മഞ്ചേരി: “വലിയൊരു മുരൾച്ച കേട്ടു. അവന്റെ ഒറ്റ നിലവിളിയും...” മേഞ്ചരി മെഡിക്കൽ കോളേജിലെ മോർച്ചറിക്കു മുൻപിൽ സുഹൃത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടംചെയ്തു കിട്ടാൻ കാത്തുനിൽക്കുന്നതിനിടെ സമദ് പറഞ്ഞു. രാവിലെ ആറു മണിയോടെ ഇരുവരും കൂടി ഒരു ബൈക്കിലാണ് റാവുത്തൻകാട് മലയിലെ റബ്ബർത്തോട്ടത്തിലേക്ക് പോയത്. സമദും ഗഫൂറും സലാമും ചേർന്ന് സ്ലോട്ടർ ടാപ്പിങ്ങിന് എടുത്തതാണ് തോട്ടം. ഒരു യാത്രയ്ക്ക് തൃശ്ശൂരിലേക്കു പോയതിനാൽ സലാം വന്നില്ല. അല്ലെങ്കിൽ മൂവരും ഒരുമിച്ചുണ്ടാകും.
മഴയും നനവും ഉണ്ടായിരുന്നതിനാൽ താഴെയുള്ള മരം ടാപ്പ് ചെയ്യാൻ പറ്റുമായിരുന്നില്ല. അങ്ങനെയാണ് സുഹൃത്തുക്കൾ മുകളിലേക്കു കയറിയത്. സ്ലോട്ടർ ടാപ്പിങ്ങിനുള്ള മരം ആയതുകൊണ്ട് തോട്ടത്തിൽ ചെറുചെടികൾ വളർന്ന് അരയോളം പൊക്കത്തിൽ അടിക്കാടുണ്ട്. ഒരേ നിരയിൽ ഒന്നിടവിട്ട മരങ്ങൾ ടാപ്പ് ചെയ്ത് പോവുകയായിരുന്നു. ഏഴെട്ടു മരങ്ങളേ ടാപ്പ് ചെയ്തിട്ടുണ്ടാവൂ. അതിനിടെയാണ്...
പോലീസിനോടും വനംവകുപ്പുകാരോടും മാധ്യമങ്ങളോടുമൊക്കെ ഒരേ കാര്യം പിന്നെയും പിന്നെയും പറഞ്ഞത് കല്ലിച്ചു പോയ ഭയപ്പാടിന്റെ നിസ്സംഗതയിൽ സമദിന്റെ വാക്കുകൾ അറിയാതെ നിന്നുപോയി.
ഏറെക്കാലമായി അടുത്ത സുഹൃത്തുക്കളാണ് ഗഫൂറും സമദും. രാവിലെ ഒരുമിച്ച് ജോലിക്കിറങ്ങിയ കൂട്ടുകാരന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് എടുത്തപ്പോൾ സാക്ഷിയായി ഒപ്പിട്ട് സമദ് ഒന്നും മിണ്ടാനാകാതെ മോർച്ചറിക്കരികിലേക്ക് ഒതുങ്ങി നിന്നു.
കാളികാവ് കല്ലാമൂല കൊക്കർണി സമദും ഗഫൂറും സലാമും കൂടി ഈ തോട്ടം സ്ലോട്ടർ ടാപ്പിങ്ങിന് എടുത്തിട്ട് 10 മാസമായി. ഇനി ആ കാട്ടിലേക്ക് എങ്ങനെ കയറും എന്ന് ആരോ ചോദിച്ചപ്പോൾ സമദ് ഒന്നു ഞെട്ടി.
? ഗഫൂറിന്‍റെ നിലവിളി കേൾക്കുംമുമ്പ് മറ്റു ശബ്ദങ്ങളൊന്നും ഉണ്ടായിരുന്നില്ലേ
ഇല്ല. വലിയൊരു മുരളിച്ചയും അവന്റെ നിലവിളിയും ഒരുമിച്ചാണ് കേട്ടത്. അവന്റെ ഒറ്റ നിലവിളിയേ കേട്ടുള്ളൂ. തിരിഞ്ഞു നോക്കുമ്പോൾ കടുവ അവനെ വീഴ്ത്തിയിരുന്നു. പെരടിക്ക് കടിച്ചിട്ടുണ്ടായിരുന്നു. ഗഫൂറിന്‍റെ ശബ്ദങ്ങളൊന്നും പിന്നെ ഉണ്ടായില്ല.
? കടുവ തന്നെയാണെന്ന് വ്യക്തമായി കണ്ടോ?
= കടുവയാണ്. വരകളൊക്കെ വ്യക്തമായി കാണാമായിരുന്നു. ഞാൻ നോക്കുമ്പോഴേക്ക് കടുവ അവനെ വലിച്ചിഴച്ചിരുന്നു. ഞാൻ പേടിച്ച് ഉറക്കെ നിലവിളിച്ചു.
? ഉച്ചത്തിലുള്ള നിലവിളി കേട്ട് കടുവ വിട്ടുപോയില്ലേ
= ഇല്ല. പെട്ടെന്നുതന്നെ കടുവ മറഞ്ഞു. നിലവിളിച്ചെങ്കിലും കേൾക്കാൻ ആരും ഉണ്ടായിരുന്നില്ല. ഫോണിൽ റബ്ബർ എസ്റ്റേറ്റിന്റെ ഉടമയെയും അടുത്ത ചിലരെയും വിളിച്ചു പറഞ്ഞു. ഞാൻ പേടിയോടെ കുറച്ച് താഴേക്ക് ഇറങ്ങി. വേഗം തന്നെ നാലുപേർ മലയിലേക്ക് കയറി വന്നു.
? അപ്പോൾ എത്ര സമയമായിട്ടുണ്ടാവും
= ഏഴുമണിയായിട്ടുണ്ടാവില്ല. അതിനു തൊട്ടു മുൻപാണ്.
? ആളുകൾ കയറി വന്നിട്ട് എന്താണ് ചെയ്തത്?
കടുവ പോയ വഴി എനിക്ക് അറിയാമായിരുന്നു. ആ ഭാഗത്ത് ഞങ്ങൾ തിരഞ്ഞു. കുറച്ചു ചെന്നപ്പോൾ നിലത്തും ചെടികളിലും ചോരപ്പാട് കണ്ടു. ഒരു പത്തു മുന്നൂറു മീറ്റർ ദൂരെ അവൻ കിടക്കുന്നത് കണ്ടു. അല്പനേരം കഴിഞ്ഞപ്പോൾ മല കയറി വന്ന ചിലർ മൃതദേഹം നിവർത്തി കിടത്തി. വസ്ത്രംകൊണ്ടുവന്ന് മൂടി....
സ്ലോട്ടർ ടാപ്പിങ്ങിനിറങ്ങിയത് വീടുവെച്ച കടം വീട്ടാൻ
കാളികാവ്: പഴക്കച്ചവടം നടത്തിയിരുന്ന ഗഫൂർ അലി സ്ലോട്ടർ ടാപ്പിങ്ങിനിറങ്ങിയത് വീടുവെച്ച കടം വീട്ടാനായിരുന്നു പക്ഷേ, വിധി മറ്റൊന്നായി. കല്ലാമൂലയിൽ ഗഫൂറിന് ചെറിയ ഒരു പഴക്കടയാണുണ്ടായിരുന്നത്. പലരിൽനിന്നും കടം വാങ്ങി അടുത്തിടെയാണ് വീടുവെച്ചത്. ആ കടം തീർക്കാനും കുടുംബചെലവിനുള്ള തുക കണ്ടെത്താനും കഴിയാതെവന്നതോടെ കച്ചവടം നിർത്തി.

സുഹൃത്തുക്കളായ സമദ്, സലീം എന്നിവർക്കൊപ്പം ചേർന്ന് റബ്ബർ സ്ലോട്ടറിനെടുത്ത് ടാപ്പിങ്ങിലേക്ക് തിരിഞ്ഞു. ഒരു വർഷമായി ടാപ്പിങ്ങിലേക്ക് തിരിഞ്ഞിട്ട്. ഇവർതന്നെയാണ് ടാപ്പ് ചെയ്യുന്നത്. സൗമ്യപ്രകൃതക്കാരനായ ഗഫൂർ കുടുംബത്തിനും നാട്ടുകാർക്കുമിടയിൽ ഏറെ പ്രിയങ്കരനാണ്. കഠിനമായി ജോലി ചെയ്യാനും തയ്യാറായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പത്താംതരത്തിലും ഏഴിലും പഠിക്കുന്ന രണ്ടു പെൺകുട്ടികളും രണ്ടിൽ പഠിക്കുന്ന മകനും ഭാര്യയും അടങ്ങുന്നതാണ് കുടുംബം. ഗഫൂറിന്റെ വിയോഗത്തെത്തുടർന്ന് കുടുംബം പ്രയാസപ്പെടാതിരിക്കാനുള്ള നടപടിയുണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടത്.
റാവുത്തൻകാട് കാടല്ല ; എന്നാലോ ! മൃഗങ്ങളെ പേടിച്ച് ജീവിക്കാനുമാവില്ല
കാളികാവ്: നരഭോജി കടുവ ഗഫൂർ അലിയെ കടിച്ചുകൊന്ന മലയുടെ പേര് റാവുത്തൻകാട് എന്നാണെങ്കിലും അത് വനമല്ല. കരുവാരക്കുണ്ട് വനപ്രദേശത്തുനിന്ന് ഏഴെട്ടു കിലോമീറ്റർ അകലെയാണ് ഈ റബ്ബർത്തോട്ടമേഖല. ചെങ്കുത്തായ മലയാണ്. മലമുകളിൽ റബ്ബറാണ് പ്രധാനം. എങ്കിലും മറ്റു പലതരം കൃഷികളുമുണ്ട്. പാറക്കെട്ടുകൾകൊണ്ട് കൃഷി ചെയ്യാനാവാതെ കാടുപിടിച്ചുകിടക്കുന്ന ഏക്കർകണക്കിനു സ്ഥലങ്ങളും ഉണ്ട്.
പ്രദേശത്ത് മുമ്പും കടുവ ഇറങ്ങിയതായി നാട്ടുകാർ വ്യാപക പരാതികൾ ഉയർത്തിയിരുന്നു. രണ്ടുമൂന്നു കൊല്ലമായി ഇവിടെ കടുവയുണ്ടെന്നാണ് പ്രദേശവാസിയായ ഇല്ലിക്കൽ ഷെരീഫ് പറഞ്ഞത്. രണ്ടുവർഷത്തിനിടെ ഇരുപതിലേറെ വളർത്തുമൃഗങ്ങളെയും നിരവധി നായ്ക്കളെയും കടുവ ഇരയാക്കിയിട്ടുണ്ട്.
ആട്ടുപുരയ്ക്കൽ രവീന്ദ്രന്റെ കൺമുന്നിൽനിന്ന് ആടിനെ കടുവ പിടികൂടിയ സംഭവംവരെയുണ്ടായിട്ടുണ്ട്. അടയ്ക്കാക്കുണ്ട് മൈലാടിയിലെ പതിനാലിൽ ജോസിന്റെ മൂന്ന് ആടുകൾ രവീന്ദ്രന്റെ ഏഴും ശരീഫിന്റെ ആറും ആടുകളെയും കടുവ പിടിച്ചിട്ടുണ്ട്. വ്യാഴാഴ്ച കടുവ ഗഫൂറിന്റെ മൃതദേഹം കൊണ്ടിട്ട സ്ഥലത്തുനിന്ന് ആടുകളുടെ തലയോട്ടി ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കണ്ടെത്തി. പള്ളിയാൽ അബ്ദുറഹിമാൻ, ഫിറോസ് എന്നിവരുടെ നിരവധി ആടുകളെയും പ്രദേശവാസിയായ അരവിന്ദന്റെ വളർത്തുപട്ടികളെയും പിടിച്ചുതിന്നിട്ടുണ്ട്. കടുവ ആടിനെ പിടിച്ചുതിന്നുന്നത് പതിവായതോടെ താൻ ആടുവളർത്തൽ പൂർണമായി ഉപേക്ഷിക്കുകയാണുചെയ്തതെന്ന് അബ്ദുറഹിമാൻ പറഞ്ഞു. കടുവ ഗഫൂറിനെ കടിച്ചുകൊന്ന സ്ഥലത്തേക്ക് 15 മിനിറ്റ് നടന്നുകയറാനുള്ള ദൂരമേയുള്ളൂ അബ്ദുറഹിമാന്റെ വീട്ടിൽനിന്ന്.മുൻപ് ഈ മലയുടെ ചെരിവിലായി നാല്പതോളം കുടുംബങ്ങൾ താമസിച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ മുക്കാൽപങ്ക് ആളുകളും മലയിറങ്ങി താമസം താഴെ സ്ഥലങ്ങളിലേക്കു മാറ്റി. പലപ്പോഴും കടുവയുടേതെന്നു വ്യക്തമാകുന്ന കാൽപ്പാടുകൾ കാണുകയും വിവരം വനംവകുപ്പിനെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് പാന്ത്ര സ്വദേശിയും തോട്ടം ഉടമയുമായ ബൈജു പറഞ്ഞു.
രോഷം അടക്കാനാവാതെ നാട്ടുകാര്‍
നരഭോജി കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി ഗഫൂർ അലി കൊല്ലപ്പെട്ടതിൽ വനംവകുപ്പിനെതിരേ കടുത്ത പ്രതിഷേധമുയർത്തി നാട്ടുകാരും ടാപ്പിങ് തൊഴിലാളികളും. നരഭോജി കടുവയെ വെടിവെച്ചുകൊല്ലണമെന്നും ഗഫൂറിന്റെ കുടുംബത്തിന് സഹായം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. റാവുത്തൻകാട് മലമുകളിലെ റബ്ബർത്തോട്ടത്തിൽനിന്ന് മൃതദേഹം എടുക്കണമെങ്കിൽ ഔദ്യോഗിക തീരുമാനങ്ങൾ പ്രഖ്യാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കുത്തനെയുള്ള മലകയറി നൂറുകണക്കിനാളുകൾ സ്ഥലത്തെത്തിയിരുന്നു.
മൃതദേഹം മാറ്റിയശേഷം തീരുമാനമെടുക്കാമെന്ന് അധികൃതർ പറഞ്ഞെങ്കിലും തോട്ടം തൊഴിലാളികളടക്കമുള്ളവർ വഴങ്ങിയില്ല. സംഭവസ്ഥലത്തുനിന്ന് പോകാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും ചെയ്തു. അടിയന്തര സഹായധനം നൽകുക, നരഭോജി കടുവയെ കൊല്ലാൻ ഉത്തരവ് പുറപ്പെടുവിക്കുക, 10 ലക്ഷത്തിനുപുറമേ അധികസഹായം ലഭ്യമാക്കുക, ഗഫൂറിന്റെ ആശ്രിതർക്ക് സർക്കാർജോലി നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്. ആവശ്യങ്ങൾ അംഗീകരിച്ച് നിലമ്പൂർ സൗത്ത് ഡിഎഫ്ഒ എഴുതി ഒപ്പിട്ടുനൽകണമെന്നും പ്രതിഷേധക്കാർ വാശിപിടിച്ചു.
കാളികാവ് ഉൾപ്പെടുന്ന വണ്ടൂർ മണ്ഡലത്തിലെ എംഎൽഎ എ.പി. അനിൽകുമാർ വനംവകുപ്പ് മന്ത്രിയെ ഫോണിൽ വിളിച്ച് വിവരങ്ങൾ അറിയിച്ചു. പെരിന്തൽമണ്ണ സബ്‌കളക്ടർ അപൂർവ ത്രിപാഠി, നിലമ്പൂർ ഡിവൈഎസ്‌പി സാജു കെ. എബ്രഹാം തുടങ്ങിയവർ അനുരഞ്ജനചർച്ച നടത്തി. അധികൃതരുമായി ചർച്ച ചെയ്ത് പ്രതിഷേധക്കാർ പറഞ്ഞതുപ്രകാരമുള്ള ആവശ്യങ്ങൾ നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി. ധനിക് ലാൽ എഴുതി വായിച്ചതോടെയാണ് ഗഫൂറിന്റെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ അനുവദിച്ചത്. അടിയന്തര സമാശ്വാസം എന്ന നിലയിൽ അഞ്ച് ലക്ഷം രൂപ വെള്ളിയാഴ്ചതന്നെ നൽകും. വന്യജീവി ആക്രമണത്തിന് ഇരയാകുന്നവരുടെ ആശ്രിതർക്ക് പ്രഖ്യാപിച്ചിട്ടുള്ള 10 ലക്ഷം രൂപയിൽനിന്നാണിത്.
രാവിലെ പ്രതിഷേധം കനത്തതോടെ അടുത്ത സ്റ്റേഷനുകളിൽനിന്ന് വൻ സന്നാഹത്തോടെ പോലീസുകാർ എത്തിയെങ്കിലും ഉച്ചയ്ക്കുമുൻപ് പ്രതിഷേധം അവസാനിപ്പിച്ചിരുന്നു. ദുരന്തനിവാരണനിധിയിൽനിന്ന് നാലു ലക്ഷം രൂപകൂടി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഡിഎഫ്ഒ പറഞ്ഞു. ഗഫൂറിന്റെ ആശ്രിതർക്ക് സർക്കാർ സർവീസിൽ താത്കാലിക ജോലി ഉടനെ നൽകും. സർക്കാർ നടപടികൾ പൂർത്തിയാക്കി സ്ഥിരപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന ഉറപ്പുമാണ് നൽകിയിട്ടുള്ളത്. റാവുത്തൻകാട് മേഖലയിലുള്ള കടുവയെ മയക്കുവെടിവെച്ച് പിടികൂടാനും ധാരണയായി.
Content Highlights: Kerala Rubber Tapper Killed by Tiger-eye witness comment
Published: 16 May 2025, 07:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented