
കൊച്ചി: എങ്ങനെയാണ് എ.ടി.എം. മെഷീനുകളിൽ പണം നിറയ്ക്കുന്നത്? ചില ബാങ്കുകളൊഴിച്ചാൽ ബാങ്കിനോടുചേർന്നുള്ള ശാഖകളിൽ പണം നിറയ്ക്കുന്നത് അതത് ബാങ്കിന്റെ ശാഖയിൽനിന്നാണ്. ദൂരെയുള്ള എ.ടി.എമ്മുകളിൽ പണംനിറയ്ക്കുന്നത് സുരക്ഷാ ഏജൻസികളാണ്.
സുരക്ഷാവാനിൽ അഞ്ചുകോടിവരെ
പ്രത്യേക നിബന്ധനകളും രേഖകളും പരിശോധിച്ചശേഷമാണ് ഏജൻസികളുമായി ബാങ്ക് കരാറിലേർപ്പെടുന്നത്. കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ മാർഗനിർദേശമനുസരിച്ച് ഏജൻസികൾക്ക് ഒരു വാനിൽ പരമാവധി അഞ്ചുകോടി രൂപ കൊണ്ടുപോകാം. ഏജൻസികൾവഴി പണം നഷ്ടമായാലും എ.ടി.എമ്മിൽനിന്ന് നേരിട്ട് പണം നഷ്ടമായാലും ഇൻഷുറൻസ് ലഭിക്കും.
സി.സി.ടി.വി. വലയം
എ.ടി.എം. പ്രവർത്തിക്കുന്ന സ്ഥലമനുസരിച്ച് കുറഞ്ഞത് മൂന്നോ നാലോ സി.സി.ടി.വി. ക്യാമറകളാണ് ഉണ്ടാകുക. ഓരോ എ.ടി.എമ്മിലും നടക്കുന്ന കാര്യങ്ങൾ ഓരോ ബാങ്കിന്റെയും കേന്ദ്രീകൃത സംവിധാനംവഴി തത്സമയം നിരീക്ഷിക്കുന്നുണ്ട്. അതിനാൽ സുരക്ഷാജീവനക്കാരെ വെക്കേണ്ട ആവശ്യമില്ലെന്നാണ് വിവിധ ബാങ്കുകളുടെ പ്രതിനിധികൾ വ്യക്തമാക്കുന്നത്.
പണം നിറയ്ക്കാൻ രഹസ്യകോഡ്
എ.ടി.എമ്മുകൾ സുരക്ഷിതമാക്കാൻ പ്രത്യേക ഡിജിറ്റൽ ലോക്കുണ്ട്. ഒ.ടി.പി.യടക്കമുണ്ടെങ്കിലെ എ.ടി.എം. തുറന്ന് പണം നിറയ്ക്കാൻ സാധിക്കൂ. ഒരു എ.ടി.എമ്മിൽ 500 രൂപയുടെ നോട്ട് മാത്രമാണെങ്കിൽ 40 ലക്ഷം രൂപവരെ നിറയ്ക്കാം.
കേരളത്തിൽ എ.ടി.എമ്മുകൾ 10,000
സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്കുപ്രകാരം 2024 ജൂൺവരെ കേരളത്തിൽ 9803 എ.ടി.എമ്മുകളാണുള്ളത്. ഈ സാമ്പത്തികവർഷം കഴിയുന്നതോടെ എണ്ണം 10,000 കടക്കും. 6019 എ.ടി.എമ്മുകൾ പൊതുമേഖലാ ബാങ്കുകളുടേതാണ്. സ്വകാര്യ മേഖലയിൽ 3462 എ.ടി.എമ്മുകളും ബാക്കി സ്മോൾ ഫിനാൻസ് ബാങ്കുകളുടേതുമാണ്.
എസ്.ബി.ഐ.യ്ക്കാണ് കൂടുതൽ എ.ടി.എമ്മുകളുള്ളത്(3399). ഫെഡറൽ ബാങ്ക് (761), സൗത്ത് ഇന്ത്യൻ ബാങ്ക് (747), കാനറ ബാങ്ക് (726) എന്നിങ്ങനെയാണ് മുന്നിലുള്ളവ. എറണാകുളത്താണ് കൂടുതൽ(1685). തിരുവനന്തപുരം (1227), തൃശ്ശൂർ (1008) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
Content Highlights: Thrissur ATM robbery: Are ATM machines safe?
Published: 28 Sept 2024, 08:36 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented