തിരുവനന്തപുരം: പരാതിയെത്തുടർന്ന് സ്ഥലംമാറ്റ ഉത്തരവ് മൂന്നാമതും തിരുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അസി. ദേവസ്വം കമ്മിഷണർ തസ്തികയിൽ മൂന്നാം ഉത്തരവിറക്കേണ്ടിവന്നതോടെ കോൺഗ്രസ് സംഘടനാനേതാവിനും പുതിയ ലാവണത്തിലേക്ക്‌ മാറേണ്ടിവന്നു.

To advertise here,

ദിവസങ്ങൾക്കുമുമ്പ് 75 പേരുടെ സ്ഥലംമാറ്റപ്പട്ടിക ബോർഡ് പുറത്തിറക്കിയിരുന്നു. ഇതിൽ സ്വർണക്കൊള്ളക്കേസിൽ എസ്.ഐ.ടി. ചോദ്യം ചെയ്ത ഉദ്യോഗസ്ഥന്‌ പ്രധാനക്ഷേത്രത്തിൽ നിയമനം നൽകിയതാണ് പരാതിക്കിടയാക്കിയത്. വിജിലൻസ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥർക്കും മുന്തിയ പരിഗണന ലഭിച്ചെന്നതടക്കമുള്ള ആരോപണം ദേവസ്വം മന്ത്രി കെ. മുരളീധരനും കോൺഗ്രസ് അനുകൂലസംഘടനയായ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടും ഉന്നയിച്ചതോടെ ചൊവ്വാഴ്ച ദേവസ്വംബോർഡ് അടിയന്തരയോഗം ചേർന്ന് 20 പേരുടെ സ്ഥലംമാറ്റ ഉത്തരവ് തിരുത്താൻ തീരുമാനിച്ചു. എന്നാൽ, രാത്രി ഉത്തരവിറങ്ങിയപ്പോൾ മാറ്റം 20-ൽനിന്ന് 27 ആയി.

മുണ്ടക്കയം ഗ്രൂപ്പിലെ വള്ളിയങ്കാവ് ദേവസ്വത്തിലേക്ക് ശ്യാംപ്രകാശിന്റെ മാറ്റത്തെച്ചൊല്ലിയായിരുന്നു പ്രധാന ആക്ഷേപം. ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ്.ഐ.ടി. വിവരം തേടിയ ശ്യാംപ്രകാശിനെ കൊട്ടാരക്കര അസി. ഓഡിറ്റ് ഓഫീസറായി മാറ്റിയോടെ വിവാദം അവസാനിക്കേണ്ടതായിരുന്നു. സംശയത്തിന്റെ നിഴലിലായ ഉദ്യോഗസ്ഥനെ പ്രധാനതസ്തികയിൽ നിയമിച്ചതിൽ മന്ത്രി കെ. മുരളീധരൻ ദേവസ്വം ബോർഡ് പ്രസിഡന്റിനെ അതൃപ്തിയറിയിച്ചു. ഇതോടെയാണ് ചൊവ്വാഴ്ച ദേവസ്വം ബോർഡ് അടിയന്തരയോഗം ചേർന്നതും തിരുത്താൻ തയ്യാറായതും.

എന്നാൽ, സ്ഥലംമാറ്റവിവാദം അവിടംകൊണ്ട്‌ തീർന്നില്ല. ചൊവ്വാഴ്ചത്തെ ബോർഡ് യോഗത്തിലുണ്ടായ ധാരണപ്രകാരം ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന കോൺഗ്രസ് സംഘടനാനേതാവിനെ ഏറ്റുമാനൂരിലേക്ക്‌ മാറ്റേണ്ടതിനുപകരം തിരുവനന്തപുരത്ത് ദേവസ്വം ആസ്ഥാനത്തേക്കാണ് മാറ്റിയത്. ചൊവ്വാഴ്ച രാത്രി നടന്ന കൂടിയാലോചനയിൽ ഇതേച്ചൊല്ലി ബോർഡിൽ ഭിന്നതയുണ്ടായി. ഒടുവിൽ നേതാവിനെ ഏറ്റുമാനൂർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാക്കിയതോടെയാണ് തർക്കം തീർന്നത്.

മൂന്നാം ഉത്തരവോടെ സ്ഥലംമാറ്റത്തർക്കം ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ബന്ധുനിയമനമടക്കം പുതിയ സർക്കാരിന്റെ ചില നടപടികൾ സംശയത്തിന്റെ നിഴലിലായതോടെയാണ് ദേവസ്വം ബോർഡിലെ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും വിവാദത്തിലായത്.