തൃശൂർ: വെടിക്കെട്ട് ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് വേണ്ടി എല്ലാ ചികിത്സാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

To advertise here,

13 പേരെയാണ് മെഡിക്കൽ കോളേജിലേക്ക് പരിക്കേറ്റ് കൊണ്ടുവന്നത്. പത്ത് പേർ ഐസിയുവിലാണ്. അഞ്ച് പേർക്ക് അധികം പൊള്ളലില്ലെങ്കിലും അവർ ഐസിയുവിലാണുള്ളത്. അഞ്ച് പേർക്ക് നല്ല പൊള്ളലേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേർ വെന്റിലേറ്ററിലാണ്. പൂർണശരീരഭാഗങ്ങളോടെ ഏഴ് മൃതശരീരങ്ങൾ തിരിച്ചറിഞ്ഞു. ഒമ്പത് ശരീരഭാഗങ്ങൾ ലഭിച്ചിട്ടുണ്ട്. അത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അതിനായി ബുധനാഴ്ച ഡിഎൻഎ പരിശോധന നടക്കും. ശീരഭാഗങ്ങൾ തിരിച്ചറിയാൻ ബന്ധുക്കളുടെ ഡിഎൻഎ പരിശോധനയും നടത്തും. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. രണ്ട് മൃതദേഹങ്ങൾ ഉടൻ കുടുംബത്തിന് വിട്ടുനൽകുമെന്നും മന്ത്രി വ്യക്തമാക്കി.

ചികിത്സയിലുള്ളവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനായി തൃശൂർ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം മെഡിക്കൽ കോളേജുകളിൽ നിന്നും തൃശൂർ ജില്ലാ ആശുപത്രിയിൽ നിന്നുമുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം തൃശൂരിലേക്കെത്തുന്നുണ്ട്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഒരാൾ കൂടി പരിക്കുളൊന്നുമില്ലാതെ മെഡിക്കൽ കോളേജിലെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന് മാനസിക പിന്തുണ നൽകാൻ കൗൺസലിങ് ഉൾപ്പെടെ നൽകാൻ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.