പത്തനംതിട്ട: പി.വി. അൻവർ എം.എൽ.എ നിലമ്പൂരിൽ നടത്തിയ വിശദീകരണയോ​ഗത്തിലെ ജനപങ്കാളിത്തം ഇടതുപക്ഷത്തെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ. ഇത്തരമൊരു പ്രശ്നത്തിൽ യോ​ഗം വിളിച്ചാൽ കാര്യങ്ങൾ കേൾക്കാൻ ജനങ്ങൾ വരും. അത് സി.പി.എമ്മിനെതിരാണെങ്കിൽ കൂടുതൽ ആളുകൾ വരും. അത് താത്ക്കാലികം മാത്രമാണെന്നും ടി.പി. രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. 

To advertise here,

അൻവർ വൈരുദ്ധ്യനിലപാടുകളാണ് സ്വീകരിക്കുന്നത്. ഇത് സി.പി.എം വിരുദ്ധനിലപാടായതുകൊണ്ട് കൂടുതല്‍ പ്രചാരണം ലഭിക്കും. ഇത്തരം സാഹചര്യങ്ങളെ അതിജീവിച്ചാണ് പാർട്ടി ഭരണത്തിലേറിയത്. സി.പി.ഐ പറയുന്ന കാര്യങ്ങളാണ് അന്‍വര്‍ പറയുന്നതെന്ന നിലപാട് തനിക്കില്ല. സി.പി.ഐ ഒരു പാര്‍ട്ടിയല്ലേ. അവര്‍ നിലപാട് പറയും. എ.ഡി.ജി.പി.ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. 

അന്‍വറുമായി പാര്‍ട്ടി ഇടഞ്ഞിട്ടില്ല. അന്‍വറാണ് പാര്‍ട്ടിയുമായി ഇടഞ്ഞത്. പാര്‍ട്ടിയെ അനുകൂലിക്കുന്നവര്‍ പാര്‍ട്ടിക്കെതിരായി പ്രസ്താവന നടത്താറില്ല. എന്നാല്‍, അന്‍വര്‍ അതിരൂക്ഷമായി സി.പി.എമ്മിനേയും മുഖ്യമന്ത്രിയേയും ആക്രമിച്ചു. അതിനാലാണ്, സി.പി.എമ്മുമായി അൻവറിന് ബന്ധമില്ലെന്ന നിലപാട് സംസ്ഥാന സെക്രട്ടറി സ്വീകരിച്ചത്. 

ഇടതുപക്ഷത്തിനൊപ്പം നിൽക്കാത്ത നിലപാടുകളാണ് അദ്ദേഹത്തിന്റേത്. സി.പി.എം. പാർലമെന്ററി പാർട്ടി യോ​ഗത്തിൽ വിളിച്ചാലും പോവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ നിർദേശങ്ങൾക്കനുസരിച്ചല്ല അദ്ദേഹത്തിന്റെ നിലപാടുകൾ. മുഖ്യമന്ത്രി ബാപ്പയെപ്പോലെയാണെന്ന് നേരത്തെ അൻവർ പറഞ്ഞിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച മാധ്യമപ്രവർത്തകരോട് കുടുംബത്തിൽ ഒരു  പ്രശ്നമുണ്ടായാൽ ആരെങ്കിലും ബാപ്പയെ കുത്തിക്കൊല്ലുമോ എന്നായിരുന്നു ടി.പി. രാമകൃഷ്ണന്റെ ചോദ്യം. 

ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ പി.വി. അൻവറിനെതിരെ കേസെടുത്തത് അദ്ദേഹം നിയമവിരുദ്ധമായ കാര്യം ചെയ്തതിനാലാണ്. അതും സ്വമേധയാ എടുത്ത കേസല്ല. ഒരു വ്യക്തി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.