തിരൂർ: പതിനാറ് തവണയായി നടന്ന തിരഞ്ഞെടുപ്പുകളിൽ പതിനഞ്ച് തവണയും മുസ്ലിംലീഗ് ശക്തി തെളിയിച്ച പച്ചക്കോട്ടയാണ് തിരൂർ നിയമസഭ മണ്ഡലം. കഴിഞ്ഞ നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളിലും ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും യു.ഡി.എഫ്. ശക്തിതെളിയിച്ചു. ഇത്തവണയും തിരൂരിനെ പച്ചപുതപ്പിക്കാമെന്നുതന്നെയാണ് മുസ്‌ലിംലീഗിന്റെ കണക്കുകൂട്ടൽ. എന്നാൽ ഒരുതവണ പി.പി. അബ്ദുള്ളക്കുട്ടിയിലൂടെ തിരിച്ചുപിടിച്ച മണ്ഡലം പൊതുസ്വതന്ത്രനെ ഇറക്കി വീണ്ടും പിടിക്കാനാണ് എൽ.ഡി.എഫ്. ശ്രമിക്കുന്നത്. തിരൂർ നഗരസഭയും വെട്ടം, തലക്കാട്, തിരുനാവായ, ആതവനാട്, കല്പകഞ്ചേരി, വളവന്നൂർ എന്നീ പഞ്ചായത്തുകളും ചേർന്നതാണ് നിലവിൽ തിരൂർ മണ്ഡലം. മുഴുവൻ തദ്ദേശസ്ഥാപനങ്ങളും ഭരിക്കുന്നത് യു.ഡി.എഫാണ്.

To advertise here,

നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 16-ൽ 15 തവണയും ലീഗ് സ്ഥാനാർഥികളാണ് വിജയം വരിച്ചത്. 2006-ൽ മാത്രമാണ് ലീഗിന് തിരൂരിൽ ആദ്യമായി തിരിച്ചടി നേരിട്ടതും പി.പി. അബ്ദുള്ളക്കുട്ടി എം.എൽ.എ. ആയതും.

നിയമസഭാ മുൻ സ്പീക്കർ കെ. മൊയ്തീൻകുട്ടിയെന്ന ബാവ ഹാജിയാണ് തിരൂർ മണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യ നിയമസഭാംഗം. 1957-ൽ ആദ്യ നിയമസഭയിലേക്ക് ബാവ ഹാജിയെ അയച്ച തിരൂർ, അഖിലേന്ത്യാ ലീഗിലേക്ക് ചേക്കേറുന്നത് വരെയും അദ്ദേഹത്തെയാണ് ജയിപ്പിച്ചത്.

പിന്നീട് പി.ടി. കുഞ്ഞുട്ടി ഹാജി, യു.എ. ബീരാൻ, ഇ.ടി. മുഹമ്മദ് ബഷീർ, സി. മമ്മുട്ടി, നിലവിൽ കുറുക്കോളി മൊയ്തീൻ എന്നിവർ തിരൂർ മണ്ഡലത്തിലെ ജനപ്രതിനിധികളായി.

കെ. മൊയ്തീൻകുട്ടി ഹാജി അഞ്ചുതവണയും, ഇ.ടി. മുഹമ്മദ് ബഷീർ മൂന്ന് തവണയും, പി.ടി. കുഞ്ഞുട്ടി ഹാജിയും സി. മമ്മുട്ടിയും രണ്ട് തവണ വീതവും യു.എ. ബീരാൻ, കുറുക്കോളി മൊയ്തീൻ എന്നിവർ ഒരു തവണയുമാണ് തിരൂരിൽനിന്ന് എം.എൽ.എ.മാരായത്.

2006-ൽ സി.പി.എം. തിരൂർ ഏരിയാ സെക്രട്ടറിയായിരുന്ന പരേതനായ പി.പി. അബ്ദുള്ളക്കുട്ടിയിലൂടെ മണ്ഡലത്തിൽ സി.പി.എം. ചരിത്രം തിരുത്തി. വിദ്യാഭ്യാസമന്ത്രികൂടിയായിരുന്ന ഇ.ടി. മുഹമ്മദ് ബഷീറിനെയാണ് പി.പി. അബ്ദുള്ളക്കുട്ടി മുട്ടുകുത്തിച്ചത്.

എന്നാൽ, 2011-ൽ മണ്ഡലം പുനർനിർണയിച്ച് തവനൂർ, തിരൂർ മണ്ഡലങ്ങളായി വിഭജിക്കപ്പെട്ടു. തിരൂരിൽനിന്ന് പുറത്തൂർ, മംഗലം, തൃപ്രങ്ങോട്, തവനൂർ, കാലടി, എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകൾ ഉൾപ്പെടുത്തി തവനൂർ മണ്ഡലം രൂപവത്കരിച്ചു. തിരൂർ നഗരസഭ, വെട്ടം, തലക്കാട്, പഴയ കുറ്റിപ്പുറം മണ്ഡലത്തിലെ തിരുനാവായ, ആതവനാട്, കല്പകഞ്ചേരി, വളവന്നൂർ എന്നീ പഞ്ചായത്തുകളുംചേർത്ത് തിരൂർ മണ്ഡലവും രൂപവത്കരിച്ചു.

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പി.പി. അബ്ദുള്ളക്കുട്ടിയെ പരാജയപ്പെടുത്തി സി. മമ്മുട്ടിയിലൂടെ ലീഗ് മണ്ഡലം തിരിച്ചുപിടിച്ചു. 2016-ലും സി. മമ്മുട്ടി തിരൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 2021-ൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ.യിലൂടെ തുടർച്ചയായ മൂന്നാംതവണയും യു.ഡി.എഫ്. മണ്ഡലം നിലനിർത്തി. 2016-ലും 2021-ലും എൽ.ഡി.എഫിന്റെ ഗഫൂർ പി. ലില്ലീസിനെയാണ് യു.ഡി.എഫ്. സ്ഥാനാർഥികൾ പരാജയപ്പെടുത്തിയത്. '

2021-ൽ 7,214 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കുറുക്കോളി മൊയ്തീന്റെ വിജയം. ദീർഘകാലത്തെ ഇടവേളയ്ക്കുശേഷമാണ് സി.പി.എമ്മിൽനിന്ന് തലക്കാട് പഞ്ചായത്തിൽ ഭരണം യു.ഡി.എഫ്. തിരിച്ചുപിടിച്ചത്. കഴിഞ്ഞ തവണ നഷ്ടമായ വെട്ടം പഞ്ചായത്തും യു.ഡി.എഫ്. തിരിച്ചുപിടിച്ചു. തിരൂർ നഗരസഭയിൽ എൽ.ഡി.എഫിനെ മുട്ടുകുത്തിച്ച് യു.ഡി.എഫ്. നേടിയ ഉജ്ജ്വല വിജയം നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഏറെ പ്രതീക്ഷ നൽകുന്നു.

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ എം.പി. അബ്ദുസ്സമദ് സമദാനി റെക്കോഡ് വിജയംനേടിയത് യു.ഡി.എഫിന്റെ ആത്മവിശ്വാസം ഉയർത്തിയിരുന്നു.

ഇക്കുറി പൊതുസ്വതന്ത്രനെ കളത്തിലിറക്കി മണ്ഡലം തിരിച്ചുപിടിക്കാനുള്ള പടപ്പുറപ്പാടിലാണ് ഇടതുപക്ഷം. എന്നാൽ തിരൂരിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുമില്ല.