കോഴിക്കോട് : ജില്ലയിലേക്ക് തക്കാളിയെത്തുന്ന ദൂരം കൂടിയതോടെ വിലയും കൂടി. കർണാടകയിലെ ഗുണ്ടൽപ്പേട്ടിൽ തക്കാളിയുടെ ലഭ്യത കുറഞ്ഞതോടെ കോലാറിൽനിന്നും ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയിൽനിന്നുമാണ് പ്രധാനമായും ജില്ലയിലേക്ക് തക്കാളിയെത്തുന്നത്. ഇതോടെയാണ് വിലയും കൂടിത്തുടങ്ങിയത്. കുറച്ചുദിവസങ്ങളായി ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും ഒക്ടോബർ തുടക്കംമുതൽ വില 50-ന് മുകളിലാണ്.
വ്യാഴാഴ്ച കിലോഗ്രാമിന് 51 രൂപയ്ക്കായിരുന്നു ചില്ലറവിൽപ്പന. മൊത്തവിപണിയിൽ 44.8 രൂപയും. വില ഏറ്റവുമുയർന്നത് ഒക്ടോബർ നാലിനാണ്. 60 രൂപയിലെത്തി അന്ന് മൊത്തവിൽപ്പന വില.
ജൂണിൽ തക്കാളിയുടെ മൊത്തവിൽപ്പന വില 64-ലെത്തിയിരുന്നെങ്കിലും പിന്നീട് കുറഞ്ഞ് ഓഗസ്റ്റ് 22 ആയപ്പോഴേക്കും 14.8 രൂപയിൽവരെ എത്തിയിരുന്നു. പിന്നീട് വിലകൂടിയെങ്കിലും ഒാണക്കാലത്ത് 22-23 രൂപയ്ക്കാണ് വിറ്റത്. എന്നാൽ, ഓണം കഴിഞ്ഞതോടെയാണ് വില പെട്ടെന്ന് ഉയർന്നത്.
സെപ്റ്റംബർ പകുതിയോടെയാണ് ഗുണ്ടൽപ്പേട്ടിൽനിന്നുള്ള തക്കാളിവരവ് കുറഞ്ഞത്. തമിഴ്നാട്ടിൽനിന്ന് തക്കാളി വരുന്നതും ഇപ്പോൾ കുറവാണ്. കർണാടകയിൽനിന്നാണ് തമിഴ്നാട്ടിലേക്കും ഇപ്പോൾ തക്കാളി കാര്യമായെത്തുന്നത്.
ഗുണ്ടൽപ്പേട്ടിൽനിന്ന് കോഴിക്കോട്ടേക്ക് ഏകദേശം 153 കിലോമീറ്ററാണ് ദൂരം. കോലാറിൽനിന്നാവുമ്പോൾ ഏകദേശം 415 കിലോമീറ്ററോളം സഞ്ചരിച്ചുവേണം കോഴിക്കോട്ടെത്താൻ. ഇത് ഗതാഗതച്ചെലവ് വളരെയധികം കൂട്ടിയതായി വ്യാപാരികൾ പറയുന്നു. ഇതാണ് വില ഉയരാനുള്ള പ്രധാനകാരണം. ഇതിനിടെ നവരാത്രിയുടെ ഭാഗമായി പച്ചക്കറി ഉപയോഗം കൂടിയതും വിലവർധിക്കാൻ കാരണമായി. ഗുണ്ടൽപ്പേട്ടിൽ തക്കാളി ഏകദേശം വിളവെടുപ്പിന് പാകമായിക്കഴിഞ്ഞു. ഇവിടെ വിളവെടുപ്പ് തുടങ്ങിയാൽ ഈ മാസം പകുതികഴിയുമ്പോഴേക്കും വില താഴ്ന്നുതുടങ്ങുമെന്ന് വ്യാപാരികൾ പറഞ്ഞു. കനത്തമഴയും കീടബാധയും തക്കാളിക്കൃഷിയെ കാര്യമായി ബാധിച്ചതാണ് ഗുണ്ടൽപ്പേട്ടിൽ ഉത്പാദനം കുറയാൻ കാരണം.
ബീൻസ് വിലയും കുതിച്ചുയർന്നിട്ടുണ്ട്. ഓഗസ്റ്റ് 21-ന് ബീൻസിന് മൊത്തവിപണിയിൽ കിലോഗ്രാമിന് 30 രൂപയുണ്ടായിരുന്നത് ഇപ്പോൾ 80 രൂപയായാണ് വർധിച്ചത്. ജൂണിൽ ബീൻസ് വില 120 രൂപവരെയെത്തിയിരുന്നു. സെപ്റ്റംബർ ആദ്യം കിലോഗ്രാമിന് 15 രൂപയുണ്ടായിരുന്ന മുരിങ്ങക്കായുടെ വില സെപ്റ്റംബർ 26-ഒാടെ 85 രൂപവരെയെത്തിയിരുന്നു. വ്യാഴാഴ്ച 62 രൂപയാണ് കിലോഗ്രാമിന് മുരിങ്ങക്കായുടെ വില. എന്നാൽ, ഒാഗസ്റ്റ് പകുതിയിൽ കിലോഗ്രാമിന് 77 രൂപയുണ്ടായിരുന്ന കാരറ്റ് വില കുറഞ്ഞ് വ്യാഴാഴ്ച 34 രൂപയിലെത്തി.
Content Highlights: tomatoes price hike
Published: 11 Oct 2024, 07:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented