തൃശ്ശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയെത്തുടര്‍ന്ന് ഡി.സി.സി. അധ്യക്ഷനും യു.ഡി.എഫ്. ചെയര്‍മാനും ഒഴിഞ്ഞതിനുശേഷമുള്ള അനിശ്ചിതത്വം തൃശ്ശൂര്‍ ജില്ലയിലെ കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നു. 2024 ജൂണ്‍ പത്തിന് ഡി.സി.സി. പ്രസിഡന്റ് ഇല്ലാതായ തൃശ്ശൂരില്‍ സ്ഥിരം പ്രസിഡന്റിനെ കണ്ടെത്താനുള്ള നടപടി പൂര്‍ത്തിയായപ്പോഴാണ് വ്യാജവാര്‍ത്താ വിവാദം വന്നത്. ഇത് പ്രതിസന്ധി രൂക്ഷമാക്കി.

To advertise here,

തൃശ്ശൂരിലെ തോല്‍വി സംബന്ധിച്ച് കോണ്‍ഗ്രസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ വ്യാജരേഖകളാണ് വാര്‍ത്തയായി പുറത്തു വന്നത്. ജില്ലയിലെ മുതിര്‍ന്ന നേതാവ് മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് ആരോപണം. പുറത്തു വന്ന രേഖകള്‍ വ്യാജമാണെന്ന് കാണിച്ച് പരാതികളും പ്രതിഷേധങ്ങളും ഉയര്‍ന്നു. സ്ഥാനമൊഴിഞ്ഞ ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍ ദേശീയ നേതൃത്വത്തിന് പരാതിയും നല്‍കി.

വ്യാജരേഖകള്‍ മാധ്യമങ്ങള്‍ക്ക് കിട്ടിയത് സംബന്ധിച്ച് അന്വേഷിക്കണമെന്നും നടപടി വേണമെന്നും കാണിച്ച് മുന്‍ എം.എല്‍.എ. അനില്‍ അക്കര പോലീസിലും പരാതി നല്‍കി. ആരോപണ വിധേയനായ നേതാവാകട്ടെ മൗനം പാലിക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ടില്‍ ജോസ് വള്ളൂരിന്റെ പേരില്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ പറഞ്ഞതോടെ വ്യാജരേഖ ചര്‍ച്ചാ വിഷയമായി. ഇതോടെ ജില്ലയില്‍ ചേരിതിരിഞ്ഞ് ആരോപണം വ്യാപകമാകുകയും ചെയ്തു. ഗ്രൂപ്പുകളേയും നേതാക്കളേയും ന്യായീകരിച്ചും വിമര്‍ശിച്ചും സാമൂഹികമാധ്യമങ്ങളിലും പൊതുവിടങ്ങളിലും എഴുത്തുകള്‍ ശക്തമായി.

ഡി.സി.സി. യുടെ ചുമതല പാലക്കാട്ടെ എം.പി. വി.കെ. ശ്രീകണ്ഠന് നല്‍കിയെങ്കിലും നേതാക്കള്‍ക്കിടയിലെ ഗ്രൂപ്പിസം ശക്തമായി തുടര്‍ന്നു. പ്രശ്‌നപരിഹാരത്തിനും സമവായത്തിനും വി.കെ. ശ്രീകണ്ഠനും സംസ്ഥാന നേതാക്കളും ശ്രമിച്ചെങ്കിലും ഫലവത്തായില്ല. ചേലക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടന്‍ ഡി.സി.സി. പ്രസിഡന്റിന്റെ ചുമതല ഒഴിയുകയാണെന്ന് വി.കെ. ശ്രീകണ്ഠന്‍ അറിയിച്ചെങ്കിലും പാര്‍ട്ടി അംഗീകാരം കിട്ടിയില്ല. 

എം.പി. യുടെ ഉത്തരവാദിത്വങ്ങളുള്ള ശ്രീകണ്ഠനാകട്ടെ തൃശ്ശൂരിലെ പാര്‍ട്ടിയുടെ കാര്യത്തില്‍ കാര്യമായ ശ്രദ്ധ ചെലുത്തുന്നുമില്ല. തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു മാസത്തേക്ക് മാറി നില്‍ക്കാനാണ് രാജിവെച്ചവരോട് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്. എട്ടു മാസമായിട്ടും പകരം ആരേയും നിയമിച്ചുമില്ല. തൃശ്ശൂരില്‍ തോല്‍വി നേരിട്ട കെ. മുരളീധരനാകട്ടെ വരുന്ന തിരഞ്ഞെടുപ്പില്‍ സീറ്റ് തിരികെ പിടിക്കണമെന്നും അതിനായി മുന്‍ എം.പി. ടി.എന്‍. പ്രതാപനെ മത്സരിപ്പിക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്. 

നിയമസഭയിലേക്ക് മത്സരിക്കാനുള്ള പ്രതാപന്റെ താത്പര്യത്തിന് തടയിടാനാണ് ഇതെന്നാണ് വിലയിരുത്തല്‍. തൃശ്ശൂര്‍ മണ്ഡലത്തില്‍ 11 പേരാണ് കോണ്‍ഗ്രസിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചത്. ഇതില്‍ ഇപ്പോള്‍ ഡി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് കരുതുന്ന ടി.വി. ചന്ദ്രമോഹന്‍, അനില്‍ അക്കര, ജോസഫ് ടാജറ്റ് എന്നിവര്‍ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ താക്കോല്‍ സ്ഥാനം വഹിച്ചവരുമാണ്.