയ്യുന്നില്ലെന്നും കോണ്‍ഗ്രസുകാരായ കലാകാരന്മാരെ ഏകോപിപ്പിക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്വമാണെന്നും യു.കെ. കുമാരന്‍ പറഞ്ഞു.

To advertise here,

കെ. സുധാകരനെ വേദിയിലിരുത്തിയായിരുന്നു യു.കെ. കുമാരന്റെ വിമര്‍ശനം. സി.യു.സികളുടെ പ്രവര്‍ത്തനം നിലച്ചത് പാര്‍ട്ടിയെ നിര്‍ജ്ജീവമാക്കിയെന്നും പുനഃസംഘടനയെക്കുറിച്ച് ഇപ്പോള്‍ ഒന്നും കേള്‍ക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

'മുമ്പ് കോണ്‍ഗ്രസ് പഠനക്യാമ്പുകള്‍ നടത്താറുണ്ടായിരുന്നു, ഇന്നത് ഓര്‍മയായി. പ്രവര്‍ത്തകരെ വായനക്കാരാക്കാന്‍ പുതിയ നേതാക്കള്‍ ശ്രമിക്കുന്നില്ല. സംസ്‌കാര സാഹിതി എന്ന സാംസ്‌കാരിക സംഘടന തന്നെ ഇല്ലാതായി', യു.കെ. കുമാരന്‍ പറഞ്ഞു.

കോണ്‍ഗ്രസുകാരായ കലാകാരന്മാരെ സംഘടിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും കലാകാരന്മാരെ ഏകോപിപ്പിക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ പോയാല്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുമെന്നും അനുകൂല സാഹചര്യത്തില്‍പോലും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്നും യു.കെ. കുമാരന്‍ പറഞ്ഞു.